തിരക്കുകള്‍ കഴിഞ്ഞ്, അര്‍ദ്ധരാത്രിയില്‍ പിറ്റേന്നത്തേക്കുള്ള തുണി  അലക്കുന്ന ഒരു മുഖ്യമന്ത്രി

By Biju SFirst Published Aug 25, 2021, 9:38 PM IST
Highlights

ഇപ്പോഴത്തെ സഖാക്കളില്‍ എത്ര പേര്‍ നൃപേന്‍ ചക്രബോര്‍ത്തി എന്ന് പേര് കേട്ടിട്ടുണ്ടാകുമെന്ന് അറിയില്ല. രാഷ്ട്രീയപ്രവര്‍ത്തനത്തിന് അവധി വാങ്ങി ആഫ്രിക്കയില്‍ സ്വര്‍ണ്ണഖനി നടത്താന്‍ പോയെന്ന് മാധ്യമങ്ങളോട് പറഞ്ഞ പി.വി. അന്‍വര്‍ എം.എല്‍.എയെ അറിയുന്നവര്‍ നൃപേന്‍ദായെ കൂടി അറിയണം. കുറഞ്ഞ പക്ഷം ആ കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തെക്കുറിച്ചറിയണം. 

നാടിനും പാര്‍ട്ടിക്കും വേണ്ടി അഹോരാത്രം പണിയെടുത്ത് സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട മറ്റൊരു സഖാവിന്റെ ദയനീയാവസ്ഥയാണ് ഈ സംഭവം എന്നെ ഓര്‍മിപ്പിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പേ കടക്കെണിയിലായ സഖാവിന് പാര്‍ട്ടി നിര്‍ബന്ധത്തിന് വഴങ്ങി വീണ്ടും മത്സരിക്കേണ്ടി വന്നു. അതോടെ കടബാധ്യത ഏറി. ഒടുവില്‍ ദയനീയമായ ഈ അവസ്ഥ പരിഗണിച്ച് പാര്‍ട്ടി അദ്ദേഹത്തിന് മൂന്ന് മാസം അവധി കൊടുത്തു. ആഫ്രിക്കയിലെ സീയോറോ ലീയോണില്‍ സ്വര്‍ണ്ണ ഖനികളില്‍ അടിമപ്പണി ചെയ്താണെങ്കെിലും കടം വീട്ടി ജനസേവനത്തിനിറങ്ങുമെന്ന് ദൃഢപ്രതിജ്ഞയെടുത്തിരിക്കുകയാണ് അദ്ദേഹം.

 

കുറെയധികം വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായൊരു സംഭവമാണ്. ഞാനതിന്റെ  കേള്‍വിക്കാരന്‍ മാത്രമാണ്. കേട്ടുകേള്‍വി വച്ച് മാധ്യമ പ്രവര്‍ത്തനം സാധ്യമല്ല എന്നാണ്, ആധികാരിക തെളിവുകള്‍ വേണം. എന്നാല്‍ സ്രോതസ്സ് അത്രയും വിശ്വസനീയമാണെങ്കില്‍ ചില വിട്ടുവീഴ്ചകളാവാമെന്നാണ് ഗുരുക്കന്‍മാര്‍ പറഞ്ഞു തന്നിട്ടുള്ളത്. 

ഇപ്പോഴത്തെ സഖാക്കളില്‍ എത്ര പേര്‍ നൃപേന്‍ ചക്രബോര്‍ത്തി എന്ന് പേര് കേട്ടിട്ടുണ്ടാകുമെന്ന് അറിയില്ല. രാഷ്ട്രീയപ്രവര്‍ത്തനത്തിന് അവധി വാങ്ങി ആഫ്രിക്കയില്‍ സ്വര്‍ണ്ണഖനി നടത്താന്‍ പോയെന്ന് മാധ്യമങ്ങളോട് പറഞ്ഞ പി.വി. അന്‍വര്‍ എം.എല്‍.എയെ അറിയുന്നവര്‍ നൃപേന്‍ദായെ കൂടി അറിയണം. കുറഞ്ഞ പക്ഷം ആ കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തെക്കുറിച്ചറിയണം. 

