എന്താണ് കാനഡയിലെ ട്രൂഡോയെ വലച്ച ലാവലിൻ കേസ്

By Web TeamFirst Published Oct 23, 2019, 10:48 AM IST
Highlights

അൽ സാദി ഗദ്ദാഫി പ്രധാനമായും പണം ചെലവിട്ടത്  എസ്കോർട്ടുകൾക്കൊപ്പം രാത്രി ചെലവിടാനാണ്. ഏതാണ്ട് പത്തുകോടിയോളം രൂപ ഒരൊറ്റ ട്രിപ്പിൽ ഗദ്ദാഫിയുടെ മകൻ പൊട്ടിച്ചു. അതൊക്കെ അടച്ചത് എസ്എൻസി ലാവലിൻ കമ്പനിയാണ്. 

കേരളത്തിൽ രാഷ്ട്രീയ കൊടുങ്കാറ്റുകൾ ഇളക്കിവിട്ട് ഒടുവിൽ കെട്ടടങ്ങിയ 'ലാവലിൻ കേസ്' വീണ്ടും പൊങ്ങിവന്നിരിക്കുകയാണ്. ഇത്തവണ ഇവിടെയല്ല, അങ്ങ് കാനഡയിലാണ് എസ്എൻസി ലാവലിൻ എന്ന കമ്പനി രാഷ്ട്രീയവിവാദങ്ങൾ ക്ക് തിരികൊളുത്തിയിരിക്കുന്നത്. അത് പിടിച്ചുകുലുക്കിയിട്ടുള്ളത് കാനഡയുടെ പ്രധാനമന്ത്രിയായ ജസ്റ്റിൻ ട്രൂഡോയുടെ ഓഫീസിനെത്തന്നെയാണ്. കനേഡിയൻ പാർലമെന്റിന്റെ എത്തിക്സ് കമ്മീഷണറായ മരിയോ ഡിയോൺ വളരെ സ്ഫോടനാത്മകമായ ഒരു കണ്ടെത്തൽ നടത്തി. പ്രധാനമന്ത്രി ട്രൂഡോയുടെ ഓഫീസ്, നീതിന്യായവകുപ്പ് മന്ത്രിയും അറ്റോർണി ജനറലുമായ ജോഡി വിൽസൺ റെയ്‌ബോൾഡിനെ നിയമവിരുദ്ധമായ രീതിയിൽ സ്വാധീനിച്ചുകൊണ്ട്, കുബെക് ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്എൻസി ലാവലിൻ എന്ന കമ്പനിയെ നിയമനടപടികളിൽ നിന്ന് ഒഴിവാക്കാൻ സഹായിച്ചു എന്നതാണ് ആ കണ്ടെത്തൽ. ലിബിയയിൽ കോടിക്കണക്കിന് ഡോളർ കൈക്കൂലി നൽകിയ കുറ്റത്തിനാണ് ലാവലിൻ കമ്പനി കാനഡയിൽ നിയമനടപടികൾ നേരിടാനിരുന്നത്.

എന്നാൽ ആരോപണങ്ങളൊക്കെയും ശക്തിയുക്തം നിഷേധിച്ച ട്രൂഡോ പറയുന്നത്, തനിക്ക് എസ്എൻസി ലാവലിൻ കമ്പനിയുടെ പക്ഷത്തുനിന്ന് യാതൊരു വിധത്തിലുള്ള സമ്മർദ്ദവും ഈ വിഷയത്തിൽ ഉണ്ടായിരുന്നില്ല എന്നും, താൻ രാജ്യത്തെ ഒരു നിയമവും ലംഘിച്ചിട്ടില്ല എന്നുമാണ്. ഒരു കുറ്റവും ചെയ്യാത്ത നൂറുകണക്കിന് കനേഡിയൻ പൗരന്മാരുടെ ജോലി നഷ്ടപ്പെടും, പെൻഷനേഴ്‌സിന് ബുദ്ധിമുട്ടുണ്ടാകും എന്നൊക്കെ കരുതി മാത്രമാണ് താൻ ഈ കേസിൽ ഇടപെട്ട് ലാവലിൻ കമ്പനിക്ക് ഒരു ഡിഫേർഡ് പ്രോസിക്യൂഷൻ എഗ്രിമെന്റിനുള്ള സൗകര്യം ഒരുക്കിക്കൊടുത്തതെന്ന് ട്രൂഡോ അവകാശപ്പെടുന്നു. എന്നാൽ, വിഷയത്തിൽ എസ്എൻസി ലാവലിൻ കമ്പനി തന്നോട് വേണ്ടത്ര സത്യസന്ധത പുലർത്തിയില്ല, ആദ്യകാലത്ത് കാണിച്ച ആത്മാർത്ഥത പിന്നീടങ്ങോട്ടുണ്ടായില്ല എന്ന് ട്രൂഡോ സമ്മതിക്കുന്നുമുണ്ട്.

