കുരങ്ങുകൾക്ക് കടക്കാൻ ഹൈവേയിൽ പ്രത്യേകം പാലം, ചെടികൾ വളർന്നു തുടങ്ങി!

By Web TeamFirst Published Dec 13, 2021, 4:57 PM IST
Highlights

ഏകദേശം 2500 ഗോൾഡൻ ലയൺ ടാമറിൻ കാട്ടിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ, ഹൈവേ കാരണം മൃഗങ്ങൾ ഒറ്റപ്പെട്ടുവെന്ന് ആശങ്കയുണ്ടായിരുന്നു. പക്ഷേ, വിശാലമായ വനമേഖലയിൽ കുരങ്ങുകളെ ചുറ്റിക്കറങ്ങാൻ പാലം സഹായിക്കുമെന്ന് ഇപ്പോൾ പ്രതീക്ഷിക്കുന്നു. 

തിരക്കേറിയ റോഡിലൂടെ കുരങ്ങുകൾക്ക് സുരക്ഷിതമായി കടന്നുപോകാനും കൂടുതൽ വനമേഖലയിലേക്ക് പ്രവേശിക്കാനും കഴിയുമെന്ന് ഉറപ്പാക്കാൻ ബ്രസീലിയൻ സംസ്ഥാനമായ റിയോ ഡി ജനീറോ(Rio de Janeiro) തിരക്കേറിയ ഹൈവേയിൽ ഒരു പാലം നിർമ്മിച്ചിരുന്നു. റിയോ ഡി ജനീറോയിലെ മൃ​ഗസംരക്ഷകർ ഈയിടെയായി വംശനാശഭീഷണി നേരിടുന്ന ഗോൾഡൻ ലയൺ ടാമറി(Golden lion tamarin)ന്റെ എണ്ണത്തിലുണ്ടായ കുറവിൽ കൂടുതൽ ആശങ്കാകുലരാണെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

ഗോൾഡൻ ലയൺ ടാമറിൻ ഇപ്പോഴും കാട്ടിൽ നിലനിൽക്കുന്ന ലോകത്തിലെ ഒരേയൊരു സ്ഥലം റിയോ ഡി ജനീറോയിലെ അറ്റ്ലാന്റി​ക് ഫോറസ്റ്റ് ആണ് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി നടത്തിയ ഊർജ്ജസ്വലമായ സംരക്ഷണ ശ്രമങ്ങൾ ഗോൾഡൻ ലയൺ ടാമറിന്റെ എണ്ണം വർദ്ധിപ്പിക്കുകയും വംശനാശത്തിന്റെ വക്കിൽ നിന്ന് ഈ ഇനത്തെ തിരികെ കൊണ്ടുവരികയും ചെയ്തു. എന്നാൽ, 2018 -ൽ മഞ്ഞപ്പനി പൊട്ടിപ്പുറപ്പെട്ടത് എണ്ണത്തിന്റെ 32% നശിപ്പിച്ചതായി റോയിട്ടേഴ്‌സ് പറയുന്നു.

ഏകദേശം 2500 ഗോൾഡൻ ലയൺ ടാമറിൻ കാട്ടിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ, ഹൈവേ കാരണം മൃഗങ്ങൾ ഒറ്റപ്പെട്ടുവെന്ന് ആശങ്കയുണ്ടായിരുന്നു. പക്ഷേ, വിശാലമായ വനമേഖലയിൽ കുരങ്ങുകളെ ചുറ്റിക്കറങ്ങാൻ പാലം സഹായിക്കുമെന്ന് ഇപ്പോൾ പ്രതീക്ഷിക്കുന്നു. അവിടെ കഴിയുന്ന കുരങ്ങന്മാർ റോഡിന്റെ മറുവശത്ത് നിന്ന് പൂർണ്ണമായും ഒറ്റപ്പെടുമെന്നും അത് സംരക്ഷണത്തിന്റെ കാര്യത്തിൽ ഒരു യഥാർത്ഥ പ്രശ്നം സൃഷ്ടിക്കുമെന്നും ശാസ്ത്രജ്ഞർ തെളിയിച്ചിട്ടുണ്ട് എന്ന് മെറ്റാപോപ്പുലേഷൻ പദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ലൂയിസ് പൗലോ മാർക്വെസ് ഫെറാസ് റോയിട്ടേഴ്സിനോട് പറഞ്ഞു. ഗോൾഡൻ ലയൺ ടാമറിനുകളെ സംരക്ഷിക്കാനുള്ള പദ്ധതിയാണിത്. 

കഴിഞ്ഞ വർഷം നിർമിച്ച പാലത്തിൽ മരങ്ങളും കുറ്റിച്ചെടികളും ചെടികളും നട്ടുപിടിപ്പിച്ച് പ്രകൃതിദത്തമായ ഇടനാഴി കുരങ്ങുകൾക്ക് ആകർഷകമാകുമെന്ന പ്രതീക്ഷയിലാണ്. സസ്യങ്ങൾ ഇപ്പോഴും ചെറുതാണ്, കുരങ്ങുകൾക്ക് ഉപയോഗിക്കാവുന്ന വലുപ്പത്തിലേക്ക് വളരാൻ സമയമെടുക്കും. കുരങ്ങുകൾക്ക് ബ്രസീലിലെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയുടെ 95% നഷ്ടപ്പെട്ടതായി കൺസർവേഷൻ ഗ്രൂപ്പുകൾ കണക്കാക്കുന്നു. "അതുകൊണ്ടാണ് ഇവിടെയുള്ള ഈ പാലം തന്ത്രപ്രധാനവും സംരക്ഷണ പരിപാടിക്ക് പ്രധാനവും ആയത്" ഫെറാസ് പറഞ്ഞു.

click me!