1977 ഡിസംബര്‍ 31-ന് സി പി ഐ എം തെരഞ്ഞടുപ്പില്‍ ജയിച്ചത് മുതല്‍ 1988 വരെ ത്രിപുര മുഖ്യമന്ത്രിയായിരുന്ന  പ്രമുഖ കമ്യൂണിസ്റ്റ് നേതാവാണ് നൃപേന്‍  എന്ന് മുഖവര പറയേണ്ടി വരുന്നത് തന്നെ സങ്കടകരമാണ്. പക്ഷേ ഗൂഗിള്‍ കാലത്ത് എല്ലാം നമ്മുടെ ഓര്‍മ്മയില്‍ ശേഖരിക്കേണ്ടതില്ലല്ലോ.  വിഭജനത്തിന് മുന്‍പ് ഇപ്പോഴത്തെ ബംഗ്‌ളാദേശില്‍ ജനിച്ച നൃപേന്‍, ധാക്ക സര്‍വ്വകലാശാലയില്‍ പഠിക്കവേ അതുപേക്ഷിച്ച് സ്വാതന്ത്ര്യ സമരത്തിലേക്ക് എടുത്തുചാടിയ ആളാണ്. കനല്‍വഴിയേ മാത്രം സഞ്ചരിച്ച ശീലിച്ചതിനാലാകാംആഡംബര നടപടിക്രമമൊന്നും അദ്ദേഹത്തെ സ്പര്‍ശിച്ചേയില്ല. 

അദ്ദേഹം ത്രിപുര മുഖ്യമന്ത്രിയായിരിക്കേ തമിഴ്‌നാട്ടിലെ  കോയമ്പത്തൂരില്‍ ഒരു തെരഞ്ഞെടുപ്പ് പ്രചരണത്തിന് വന്നു. ആ വാര്‍ത്ത കവര്‍ ചെയ്യാനായി 'എംബഡെഡ്' ജേണലിസ്റ്റായി ഉള്ളത് ഒരു ദേശാഭിമാനി ലേഖകന്‍- സി എല്‍ തോമസ്. പിന്നീട് എന്റെ ബ്യൂറോ ചീഫായി അദ്ദേഹം. 

ഭരണഘടനാ പദവി വഹിക്കുന്നതിനാല്‍ നൃപേന്‍ ദായ്ക്ക് കനത്ത പൊലീസ് ബന്തവസും അനുബന്ധ പ്രോട്ടോക്കാളും. എന്നാല്‍ മറ്റൊരു കാലഘട്ടത്തില്‍ നിന്ന് വന്ന അദ്ദേഹത്തിന് ആഡംബരമൊന്നും വഴങ്ങിയിട്ടിയില്ല. മുറി വാടക ലാഭിക്കാന്‍ ദേശാഭിമാനി ലേഖകനെയും അദ്ദേഹം തന്റെ മുറിയില്‍ കൂടെ കൂട്ടി.  

തോമസേട്ടന്‍ രാത്രി ഉറങ്ങാന്‍ കിടന്ന് എപ്പോഴോ ഉണര്‍ന്നു നോക്കിയപ്പോള്‍ നൃപേന്‍ ദായെ കാണാനായില്ല. ആശങ്കയായി. മുറിയില്‍ വെളിച്ചവുമില്ല. ബാത്തറൂമില്‍ നിന്ന് കതകിനിടയിലൂടെ ഒരു നേര്‍ത്ത വെളിച്ചം മാത്രം കാണാം. ചെന്ന് നോക്കിയപ്പോള്‍ കുളിമുറിയില്‍  കുത്തിയിരുന്ന് ആ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് തുണി അലക്കുന്നു. 

രണ്ട് ജോഡി വസ്ത്രമേയുള്ളു എന്നതിനാല്‍ തുണി അലക്കുകയാണെന്നും സഖാവിന് അലോസരമുണ്ടാക്കാതിരിക്കാനാണ്  മുറിയില്‍ ലൈറ്റിടാതെ പോന്നതെന്നും നൃപേന്‍ സഖാവ് പറഞ്ഞു. 

നാടിനും പാര്‍ട്ടിക്കും വേണ്ടി അഹോരാത്രം പണിയെടുത്ത് സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട മറ്റൊരു സഖാവിന്റെ ദയനീയാവസ്ഥയാണ് ഈ സംഭവം എന്നെ ഓര്‍മിപ്പിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പേ കടക്കെണിയിലായ സഖാവിന് പാര്‍ട്ടി നിര്‍ബന്ധത്തിന് വഴങ്ങി വീണ്ടും മത്സരിക്കേണ്ടി വന്നു. അതോടെ കടബാധ്യത ഏറി. ഒടുവില്‍ ദയനീയമായ ഈ അവസ്ഥ പരിഗണിച്ച് പാര്‍ട്ടി അദ്ദേഹത്തിന് മൂന്ന് മാസം അവധി കൊടുത്തു. ആഫ്രിക്കയിലെ സീയോറോ ലീയോണില്‍ സ്വര്‍ണ്ണ ഖനികളില്‍ അടിമപ്പണി ചെയ്താണെങ്കെിലും കടം വീട്ടി ജനസേവനത്തിനിറങ്ങുമെന്ന് ദൃഢപ്രതിജ്ഞയെടുത്തിരിക്കുകയാണ് അദ്ദേഹം. പെറ്റി ബൂര്‍ഷ്വാസികളായ സമ്മതിദായകര്‍ക്ക്  ഒരു കുറവും വരുത്താതിരിക്കാന്‍ കഷ്ടപ്പാടിനിടയിലും അദ്ദേഹം ഏഴംഗ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