ദ ഗ്ലോബും മെയ്‌ലും ഒക്കെ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിയപ്പോഴാണ് സംഗതി വിവാദമാകുന്നത്. അതോടെ അറ്റോർണി ജനറലിനെതിരെ നടപടിയുണ്ടായി. അദ്ദേഹത്തെ മറ്റൊരു വകുപ്പിലേക്ക് സ്ഥലം മാറ്റി. എത്തിക്സ് കമ്മീഷണർ അന്വേഷണം പ്രഖ്യാപിച്ചു. സ്ഥലംമാറ്റ ഉത്തരവ് കൈപ്പറ്റിയതിന് പിന്നാലെ അറ്റോർണി ജനറൽ ജോഡി വിൽസൺ റെയ്‌ബോൾഡ് രാജിവെച്ചു. അടുത്ത് തെറിച്ചത് ട്രൂഡോയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ജെറാൾഡ് ബട്ട്സിന്റെ കസേരയായിരുന്നു. പിന്നെ ഇതേ വിഷയത്തിലെ അഭിപ്രായവ്യത്യാസങ്ങൾ മൂത്ത്, ട്രൂഡോ കാബിനെറ്റിലെ മന്ത്രിയായിരുന്ന ജെയ്ൻ ഫിൽപോട്ട് രാജിവെച്ചിറങ്ങി.

ജസ്റ്റിൻ ട്രൂഡോ ജോഡി വിൽസൺ റെയ്‌ബോൾഡിനൊപ്പം 

കനേഡിയൻ പാർലമെന്റിന്റെ ജസ്റ്റിസ് കമ്മിറ്റി മൂന്നുതവണ ഹിയറിംഗ് നടത്തി. ലാവലിൻ കമ്പനിക്ക് ഡിഫേർഡ് പ്രോസിക്യൂഷൻ അനുവദിച്ചുനൽകാൻ തന്റെമേൽ ട്രൂഡോയുടെ ഓഫീസിൽ നിന്ന് അസാധാരണമായ രാഷ്ട്രീയസമ്മർദ്ദമുണ്ടായിരുന്നതായി അറ്റോർണി ജനറൽ എത്തിക്സ് കമ്മിറ്റിക്ക് മൊഴി നൽകി. ഈ സമ്മർദ്ദങ്ങൾ ഫോൺകോളുകൾ, ഇ മെയിലുകൾ, ടെക്സ്റ്റ് മെസേജുകൾ, നേരിട്ടുള്ള സംഭാഷണങ്ങൾ അങ്ങനെ പലവിധേനയാണ് തനിക്ക് അനുഭവിക്കേണ്ടി വന്നതതെന്നും അവർ മൊഴിനൽകി. അതോടെ ട്രൂഡോ ക്യാമ്പ് പ്രതിരോധത്തിലായി. പാർലമെന്റിൽ ട്രൂഡോയുടെ രാജിക്കായുള്ള മുറവിളികൾ മുഴങ്ങി. ഈ വിഷയത്തിൽ തുടരന്വേഷണം വേണമെന്ന് പ്രതിപക്ഷം ഇന്നും ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.  

എന്താണ് ഈ ഡിഫേർഡ് പ്രോസിക്യൂഷൻ എഗ്രിമെന്റ്?

ഇത് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ 2018 -ൽ കനേഡിയൻ പാർലമെന്റിൽ അവതരിപ്പിച്ചു പാസാക്കിയെടുത്ത ഒരു നിയമമാണ്. ഇത് നിലവിൽ വന്നതോടെ കനേഡിയൻ ക്രിമിനൽ കോഡിൽ ഒരു പുതിയ സൗകര്യം എഴുതിച്ചേർക്കപ്പെട്ടു. അതിൻപ്രകാരം അഴിമതി/കൈക്കൂലി കേസുകളിൽ പെടുന്ന കമ്പനികൾക്ക്, അറ്റോർണി ജനറൽ ശുപാർശ ചെയ്‌താൽ 'നല്ലനടപ്പ്' ശിക്ഷ ഏറ്റുവാങ്ങി ക്രിമിനൽ നടപടിക്രമങ്ങളിൽ നിന്ന് രക്ഷപ്പെടാനാകും. സാമ്പത്തിക കുറ്റങ്ങൾക്ക് മാത്രമാണ് ഈ നിയമം ബാധകമാകുക എങ്കിലും, ഇത് അഴിമതിയെ വ്യാപകമായി പ്രോത്സാഹിപ്പിക്കുന്ന ഒന്നാണെന്ന് നിയമം വന്ന സമയത്തുതന്നെ ആക്ഷേപമുണ്ടായിരുന്നു.

