ചുരുങ്ങുന്ന നെല്‍പ്പാടങ്ങള്‍, അന്യംനിന്നുപോയ ചാമോടന്‍ നെല്ല്

By Nitha S VFirst Published Nov 30, 2019, 6:14 PM IST
Highlights

അതുപോലെ ഏതൊക്കെ കീടനാശിനി എത്ര അളവില്‍ അടിക്കണമെന്നൊക്കെ തീരുമാനിക്കുന്നത് ഏലാ ഓഫീസുകളാണ്. ഭക്ഷണക്ഷാമം വന്നപ്പോളാണ് ഏലാ ഓഫീസുകള്‍ ഓരോ പഞ്ചായത്തിലും ഉണ്ടായത്.

കേരളത്തില്‍ പാടശേഖരങ്ങള്‍ വ്യാപകമായി നികത്തുന്നതും കൂലിയും ചെലവും കൂടുന്നതും നെല്‍ക്കൃഷി കുറയുന്നതിന് കാരണമാകുന്നുണ്ട്.  ലഭ്യമാകുന്ന കണക്കുകള്‍ നോക്കിയാല്‍ 1974-75 കാലഘട്ടത്തില്‍ കേരളത്തില്‍ 8.81 ലക്ഷം ഹെക്ടറില്‍ ഏകദേശം 13.5 ടണ്‍ നെല്ല് ഉത്പാദിപ്പിച്ചിരുന്നു. 2013 ആയപ്പോഴേക്കും കൃഷിഭൂമി 2,13,185 ഹെക്ടറായി ചുരുങ്ങി. ഉത്പാദനം 5.8 ലക്ഷം മെട്രിക് ടണ്ണായി കുറയുകയും ചെയ്തു. പണ്ടുകാലത്ത് രാസവളവും കീടനാശിനിയുമില്ലാതെ കൃഷി ചെയ്ത നെല്ലിനങ്ങള്‍ ഇന്ന് വിസ്മൃതിയിലായിക്കഴിഞ്ഞു.

ചാമോടന്‍ നെല്ലിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?

'ഞാന്‍ കൃഷി ചെയ്തിരുന്ന കാലത്ത് രാസവളവും കീടനാശിനിയുമൊന്നും ഇല്ലായിരുന്നു. പ്രധാനമായും ചാണകമാണ് വളമായി ഉപയോഗിച്ചിരുന്നത്. മരത്തിന്റെ ചപ്പുകള്‍ വെട്ടി പറമ്പില്‍ വിതറിയിടുമായിരുന്നു. ഇത് ഒന്നിച്ചു ചേര്‍ത്ത് വെച്ച് പ്രത്യേക വളമാക്കിയാണ് അന്ന് ഉപയോഗിച്ചിരുന്നത്.' കോഴിക്കോട് ജില്ലയിലെ വെള്ളന്നൂര്‍ സ്വദേശി വേലായുധന്‍ നായര്‍ എന്ന കര്‍ഷകന്റെ വാക്കുകള്‍.

ഏലാ ഓഫീസ് എന്നായിരുന്നു പണ്ട് കൃഷി ഓഫീസിന്റെ പേര്. ഈ ഏലാ ഓഫീസ് വന്നപ്പോളാണ് രാസവളം, കീടനാശിനി എന്നിവയെക്കുറിച്ചെല്ലാം ജനങ്ങള്‍ക്ക് ബോധം വന്നത്. അന്ന് കീടനാശിനി അടിക്കാന്‍ പമ്പ് കിട്ടാന്‍ കൃഷി ഓഫീസില്‍ പോകണം.

അതുപോലെ ഏതൊക്കെ കീടനാശിനി എത്ര അളവില്‍ അടിക്കണമെന്നൊക്കെ തീരുമാനിക്കുന്നത് ഏലാ ഓഫീസുകളാണ്. ഭക്ഷണക്ഷാമം വന്നപ്പോളാണ് ഏലാ ഓഫീസുകള്‍ ഓരോ പഞ്ചായത്തിലും ഉണ്ടായത്.

ജന്‍മി-കുടിയാന്‍ ബന്ധം നിലനിന്നിരുന്ന കാലഘട്ടത്തില്‍ കോഴിക്കോട് ജില്ലയില്‍ കൃഷി ചെയ്തിരുന്ന ഒരു തരം നെല്ലാണ് ചാമോടന്‍ നെല്ല്. ഇത് നന്നായി പുഴുങ്ങിക്കുത്തിയാണ് ഉപയോഗിക്കുന്നത്. പച്ചനെല്ല് വറുത്ത് കുത്തി വേവിച്ചാണ് ഉപയോഗിച്ചിരുന്നത്. കരക്കൊയ്ത്തിലെ ആദ്യം കിട്ടുന്ന പുത്തരിയാണ് ചാമോടന്‍ നെല്ല്. ആ കാലഘട്ടത്തില്‍ ആദ്യം കൊയ്യുന്നത് ഈ നെല്ലാണ്. വെറും മൂന്നര മാസത്തെ മൂപ്പ് മാത്രമേ ഈ നെല്ലിന് ഉണ്ടാകുകയുള്ളു. ഇത് പാടത്തല്ല വളര്‍ത്തിയിരുന്നത്. തൊടിയിലാണ് ചാമോടന്‍ നെല്ല് വളരുന്നത്.