ഇതൊന്നും മനസ്സിലാക്കാതെ മാധ്യമ സിന്‍ഡിക്കേറ്റുകള്‍ എം.എല്‍ക്കെതിരെ കുപ്രചരണങ്ങള്‍ അഴിച്ചുവിട്ടിരിക്കുകയാണ്. പണ്ട് പറമ്പില്‍ തട കെട്ടി തന്റെ വസുദൈവ കൂടുംബത്തിലെ പൂക്കളും പുല്ലുകള്‍ക്കുമൊക്കെ തണ്ണീര്‍ കൊടുക്കാന്‍ വമ്പന്‍ പദ്ധതി നടപ്പാക്കിപ്പോള്‍ ഇതേ മാധ്യമ വേതാളങ്ങള്‍ ചന്ദ്രഹാസം ഇളക്കിയതാണത്. കലക്ടറും കോടതിയും പറഞ്ഞിട്ട് ഗൗനിച്ചില്ല. പിന്നയല്ലേ മാധ്യമങ്ങള്‍. 

എന്തായാലും മുഖ്യമന്ത്രി മാത്രം ഒന്നും പറഞ്ഞിട്ടില്ല.ഇനി പൊന്‍പണം കൊണ്ടു വന്ന് നിലമ്പൂരിന്റെ പൂര്‍വ്വ  പ്രതാപം വീണ്ടെടുക്കണം. വീണ്ടും കടക്കാരനാവുമ്പോള്‍ വീണ്ടും അവധിയെടുത്ത് ആഫ്രിക്കയില്‍ പോകണം. 

ആഫ്രിക്കയിലെ സ്വര്‍ണ്ണ രത്‌ന ഖനികളില്‍ നിന്ന് കുഴിച്ചെടുക്കുന്നതില്‍ പത്തെഴുന്നൂറ് കോടി രൂപ ചോറ്റാനിക്കര അമ്മക്ക് നല്‍കിയേ അടങ്ങൂ എന്ന വാശിയിലാണ് ആഫിക്കന്‍ ഖനി സേവകനായ മറ്റൊരു ഗണസ്രാവണ്‍. പിണറായി വിജയനെ മുതല്‍ കടകംപള്ളി സുരേന്ദ്രനെ വരെ ഇതിനായി സമീച്ചിരുന്നുവെങ്കിലും തീരുമാനം വൈകുകയാണ്. പൂര്‍ണ്ണത്രയീശ്വര  ക്ഷേത്രത്തിലെ  14 സ്വര്‍ണ്ണ നെറ്റിപട്ടവും കുടുംബത്തിലെ സ്വര്‍ണ്ണാഭരണങ്ങളുമെടുത്താണ്  പണ്ട് കൊച്ചി രാജാവ് രാമവര്‍മ്മ ഷൊര്‍ണ്ണൂര്‍-കൊച്ചി റെയില്‍ പാളമിട്ടതെന്ന് കേട്ടിട്ടുണ്ട്. ഇന്ന് നാം ആഫ്രിക്കയില്‍ചെന്ന് പണമുണ്ടാക്കി ഭഗവല്‍സേവ നടത്തുന്നു. 

എല്ലാ ചൂഷണങ്ങള്‍ക്കുമെതിരെ സായുധ സമരം നടത്തിയവരാണ് കമ്മ്യൂണിസ്റ്റുകാര്‍. തൊഴിലാളി വിരുദ്ധ ചൂഷണങ്ങളുമായി സമരസപ്പെട്ടു പോകേണ്ടി വരുമെന്ന് വാദത്തിലായിരുന്നു പാര്‍ലമെന്ററി വ്യാമോഹം വെടിയണമെന്ന് ഒരു കാലത്ത് പാര്‍ട്ടി നിലപാടെടുത്തത് തന്നെ. നര്‍മ്മദ മുതല്‍ ഇപ്പോഴത്തെ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് വരെ സഖാക്കള്‍ കീഴാള പക്ഷത്ത് നിന്നതായാണ് നാം അറിയുന്നത്. അത്തരം മുരട്ടു വാദങ്ങളൊക്കെ വെടിഞ്ഞതായി ഇതു വരെ പാര്‍ട്ടി തീരുമാനിച്ചതായി അറിയില്ല. സാര്‍വ്വദേശീയ തൊഴിലാളി വര്‍ഗതാത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പാര്‍ട്ടി പ്രതിബദ്ധമത്രേ. ആഫിക്കന്‍ ഖനി തൊഴിലാളി താത്പര്യം സംരക്ഷിക്കാന്‍ മുന്നണി പോരാട്ടം നടത്തുന്ന എം.ല്‍.എ സഖാവിന് കാശുണ്ടാക്കാന്‍ മൂന്ന് മാസം അവധി നല്‍കി എന്ന് പറയുന്നത് ചുമ്മായാകാനേ വഴിയുള്ളു. പണ്ട് ബൊളീവീയന്‍ കാടുകളില്‍ ആ രണ്ട് യുവ വിപ്‌ളവകാരികള്‍ നടത്തിയത് പോലെ ഒളിപ്പോരാട്ടമായിരിക്കും നടത്തുന്നത്. 