ഇങ്ങനെ ഡിഫേർഡ് പ്രോസിക്യൂഷന്റെ ആനുകൂല്യം കിട്ടണമെങ്കിൽ ചില നിബന്ധനകളൊക്കെയുണ്ട്. ഒന്ന്, കമ്പനി തങ്ങൾ ചെയ്ത കുറ്റം ഏറ്റുപറഞ്ഞുകൊണ്ട് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. പ്രവർത്തിച്ച അഴിമതി കൊണ്ട് തങ്ങൾക്കുണ്ടായ നേട്ടങ്ങളൊക്കെയും ത്യജിച്ച്, സാഹചര്യങ്ങൾ പൂർവസ്ഥിതിയിലാക്കണം. വലിയൊരു തുക പിഴയായി ഒടുക്കണം. വ്യക്തികൾക്ക് അഴിമതിയിൽ ധനനഷ്ടമോ മാനഹാനിയോ ഉണ്ടായിട്ടുണ്ടെങ്കിൽ അതിനുള്ള നഷ്ടപരിഹാരം നൽകണം. എഗ്രിമെന്റിൽ ഇതൊക്കെ പൂർത്തിയാക്കാൻ ഒരു ഡെഡ്‌ലൈനും ഉണ്ടായിരിക്കും. ചുരുക്കത്തിൽ, ഇത്തിരി കാശുചെലവുള്ള ഏർപ്പാടാണെന്നുണ്ടെങ്കിലും, അഴിയെണ്ണുകയോ ഉണ്ടതിന്നുകയോ വേണ്ട എന്നർത്ഥം.

ആകെ മൊത്തം, പൊതുജന ഹിതത്തിനാണ് ഇങ്ങനെയൊരു ഉടമ്പടി എന്നാണ് സങ്കൽപം. അതായത്, കൂടുതൽ പ്രസക്തമായ കേസുകൾക്ക് കോടതിയുടെ വിലയേറിയ സമയം നീക്കിവെച്ചുകൊണ്ട്, എളുപ്പത്തിൽ പരിഹരിക്കാവുന്ന ഇത്തരം കേസുകൾ ഇങ്ങനെ ഒരു ഉടമ്പടിയിൽ തീർപ്പാക്കുക, അതുവഴി ഏറെനാൾ കേസ് കോടതിയിൽ കെട്ടിക്കിടന്ന്, സമയവും പണവും ചെലവാകുന്നത് ഒഴിവാക്കുക എന്ന സദുദ്ദേശമാണത്രെ ഇത്തരം ഒരു എഗ്രിമെന്റിനു പിന്നിൽ. എന്നാൽ, ഇങ്ങനെ ഒരു അവസരം ഏതൊക്കെ കമ്പനികൾക്കു നൽകാം, ഏതൊക്കെ കേസുകളിൽ ക്രിമിനൽ കേസ് നടപടികളുമായി മുന്നോട്ടുപോകാം എന്ന തീരുമാനമെടുക്കുന്നിടത്താണ് സ്വജനപക്ഷപാതം എന്ന ആരോപണം ഉയർന്നുവരുന്നത്. അതുതന്നെയാണ് എസ്എൻസി ലാവലിൻ കമ്പനിയുടെ കാര്യത്തിൽ ട്രൂഡോയ്ക്ക് നേരിടേണ്ടി വന്നിരിക്കുന്നതും.

ലിബിയയിൽ എസ്എൻസി ലാവലിൻ എന്താണ് ഒപ്പിച്ചത്?

