സ്റ്റാലിനുവേണ്ടി ഏറ്റവുമധികം പേരെ വധിച്ച കൊലയാളി, വാസിലി ബ്ലോഖിൻ കൊന്നത് 15000 -ൽ പരം നിരപരാധികളെ

By Web TeamFirst Published Aug 7, 2020, 4:30 PM IST
Highlights

അന്ന് ബ്ലോഖിന്റെ പ്രാണൻ ഉള്ളംകൈയിൽ എടുത്ത് പിടിച്ച് സംരക്ഷിച്ചത് സ്റ്റാലിനായിരുന്നു. "ബ്ലോഖിനെപ്പോലെ ഉള്ളവരുടെ സഹായം കൂടാതെ ഈ  രാജ്യം ഭരിക്കാനാവില്ല. ഭരണത്തിലെ പല വൃത്തികെട്ട പണികളും വിശ്വസിച്ചേൽപ്പിക്കാൻ ഇനിയും എനിക്ക് അയാളെ ആവശ്യമുണ്ട്." 

സ്റ്റാലിന്റെ ഏറ്റവും വിശ്വസ്തനായ കൊലയാളിയായിരുന്നു ബ്ലോഖിൻ. അന്ന് 'സ്‌പെഷ്യൽ ഗ്രൂപ്പ്' എന്ന ഗുപ്തനാമത്തിൽ അറിയപ്പെട്ടിരുന്ന സ്റ്റാലിന്റെ പേഴ്സണൽ ഫയറിംഗ് സ്‌ക്വാഡിന്റെ മേധാവിയായിരുന്നു അയാൾ. 'പൊതു ശത്രുക്കൾ' എന്ന് മുദ്രകുത്തി സ്റ്റാലിൻ പരലോകത്തേക്ക് പറഞ്ഞയക്കാൻ (purge) തീരുമാനിക്കുന്ന പാവങ്ങളെ ഒറ്റയ്ക്കോ കൂട്ടത്തോടെയോ ഒക്കെ വെടിവെച്ച് കൊന്നുകളയുക എന്നതായിരുന്നു ഈ സൈനികോദ്യോഗസ്ഥനിൽ അർപ്പിച്ചിരുന്ന കർത്തവ്യം. അയാൾ അത് വളരെ നിഷ്ഠയോടെ നിറവേറ്റി. തന്റെ ഔദ്യോഗിക ജീവിത കാലഘട്ടത്തിൽ അയാൾ കശാപ്പുചെയ്തിട്ടുളത് 15,000 -ൽ പരം പേരെയാണ്. 

വാസിലി ബ്ലോഖിൻ സ്റ്റാലിന്റെ ഔദ്യോഗിക യമധർമ്മവേഷം എടുത്തണിയുന്നത് 1926 -ലാണ്. അന്ന് OGPU എന്നറിയപ്പെട്ടിരുന്ന 'ജോയിന്റ് സ്റ്റേറ്റ് പൊളിറ്റിക്കൽ യൂണിറ്റി'ന്റെ അഥവാ രഹസ്യപൊലീസ് സേനയുടെ തലവനായിരുന്നു അയാൾ. അടുത്ത ദശാബ്ദങ്ങളിൽ ആ ഡിപ്പാർട്ടുമെന്റ് പല പേരുകളും മാറുന്നുണ്ട്. ആദ്യം NKVD ആവുന്നു. പിന്നെ MGB ആവുന്നു. ഏറ്റവും ഒടുവിൽ KGB എന്നപേരിൽ കുറേക്കാലം അറിയപ്പെട്ടു. ഈ കാലത്തൊക്കെയും പ്രസ്തുത സ്ഥാപനത്തിൽ സ്ഥിരമായി ഉണ്ടായിരുന്ന ഒരു സാന്നിധ്യം വാസിലി ബ്ലോഖിന്റെ തന്നെയായിരുന്നു. 

 

 

നിത്യേന ഇങ്ങനെ മനുഷ്യരെ കൊന്നുതള്ളുക അത്ര എളുപ്പമുള്ള പണിയല്ല. മരിക്കാൻ നേരം പാവപ്പെട്ട ഇരകൾ അവരുടെ മുഖത്തുവരുത്തുന്ന ദൈന്യ ഭാവം, 'പ്രാണനെടുക്കരുതേ..' എന്നുള്ള  അവരുടെ അപേക്ഷ, പ്രാണഭയത്താലുള്ള നിലവിളികൾ ഒന്നും മറക്കുക അത്ര എളുപ്പമല്ല. പല ആരാച്ചാർമാർക്കും അത്ര എളുപ്പത്തിൽ സ്വന്തം കൊലപാതകങ്ങളുടെ പശ്ചാത്താപബോധത്തെ മറികടക്കാൻ സാധിക്കാറില്ല. അവരിൽ പലരും ചെന്നവസാനിക്കുക ചിത്തരോഗാശുപത്രിയിലാണ്. മാനസിക നില തകർന്നാണ് പലരും മരണത്തെ നേരിടുക. അവരിൽ പലരും ഈ കുറ്റബോധത്തെ മറക്കാൻ ആശ്രയിക്കുക മദ്യത്തെയാകും. പോകെപ്പോകെ മദ്യലഹരിയിലാകും അവർ വധശിക്ഷ നടപ്പിലാക്കുക. 

