ഇന്ത്യയിലെ തേനിനേക്കാള്‍ മധുരം റഷ്യയില്‍ നിന്നുള്ള തേനിനോ?

By Web TeamFirst Published Dec 13, 2019, 4:59 PM IST
Highlights

കേരളത്തില്‍ വന്‍സാധ്യതയുള്ള സ്വയംതൊഴില്‍ സംരംഭമാണ് തേനീച്ച വളര്‍ത്തല്‍. റബ്ബര്‍തോട്ടങ്ങളില്‍ നിന്ന് വരുമാനം നേടാന്‍ പ്രയാസം അനുഭവിക്കുന്ന കര്‍ഷകര്‍ തേനീച്ചക്കൃഷിയിലേക്ക് മാറിയിരുന്നു. കേരളത്തില്‍ 40 ലക്ഷം തേനീച്ചക്കോളനികള്‍ വളര്‍ത്താന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

തേന്‍ എന്നും അതിമധുരമാണ്. ഇപ്പോള്‍ റഷ്യയും ഇന്ത്യയും തമ്മില്‍ തേനിന്റെ വിപണന സാധ്യതകള്‍ മനസിലാക്കി കയറ്റുമതി-ഇറക്കുമതി സംരംഭം ലക്ഷ്യമിടുകയാണ്. റഷ്യയിലെ അള്‍തായ് പ്രദേശത്തുള്ള കമ്പനികളുമായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.

 അര്‍സ്‌ലാന്‍ ബോബ് എന്ന ബ്രാന്‍ഡ്‌നെയിമില്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കായി ഇറക്കുമതി ചെയ്യുന്ന വൈറ്റ് ഹണി കിലോഗ്രാമിന് 3000 രൂപയാണ് വില. ഐ.കെ ഓവര്‍സീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ വൈസ് പ്രസിഡണ്ടായ സുഭാശിഷ് ബസുവാണ് ഈ തേന്‍ ഇറക്കുമതി ചെയ്യുന്നത്. ഇപ്പോള്‍ കെവിന്റ് അള്‍തായ് എന്ന പേരിലുള്ള തേന്‍ ഇദ്ദേഹം ഇറക്കുമതി ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നു.

അള്‍തായ് പ്രദേശത്തുനിന്നുള്ള തേന്‍ പ്രകൃതിദത്തമായ ഗുണങ്ങളുള്ളതും ധാരാളം പച്ചമരുന്നുകളും ചെടികളും വളരുന്ന മേഖലയില്‍ നിന്നായതുകൊണ്ട് രോഗപ്രതിരോധശേഷിയില്‍ മികവ് കാണിക്കുന്നതുമാണെന്നതാണ് പ്രത്യേകത.

'അള്‍തായ് സ്വീറ്റ്‌നെസ്' എന്ന ബ്രാന്‍ഡ് നെയിമില്‍ വിപണിയിലെത്തിക്കുന്ന കുക്കീസിനും ആവശ്യക്കാര്‍ ഏറെയാണ്. സാള്‍ട എന്ന ബ്രാന്‍ഡ് നെയിമില്‍ വില്‍ക്കപ്പെടുന്ന തേനും വിപണിയില്‍ ഡിമാന്റുള്ളതാണ്.

ഇന്ത്യയിലെ ജി.എന്‍.ജി അഗ്രിടെക് ആന്റ് വെയ്സ്റ്റ് മാനേജ്‌മെന്റ് എന്ന ബിസിനസ് സംരംഭത്തിന്റെ മേധാവിയായ ഗൗതം അഗര്‍വാള്‍ റഷ്യയില്‍ നിന്ന് തേന്‍ ഇറക്കുമതി ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അതുപോലെ തന്നെ എ.ബി.എ ഗ്ലോബല്‍ വെഞ്ച്വറിന്റെ ഡയറക്ടറായ ഡോ.അഭിലാഷ് പിള്ളയും ഈ സംരംഭത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ വന്‍സാധ്യതയുള്ള സ്വയംതൊഴില്‍ സംരംഭമാണ് തേനീച്ച വളര്‍ത്തല്‍. റബ്ബര്‍തോട്ടങ്ങളില്‍ നിന്ന് വരുമാനം നേടാന്‍ പ്രയാസം അനുഭവിക്കുന്ന കര്‍ഷകര്‍ തേനീച്ചക്കൃഷിയിലേക്ക് മാറിയിരുന്നു. കേരളത്തില്‍ 40 ലക്ഷം തേനീച്ചക്കോളനികള്‍ വളര്‍ത്താന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

തേനീച്ചകള്‍ നാല് തരം

പെരുംതേനീച്ച, വന്‍തേനീച്ച, കോല്‍ത്തേനീച്ച, ചെറുതേനീച്ച എന്നിങ്ങനെ നാല് തരത്തിലാണ് തേനീച്ചകള്‍.

പെരുംതേനീച്ചയാണ് ഏറ്റവും അപകടകാരി. ഇത് കൂട്ടിലാക്കി വളര്‍ത്താന്‍ കഴിയുന്നതല്ല. വര്‍ഷത്തില്‍ 25 മുതല്‍ 50 കിലോ വരെ തേന്‍ ലഭിക്കും.