2009 -ലാണ് സംഭവം പുറത്തുവരുന്നത്. ഗദ്ദാഫിയുടെ മകനായ അൽ സാദി ഗദ്ദാഫി 2008 -ൽ കാനഡയിലേക്ക് നടത്തിയ സന്ദർശനത്തിന്റെ മൊത്തം ചെലവും വഹിച്ചത് എസ്എൻസി ലാവലിൻ കമ്പനിയായിരുന്നു. ഏകദേശം രണ്ടുമില്യൺ ഡോളറായിരുന്നു അൽ സാദിയുടെ സന്ദർശനത്തിന് ചെലവായ തുക. തന്റെ സന്ദർശനത്തിനിടെ അൽ സാദി ഗദ്ദാഫി പ്രധാനമായും പണം ചെലവിട്ടത് വിഐപി എസ്‌കോർട്ട് മോഡലുകൾക്കൊപ്പം രാത്രി ചെലവിടാനാണ്. സെഷനൊന്നിന് പതിനായിരം ഡോളർ വരെ ചാർജ്ജ് ചെയ്യുന്ന വാൻകൂവർ എസ്‌കോർട്ട് ഏജൻസിയ്ക്ക് തന്നെ ഏതാണ്ട് 30,000ഡോളറിന്റെ ബില്ലുണ്ടായിരുന്നു.  ഏതാണ്ട് പത്തുകോടിയോളം രൂപ ഒരൊറ്റ ട്രിപ്പിൽ ഗദ്ദാഫിയുടെ മകൻ പൊട്ടിച്ചു. അതൊക്കെ അടച്ചത് എസ്എൻസി ലാവലിൻ കമ്പനിയാണ്.

പക്ഷേ, കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടർമാരുടെ മീറ്റിംഗിൽ ഈ ചെലവ് വലിയ തർക്കത്തിന് കാരണമായി. അക്കാലത്ത് കമ്പനിയുടെ ലിബിയൻ ഓഫീസിൽ സൂക്ഷിച്ചിരുന്ന പണത്തിന്റെ പേരിലും മീറ്റിംഗിൽ പ്രശ്നങ്ങളുണ്ടായി. ഏകദേശം പത്തു മില്യൺ ഡോളറോളം പണമായി ലാവലിൻ കമ്പനിയുടെ ലിബിയൻ ഓഫീസിൽ സൂക്ഷിച്ചിരുന്നു അന്ന്. ഒരു മില്യണിലധികം ഡോളർ കറൻസിയായ സൂക്ഷിക്കരുത് എന്ന് മീറ്റിംഗിൽ തീരുമാനമായി. കമ്പനിക്കുള്ളിൽ നടന്ന ഈ തർക്കങ്ങൾ താമസിയാതെ ഗവണ്മെന്റ് ഏജൻസികളുടെ ശ്രദ്ധയിൽ പെടുന്നു. അവർ എസ്എൻസി ലാവലിൻ കമ്പനിയെ തങ്ങളുടെ നിരീക്ഷണത്തിലാക്കുന്നു. ഒടുവിൽ 2015 -ൽ ഇതേ വിഷയത്തിൽ ലാവലിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യപ്പെടുന്നു. കറപ്‌ഷൻ ഓഫ് ഫോറിൻ പബ്ലിക് ഒഫീഷ്യൽസ് ആക്റ്റ് പ്രകാരമായിരുന്നു നടപടി. 2001 -നും 2011 -നുമിടയിലെ ലിബിയയിലെ തങ്ങളുടെ പ്രവർത്തനങ്ങൾക്കിടെ കമ്പനി ഗദ്ദാഫി ഗവണ്മെന്റിലെ പലർക്കുമായി 48  മില്യൺ കനേഡിയൻ ഡോളർ (ഏകദേശം 260 കോടി രൂപ) കൈക്കൂലിയായി നൽകി എന്നതായിരുന്നു ആരോപണം. അതേ സമയം ലാവലിൻ കമ്പനി ലിബിയയിലെ പല സ്ഥാപനങ്ങളിൽ നിന്നായി ഏകദേശം 130 മില്യൺ(700 കോടി രൂപ) കനേഡിയൻ ഡോളർ തട്ടിച്ചു എന്നും ആരോപണമുണ്ടായി.      

ലാവലിൻ കമ്പനി തങ്ങളുടെ മേൽ ആരോപിക്കപ്പെട്ടിരുന്ന കുറ്റങ്ങൾ നിഷേധിച്ചു. എന്നാൽ, ആ കേസ് അവരെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമായിരുന്നു. കുറ്റം തെളിഞ്ഞാൽ കോടതിക്ക് കമ്പനിയെ പൊതുടെണ്ടറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് പത്തുവർഷത്തേക്ക് വിലക്കാം.

