ഉള്ളുലച്ച് 'ജയ് ഭീം', ആരാണ് ജസ്റ്റിസ് ചന്ദ്രു? അറിയാതെ പോകരുത് ആ ജീവിതം...

By Web TeamFirst Published Nov 6, 2021, 3:26 PM IST
Highlights

ഒരു ജഡ്ജിയായിരുന്ന സമയത്ത് കോടതിയിൽ അഭിഭാഷകരോട്  'മൈ ലോർഡ്' എന്ന് വിളിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെടുമായിരുന്നു. അത്തരം അധികാര പ്രകടനങ്ങളോട് അദ്ദേഹത്തിന് തീരെ താല്പര്യമുണ്ടായിരുന്നില്ല. അതുപോലെ തന്നെ അദ്ദേഹത്തിന് ഒരു പേഴ്‌സണൽ സെക്യൂരിറ്റിയുണ്ടായിരുന്നില്ല. 

നടൻ സൂര്യ പ്രധാന വേഷത്തിലെത്തുന്ന ‘ജയ് ഭീം’(Jai Bhim) എന്ന തമിഴ് സിനിമ(Tamil film)യാണ് ഇപ്പോഴത്തെ പ്രധാന സംസാര വിഷയം. സഹനത്തിന്റെയും പോരാട്ടത്തിന്റെയും കഥ പറയുന്ന ആ ചിത്രം ആരുടേയും ഉള്ളുലക്കും. മദ്രാസ് ഹൈക്കോടതിയിലെ മുൻ ജഡ്ജിയായ ജസ്റ്റിസ് ചന്ദ്രു(Justice K.Chandru)വിന്റെ ജീവിതാനുഭവങ്ങളാണ് ചിത്രത്തിനാധാരം. ചിത്രത്തിൽ സൂര്യയാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  

അശരണരായവരുടെ അത്താണിയായ അദ്ദേഹമാണ് ഇപ്പോൾ എല്ലാവരുടെയും റിയൽ ഹീറോ. ഒരു ജഡ്ജിയെന്ന നിലയിൽ, ജസ്റ്റിസ് ചന്ദ്രു നിയമജ്ഞർക്കിടയിൽ ഏറ്റവും ആദരണീയനായ ഒരാളായിരുന്നു. പാവപ്പെട്ടവരുടെയും, പിന്നാക്ക വിഭാഗക്കാരുടെയും ജീവിതത്തെ സ്പർശിക്കുന്ന നിരവധി വിധിന്യായങ്ങൾ അദ്ദേഹം പുറപ്പെടുവിച്ചിരുന്നു. ഒരു ജഡ്ജി തന്റെ കരിയറിൽ ശരാശരി 10,000 മുതൽ 20,000 കേസുകൾ വരെ തീർപ്പാക്കുമ്പോൾ, ജസ്റ്റിസ് ചന്ദ്രു തന്റെ പ്രസിദ്ധമായ ജുഡീഷ്യൽ ജീവിതത്തിൽ 96,000 കേസുകൾക്ക് തീർപ്പുണ്ടാക്കി. അതും ജഡ്ജിയായിരുന്ന ആറര വർഷത്തിനിടയിൽ.  

ഒരു ദിവസം ശരാശരി 75 കേസുകൾ വരെ അദ്ദേഹം കേൾക്കുമായിരുന്നു. അതുപോലെ, സാമൂഹ്യനീതി ഉറപ്പാക്കുന്ന ചില സുപ്രധാന വിധികളും അദ്ദേഹം പാസാക്കി. സ്ത്രീകൾക്കും ക്ഷേത്രങ്ങളിൽ പൂജാരിമാരാകാം, ജാതിഭേദമില്ലാത്ത ഒരു പൊതു ശ്മശാനം വേണം, മാനസിക രോഗങ്ങളുള്ള സർക്കാർ ജീവനക്കാരെ പിരിച്ച് വിടലിൽ നിന്ന് സംരക്ഷണം നൽകണം എന്നിവയാണ് അവയിൽ ചിലത്. 2013 -ലെ നിയമ പ്രസിദ്ധീകരണമായ ബാർ ആൻഡ് ബെഞ്ചിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു, “പണം ഒരിക്കലും ഒരു മാനദണ്ഡമായിരുന്നില്ല. തികച്ചും വ്യത്യസ്തമായ ഒരു ജീവിതരീതിയായിരുന്നു എന്റേത്. ഒരു 5-സ്റ്റാർ അഭിഭാഷകനാകുക എന്നതായിരുന്നില്ല എന്റെ ആഗ്രഹം."

