ഈ റഷ്യൻ ഡോക്ടറുടെ തൊലിക്കടിയിലുള്ളത് ആറ് മൈക്രോചിപ്പുകൾ, പാസ്‍വേഡുകളെല്ലാം ഭദ്രം

By Web TeamFirst Published Jul 22, 2021, 3:23 PM IST
Highlights

2014 -ൽ ആദ്യമായി അദ്ദേഹത്തിന്റെ ശരീരത്തിൽ കട്ടിയുള്ള ഒരു സൂചി ഉപയോഗിച്ചാണ് ഡോക്ടർമാർ മൈക്രോചിപ്പ് കുത്തി ഇറക്കിയത്. എന്നാൽ ഇതിന് വലിയ വേദനയൊന്നും ഉണ്ടാകില്ല എന്നതാണ് വാസ്തവം. ഒരു ഉറുമ്പു കടിക്കുന്ന വേദന മാത്രമേ കാണൂ. 

റഷ്യയിലെ നോവോസിബിർസ്കിലെ നിവാസിയായ ഗൈനക്കോളജിസ്റ്റ് അലക്സാണ്ടർ വോൾചെക്കിനെ 'ഡോക്ടർ ചിപ്പ്' എന്നാണ് റഷ്യൻ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിനെ അങ്ങനെ വിളിക്കാൻ ഒരു കാരണമുണ്ട്. ദിവസേനയുള്ള ജോലികൾ തടസമില്ലാതെ നിർവഹിക്കാൻ സഹായിക്കുന്ന നിരവധി ചെറിയ ചിപ്പുകൾ ചർമ്മത്തിന് താഴെ അദ്ദേഹം ഘടിപ്പിച്ചിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ ജോലികൾ എളുപ്പമാക്കുന്നു. ഇന്ന് കടയിൽ പോയി സാധനം വാങ്ങാനും, വീട്ടിലെ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനും, ജീവനക്കാർക്ക് ശമ്പളം കൊടുക്കാനും അദ്ദേഹത്തിന് ഒന്ന് കൈവീശിയാൽ മതി. കൈയുടെ ചർമ്മത്തിനകത്തുണ്ട് അതിനാവശ്യമായ ചിപ്പുകൾ.      

തന്റെ കൈയിൽ ഒരു ബാങ്ക് കാർഡ് ചിപ്പ് ഘടിപ്പിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചത് അടുത്തിടെയാണ് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇത് ഒരു യഥാർത്ഥ ക്രെഡിറ്റ് കാർഡിന് പകരമായി പ്രവർത്തിക്കുന്ന ഒന്നാണ്. ഇനി മുതൽ ക്രെഡിറ്റ് കാർഡിന് പകരം അയാൾക്ക് സ്വന്തം കൈപ്പത്തി സ്വൈപ്പുചെയ്തുകൊണ്ട് ആളുകൾക്ക് പണം നൽകാൻ കഴിയും. മുൻപ് പലരും ഇത്തരമൊരു സാഹസത്തിന് മുതിർന്നിട്ടുണ്ടെങ്കിലും, അതൊന്നും ലക്ഷ്യം കണ്ടില്ല. അതിനാൽ രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഇത്തരമൊരു പരീക്ഷണം വിജയകരമായി പൂർത്തിയാക്കുന്ന ആൾ അദ്ദേഹമാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഇത് അദ്ദേഹത്തിന്റെ ആദ്യത്തെ പരീക്ഷണമല്ല. അദ്ദേഹം 2014 തുടങ്ങിയതാണ് ഈ ചിപ്പ് ശരീരത്തിൽ തുന്നിച്ചേർക്കുന്ന പരീക്ഷണം. ഇപ്പോൾ അദ്ദേഹത്തിന് ലൈറ്റ് ഇടാനും, കതക് തുറക്കാനും എല്ലാം കൈ വെറുതെയൊന്ന് വീശിയാൽ മതി. അത് മാത്രമോ, ബില്ലടക്കുന്നത് പോലും ഈ രീതിയിലാണ്.  