എന്നാൽ ഇക്കാര്യത്തിൽ ബ്ലോഖിൻ വ്യത്യസ്തനായിരുന്നു. വളരെ ക്ലിനിക്കൽ ആയി, പ്രൊഫഷണൽ ആയി തന്റെ ജോലിയെ സമീപിച്ചിരുന്ന ഒരു ശിലാഹൃദയനായിരുന്നു അയാൾ. വധശിക്ഷ നടപ്പാക്കുന്ന സമയത്തോ, അതിനു മുമ്പോ ഒന്നും ഒരു തുള്ളി മദ്യം പോലും ബ്ലോഖിൻ അകത്താക്കിയിരുന്നില്ല. എന്നുമാത്രമല്ല, തന്റെ ഫയറിങ് സ്‌ക്വാഡിലുള്ള  ഒരാളെപ്പോലും അതിന് അനുവദിച്ചിരുന്നുമില്ല. 'ആശ്വാസജലം ആകാം, അത് ടീമിൽ അർപ്പിച്ചിരിക്കുന്ന ദൗത്യം പൂർത്തിയാക്കിയ ശേഷം മാത്രം', എന്നതായിരുന്നു ബ്ലോഖിന്റെ നയം..

 

 

റഷ്യൻ മദ്യമായ 'വോഡ്ക'യുടെ ആരാധകനായിരുന്നു ബ്ലോഖിനും. ഉപാസകൻ എന്നുതന്നെ പറയാം വേണമെങ്കിൽ. കൂട്ടക്കൊലപാതകങ്ങൾക്കു ശേഷം നടന്നിരുന്ന മദിരയിൽ മുങ്ങിയ ആഘോഷരാവുകളെപ്പറ്റി, അയാളുടെ ടീമിലെ ഒരു സൈനിക ഓഫീസർ, അലക്‌സാണ്ടർ യെമേല്യനോവ് തന്റെ ഓർമ്മക്കുറിപ്പുകളിൽ എഴുതിയത് ഇങ്ങനെ, " ഞങ്ങൾ വോഡ്‌ക അകത്താക്കുമായിരുന്നു. സംഘാംഗങ്ങൾ എല്ലാം തന്നെ വെളിവുകെടും വരെ മദ്യപിക്കുമായിരുന്നു . എഴുന്നേറ്റ് നില്ക്കാൻ പോലുമാകാത്തവണ്ണം കുടിക്കുമായിരുന്നു. എന്നിട്ട് സുഗന്ധദ്രവ്യങ്ങൾ മേലാസകലം വാരിപ്പൂശുമായിരുന്നു. എന്നാലേ, ചോരയുടെയും വെടിമരുന്നിന്റെയും ഗന്ധം ദേഹത്ത് നിന്ന് ഒഴിഞ്ഞു പോകൂ. പട്ടികൾ പോലും ആ ദിവസങ്ങളിൽ ഞങ്ങളുടെ അടുത്തുവരാതെ വഴിമാറിപ്പോകുമായിരുന്നു. ഞങ്ങളെ നോക്കി ഒന്ന് കുരച്ചിരുന്നത് പോലും അവ സുരക്ഷിതമായ അകലം പാലിച്ചു നിന്നുകൊണ്ട് മാത്രമായിരുന്നു. 

 

 

അതൊക്കെ ഈ തൊഴിൽ, സ്വന്തം മനോനിലയെ തെല്ലെങ്കിലും സ്വാധീനിച്ചിരുന്ന സാധാരണക്കാരുടെ കാര്യം. അങ്ങനെ അല്ലായിരുന്നു  ബ്ലോഖിൻ എന്ന് ആദ്യമേ പറഞ്ഞിരുന്നല്ലോ. ഈ ജോലിയെ അതർഹിക്കുന്ന നിർമമതയോടെ കാണാൻ അയാൾ ശീലിച്ചിരുന്നു. സ്റ്റാലിന്റെ കൊലയാളി സംഘത്തിൽ യൂണിവേഴ്സിറ്റിയുടെ പടികടക്കാൻ ഭാഗ്യം സിദ്ധിച്ചിട്ടുള്ള ഒരേയൊരാൾ ബ്ലോഖിൻ ആയിരുന്നു. അയാൾക്ക് കുതിരപ്പന്തയത്തിൽ വലിയ കമ്പമായിരുന്നു. കുതിരകളെപ്പറ്റിയുള്ള എഴുനൂറിലധികം പുസ്തകങ്ങളാണ് അയാളുടെ വീട്ടിലെ ലൈബ്രറിയിൽ ഉണ്ടായിരുന്നത്. വാൾത്തർ പിപി (Walther PP) എന്ന ജർമൻ നിർമിത കൈത്തോക്കായിരുന്നു ബ്ലോഖിന്റെ ഇഷ്ട പണിയായുധം. അത് അന്ന് ലഭ്യമായിരുന്ന റഷ്യൻ കