കൊവിഡ് പ്രതിരോധത്തിന്റെ 'കേരള മോഡലി'നെ പ്രശംസിച്ചു കൊണ്ട് ദേശീയ മാധ്യമത്തിൽ ശശി തരൂരിന്റെ ലേഖനം

By Web TeamFirst Published Apr 17, 2020, 12:36 PM IST
Highlights

"ഈ അവസരത്തിൽ രാഷ്ട്രീയത്തിലെ ചേരിപ്പോരുകൾ എല്ലാം മറന്നുകൊണ്ട്, കോവിഡിനെ കീഴടക്കുക എന്ന ഒരു ലക്ഷ്യത്തിനു പിന്നിൽ ഒറ്റക്കെട്ടായി അണിനിരക്കാൻ കേരളത്തിന് കഴിയും എന്നുതന്നെ ഞാൻ പ്രതീക്ഷിക്കുന്നു. "
 

കൊവിഡ് പ്രതിരോധത്തിൽ എൽഡിഎഫ് ഗവണ്മെന്റ് നടത്തുന്ന പ്രവർത്തനങ്ങളെ നിശിതമായി വിമർശിച്ചുകൊണ്ട് രമേശ് ചെന്നിത്തല അടക്കമുള്ള കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ പല നേതാക്കളും പല മാധ്യമങ്ങളിലും അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചുവരുന്നുണ്ട്. വിശേഷിച്ച്, കേരളത്തിലെ ജനങ്ങളുടെ ആരോഗ്യഡാറ്റ വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്താതെ സ്പ്രിംഗ്ലർ എന്ന വിദേശ സ്ഥാപനത്തിന് കൈമാറി എന്നുള്ള ആക്ഷേപത്തിൽ പ്രതിപക്ഷ നേതാവ് ഉറച്ചു നിൽക്കുകയാണ്. ഒപ്പം, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള മന്ത്രിസഭയിലെ പലരും കൊവിഡിനെ അവരുടെ വ്യക്തിപരമായ പ്രതിച്ഛായ വർധിപ്പിക്കാനുള്ള അവസരമാക്കി മാറ്റിയിരിക്കുകയാണ് എന്നൊരു ആക്ഷേപവും കെ എം ഷാജി എംഎൽഎ അടക്കമുള്ള പലരും ഉന്നയിച്ചു കണ്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാമ്പത്തിക സഹായം നൽകാനുള്ള സർക്കാരിന്റെ അഭ്യർത്ഥനയും പരിഹസിക്കപ്പെട്ടിട്ടുണ്ട്. സാലറി ചലഞ്ച്, കമ്യൂണിറ്റി കിച്ചൻ, പത്രസമ്മേളനം തുടങ്ങി സംസ്ഥാന സർക്കാർ തൊടുന്നതിനെ എല്ലാം കേരളത്തിലെ കോൺഗ്രസ് പാർട്ടി അടക്കമുള്ള പ്രതിപക്ഷം വിമർശനശരങ്ങളാൽ മൂടുന്ന സാഹചര്യമാണുള്ളത്. 

എന്നാൽ, പരിഹാസത്തിന്റെയും, കുറ്റപ്പെടുത്തലിന്റെയും ഈ ബഹളത്തിനിടെ, കേരള സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അകമഴിഞ്ഞ് പ്രശംസിച്ചുകൊണ്ട് ദേശീയ മാധ്യമമായ 'ദ ക്വിന്റി'ൽ ലേഖനം എഴുതിയിരിക്കുകയാണ് തിരുവനന്തപുരം എംപിയും കോൺഗ്രസിലെ ബൗദ്ധിക വ്യക്തിത്വങ്ങളിൽ ഒരാളുമായ ശശി തരൂർ. രാഷ്ട്രീയത്തിൽ ഇറങ്ങും മുമ്പ് ബ്യൂറോക്രസിയുടെ ഉന്നതതലങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള, യുഎൻ പോലുള്ള അന്താരാഷ്ട്ര ഏജൻസികളിലെ വർഷങ്ങൾ നീണ്ട പ്രവർത്തനപരിചയം കൈമുതലായുള്ള, നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹത്തിൽ നിന്ന് സിപിഎമ്മിനെ പ്രശംസിച്ചുകൊണ്ട് ഇങ്ങനെയൊരു ലേഖനം വരുമ്പോൾ അത് തീർച്ചയായും ചർച്ചയ്ക്ക് തിരികൊളുത്തുമെന്നുറപ്പാണ്. 