800 ബൈറ്റുകൾ മുതൽ 1 കിലോബൈറ്റ് വരെ വിവരങ്ങൾ സൂക്ഷിക്കാൻ ആ ചിപ്പുകൾക്ക് ശേഷിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2014 -ൽ ആദ്യമായി അദ്ദേഹത്തിന്റെ ശരീരത്തിൽ കട്ടിയുള്ള ഒരു സൂചി ഉപയോഗിച്ചാണ് ഡോക്ടർമാർ മൈക്രോചിപ്പ് കുത്തി ഇറക്കിയത്. എന്നാൽ ഇതിന് വലിയ വേദനയൊന്നും ഉണ്ടാകില്ല എന്നതാണ് വാസ്തവം. ഒരു ഉറുമ്പു കടിക്കുന്ന വേദന മാത്രമേ കാണൂ. അന്ന് ആ ചിപ്പിൽ അദ്ദേഹം സാധ്യമായ എല്ലാ പാസ്‌വേഡുകളും സൂക്ഷിച്ചു. ഒരു പതിറ്റാണ്ട് മുൻപ് ചിപ്പിനെ കുറിച്ചുളള ഒരു ലേഖനത്തിൽ നിന്നാണ് ഇതിനെകുറിച്ച് അദ്ദേഹം ആദ്യമായി മനസ്സിലാക്കുന്നത്. അത്തരം ഇംപ്ലാന്റുകൾ വെറ്ററിനറി മെഡിസിനിൽ 2000 കളുടെ മധ്യത്തിൽ തന്നെ ഉപയോഗിച്ചിരുന്നുവെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു, പക്ഷേ മനുഷ്യരിൽ അത് സാധ്യമാണോ എന്ന ചിന്ത അദ്ദേഹത്തിൽ കൗതുകമുണർത്തി. യു‌എസ്‌എയിലും ചൈനയിലും അത്തരം ചിപ്പുകൾ ഇതിനകം തന്നെ നിർമ്മിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം താമസിയാതെ മനസ്സിലാക്കി. അങ്ങനെ അദ്ദേഹം സ്വന്തം ശരീരത്തിൽ അത് പരീക്ഷിക്കാൻ ആരംഭിച്ചു.  

റഷ്യൻ മാധ്യമങ്ങൾ ആദ്യമായി ഡോക്ടർ ചിപ്പിനെ കുറിച്ച് റിപ്പോർട്ട് ചെയ്‍തത് 2017 -ലാണ്. അപ്പോഴേക്കും നിരവധി ചെറിയ ചിപ്പുകൾ അദ്ദേഹം കയ്യിൽ ഘടിപ്പിച്ചിരുന്നു. ഇന്റർ‌കോം കാർഡിന് പകരമായി ഉപയോഗിക്കാവുന്ന ഒന്ന്, വർക്ക് പാസായി പ്രവർത്തിക്കുന്ന ഒരെണ്ണം, ആശുപത്രിയിലെ വാതിലുകളിലൂടെയും വരാന്തകളിലൂടെയും പ്രവേശനം അനുവദിക്കുന്ന ഒരെണ്ണം, അദ്ദേഹത്തിന്റെ കോൺ‌ടാക്റ്റ് വിവരങ്ങൾ സൂക്ഷിക്കുന്ന ഒരു ചിപ്പ്, പാസ്‌വേഡുകളെല്ലാം സൂക്ഷിച്ചു വയ്ക്കുന്ന ഒരെണ്ണം തുടങ്ങി നിരവധി ചിപ്പുകൾ ശരീരത്തിനകത്ത് അദ്ദേഹം ഘടിപ്പിച്ചിട്ടുണ്ട്.      

സാധാരണയായി നമ്മൾ ജോലിയ്ക്ക് ഇറങ്ങുമ്പോൾ പേഴ്സ്, കാർഡ് തുടങ്ങി പലതും കൈയിൽ കരുതണം. അത് എവിടെങ്കിലും മറന്ന് വച്ചാൽ പിന്നെ തീർന്നു കാര്യം. എന്നാൽ അദ്ദേഹത്തിന് അതിന്റെയൊന്നും ആവശ്യമില്ല. എല്ലാം തൊലിക്കകത്ത് ഭദ്രമാണ്. നാല് കാർഡുകൾ നഷ്ടമായതിനെ തുടർന്ന്, അദ്ദേഹത്തിന്റെ ഭാര്യക്കും കൈയിൽ ഒരു ചിപ്പ് ഘടിപ്പിച്ച് കൊടുത്തു അദ്ദേഹം. ഇപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ഉൾപ്പെടെ 200 -ലധികം ആളുകൾ ഇത്തരത്തിൽ ഇംപ്ലാന്റേഷൻ നടത്തിയതായി അദ്ദേഹം പറയുന്നു.

ഇത് നിങ്ങളുടെ ജീവിതം വളരെയധികം എളുപ്പമാക്കുന്നു എന്നദ്ദേഹം അഭിപ്രായപ്പെട്ടു. സാങ്കേതികവിദ്യ ഇനിയും വികസിക്കാനുണ്ട് എന്നതാണ് അദ്ദേഹത്തിന്റെ ഏക വിഷമം. നാല് വർഷം മുമ്പ്, രക്തത്തിലെ പഞ്ചസാര അളക്കുന്നതിനുള്ള ഗ്ലൂക്കോമീറ്റർ പോലെയുള്ള മെഡിക്കൽ ചിപ്പുകളിൽ പരീക്ഷിക്കാൻ അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചു. എന്നാൽ അത്തരമൊരു ഉപകരണം മാർക്കറ്റിൽ ഇതുവരെ ലഭ്യമായിട്ടില്ല. ഇന്ന് അദ്ദേഹം മാത്രമല്ല, പല കമ്പനികളും തൊഴിലാളികളുടെ ജീവിതം സുഗമമാക്കാൻ അവരുടെ കൈകളിൽ ഇങ്ങനെ മൈക്രോ ചിപ്പുകൾ ഘടിപ്പിച്ച് കൊടുക്കുന്നു.  

click me!