റഷ്യക്കാരെ വെറുംവയറ്റിൽ വീഞ്ഞുകുടിപ്പിച്ച സ്റ്റാലിൻ, പത്തായത്തിൽ അരിയില്ലാതിരുന്ന കാലത്തും നുരഞ്ഞുപൊങ്ങിയ വിപ്ലവ ഷാംപെയ്ൻ

By Web TeamFirst Published Nov 21, 2019, 10:19 AM IST
Highlights

"ദേ നോക്കൂ. വിപ്ലവത്തിന്റെ നാട്ടിലെ ജനങ്ങൾ മുതലാളിത്ത രാജ്യങ്ങളിലെ കുലീനന്മാരെ വെല്ലുന്ന ജീവിതശൈലിയാണ് പുലർത്തുന്നത്" എന്ന് പറയിപ്പിക്കുക, അതുമാത്രമായിരുന്നു സ്റ്റാലിന്റെ ഉദ്ദേശ്യം.''

1930 -കളുടെ തുടക്കത്തിൽ സോവിയറ്റ് യൂണിയനിലാകെ ഒരു ക്ഷാമം പടർന്നുപിടിച്ചു. സ്ഥിതിസമത്വവാദം സൃഷ്‌ടിച്ച കോലാഹലങ്ങൾ, ഒപ്പം വിളവ് മോശമായതിന്റെ പ്രത്യാഘാതങ്ങൾ, സർക്കാർ നയങ്ങളിലെ മർക്കടമുഷ്ടി എല്ലാം ചേർന്നുകൊണ്ട് രാജ്യത്തിലെ ധാന്യോത്പാദനത്തെ കാര്യമായി ബാധിച്ചു. ലക്ഷക്കണക്കിനുപേർ പട്ടിണികിടന്ന് മരിച്ചു. റെയിൽവേട്രാക്കുകൾക്കരികിലും, നിരത്തുവക്കിലുമെല്ലാം മൃതദേഹങ്ങൾ അനാഥമായിക്കിടന്നു. അന്തരീക്ഷവായുവിൽ ശവം അഴുകുന്ന വാട പരന്നുതുടങ്ങി. വിശന്നുവലഞ്ഞ കൃഷീവലന്മാർ തിന്നാൻ എന്തെങ്കിലും കണ്ടെത്താൻ വേണ്ടി ഗ്രാമഗ്രാമാന്തരങ്ങളിലൂടെ അസ്വസ്ഥരായി റോന്തുചുറ്റിത്തുടങ്ങി. തിന്നാൽ ചത്തുപോകാത്തതെന്തും അവർ ആഹരിച്ചുതുടങ്ങി. ചോളം, ഓക്കിൻകായ്, പുല്ല്, പൂച്ച, പട്ടി, എന്തിന് പട്ടിണി മൂത്ത മനുഷ്യൻ മനുഷ്യനെ കൊന്നുതിന്നുന്ന അവസ്ഥ വരെയുണ്ടായി അവിടെ.

 

 

ആ ക്ഷാമകാലത്തിന് മൂന്നേ മൂന്നുവർഷങ്ങൾക്കിപ്പുറം, അവശ്യസാധനങ്ങൾ കഷ്ടിച്ച് കിട്ടിത്തുടങ്ങിയ കാലത്ത്, റഷ്യയിലെ ഏകാധിപതിയായിരുന്ന സ്റ്റാലിൻ, തന്റെ അടിയന്തര ശ്രദ്ധ മറ്റൊരു നിർമ്മാണപ്രവർത്തനത്തിലേക്ക് തിരിച്ചു. 'വീഞ്ഞുനിർമ്മാണം'. 1936 -ൽ സോവിയറ്റ് യൂണിയനിൽ ഒരു പ്രമേയം പാസ്സാക്കപ്പെട്ടു. രാജ്യത്തെ വീഞ്ഞുൽപ്പാദനം പത്തിരട്ടിയാക്കണം. സ്പാർക്ക്ളിങ് വൈനിന്റെ ലക്ഷക്കണക്കിന് കുപ്പികൾ, സാധാരണക്കാർക്ക് താങ്ങുന്ന വിലയിൽ വിപണിയിൽ വന്നു നിറയണം.