ഒരു ജഡ്ജിയായിരുന്ന സമയത്ത് കോടതിയിൽ അഭിഭാഷകരോട്  'മൈ ലോർഡ്' എന്ന് വിളിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെടുമായിരുന്നു. അത്തരം അധികാര പ്രകടനങ്ങളോട് അദ്ദേഹത്തിന് തീരെ താല്പര്യമുണ്ടായിരുന്നില്ല. അതുപോലെ തന്നെ അദ്ദേഹത്തിന് ഒരു പേഴ്‌സണൽ സെക്യൂരിറ്റിയുണ്ടായിരുന്നില്ല. തന്റെ സ്വകാര്യ സ്വത്തുക്കൾ പരസ്യമായി പ്രഖ്യാപിക്കാനും അദ്ദേഹം മടികാണിച്ചില്ല. ജഡ്ജിയായ ദിവസം മുതൽ വിരമിക്കുന്ന ദിനം വരെ അദ്ദേഹം ഔദ്യോഗിക വാഹനം വേണ്ടെന്ന് വച്ച് ലോക്കൽ ട്രെയിനിലാണ് വീട്ടിലേക്ക് പോയി വന്നിരുന്നത്.  

ഒരു ഇടത്തരം യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച ചന്ദ്രു കോളേജിൽ പഠിക്കുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്സിസ്റ്റ്) വിദ്യാർത്ഥി നേതാവായിരുന്നു. പലപ്പോഴും വിദ്യാർത്ഥികളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്കായി പോരാടുന്ന പ്രക്ഷോഭങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകുമായിരുന്നു. ഒരിക്കൽ അതിന്റെ പേരിൽ പഠിച്ചിരുന്ന കോളേജിൽ നിന്ന് തന്നെ അദ്ദേഹം പുറത്താക്കപ്പെട്ടു.  

പിന്നീട് ഒരു ആക്ടിവിസ്റ്റും, ട്രേഡ് യൂണിയൻ പ്രവർത്തകനുമായി അദ്ദേഹം. അധഃസ്ഥിതരും, പാർശ്വവൽക്കരിക്കപ്പെട്ടവർക്കുമായി അദ്ദേഹം അഹോരാത്രം പ്രവർത്തിച്ചു. ഒരിക്കൽ പൊലീസ് ലാത്തി ചാർജിൽ അണ്ണാ യൂണിവേഴ്‌സിറ്റിയിലെ ഒരു വിദ്യാർത്ഥി മരണപ്പെടുകയുണ്ടായി. അന്നത്തെ ഡിഎംകെ പാർട്ടി നേതാവ് എം കരുണാനിധി മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു അന്വേഷണ കമ്മീഷനെ നിയോഗിച്ചു. ഇതാണ്  അഭിഭാഷകവൃത്തിയിൽ പ്രവേശിക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തിന് കാരണമായത്. മദ്രാസ് ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയാണ് കമ്മീഷന് നേതൃത്വം വഹിച്ചത്. കമ്മീഷന് മുൻപാകെ വിദ്യാർത്ഥികൾക്ക് വേണ്ടി ഹാജരായത് ചന്ദ്രുവും.  
 