അതിനിടെയാണ് 2015 -ലെ പൊതുതെരഞ്ഞെടുപ്പിൽ ജസ്റ്റിൻ ട്രൂഡോ അധികാരത്തിലേറുന്നത്. തങ്ങളുടെ നിലനില്പിനുവേണ്ടി സകല തന്ത്രവും പയറ്റിയ എസ്എൻസി ലാവലിൻ കാനഡയിലെ ക്രിമിനൽ കോഡ് വരെ ട്രൂഡോയെക്കൊണ്ട് തിരുത്തിയെഴുതിച്ചു. അങ്ങനെ 2018 -ൽ ഡിഫേർഡ് പ്രോസിക്യൂഷൻ എഗ്രിമെന്റിനുള്ള നിയമഭേദഗതി കനേഡിയൻ പാർലമെന്റിൽ പാസാക്കപ്പെട്ടു. താമസിയാതെ അതിന്റെ ഗുണഭോക്താവാകാനുള്ള ക്ഷണം ലാവലിൻ കമ്പനിയെ തേടിയെത്തുകയും ചെയ്തു. എന്നാൽ, ഈ പരിപാടികൾ അവർ ഉദ്ദേശിച്ചത്ര എളുപ്പത്തിൽ നടത്താൻ സാധിച്ചില്ല. അവസാന ഘട്ടത്തിൽ വീണ എത്തിക്സ് കമ്മിറ്റിയുടെ പിടി എല്ലാറ്റിനും തടയിട്ടു. സംഗതികൾ വൻ വിവാദത്തിൽ ചെന്നവസാനിക്കുകയും ചെയ്തു. ഈ വിവാദങ്ങൾ ട്രൂഡോയുടെ ജയസാധ്യതകളെ വരെ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ക്ഷയിപ്പിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിന് കിട്ടിയ വളരെ നേരിയ ഭൂരിപക്ഷം സൂചിപ്പിക്കുന്നത്. കേരളത്തിൽ വിവാദക്കൊടുങ്കാറ്റുണ്ടാക്കിയ ലാവലിൻ കമ്പനി വിദേശത്തുണ്ടാക്കിയ കോലാഹലങ്ങളും ചില്ലറയല്ല എന്നു സാരം..!

എന്തായിരുന്നു കേരളത്തിലെ ലാവലിൻ വിവാദം..?

പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്.എൻ.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിൻ കേസിന് അടിസ്ഥാനമായത്. മേല്പറഞ്ഞ കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് അന്നുയർന്നുവന്ന പ്രധാന ആരോപണം.

1995 ഓഗസ്റ്റ് 10 -ന് യുഡിഎഫ് സർക്കാരിലെ വൈദ്യുതി മന്ത്രിയായിരുന്ന ജി. കാർത്തികേയനാണ് എസ്.എൻ.സി. ലാവലിനുമായിട്ടുള്ള ആദ്യ ധാരണാപത്രം ഒപ്പ് വയ്ക്കുന്നത്. പിന്നീട് എസ്.എൻ.സി. ലാവലിനെ പദ്ധതി നടത്തിപ്പിന് കൺസൾട്ടന്റായി നിയമിച്ചു കൊണ്ടുള്ള കരാർ 1996 ഫെബ്രുവരി 24 -ന് ഒപ്പിടുന്നതും ജി. കാർത്തികേയൻ വൈദ്യുത വകുപ്പ് മന്ത്രി ആയിരിക്കുന്ന കാലയളവിൽ തന്നെയാണ്. എന്നാൽ, ലാവലിൻ കമ്പനിയുമായി അന്തിമകരാർ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ. നായനാർ മന്ത്രിസഭയിലെ വൈദ്യുത മന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു. അതിന്റെ പേരിലാണ് പിണറായിക്കെതിരെ കേസ് ചുമത്തപ്പെട്ടതും അദ്ദേഹത്തിനെതിരെ ഈ വിഷയത്തിൽ അഴിമതി ആരോപണങ്ങൾ ഉയർന്നുവന്നതും. ഈ കേസ് പിന്നീട് സിബിഐ അന്വേഷണത്തിന് വിടുകയും, അഴിമതി നടന്നിട്ടില്ല എന്ന കണ്ടെത്തലിൽ സിബിഐ കേസ് അവസാനിപ്പിക്കുകയുമാണ് ഉണ്ടായത്. 
 

click me!