രമേശ് രാജു, ചാവേറിനെ തടഞ്ഞ്, ഒപ്പം പൊട്ടിത്തെറിച്ച് നിരവധിപേരുടെ ജീവൻ കാത്ത ധീരൻ..!

By Web TeamFirst Published Apr 27, 2019, 3:02 PM IST
Highlights

ഒരു ഉൾവിളി തോന്നി എന്നല്ലാതെ, അയാളുടെ ബാഗിനുള്ളിൽ പൊട്ടിത്തെറിക്കാൻ തയ്യാറായ സ്ഫോടകവസ്തുക്കളാണ് എന്നൊന്നും രമേശ് രാജുവിന് അപ്പോൾ അറിയില്ലായിരുന്നു. എന്നാലും അവിടെ തന്നെ നിന്ന് കറങ്ങാൻ തുടങ്ങിയ  താടിക്കാരനോട്  പള്ളി വളപ്പിനു വെളിയിൽ പോവാൻ രമേശ് രാജു ആവശ്യപ്പെട്ടു. 

രമേശ് രാജു ഒരു പട്ടാളക്കാരനല്ല. പൊലീസുകാരനല്ല. എന്തിന്, സിയോൺ  ചർച്ചിലെ സെക്യൂരിറ്റി ജീവനക്കാരൻ പോലുമല്ല അദ്ദേഹം. മറ്റെല്ലാവരെയും പോലെ  അവിടെ ഉയിർപ്പുതിരുനാൾ കുർബാന കൂടാൻ വന്ന ഒരു സാധാരണ വിശ്വാസി മാത്രം. പക്ഷേ, അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടൽ കാത്തത് നൂറുകണക്കിന് വിശ്വാസികളുടെ ജീവനാണ്. 

ഈ ഫോട്ടോയിൽ  വെണ്ണീർ നിറത്തിലുള്ള മുറിക്കയ്യൻ ഷർട്ടുമിട്ടുകൊണ്ട് നിങ്ങൾക്കുനേരെ പുഞ്ചിരിച്ചുകൊണ്ടുനിൽക്കുന ആളാണ് രമേശ് രാജു. നാല്പതുകാരനായ അദ്ദേഹം ഒരു ബിൽഡിങ്ങ് കോൺട്രാക്ടർ ആയിരുന്നു. കൃഷാന്തിനിയുടെ ഭർത്താവ്. രുക്ഷികളുടെയും നിരുബന്റെയും സ്‌നേഹനിർഭരനായ  അച്ഛൻ. അദ്ദേഹം ഇന്ന് ജീവനോടില്ല. 
 
സിയോൺ ചർച്ചിലെ സൺഡേ സ്‌കൂൾ അധ്യാപികയായിരുന്നു കൃഷാന്തിനി. എന്നുമെന്ന പോലെ ഇരുപത്തൊന്നാം തീയതി, ഈസ്റ്റർ ഞായറാഴ്ച ദിവസവും അവർ സകുടുംബം കുർബാന കൂടാൻ പള്ളിയിലെത്തി. രാവിലെ ക്‌ളാസെടുക്കാൻ കേറി. സൺഡേ സ്‌കൂളിലെ പാഠങ്ങൾ കഴിഞ്ഞപ്പോൾ കൃഷാന്തിനിയും  രമേശ് രാജുവും കുട്ടികൾ ഇരുവരും പ്രെയർ ഹാളിന് വെളിയിലിറങ്ങി. 

മക്കൾക്ക് വിശക്കുന്നുണ്ടായിരുന്നു. കുർബാന തുടങ്ങും മുമ്പ് അവർക്കെന്തെങ്കിലും വാങ്ങിക്കൊടുക്കാൻ വേണ്ടി കൃഷാന്തിനി അടുത്തുള്ള ടീഷോപ്പിലേക്ക് പോയി. രമേശ് രാജു പള്ളിമുറ്റത്തുതന്നെ നിന്നു. അപ്പോഴാണ് തോളിൽ ഒരു വലിയ ബാഗും പേറികൊണ്ട് ഒരാൾ ആ വഴി വന്നത്. 