ആ ലക്ഷ്യം നടപ്പിലാക്കാൻ പോന്നവിധത്തിൽ ഒരു കമ്യൂണിസ്റ്റ് വീഞ്ഞുത്പാദനവ്യവസായം തന്നെ കെട്ടിപ്പടുക്കണം. അത് ഒരു ഭഗീരഥപ്രയത്നം തന്നെയായിരുന്നു. ജോർജിയയായിരുന്നു സ്റ്റാലിന്റെ സ്വദേശം. വീഞ്ഞുത്പാദനത്തിൽ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഭൂപ്രദേശമാണ് ജോർജിയ. 'അഭിവൃദ്ധിയുടെ, അഭ്യുദയത്തിന്റെ ലക്ഷണമാണ് വീഞ്ഞ്' എന്നായിരുന്നു സ്റ്റാലിന്റെ പക്ഷം. അത് പൗരന്മാർക്കെല്ലാം കുറഞ്ഞചെലവിൽ ലഭ്യമാക്കാൻ പാർട്ടിക്ക് ഉത്തരവാദിത്തമുണ്ട്. 'അന്നവും, സമാധാനവും' എന്ന ലെനിന്റെ വാഗ്ദാനത്തിൽ നിന്നുള്ള പ്രത്യക്ഷമായ വ്യതിയാനമായിരുന്നു സ്റ്റാലിന്റെ ആ 'വീഞ്ഞു'നയം.  

ഏറെ രസകരമായ ഒരു കാര്യം, ഇങ്ങനെ വീഞ്ഞുകുപ്പികളുടെ കോർക്കുതുറക്കാനുള്ള സ്റ്റാലിന്റെ തീരുമാനം വന്നത്, 1935 -ൽ റേഷൻ കാർഡുകൾ പിൻവലിക്കപ്പെട്ടതിന് ഒരു വർഷത്തിനകമായിരുന്നു എന്നതാണ്. സോവിയറ്റ് യൂണിയനെന്നാൽ ക്ഷാമവും, വേട്ടയാടലും മാത്രമല്ല എന്ന് കാണിക്കാനുള്ള ഒരു നീക്കമായിരുന്നു അത്. ജനം സമൃദ്ധിയിലാണ് എന്ന് സൂചിപ്പിക്കാൻ സ്റ്റാലിൻ സർക്കാർ വൈനടക്കമുള്ള 'ഉല്ലാസത്തിനുള്ള' ഉപാധികൾ സകലർക്കും കുറഞ്ഞ വിലക്ക് ലഭ്യമാക്കാൻ പരിശ്രമം തുടങ്ങി.

മറ്റുരാജ്യങ്ങളിൽ ലക്ഷ്വറി ഉത്പന്നങ്ങളായിരുന്ന, സമൂഹത്തിന്റെ മേലെക്കിടയിൽ ഉള്ളവർക്ക് മാത്രം വാങ്ങിച്ചു തിന്നുകയും കുടിക്കുകയുമൊക്കെ ചെയ്യാൻ പറ്റിയിരുന്ന വീഞ്ഞും, ചോക്കലേറ്റും, മീനെണ്ണയും എല്ലാം കടകളിൽ കുറഞ്ഞ വിലക്ക് ലഭ്യമാക്കുക. എന്നിട്ട് മുതലാളിത്ത രാജ്യങ്ങളിൽ കഴിയുന്നവരെക്കൊണ്ടുകൂടി," ദേ നോക്കൂ. വിപ്ലവത്തിന്റെ മണ്ണിലെ, സോഷ്യലിസ്റ്റ് റഷ്യയിലെ ജനങ്ങൾ മുതലാളിത്ത രാജ്യങ്ങളിലെ കുലീനന്മാരെ വെല്ലുന്ന ജീവിതശൈലിയാണ് പുലർത്തുന്നത്" എന്ന് പറയിപ്പിക്കുക, അതുമാത്രമായിരുന്നു സ്റ്റാലിന്റെ ഉദ്ദേശ്യം.