ശശിതരൂർ ഇംഗ്ലീഷിലെഴുതിയ പ്രസ്തുത ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന പ്രസക്ത ഭാഗങ്ങളിലൂടെ....

ഈയാഴ്ച കേരളത്തിൽ നിന്ന് പുറത്തുവന്നിരിക്കുന്ന വാർത്ത ഏറെ ശുഭോദർക്കമാണ്.  ഇന്ത്യയുടെ തെക്കൻ മുനമ്പിലുള്ള ഈ കൊച്ചു സംസ്ഥാനത്ത് രാജ്യത്തിലാദ്യമായി കൊവിഡ് മഹാമാരിയുടെ 'കർവ്' ഫ്ലാറ്റെൻ ചെയ്യപ്പെട്ടിരിക്കുന്നു. അതായത് രോഗം ഭേദമായവരുടെ എണ്ണം കാര്യമായി രോഗം ഇപ്പോഴും ഉളളവരുടെ എണ്ണത്തേക്കാൾ കൂടുതലായിരിക്കുന്നു എന്നർത്ഥം. 

ചൈനയിലെ വുഹാനിൽ നിന്ന് തിരിച്ചെത്തിയ ഒരു മെഡിക്കൽ വിദ്യാർത്ഥിയിലൂടെ ഇന്ത്യയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച സംസ്ഥാനമെന്ന നിലയ്ക്ക് കേരളത്തിന്റെ ഈ നേട്ടം ശ്‌ളാഘനീയം തന്നെയാണ്. മാർച്ച് 24 -ന് നരേന്ദ്ര മോദി ലോക്ക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ കേരളമായിരുന്നു രോഗബാധിതരുടെ എന്നതിൽ രാജ്യത്തിൽ ഒന്നാം സ്ഥാനത്ത്. ഇന്ന് അത് ആ പട്ടികയിൽ ഏറെ താഴെയാണ്. 

 

 

ഇതിനെ ഒരു 'മലയാളി മായാജാലം' എന്നുതന്നെ വിളിക്കാൻ ഞാൻ താത്പര്യപ്പെടുന്നു. കേരളത്തിന്റെ ഈ നേട്ടം രായ്ക്കുരാമാനം ഉണ്ടായ ഒന്നല്ല. ഇതിന്റെ ക്രെഡിറ്റ്  അഞ്ചുപതിറ്റാണ്ടുകാലം മാറിമാറി ഭരിച്ച ഇരുമുന്നണികൾക്കും ഒരുപോലെ പങ്കിടേണ്ടതാണ്.  കോൺഗ്രസ്, കമ്യൂണിസ്റ്റ് മുന്നണികൾക്ക് മാത്രമല്ല, അതിനു മുമ്പുള്ള കാലത്ത് ഭരണം കയ്യാളിയിരുന്ന രാജാക്കന്മാർക്കും കേരളത്തിന്റെ ആരോഗ്യസംസ്കാരം പരുവപ്പെടുത്തിയെടുത്തതിൽ ചെറുതല്ലാത്ത പങ്കുണ്ട്. 

ഞാൻ കേരളം ഭരിക്കുന്ന എൽഡിഎഫ് എന്ന മുന്നണിയുടെ രാഷ്ട്രീയ എതിർ പക്ഷത്തു നിൽക്കുന്ന ഒരു പാർലമെന്റേറിയൻ ആണെന്ന സത്യം വിസ്മരിക്കാതെ തന്നെ ഞാൻ, ഈ സർക്കാരിന്റെ നല്ല പ്രവർത്തനങ്ങളെ,  കൊവിഡിനെതിരായി നടത്തിയ ശക്തമായ പോരാട്ടത്തെ അഭിനന്ദിക്കുന്നു. 