മനസ്സാലെ വിപ്‌ളാഭിവാദ്യം ചെയ്തിരുന്ന ഒരു ഒത്ത  കമ്മ്യൂണിസ്റ്റ് നേതാവിനെ കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതു പോലെ ഒരു താമസ സ്ഥലത്ത് വച്ച് കണ്ടിരുന്നു. കുമരകത്ത് നടന്ന ഉത്തരവാദിത്ത വിനോദസഞ്ചാര സമ്മേളനത്തില്‍ ഞാനും പങ്കാളിയായിരുന്നു. തരക്കേടില്ലാത്ത ഒരു ഹോട്ടലിലായിരുന്നു പരിപാടി നടന്നത്.  താമസ സൗകര്യവും അവിടെ തന്നെയായിരുന്നു. ഞങ്ങളെക്കാള്‍ വളരെ മെച്ചപ്പെട്ട മുറികളായിരുന്നു അന്ന് ജനപ്രതിനിധികള്‍ക്ക് ഒരുക്കിയിരുന്നത്. 

ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള രണ്ട് ജനപ്രതിനിധികള്‍ അതിന് വന്നു. ടൂറിസം ഡയറക്ടര്‍ കാത്തു നിന്ന് സ്വീകരിച്ചില്ലെന്ന് പറഞ്ഞ് അവരിലൊരാള്‍ വിപ്‌ളവം ഉണ്ടാക്കി. അത് പക്ഷേ വെറും സാമ്പിള്‍ വെടിക്കെട്ടായിരുന്നു. ഉച്ചയ്ക്ക് വന്ന പാര്‍ലമെന്റ് അംഗം കൂടിയായ പി.ബി സഖാവ് വൈകിട്ട് സമ്മേളന വേദിയിലെ താമസം ഉപേക്ഷിച്ചിറങ്ങി. 

ഞങ്ങള്‍ ആദ്യം കരുതിയത് നാട്ടകം ഗസ്റ്റ്  ഹൗസിലേക്കാണ് പോയതെന്നായിരുന്നു. ഒരു വാര്‍ത്തക്കാായി തിരക്കിയപ്പോഴാണ് അറിയുന്നത്, സഖാവ് മാറിയത് കുമരകത്തെ ഏറ്റവും വലിയ ആഡംബര ഹോട്ടലിലേക്കാണ്. 

നൃപേന്‍ ചക്രബോര്‍ത്തിയില്‍ നിന്നും ഒരു വള്ളപ്പാടിനെങ്കിലും പാര്‍ട്ടി മുന്നേറിയിരിക്കുന്നു.


അടിക്കുറിപ്പ്
1988-ല്‍ ഭരണം നഷ്ടമായതോടെ നൃപേന്‍  ചക്രബോര്‍ത്തി പ്രതിപക്ഷ നേതാവായി. 1993-ല്‍ വീണ്ടും സി.പി.ഐ.എം ഭരണം പിടിച്ചെങ്കിലും അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയില്ല. നമ്മുടെ  വി.എസ് സഖാവിനെ ഭരണപരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷനാക്കിയപോലെ  നൃപേനെ ആസൂത്രണ ബോര്‍ഡ്  അദ്ധ്യക്ഷനാക്കി. 1995-ല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തം എന്ന കുറ്റമാരോപിച്ച് പുറത്താക്കി. കടുത്ത രോഗബാധിതനായി കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ 2004 ഡിസംബര്‍ 24-ന് അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ പാര്‍ട്ടി പി.ബി തീരൂമാനിച്ചു. അടുത്തദിവസം നൃപേന്‍ ചക്രബോര്‍ത്തി മരിച്ചു

click me!