എന്നാൽ പ്രോലിറ്റേറിയറ്റിന് വീഞ്ഞുകുപ്പികൾ തുറന്ന് നുരപടർത്താൻ കഴിയണമെങ്കില്‍, ചെലവുകുറഞ്ഞ രീതിയിൽ തദ്ദേശീയമായി വീഞ്ഞുത്പാദിപ്പിക്കാനാവണം എന്നൊരു പ്രതിസന്ധിയുണ്ടായിരുന്നു സ്റ്റാലിന് മുമ്പിൽ. അതിന് വ്യാവസായികാടിസ്ഥാനത്തിൽ തന്നെ വീഞ്ഞുത്പാദനം നടക്കേണ്ടിയിരുന്നു. കുപ്പികളിൽ നിറച്ച് പഴക്കം വരുത്തി വീഞ്ഞ് നിർമിക്കുന്ന പരമ്പരാഗത ഫ്രഞ്ച് മാർഗം, സ്റ്റാലിൻ ഉദ്ദേശിച്ചത്ര കൂടിയ അളവിലുള്ള ഉത്പാദനത്തിന് പ്രായോഗികമല്ലായിരുന്നു. അതിന് ഒരു മാർഗമുണ്ടാക്കിയത്, ഫ്രഞ്ച് ബോട്ടിൽ ഫെർമെന്റേഷന് പകരം 'പ്രെഷറൈസ്ഡ്' ടാങ്കുകളിൽ വീഞ്ഞുത്പാദിപ്പിക്കാൻ വഴി കണ്ടെത്തിയ ആന്റൺ ഫ്രോലോവ് ബാഗ്രിയെവ് ആയിരുന്നു. അതോടെ വീഞ്ഞ് പാകമാകാൻ വേണ്ടിവന്നിരുന്ന മൂന്നുവർഷക്കാലമെന്നത് വെറും ഒരു മാസമായി ചുരുങ്ങി. ഒറ്റയടിക്ക് 5000, 10,000 ലിറ്റർ വൈനൊക്കെ ഒരു ബാച്ചിൽ ഉത്പാദിപ്പിച്ചെടുക്കാം എന്നായി.

സ്റ്റാലിന്റെ മോഹങ്ങൾ പൂവണിയാൻ വേണ്ടി റഷ്യൻ സർക്കാർ ഒറ്റയടിക്ക് പാസാക്കിയത് നിരവധി ഓർഡിനൻസുകളാണ്. പുതിയ വൈൻയാർഡുകളുടെ നിർമാണത്തിനുള്ള അനുമതികൾ നിമിഷനേരം കൊണ്ട് നൽകപ്പെട്ടു. ഫാക്ടറികൾ രായ്ക്കുരാമാനം കെട്ടിപ്പൊക്കപ്പെട്ടു, ഗോഡൗണുകൾ തുറന്നു. നിരവധിപേരെ വീഞ്ഞുനിർമാണത്തിൽ പരിശീലനം നൽകി ഫാക്ടറികളിലേക്കും വൈൻയാർഡുകളിലേക്കും  നിയോഗിച്ചു. മറ്റു മേഖലകളിലേക്ക് വകയിരുത്തിയിരുന്ന ബജറ്റുവിഹിതങ്ങൾ  വകമാറ്റി വീഞ്ഞുത്പാദിപ്പിക്കാൻ വേണ്ടി ചെലവഴിക്കപ്പെട്ടു. സർക്കാരിന്റെ ഈ സ്വപ്നപദ്ധതിക്ക് മൂലധനം സൂക്ഷിക്കാനായി സർക്കാർ ബാങ്കുകളിൽ പ്രത്യേകം അക്കൗണ്ടുകൾ തുറക്കപ്പെട്ടു.

