വ്യാജ വാര്‍ത്തകള്‍: വില്ലന്‍ സോഷ്യല്‍ മീഡിയയെന്ന് സര്‍വേ

By Web TeamFirst Published Jun 25, 2021, 2:06 PM IST
Highlights

കോവിഡ് 19-നെക്കുറിച്ചുള്ള വ്യാജവിവരങ്ങള്‍ ഏറ്റവും കൂടുതല്‍ നല്‍കിയത് സോഷ്യല്‍ മീഡിയയാണെന്ന് സര്‍വേ റിപ്പോര്‍ട്ട്.
 

കോവിഡ് 19-നെക്കുറിച്ചുള്ള വ്യാജവിവരങ്ങള്‍ ഏറ്റവും കൂടുതല്‍ നല്‍കിയത് സോഷ്യല്‍ മീഡിയയാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. റോയിട്ടേയ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ആഗോള തലത്തില്‍ നടത്തിയ ഡിജിറ്റല്‍ ന്യൂസ് റിപ്പോര്‍ട്ട് 2021 സര്‍വ്വേയിലാണ് ഈ വിവരം.  കോവിഡുമായി ബന്ധപ്പെട്ട ഫേക്ക് വാര്‍ത്തകള്‍ ഏറ്റവുമേറെ പ്രചരിപ്പിക്കപ്പട്ടത് വാട്സ്ആപ്പ് വഴിയാണ്. തെറ്റായ വിവരങ്ങള്‍ നല്‍കുന്നതില്‍ ഫേസ്ബുക്കും ട്വിറ്ററും യൂട്യൂബും ഗൂഗിളും പുറകില്‍ തന്നെയുണ്ടെന്ന് സര്‍വ്വേ സൂചിപ്പിക്കുന്നു. വാര്‍ത്തകള്‍ക്കായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നത് തെറ്റായ വിവരം ലഭിക്കുന്നതിനും, വിദ്വേഷ ഭാഷണത്തിനും കാരണമായിട്ടുണ്ട്. ഇന്ത്യയിലെ ആളുകള്‍ക്ക് കൂടുതല്‍ വിശ്വാസം അച്ചടി മാധ്യമങ്ങളെയാണ് എന്നും അതില്‍ പറയുന്നു.

ആഗോളതലത്തില്‍ വാര്‍ത്തകളിലെ വിശ്വാസ്യത വര്‍ദ്ധിച്ചതായി ബുധനാഴ്ച പുറത്തിറക്കിയ സര്‍വേയില്‍ പറയുന്നു. ലോകമെമ്പാടുമുള്ള 44 ശതമാനം ആളുകളും അവര്‍ വായിച്ച വാര്‍ത്തകള്‍ വിശ്വസിക്കുന്നു. സര്‍വേയില്‍ പക്ഷേ 36 -ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ഇന്ത്യയില്‍ പുറത്തിറങ്ങുന്ന വാര്‍ത്തകള്‍ക്ക് ശരാശരിയിലും താഴെ മാത്രമാണ് വിശ്വാസ്യതയെന്ന് സര്‍വ്വേ പറയുന്നു. 46 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന സര്‍വേയുടെ അവസാന പകുതിയിലാണ് ഇന്ത്യ ഇടം പിടിച്ചത്.    
 
വാട്സ്ആപ്പ്, യൂട്യൂബ്, ഫെയ്സ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ ഇന്ത്യയില്‍ കൂടുതലും ഉപയോഗിക്കുന്നത് വാര്‍ത്തകള്‍ക്കായാണെന്ന് സര്‍വേ വിശദീകരിക്കുന്നു. മൊബൈല്‍ വഴി വാര്‍ത്തകള്‍ അറിയുന്നവര്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലാണ്. ഇന്ത്യയില്‍ 73 ശതമാനം ഉപയോക്താക്കളും സ്മാര്‍ട്ട്ഫോണുകളിലൂടെയാണ് വാര്‍ത്തകള്‍ വായിക്കുന്നത്. വെറും 37 ശതമാനം പേര്‍ മാത്രമാണ് വാര്‍ത്തകള്‍ക്കായി കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത്.  

ഇംഗ്ലീഷ് സംസാരിക്കുന്ന, ഓണ്‍ലൈന്‍ വാര്‍ത്താ വായിക്കുന്ന ആളുകളാണ് കൂടുതലും സര്‍വേയില്‍ പങ്കെടുത്തത്. ചെറുപ്പക്കാരും, വിദ്യാസമ്പന്നരും, നഗരവാസികളുമായ ഒരു സംഘമാണ് സര്‍വേയില്‍ ഉള്‍പ്പെട്ടത്. 

click me!