Latest Videos

ചെയ്യാത്ത കുറ്റത്തിന് അറസ്റ്റ്, പിന്നെ മാനസികാരോ​ഗ്യകേന്ദ്രത്തിലും, ഒടുവിൽ മോചനം

By Web TeamFirst Published Aug 9, 2021, 4:53 PM IST
Highlights

തുടർന്ന്, മനോരോഗവിദഗ്ദ്ധൻ ഒരു ഡിറ്റക്ടീവിനെ നിയമിച്ച് വിരലടയാളങ്ങളും ഫോട്ടോഗ്രാഫുകളും പരിശോധിച്ച് തെറ്റായ മനുഷ്യനെ അറസ്റ്റ് ചെയ്തതായുള്ള തെളിവുകൾ ശേഖരിച്ചു. അപ്പോഴേക്കും ജോഷ്വാ രണ്ട് വർഷവും എട്ട് മാസവും ആ മാനസിക സ്ഥാപനത്തിൽ ചെലവഴിച്ചു കഴിഞ്ഞിരുന്നു. 

മറ്റൊരാൾ ചെയ്ത കുറ്റത്തിന് തെറ്റായി അറസ്റ്റുചെയ്യപ്പെടുകയും, ഏകദേശം മൂന്ന് വർഷത്തോളം മാനസികാരോഗ്യ ആശുപത്രിയിൽ അടയ്ക്കപ്പെടുകയും ചെയ്ത ഒരാൾക്ക് ഒടുവിൽ മോചനം. ജോഷ്വാ സ്പ്രിസ്റ്റർസ്ബാക്കിന് സംഭവിച്ചത് കൊടും അനീതിയായിരുന്നു. ഹവായ് പൊലീസ് ആളുമാറി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും, മാനസിക രോഗിയാക്കി ചിത്രീകരിച്ച് ഒരു മാനസികാരോഗ്യ സ്ഥാപനത്തിൽ കൊണ്ടുപോയി തള്ളുകയും ചെയ്തു. 

അദ്ദേഹത്തെ തേടി ആരും വന്നില്ല. അദ്ദേഹം നിരപരാധിയാണെന്ന് വാദിക്കാൻ ഒരു വക്കീലും കോടതിയിൽ ഹാജരായില്ല. അദ്ദേഹത്തിന്റെ ഭാഗത്തെ ന്യായം അംഗീകരിക്കാനോ, തിരിച്ചറിയാനോ ആരും ശ്രമിച്ചുതുമില്ല. എന്നാൽ, അദ്ദേഹം മാത്രം താൻ തോമസ്‌ കാസിൽബെറി അല്ലെന്ന് പൊലീസിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടുകൊണ്ടിരുന്നു. മാനസിക ആശുപ്രത്രിയിൽ മരുന്നുകൾ കുത്തിവെച്ചു ഒടുവിൽ അദ്ദേഹത്തിന്റെ അവസാന പ്രതിരോധവും അവർ ഇല്ലാതാക്കി. നീണ്ട മൂന്ന് വർഷത്തോളം അദ്ദേഹം പുറംലോകം കാണാതെ, രാവെന്നോ പകലെന്നോ അറിയാതെ മരുന്നുകളുടെ പുതപ്പിനുള്ളിൽ ഒളിച്ചു.

2017 -ൽ ഒരു അഭയകേന്ദ്രത്തിന് പുറത്ത് വഴിയോരത്ത് ഭക്ഷണത്തിനായി കാത്തിരിക്കുമ്പോൾ ജോഷ്വാ ക്ഷീണം കൊണ്ട് അറിയാതെ മയങ്ങിപ്പോയി. മയക്കത്തിൽ തന്നെ ആരോ തട്ടുന്ന പോലെ തോന്നിയ അദ്ദേഹം കണ്ണുതുറന്ന് നോക്കിയപ്പോൾ മുന്നിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ നിൽക്കുന്നതാണ് കണ്ടത്. വഴിയോരത്ത് ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നത് നഗരം വിലക്കിയിരുന്നു. ആ നിയമം തെറ്റിച്ചതിന്റെ പേരിൽ പൊലീസ് തന്നെ അറസ്റ്റ് ചെയ്യാൻ വന്നതാണെന്ന് അദ്ദേഹം കരുതി. എന്നാൽ, വാസ്തവത്തിൽ, 2006 -ൽ മയക്കുമരുന്ന് കുറ്റകൃത്യങ്ങളിൽ വാറന്റ് ഉണ്ടായിരുന്ന തോമസ് കാസിൽബെറി എന്നയാളെയാണ് അറസ്റ്റ് ചെയ്യുന്നതെന്നായിരുന്നു പൊലീസിന്റെ ധാരണ. അതേസമയം ജോഷ്വായും തോമസും തമ്മിൽ ഇതുവരെ കണ്ടിട്ടില്ല. തോമസ് ആരാണെന്ന് പോലും ജോഷ്വായ്ക്ക് അറിയില്ലായിരുന്നു.  