1942 ആകുമ്പോഴേക്കും വർഷത്തിൽ 1.2 കോടി കുപ്പി വീഞ്ഞ് നിർമ്മിക്കാനാകണം എന്നായിരുന്നു സ്റ്റാലിന്റെ വീക്ഷണം. അതിന് തടസ്സമായി നിന്നതോ, വിപ്ലവകാലത്തെ പാർട്ടിയുടെ തന്നെ നയങ്ങളും. വിപ്ലവാഗ്നി പടർന്നുപിടിച്ച കാലത്ത്, 'വീഞ്ഞ് ഒരു പെറ്റി ബൂർഷ്വാ ഉത്പന്നമാണ്' എന്നതായിരുന്നു ലെനിനും ക്രൂഷ്‌ചേവുമടക്കമുള്ള സഖാക്കളുടെ ലൈൻ. അതുകൊണ്ടുതന്നെ വിപ്ലവത്തിന്റെ തിരമാലകൾ നാട്ടിലെങ്ങും അലയടിച്ചപ്പോൾ, അത് നാട്ടിലെ വൈൻ ഫാക്ടറികളെക്കൂടി തച്ചുതകർത്തുകളഞ്ഞിരുന്നു. എന്നുമാത്രമല്ല, ആ ഫാക്ടറികൾക്ക് വേണ്ട മുന്തിരി വിളവെടുത്തിരുന്ന പടങ്ങൾ ഉഴുതുമറിച്ച് അവിടെ ചോളവും ഉരുളക്കിഴങ്ങും മറ്റും കൃഷിചെയ്യാൻ കർഷകരെ നിർബന്ധിച്ചിരുന്നു. തകർക്കപ്പെടാതിരുന്ന വൈനറികൾ പോലും പ്രവർത്തനം പാടെ നിലച്ച അവസ്ഥയിലായിരുന്നു.

സോവിയറ്റ് യൂണിയനിലെ രാഷ്ട്രീയാവസ്ഥയും വൈൻ പ്രൊഡക്ഷന് ഒട്ടും സഹായകരമായ ഒന്നായിരുന്നില്ല. ഇങ്ങനെ പലജാതി വിപരീതസാഹചര്യങ്ങൾ ഉണ്ടായിരുന്നു എങ്കിലും, ഫാക്ടറികൾക്ക് സ്റ്റാലിൻ നേരിട്ട് നൽകിയ ടാർഗെറ്റുകൾ ആകാശം മുട്ടുന്നവ തന്നെയായിരുന്നു. അത് എത്തിപ്പിടിക്കേണ്ടത് അതിന് നിയോഗിക്കപ്പെട്ടവരെ സംബന്ധിച്ചിടത്തോളം ഒരു ജീവന്മരണപ്പോരാട്ടമായിരുന്നു. കാരണം, സ്റ്റാലിന്റെ പ്രകൃതവും, മുൻകാല ചരിത്രവും വെച്ച്, പറഞ്ഞ ടാർഗെറ്റ് എങ്ങാനും നേടിയില്ലെന്നുണ്ടെങ്കിൽ, അത് വിപ്ലവദർശങ്ങളോടുള്ള  വിമുഖതയായി വ്യാഖ്യാനിക്കപ്പെടുകയും, പ്രസ്തുത ഫാക്ടറികളിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ,  മറ്റു പല 'കരിങ്കാലി (renegade)കളെയും പോലെ പൊതുസമൂഹത്തിൽ നിന്നോ, ഈ ലോകത്തുനിന്നുതന്നെയോ നിഷ്കാസനം (purge) ചെയ്യപ്പെട്ടേക്കാം. എന്ന് വെറുതേ പറയുന്നതല്ല, 1938-ൽ റഷ്യയുടെ കരിങ്കടൽതത്തീരത്തു സ്ഥിതിചെയ്യുന്ന അബ്രാദുർസോ വൈനറി, പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാതെ പോയപ്പോൾ, പാർട്ടി അനുഭാവമുള്ള പത്രമായ ഇസോബിലെ ചെയ്തത്, വൈനറി ഡയറക്ടറുടെ പാർട്ടിയോടുള്ള കൂറിനെ സംശയിക്കുകയാണ്. ആ വൈനറിയിൽ നിന്ന് 'വർഗ്ഗശത്രുക്കളെ നിർമാർജ്ജനം ചെയ്യണം' എന്നാണ് അന്ന് പത്രം ആഹ്വാനം ചെയ്തത്. സ്റ്റാലിന്റെ ഭാഷയിൽ അന്നൊക്കെ 'നിർമാർജ്ജനം ചെയ്യുക', 'നിഷ്കാസനം ചെയ്യപ്പെടുക' എന്നൊക്കെപ്പറയുന്നതിന് വളരെ വിശാലമായ അർത്ഥങ്ങളും റഷ്യൻ സഖാക്കൾ കല്പിച്ചുകൊടുക്കുകയും ചെയ്തിരുന്നു.