കമ്മീഷൻ മുമ്പാകെ ചന്ദ്രു പ്രഗത്ഭമായി തന്നെ വിദ്യാർത്ഥികൾക്ക് വേണ്ടി വാദിച്ചു. ഇത് കണ്ട ജഡ്ജി അദ്ദേഹത്തോട് അഭിഭാഷകവൃത്തിയിൽ പ്രവേശിച്ചുകൂടെയെന്ന് ചോദിച്ചു. 1973 -ൽ അദ്ദേഹം ലോ കോളേജിൽ ചേർന്നു. ലോ സ്കൂളിൽ നിന്ന് ബിരുദം നേടിയ സമയത്തും അതിനുശേഷവും ചന്ദ്രു റോ & റെഡ്ഡി എന്ന നിയമ സ്ഥാപനത്തിൽ ജോലി ചെയ്തു. പാവപ്പെട്ടവർക്ക് നിയമസഹായം നൽകുന്ന ഒരു സ്ഥാപനമായിരുന്നു അത്. എട്ട് വർഷത്തോളം അവിടെ ജോലി ചെയ്ത ശേഷം, അദ്ദേഹം സ്വന്തമായി പ്രാക്ടീസ് ആരംഭിച്ചു. തമിഴ്‌നാട്ടിലെ ബാർ കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ അഭിഭാഷകനായി അദ്ദേഹം.

അടിയന്തരാവസ്ഥയ്ക്ക് ശേഷം സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ആദ്യമായി ഹൈക്കോടതിയിൽ നിന്ന് അദ്ദേഹം ഒരു ജാഥ സംഘടിപ്പിച്ചു. 200 -ലധികം അഭിഭാഷകരാണ് അഭിഭാഷക വേഷത്തിൽ അന്ന് തെരുവിൽ മാർച്ച് നടത്തിയത്. പിന്നീട് ശ്രീലങ്കയിലെ തമിഴ് പ്രശ്‌നം രാജീവ് ഗാന്ധി സർക്കാർ എങ്ങനെ കൈകാര്യം ചെയ്തു എന്നതിലെ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് 1988 -ൽ അദ്ദേഹം സിപിഐ (എം) വിടുകയുണ്ടായി. 1990 -കളുടെ രണ്ടാം പകുതിയിൽ മദ്രാസ് ഹൈക്കോടതി സീനിയർ അഭിഭാഷകനായി അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെട്ടു. 

2006 ജൂലായിൽ മദ്രാസ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമനം ലഭിച്ച അദ്ദേഹം 2009 നവംബറിൽ സ്ഥിരമായി. 2013 മാർച്ചിൽ വിരമിക്കുന്നത് വരെ സംഭവബഹുലമായ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം തുടർന്നു. ജസ്റ്റിസ് ചന്ദ്രു ഇപ്പോൾ നിയമത്തെ കുറിച്ച് ധാരാളം കോളങ്ങളും പുസ്തകങ്ങളും എഴുതുന്നു. ഈ വർഷം ആദ്യം പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകത്തിൽ 'ലിസൺ ടു മൈ കേസ്: വെൻ വിമൻ അപ്രോച്ച് ദി കോർട്ട്സ് ഓഫ് തമിഴ്‌നാട്', അദ്ദേഹം 20 സ്ത്രീകളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ട കഥകളെക്കുറിച്ച് വിവരിക്കുന്നു.

"നിങ്ങൾക്കറിയാമോ, ഒരു വിമതനായിക്കഴിഞ്ഞാൽ, സ്വാഭാവികമായും എതിർപ്പുകളെ നേരിടേണ്ടി വരും. നിങ്ങൾ ഒറ്റപ്പെട്ടേക്കാം. എന്നാൽ വിഷമിക്കരുത്. ഞാൻ പല കോളേജുകളിലും പഠിച്ചിട്ടുണ്ട്. പലതിൽ നിന്നും പുറത്താക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ഞാൻ ഒരു വിമതനായി തന്നെ തുടർന്നു. പിന്നീട് ജഡ്ജിയായപ്പോഴും, ഞാൻ അത് തന്നെ ചെയ്തു. എനിക്ക് അല്പം പോലും ഭയം തോന്നിയില്ല. എനിക്ക് ഭീഷണികൾ നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ ആത്യന്തികമായി ഒരാൾക്ക് എല്ലാ ദിവസവും മരിക്കാൻ കഴിയില്ലല്ലോ. എന്റെ ജീവിതകാലം മുഴുവൻ നിർഭയനായിരിക്കാനാണ് ഞാൻ പഠിച്ചത്. നിങ്ങളെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഞാൻ പഠിച്ചു," അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. 

click me!