കുർബാനകളിൽ ഒരിക്കലും കണ്ടു പരിചയമില്ലാത്ത ആ മുഖം കണ്ടപ്പോൾ എന്തോ രമേശ് രാജുവിന് ഒരു പന്തികേട് അനുഭവപ്പെട്ടു. അദ്ദേഹം അയാളെ തടഞ്ഞു നിർത്തി വിവരങ്ങൾ ചോദിച്ചു. ബാഗിൽ എന്താണ് എന്ന ചോദ്യത്തിന് " കാമറയാണ് പ്രാർത്ഥനയുടെ വിഡിയോ പിടിക്കാൻ വേണ്ടി വന്നതാണ്.." എന്നായിരുന്നു മറുപടി. 

അനുവാദമില്ലാതെ വീഡിയോ എടുക്കാൻ പറ്റില്ലെന്നും, പിതാവിനെ കണ്ട അനുവാദം വാങ്ങാതെ പള്ളിക്കുള്ളിലേക്ക് കടത്തിവിടില്ലെന്നും രമേശ് രാജു പറഞ്ഞു. ഒരു ഉൾവിളി തോന്നി എന്നല്ലാതെ, അയാളുടെ ബാഗിനുള്ളിൽ പൊട്ടിത്തെറിക്കാൻ തയ്യാറായ സ്ഫോടകവസ്തുക്കളാണ് എന്നൊന്നും രമേശ് രാജുവിന് അപ്പോൾ അറിയില്ലായിരുന്നു. എന്നാലും പ്രാഥമികമായ സുരക്ഷയ്ക്കുവേണ്ട മുൻകരുതലുകളെടുക്കാൻ അദ്ദേഹത്തിന് അപ്പോൾ തോന്നി. അനുവാദം വാങ്ങാനൊന്നും മുതിരാതെ അവിടെ തന്നെ നിന്ന് കറങ്ങാൻ തുടങ്ങിയ അയാളോട് പള്ളി വളപ്പിനു വെളിയിൽ പോവാൻ രമേശ് രാജു ആവശ്യപ്പെട്ടു. 

കൃഷാന്തിനിയും കുട്ടികളും കാപ്പികുടി കഴിഞ്ഞ് തിരിച്ച് പള്ളിക്കുള്ളിലേക്ക് നടന്നുകൊണ്ടിരിക്കുമ്പോഴാണ് വലിയൊരു പൊട്ടിത്തെറിശബ്ദം കേട്ടത്. ഏകദേശം 450  പേരാണ് ആ പ്രെയർ ഹാളിനുള്ളിൽ അപ്പോഴുണ്ടായിരുന്നത്. കുർബാന കൂടാനായി ഹാളിനുള്ളിൽ കേറിയിരുന്നവർ നാലുപാടിനും പാഞ്ഞു.  പള്ളിയുടെ ചില ഭാഗങ്ങൾക്ക് തീപിടിച്ചു. ആംബുലൻസുകൾ മണിമുഴക്കികൊണ്ട് കടന്നുവന്നു, പരിക്കേറ്റവരെയും കൊല്ലപ്പെട്ടവരെയുമെല്ലാം ആശുപത്രികളിലേക്ക് നീക്കി. 

അവിടെങ്ങും രമേശിനെ കാണാഞ്ഞ് ഭാര്യയും മക്കളും പരിഭ്രമിച്ചു. പിന്നെ, അവർ കരുതി, പരിക്കുപറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയവരുടെ കൂട്ടത്തിൽ രമേശും ഉണ്ടാവുമെന്ന്. അവർ നേരെ ആശുപതിയിലേക്ക് പാഞ്ഞു. മണിക്കൂറുകൾക്കു ശേഷം, തിരിച്ചറിയാൻ പ്രയാസമുള്ള രീതിയിൽ ആശുപത്രിയിൽ മരിച്ചുകിടന്ന മൃതദേഹങ്ങൾക്കിടയിൽ നിന്നും  തന്റെ ഭർത്താവിന്റെ  വെണ്ണീർ നിറമുള്ള മുറിക്കയ്യൻ ഷർട്ട് കൃഷാന്തിനി തിരിച്ചറിഞ്ഞു. 