കേരളാ മോഡൽ വിദ്യാഭ്യാസത്തിലും, പൊതുജനക്ഷേമത്തിലും ഊന്നിയ ഒരു രാഷ്ട്രീയമാതൃക 

എങ്ങനെ സാധിച്ചു കേരളം ഈ നേട്ടം? അത് സാധ്യമായത് നമുക്ക് ലഭ്യമായിരുന്ന വിഭവങ്ങളുടെ വലിയൊരംശം ആരോഗ്യരംഗത്തും, വിദ്യാഭ്യാസ മേഖലയിലും, സാക്ഷരതാപ്രവർത്തനങ്ങൾക്കും, സ്ത്രീശാക്തീകരണത്തിനും, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനും വേണ്ടി ചെലവിട്ടതിന്റെ ഫലമാണ്. കേരള സംസ്ഥാനത്ത് ഈ ലോക്ക് ഡൗൺ കാലത്തും ഒരാൾക്കും ഭക്ഷണത്തിനായി ഇരക്കുകയോ, പട്ടിണി കിടക്കുകയോ ചെയ്യേണ്ടി വന്നിട്ടില്ല ഇതുവരെ. ജനസാന്ദ്രതയിൽ ഏറെ മുന്നിൽ ആയിരുന്നിട്ടും, പ്രതിശീർഷ വരുമാനം അമേരിക്കയുടെ എഴുപതിലൊന്നു മാത്രമായിരുന്നിട്ടും, കേരളം നേടിയ സാമൂഹിക വളർച്ച പല വികസിത രാജ്യങ്ങളെയും അതിശയിപ്പിക്കുന്നതാണ്. 

കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ കേരളം ചെയ്ത ശരികളെന്തൊക്കെ ?

ഈ പോരാട്ടത്തിനിറങ്ങുമ്പോൾ, 2018 -ൽ നിപ്പയെ തോൽപ്പിച്ചതിന്റെ അനുഭവസമ്പത്തുണ്ടായിരുന്നു കേരളത്തിന്. വാക്സിനൊന്നുമില്ലാതിരുന്ന പുതിയൊരു രോഗത്തെ എതിർത്ത് തോൽപിച്ചിട്ടും വെറും 17 പേരുടെ ജീവൻ മാത്രമാണ് അന്ന് കേരളത്തിന് നഷ്ടമായത്. കൊവിഡിനെതിരായ പോരാട്ടത്തിലെ കേരളത്തിന്റെ നേട്ടത്തിന് പിന്നിൽ 30,000 -ലധികം വരുന്ന ഇവിടത്തെ ആരോഗ്യപ്രവർത്തകരുടെ കൂട്ടായ പ്രവർത്തനമാണ്. ഏപ്രിൽ 14 വരെയുള്ള കണക്കെടുത്താൽ തന്നെ കേരളത്തിന്റെ ടെസ്റ്റിങ് നിരക്ക്, ഒരു ലക്ഷത്തിൽ 45 പേരെ എന്നാണ്. ബംഗാളിൽ അത് ഒരു ലക്ഷത്തിൽ 3.2 പേരെ മാത്രമാണ് എന്ന് പറയുമ്പോഴാണ് കേരളം എത്ര മുന്നിലാണെന്ന് മനസ്സിലാവുക. 

കോൺടാക്ട് ട്രേസിങ്, റൂട്ട് മാപ്പ് തയ്യാറാക്കൽ, ക്വാറന്റൈൻ തുടങ്ങിയ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തെ ആരോഗ്യവകുപ്പിന്റെ പ്രവർത്തനം ഏറെ ശ്ലാഘനീയമാണ്. കേരളമാണ് രോഗബാധയുണ്ടോ എന്ന സംശയമുള്ള ആളുകളെ ആദ്യമായി മൂന്നാഴ്ച ക്വാറന്റൈൻ ചെയ്യാൻ തുടങ്ങിയത്. ലോക്ക് ഡൗൺ കാലത്ത് പട്ടിണിയിലായി അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും, പലചരക്കു സാധനങ്ങളും എത്തിച്ച് അവർ പട്ടിണി കിടക്കാതെ നോക്കി കേരളം. ഇവിടത്തെ കമ്യൂണിറ്റി കിച്ചണുകളിലൂടെ വിശക്കുന്നവരിലേക്ക് എത്തിയത് ലക്ഷക്കണക്കിന് പൊതി ഭക്ഷണമാണ്. 

പത്തുലക്ഷത്തിലധികം ടൂറിസ്റ്റുകൾ വർഷാവർഷം വന്നിറങ്ങുന്ന, ജനസംഖ്യയുടെ 17 ശതമാനത്തിലേറെപ്പേർ വിദേശത്ത് തൊഴിലെടുക്കുന്ന, ആയിരക്കണക്കിന് വിദ്യാർഥികൾ വിദേശരാജ്യങ്ങളിൽ പഠിക്കുന്ന ഒരു സംസ്ഥാനം എന്ന നിലയ്ക്ക് കേരളം കൊവിഡ് വിരുദ്ധപോരാട്ടത്തിന്റെ കാര്യത്തിൽ ഏറെ പകർച്ചാ സാധ്യത ഉള്ള ഒരു പ്രദേശമാണ്. എന്നിട്ടും, വളരെ മികച്ച പ്രകടനമാണ് സംസ്ഥാനം കാഴ്ച വെച്ചിരിക്കുന്നത്. 