കോല്‍ത്തേനീച്ചകള്‍ മരങ്ങളുടെ ചില്ലകളില്‍ ഒറ്റ അടയോടുകൂടി കൂടുകെട്ടി താമസിക്കുന്നവയാണ്. വളരെ കുറഞ്ഞ അളവില്‍ തേന്‍ ഉത്പാദിപ്പിക്കുന്നവയാണ് കോല്‍ത്തേനീച്ചകള്‍. വര്‍ഷത്തില്‍ 200 ഗ്രാം മുതല്‍ 500 ഗ്രാം വരെയാണ് ഉത്പാദനം.

വ്യാവസായികമായി തേന്‍ ഉത്പാദിപ്പിക്കാനായി നാം കൂട്ടിലടച്ച് വളര്‍ത്തുന്നവയാണ് വന്‍തേനീച്ചകള്‍. ഒരു വര്‍ഷം 12 മുതല്‍ 20 കിലോ വരെ തേന്‍ ഉത്പാദിപ്പിക്കും.

ഏറ്റവും വലുപ്പം കുറഞ്ഞ ഇനമാണ് ചെറുതേനീച്ച. കുത്താനുള്ള ശേഷി ഇല്ല. താമസിക്കുന്ന കൂട് ഉപേക്ഷിച്ച് പോകാത്ത ഇവ പൂക്കളുടെ ഉള്ളില്‍ നിന്ന് തേന്‍ എടുക്കാന്‍ വിദഗ്ദ്ധരാണ്. ചെറുതേനിന് നല്ല ഗുണവുമുണ്ട്.

ഇറ്റാലിയന്‍ തേനീച്ച എന്നൊരു ഇനം കൂടിയുണ്ട്. ഇത് വിദേശിയാണ്. കേരളത്തിലെ കാലാവസ്ഥയുമായി യോജിച്ചുപോകാന്‍ കഴിയാത്ത ഇനമാണ് ഇത്.

എല്ലാ തേനീച്ചവര്‍ഗങ്ങളിലും മൂന്ന് തരത്തില്‍പ്പെട്ട ഈച്ചകളുണ്ട്. റാണി ഈച്ച, വേലക്കാരി ഈച്ച, ആണ്‍ ഈച്ചകള്‍ എന്നിവ. റാണി ഈച്ചയാണ് മുട്ടയിടുന്നത്. കൂട്ടിന് കാവല്‍ ഇരിക്കുന്നതും പൂമ്പൊടിയും തേനും ശേഖരിക്കുന്നതും കൂട് വൃത്തിയാക്കുന്നതും വേലക്കാരി ഈച്ചകളാണ്.

തേനിന്റെ ഗുണങ്ങള്‍

ഊര്‍ജത്തിന്റെ ഉറവിടമായാണ് തേന്‍ കണക്കാക്കുന്നത്. ഒരു കിലോ തേനില്‍ 3200 കലോറി ഊര്‍ജ്ജമുണ്ട്.  രക്തത്തില്‍ ഹീമോഗ്ലോബിന്‍ അളവ് കൂട്ടാന്‍ സഹായിക്കുന്നു. നിലവില്‍ ഔഷധ നിര്‍മാണത്തിനായി ഏകദേശം 70 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്നുണ്ട്. ഇത് പ്രകൃതി ദത്തമായ ഒരു അണുനാശിനി കൂടിയാണ്.  

തേനിന്റെ പ്രാധാന്യം മനസിലാക്കി കേന്ദ്ര സര്‍ക്കാര്‍ ദേശീയ തേന്‍ മിഷന് രൂപം നല്‍കിയിട്ടുണ്ട്. തേനീച്ചയെക്കൊണ്ട് കുത്തിച്ച് മനുഷ്യന്റെ രോഗം ഭേദമാക്കുന്ന ചികിത്സാരീതിയും ഉണ്ട്.

അതുപോലെ ഇനി മുതല്‍ പഞ്ചസാരയ്ക്ക് പകരമായി തേന്‍ക്യൂബുകള്‍ ഉപയോഗിക്കാം. ചായയിലും കാപ്പിയിലും ഇത്തരം തേന്‍ ക്യൂബുകള്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് കണ്ടെത്തല്‍. തേന്‍ ചേര്‍ത്ത് ഭക്ഷണം കഴിച്ചാല്‍ പെട്ടെന്ന് വിശക്കില്ലെന്നും മലബന്ധം തടയാനുള്ള കഴിവുണ്ടെന്നും പറയുന്നു. 100 ഗ്രാം തേനില്‍ 20 ഗ്രാം ജലാംശം അടങ്ങിയിരിക്കുന്നു. ക്ഷീണം,തളര്‍ച്ച് എന്നിവ കുറയ്ക്കാന്‍ തേന്‍ നല്ലതാണ്. ദഹനപ്രക്രിയയെ സഹായിക്കുന്നതാണ് തേന്‍.

 


 

click me!