സ്റ്റാലിൻ മുന്നോട്ടുവെച്ച യാഥാർഥ്യത്തിന് നിരക്കാത്ത പ്രൊഡക്ഷൻ ടാർഗറ്റ് കാരണം റഷ്യയിൽ അന്ന് വീഞ്ഞുത്പാദകർ, ഗുണനിലവാരത്തിലുപരി, വീപ്പകണക്കിന് വീഞ്ഞ് ഉത്പാദിപ്പിക്കുന്നതിലാണ് ശ്രദ്ധിച്ചിരുന്നത്.  മാൾഡോവ മുതൽ താജികിസ്ഥാൻ വരെയുള്ള പ്രദേശങ്ങളിലെ മുന്തിരികർഷർ, വീഞ്ഞുത്പാദനത്തിന് ഉത്തമമായിരുന്ന പരമ്പരാഗത  സ്വദേശി മുന്തിരിവള്ളികൾ വേരോടെ പിഴുതുമാറ്റി, സ്റ്റാലിന്റെ സ്വപ്നസാക്ഷാത്കാരത്തിനുതകുന്ന, കുലകുലയായി കായ്ച്ചിറങ്ങുന്ന സങ്കരയിനം മുന്തിരിവള്ളികൾ പടർത്തി.  

 


ഫാക്ടറികൾ സോവിയറ്റ് റഷ്യയിൽ നിന്നെല്ലാം ശേഖരിച്ച മുന്തിരികളെ വൈനാക്കി മാറ്റി, ബോട്ട്ലിങ്ങ് പ്ലാന്റുകളിലേക്ക് ടാങ്കറുകളിൽ നിറച്ച് കൊടുത്തയച്ചു. 'ഫ്രോലോവ്-ബാഗ്രിയെവ്' ജോഡികൾ വികസിപ്പിച്ചെടുത്ത 'ടാങ്ക് സംവിധാനം' വഴി ആ ഫാക്ടറികളിൽ മണിക്കൂറിൽ ആയിരക്കണക്കിന് കുപ്പികളിൽ വീഞ്ഞ് നിറച്ച് പുറത്തിറക്കപ്പെട്ടു. അങ്ങനെ പുറത്തിറങ്ങിയതാണ് 'സോവെറ്റ്സ്‌കോയെ ഷാമ്പൻസ്‌കോയെ' (Sovetskoye Shampanskoye) എന്ന വിലകുറഞ്ഞ, പാനിപോലെ മധുരിക്കുന്ന, സോവിയറ്റ് യൂണിയനിലെ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ 'ഉല്ലാസ'ത്തിനായി കോമ്രേഡ് സ്റ്റാലിൻ പറഞ്ഞുണ്ടാക്കിച്ച വീഞ്ഞ്.