 

WHO 'യുടെ 'ടെസ്റ്റ്, ട്രേസ്, ഐസൊലേറ്റ്, ട്രീറ്റ്' എന്ന വിജയമന്ത്രം അക്ഷരംപ്രതി അനുസരിച്ച ഒരു സംസ്ഥാനമാണ് കേരളം. ജില്ലാതല മാനേജ്‌മെന്റിലും, ജനങ്ങളോടുള്ള സർക്കാരിന്റെ ആശയവിനിമയത്തിലും ഒക്കെ കേരളമാതൃക അനുകരണീയമാം വിധം മുന്നിലാണ്. ഇങ്ങനെ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ സംസ്ഥാനത്തെ കൈപിടിച്ച് നടത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യമന്ത്രി കെകെ ശൈലജയും നേതൃത്വം നൽകിയത് ഏറെ പ്രശംസനീയമാണ്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രവർത്തനങ്ങളും ഏറെ ഗുണകരമായിരുന്നു. 

 

 

മുഖ്യമന്ത്രിയുടെ പ്രതിദിന പത്രസമ്മേളനത്തിനും വളരെ കൃത്യമായ ഇടപെടലുകൾക്കും ഒക്കെ വളരെ നല്ല രീതിയിൽ കവറേജ് നൽകിയ പ്രാദേശിക മാധ്യമങ്ങളും അഭിനന്ദനം അർഹിക്കുന്നുണ്ട്. അത് പൊതുജനത്തിന്റെ ആത്മവിശ്വാസം ഏറ്റിയിട്ടുണ്ട്. കേന്ദ്രത്തിൽ നിന്നുള്ള സഹായം നിരാശാജനകമായിരുന്നിട്ടും, ജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട്  20,000  കോടി രൂപയുടെ പാക്കേജ് സംസ്ഥാനം പ്രഖ്യാപിച്ചത് ഏറെ ആശ്വാസമായിരുന്നു. RT-PCR റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ആദ്യമായി ഉപയോഗിക്കാൻ തുടങ്ങിയ സംസ്ഥാനവും കേരളമാണ്. കേരളത്തിലെ കൊവിഡ് വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാൻ വേണ്ടി എന്റെ എംപി ഫണ്ട് വഴി കിറ്റുകൾ എത്തിക്കാൻ കഴിഞ്ഞതിൽ എനിക്കും ചാരിതാർഥ്യമുണ്ട്. 

 

 

കക്ഷി രാഷ്ട്രീയം നോക്കിയാൽ ഞാൻ കേരളം ഭരിക്കുന്ന ഗവൺമെന്റിന്റെ എതിർപക്ഷത്താണ് എന്ന് വരികിലും, മാരകമായ ഈ മഹാമാരിയെ ചെറുത്തുതോൽപ്പിക്കുന്നതിൽ സംസ്ഥാന ഗവൺമെന്റ് കൈവരിച്ച അസൂയാവഹമായ നേട്ടത്തിൽ ഞാൻ അവരെ ഹൃദയം തുറന്ന് അഭിനന്ദിക്കുന്നു. ഈ ഒരർത്ഥത്തിൽ, ഈ അവസരത്തിൽ രാഷ്ട്രീയത്തിലെ ചേരിപ്പോരുകൾ എല്ലാം മറന്നുകൊണ്ട്, കോവിഡിനെ കീഴടക്കുക എന്ന ഒരു ലക്ഷ്യത്തിനു പിന്നിൽ ഒറ്റക്കെട്ടായി അണിനിരക്കാൻ കേരളത്തിന് കഴിയും എന്നുതന്നെ ഞാൻ പ്രതീക്ഷിക്കുന്നു. 

കൊവിഡിനെതിരായ ഈ നേട്ടത്തിന്റെ ക്രെഡിറ്റ് ആർക്കാണ് കിട്ടേണ്ടത് എന്ന കാര്യത്തിൽ എനിക്ക് സംശയമൊന്നുമില്ല. അത് 'കേരളം' എന്ന ഐക്യസങ്കല്പത്തിന് തന്നെയാണ്. 

click me!