ബോംബ് ട്രിഗർ ചെയ്ത ചാവേറിന്റെ ഏറ്റവും അടുത്ത് നിന്നിരുന്നത് രമേശ് രാജുവായിരുന്നു. അതുകൊണ്ടുതന്നെ ആ സ്‌ഫോടനത്തിന്റെ ഏറ്റവും കൂടുതൽ ആഘാതം ഏറ്റുവാങ്ങിയവരിൽ ഒരാളും. ബോംബ് പൊട്ടിയ ആ നിമിഷം തന്നെ കൊല്ലപ്പെട്ടിരുന്നു അദ്ദേഹം. പള്ളിമുറ്റത്ത് കൃഷാന്തിനി തന്റെ ഭർത്താവിനെ വിട്ടിട്ടു പോയ ആ ഇടത്ത് തന്നെ അദ്ദേഹം മരിച്ചുകിടന്നു. 

തിങ്കളാഴ്ച വൈകുന്നേരം രമേശ് രാജുവിന്റെ അടക്ക് നടന്നു. അദ്ദേഹത്തിന്റെ പരിചയക്കാർക്കും, അയൽ വാസികൾക്കും നാട്ടുകാർക്കുമൊപ്പം പൊലീസിൽ നിന്നുള്ള പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ആ ദിവസം   ജീവിതത്തിൽ ആദ്യമായി രാജുവിന്റെ വലിയൊരു ചിത്രം ഫ്ളക്സിൽ അടിച്ചുവന്നു. അത് കാണാനുള്ള ഭാഗ്യം പക്ഷേ, രാജുവിനുണ്ടായില്ലെന്നു മാത്രം. 

രമേശ് രാജുവിന്റെ യഥാസമയമുള്ള ഇടപെടൽ  അദ്ദേഹത്തിന്റെ ജീവന് ആപത്തായെങ്കിലും  അത് രക്ഷിച്ചത് ആ സമയം പള്ളിക്കുള്ളിൽ പ്രാർത്ഥനാനിരതരായിരുന്ന  അഞ്ഞൂറോളം പേരുടെ ജീവനാണ്. അന്നവിടെ കൊല്ലപ്പെട്ടത് 28  പേർ മാത്രമായിരുന്നു. ആ ബാഗും കൊണ്ട് അകത്തേക്ക് പോവുന്നതിൽ നിന്നും രമേശ് രാജു എന്ന സാധാരണക്കാരനായ ഇടവകാംഗം ചാവേറിനെ തടഞ്ഞില്ലായിരുനെങ്കിൽ അന്നവിടെ നൂറുകണക്കിനാളുകൾക്ക് അവരുടെ ജീവൻ നഷ്ടമായേനെ. 

ശ്രീലങ്കയിലെ സിംഹള-തമിഴ് പുലി ആഭ്യന്തര കലാപത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട കൃഷാന്തിനി തന്റെ ജീവിതത്തിന്റെ  പൂർവഭാഗം കഴിച്ചുകൂട്ടിയത് ഒരു അനാഥയായിട്ടാണ്. അവരുടെ ഏകാന്ത ജീവിതത്തിലേക്ക് താങ്ങും തണലുമായി രമേശ് രാജു എന്ന നന്മ കുടിയേറിയിട്ട്  അധികനാളായിരുന്നില്ല.

ഒരു സ്ഫോടനം നശിപ്പിക്കുന്നത് കെട്ടിടങ്ങൾ മാത്രമല്ല. കൃഷാന്തിനിയെപ്പോലുള്ള നൂറുകണക്കിനാളുകളുടെ ജീവിതമാണ്. അവരുടെ മക്കളുടെ ജീവിതത്തിൽ നിന്നും ഒരച്ഛന്റെ  സുരക്ഷിതത്വവും, സ്നേഹവും, കരുതലുമെല്ലാം  ഒരൊറ്റ സ്ഫോടനത്തിലൂടെ പിടിച്ചുപറിക്കപ്പെട്ടു. എങ്കിലും, സിയോണിലെ നൂറുകണക്കിന് കുടുംബങ്ങളിലെ വിളക്കുകൾ കെടാതെ കഥ സ്വന്തം അച്ഛന്റെ ധീരതയെക്കുറിച്ചുള്ള ഓർമ്മകൾ അവർക്ക് തുടർന്നും ജീവിക്കാനുള്ള ധൈര്യം പകരും.., ചുരുങ്ങിയത് നമുക്കെങ്ങനെ ആശ്വസിക്കുകയെങ്കിലും ചെയ്യാം.  
 

click me!