പൊലീസ് രണ്ടുപേരുടെയും വിരലടയാളങ്ങളും ഫോട്ടോഗ്രാഫുകളും താരതമ്യം ചെയ്യാനും ശ്രമിച്ചില്ല. കുറ്റകൃത്യത്തിൽ അദ്ദേഹത്തെ തെറ്റായി തടവിലാക്കിയപ്പോൾ, ജോഷ്വാ തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താൻ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവിൽ താൻ പറയുന്നത് ആരും കേൾക്കുന്നില്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം അസ്വസ്ഥനായി. താൻ തോമസല്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്തോറും ഉദ്യോഗസ്ഥരും, ഡോക്ടർമാരും അദ്ദേഹത്തെ ഭ്രാന്തനും മാനസികരോഗിയുമായി പ്രഖ്യാപിച്ചു. ഏകദേശം മൂന്ന് വർഷത്തോളം ഹവായി സ്റ്റേറ്റ് ഹോസ്പിറ്റലിൽ പൂട്ടിയിട്ട് മാനസികരോഗത്തിനുള്ള മരുന്നുകൾ കഴിക്കാൻ അദ്ദേഹം നിർബന്ധിതനായി. ഒടുവിൽ ഒരു മനോരോഗവിദഗ്ദ്ധൻ അദ്ദേഹം പറയുന്നത് ശ്രദ്ധിക്കാനും ശരിയാണോ എന്ന് പരിശോധിക്കാനും മനസ്സ് കാണിച്ചു. അന്വേഷണത്തിൽ രണ്ടും രണ്ടു വ്യക്തികളാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. കൂടാതെ, യഥാർത്ഥ തോമസ്  2016 മുതൽ അലാസ്ക ജയിലിൽ തടവിലായിരുന്നു എന്നും അദ്ദേഹം കണ്ടെത്തി.  

തുടർന്ന്, മനോരോഗവിദഗ്ദ്ധൻ ഒരു ഡിറ്റക്ടീവിനെ നിയമിച്ച് വിരലടയാളങ്ങളും ഫോട്ടോഗ്രാഫുകളും പരിശോധിച്ച് തെറ്റായ മനുഷ്യനെ അറസ്റ്റ് ചെയ്തതായുള്ള തെളിവുകൾ ശേഖരിച്ചു. അപ്പോഴേക്കും ജോഷ്വാ രണ്ട് വർഷവും എട്ട് മാസവും ആ മാനസിക സ്ഥാപനത്തിൽ ചെലവഴിച്ചു കഴിഞ്ഞിരുന്നു. തെറ്റായി ശിക്ഷിക്കപ്പെട്ടവർക്ക് വേണ്ടി വാദിക്കുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ഹവായി ഇന്നസെൻസ് പ്രോജക്റ്റ്. അവരാണ് കോടതിയിൽ അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ടുള്ള ഹർജി നൽകിയതും, രേഖകൾ സമർപ്പിച്ചതും. ഒടുവിൽ 2020 ജനുവരിയിൽ, ഉദ്യോഗസ്ഥർ അവരുടെ തെറ്റ് മനസ്സിലാക്കി, അയാളെ വെറും 35 രൂപ നഷ്ടപരിഹാരം നൽകി പറഞ്ഞയച്ചു. തെരുവിൽ കഴിയുന്ന അദ്ദേഹത്തിനു വേണ്ടി സംസാരിക്കാൻ ആരും കാണില്ലെന്ന് അവർ ചിന്തിച്ചു.  

എന്നിരുന്നാലും, മോചിതനായ ശേഷം, ജോഷ്വാ ഭവനരഹിതർക്കുള്ള ഒരു അഭയകേന്ദ്രത്തിൽ ചെന്ന് പെട്ടു. അവിടെയുള്ളവർ അദ്ദേഹത്തിന്റെ കഥ കേട്ടപ്പോൾ, അദ്ദേഹത്തിന്റെ സഹോദരി വേഡാൻഡ ഗ്രിഫിത്തിനെ കണ്ടെത്തി വിവരം അറിയിച്ചു. അവർ കഴിഞ്ഞ 16 വർഷത്തോളം അദ്ദേഹത്തെ അന്വേഷിച്ചു നടക്കുകയായിരുന്നു. ജോഷ്വ ഇപ്പോൾ വെർമോണ്ടിൽ അവളോടൊപ്പമാണ് താമസം. പൊലീസ് തന്നെ ഇനിയും പിടിച്ചുകൊണ്ടുപോകുമെന്ന ഭയത്താൽ അദ്ദേഹം വീടിന് പുറത്തിറങ്ങാൻ ഇപ്പോൾ മടിക്കുന്നുവെന്ന് സഹോദരി പറഞ്ഞു. 

click me!