പ്രൊഡക്ഷൻ ടാർഗറ്റ് പാലിക്കുന്ന തിരക്കിൽ വീഞ്ഞിന്റെ ഗുണനിലവാരത്തിൽ കാര്യമായി ഇടിവുവന്നു. പല ഫാക്ടറികളും വീഞ്ഞിന്റെ അരുചി പഞ്ചസാര ലായനിയും പ്രിസർവേറ്റീവ്‌സും കലർത്തി മറച്ചുപിടിച്ചു. പാശ്ചാത്യ തീന്മേശകളിൽ നിന്ന് ആ വീഞ്ഞ് അതിന്റെ അതിമധുരം കാരണം എന്നും അകന്നുതന്നെ നിന്നു. എന്നാൽ സോവിയറ്റ് റഷ്യയിലെ കൗമാരയൗവ്വനങ്ങൾക്ക് അത് കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കപ്പെട്ട നേർത്ത ലഹരിയുടെ ചാകരയായിരുന്നു. അവരത് മടമടാ കുടിച്ചിറക്കി. കൊക്കക്കോളയുടെ കൾട്ട് സ്റ്റാറ്റസിലേക്കുയർന്നു സോവെറ്റ്സ്‌കോയെ റഷ്യയിൽ.

 

 

റഷ്യക്കും പാശ്ചാത്യ രാജ്യങ്ങൾക്കുമിടയിലുണ്ടായിരുന്ന 'ഇരുമ്പുയവനിക' (Iron Curtain)യ്ക്ക് പിന്നിൽ ആകെ ലഭ്യമായിരുന്ന ഒരേയൊരു സ്പാർക്ക്ളിങ്ങ് വൈൻ സോവെറ്റ്സ്‌കോയെ മാത്രമായിരുന്നു. അന്നത്തെ യുഎസ്എസ്ആറിൽ ജനിച്ചുവളർന്നവർക്ക് സോവെറ്റ്സ്‌കോയെയുടെ  സ്വാദെന്നത് ഓർമ്മയുടെ താളുകളിൽ, ഇന്നും ഗൃഹാതുരത്വത്തിന്റെ മധുരമാണ്. വരണ്ട വേനൽപ്പകലുകളിൽ ഡാന്യൂബ് നദിയുടെ തീരത്തിരുന്ന് വീഞ്ഞുമോന്തിയതിന്റെ ഓർമ്മകൾ ഉക്രെയിനിൽ പലർക്കും ഇന്നും കാണും.  

ആ ദശാബ്ദത്തിന്റെ അവസാനത്തോടെ മോസ്കോയിലെ എല്ലാ ബാറുകളിലും സോവെറ്റ്സ്‌കോയെ ടാപ്പുകളിൽ ഒഴുകിയിരുന്നു. അമ്പതുകളിൽ അത് ലെനിൻ സ്റ്റേഡിയത്തിന്റെ പരിസരങ്ങളിൽ ഗ്ലാസ്സുകളിൽ വില്പനയ്ക്ക് വെച്ചിരുന്നു. അത് റഷ്യൻ ജനതയുടെ ആഘോഷങ്ങളുടെ അവിഭാജ്യഘടകമായി അന്ന് മാറിയിരുന്നു.' സോഷ്യലിസം നാട്ടിൽ അഭിവൃദ്ധി കൊണ്ടുവന്നു' എന്ന് പാശ്ചാത്യ ലോകത്തെ കാണിക്കാനുള്ള ബോധപൂർവമുള്ള ഒരു പ്രചാരണതന്ത്രത്തിന്റെ ഭാഗമായിരുന്നു സ്റ്റാലിന്റെ ഈ 'മാസ്സ് വൈൻ പ്രൊഡക്ഷൻ ഡ്രൈവ്'.