പട്ടിണിപ്പാവങ്ങളുടെ ഭക്ഷണമായിരുന്നു ഇതെന്ന് വേലായുധന്‍ നായര്‍ ഓര്‍ക്കുന്നു. നെല്ല് പുഴുങ്ങി കുത്തി ഭക്ഷണത്തിന് ഉപയോഗിക്കാനുള്ള സമയമില്ലാത്തതുകൊണ്ടാണ് അന്നൊക്കെ വറുത്ത് കുത്തി ഉപയോഗിക്കുന്നത്.

വയലിലെ നെല്ലാണ് കന്നിക്കൊയ്ത്തിന് കൊയ്യുന്നത്. വെള്ളത്തില്‍ നിന്ന് നെല്ല് ഊറ്റിയെടുത്താണ് കൊയ്യുന്നത്. കാലുകൊണ്ട് മെതിച്ച് അളന്ന് കൊണ്ടുപോയി കുത്തി അരിയാക്കും. എന്നിട്ടാണ് കര്‍ഷകന്‍ അന്ന് ഭക്ഷണം കഴിച്ചിരുന്നത്.

പുഴവെള്ളം വന്ന് നശിച്ചില്ലെങ്കില്‍ കൃഷി ലാഭം

'അന്ന് ജന്മികളുടെ വീടിന് മുന്നില്‍ കതിര്‍ മടഞ്ഞ് കെട്ടിത്തൂക്കിയിടും. അത് അന്നത്തെ ഒരു ചിഹ്നമാണ്. ചിങ്ങമാസം കഴിയുമ്പോള്‍ കന്നിക്കൊയ്ത്ത് കഴിയും. കന്നുകളെ പൂട്ടി നിലം ഒരുക്കും. പിന്നെ കാളപൂട്ടും മത്സരമായി നടത്തും. വെള്ളാര്‍ നാട്ടി കര്‍ക്കടക മാസത്തിലാണ് നട്ടുതുടങ്ങുന്നത്. കന്നിമാസത്തില്‍ കൊയ്യും. പരമാവധി മൂപ്പ് കുറഞ്ഞ വിത്തുകളാണ് വെള്ളാര്‍ നാട്ടിക്ക് ഉപയോഗിക്കുന്നത്.' വേലായുധന്‍ നായര്‍ ഓര്‍മയില്‍ നിന്ന് വ്യക്തമാക്കുന്നത് പുഴവെള്ളം വന്ന് നശിച്ചില്ലെങ്കില്‍ അന്നത്തെ കാലത്ത് കൃഷി ലാഭം തന്നെയെന്നാണ്.

1967-68 കാലത്ത് ഇന്ത്യയില്‍ രൂക്ഷമായ ഭക്ഷ്യക്ഷാമം ഉണ്ടായ സമയത്ത് കോഴിക്കോട് ജില്ലയിലെ കർഷകർക്ക് ഭക്ഷണമായി ലഭിച്ചത് അമേരിക്കൻ പച്ചരി എന്ന അരിയായിരുന്നു. 

1970 ലെ നെല്‍കൃഷി

ഒന്നര മൈല്‍ ദൂരത്ത് നിന്ന് കൊയ്തു കൊണ്ടു വരുന്ന നെല്ല് മെതിച്ച് കിട്ടുന്ന അരിയാണ് അന്നത്തെ കര്‍ഷകത്തൊഴിലാളികളുടെ ഭക്ഷണം. ചിങ്ങക്കൊയ്ത്തിന് ചാണകം മെഴുകിയ കോലായിലാണ് നെല്ലിടുന്നത്. ഒരാള്‍ കൊയ്തു കൊണ്ടുവരാറുള്ളത് ഏറിയാല്‍ രണ്ടിടങ്ങഴി നെല്ലായിരുന്നു.

നെല്ല് കൊയ്യുന്നത് ഒരു ദിവസവും മെതിക്കുന്നത് മറ്റൊരു ദിവസവുമായിരുന്നു.  1970 ല്‍ കര്‍ഷകന് കൂലി വെറും നാല് രൂപയായിരുന്നു.

ചുരുങ്ങുന്ന നെല്‍പ്പാടം

1996-97 മുതല്‍ 2012-13 വരെയുള്ള കണക്കുകള്‍ എടുത്ത് പരിശോധിച്ചാല്‍ കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നെല്‍പ്പാടങ്ങള്‍ ഇല്ലാതായത്. എറണാകുളം, തിരുവനന്തപുരം, മലപ്പുറം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലും നെല്‍പ്പാടങ്ങള്‍ കുറഞ്ഞു വരുന്നു.

ഇടുക്കി ജില്ലയില്‍ 729 ഹെക്ടര്‍ നെല്‍ക്കൃഷി അഞ്ച് വര്‍ഷത്തിനിടെ ഇല്ലാതായി. പത്തനംതിട്ടയിലെ അപ്പര്‍കുട്ടനാടന്‍ പാടശേഖരങ്ങളിലെ നെല്‍ക്കൃഷിയും നശിച്ചുകൊണ്ടിരിക്കുന്നു.

click me!