വിപണിയിൽ ആവേശം തുളുമ്പിനിന്നു. സാംസ്കാരിക രംഗത്തും അഭ്യുദയമുണ്ടായി. സന്തോഷം അലതല്ലുന്ന നിരവധി സംഗീതനാടകങ്ങളും, നർമ്മം നിറഞ്ഞ ഹാസ്യപ്രഹസനങ്ങളും മറ്റും സ്റ്റേജുകളിൽ അവതരിപ്പിക്കപ്പെട്ടു. അതിന് സമാന്തരമായിത്തന്നെ ഗുലാഗും പ്രവർത്തിച്ചുകൊണ്ടിരുന്നു എന്നതാണ് വൈരുദ്ധ്യം. ഒരുഭാഗത്ത് സന്തോഷം അലയടിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കാൻ സർക്കാർ ശ്രമിച്ചുകൊണ്ടിരുന്നപ്പോഴും, രാത്രിയുടെ മറവിൽ ഗവണ്മെന്റിന്റെ കണ്ണിൽ കരടായ നിരവധിപേർ അകാരണമായി അറസ്റ്റുചെയ്യപ്പെട്ടു. അവരെ ഗുലാഗിലേക്ക് കൊണ്ടുപോകാൻ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരുന്ന 'ബ്ലാക്ക് മരിയ' എന്നുപേരായ കുതിരവണ്ടിയുടെ പുറത്തുപോലും സോവെറ്റ്സ്‌കോയെയുടെ പരസ്യങ്ങൾ പതിക്കപ്പെട്ടു എന്നത് മറ്റൊരു വൈരുദ്ധ്യം.

 

 

പത്തായത്തിൽ വേണ്ടത്ര ധാന്യമുണ്ടായിരുന്നില്ല. റഷ്യൻ പൗരന്മാരുടെ പട്ടിണിക്ക് കാര്യമായി കുറവൊന്നുമുണ്ടായില്ല. എന്നാലും, അവർക്ക് വെറുംവയറ്റിലും കുടിച്ചുപൂസാവാൻ വേണ്ടത്ര വീഞ്ഞ്, കോമ്രേഡ് സ്റ്റാലിന്റെ പരിശ്രമം കൊണ്ട് സോവിയറ്റ് നാട്ടിൽ ഒഴുകി. നാട്ടിൽ നടമാടിക്കൊണ്ടിരുന്ന പ്രശ്നങ്ങളെ അല്പനേരത്തേക്കെങ്കിലും വിസ്മരിക്കാൻ എളുപ്പത്തിൽ ലഭ്യമായിരുന്ന വീഞ്ഞിന്റെ ലഹരി റഷ്യയിലെ പൊതുജനത്തിനെ സഹായിച്ചു. അങ്ങനെ ഗുലാഗിലടക്കപ്പെടുമോ എന്ന് ഭയന്ന് ഉറങ്ങാതെ കഴിച്ചുകൂട്ടേണ്ടി വന്നിരുന്ന ഭീകരരാത്രികളെ അവർ അതിജീവിച്ചുകൊണ്ടിരുന്നു.  

ആ ഒരു ഗൃഹാതുരത്വം റഷ്യൻ ജനതയിൽ ഇന്നുമവശേഷിക്കുന്നതിനാലാണോ എന്നറിയില്ല സോവെറ്റ്സ്‌കോയെക്ക് ഇന്നും നല്ല ഡിമാന്റുണ്ട്. ഇന്നത് നിർമ്മിക്കാനുള്ള സംവിധാനങ്ങളെല്ലാം തന്നെ സ്വകാര്യവൽക്കരിക്കപ്പെട്ടിരിക്കുന്നു എന്നുമാത്രം. ഇന്നും വിപണികളിലെ ഷെൽഫുകളിൽ വിശ്രമിക്കുന്ന ഈ 'സോവെറ്റ്സ്‌കോയെ ഷാമ്പൻസ്‌കോയെ' എന്ന ഈ വീഞ്ഞ്, അതിന്റെ കുപ്പികൾക്കുള്ളിൽ ഒളിപ്പിക്കുന്നത് ഭീതിയും, നൈമിഷികമായ സന്തോഷവും ഇടകലർന്നു നുരയ്ക്കുന്ന ഒരു ഭൂതകാലത്തിന്റെ ഓർമ്മകളുടെ ലഹരികൂടിയാണ്. 

click me!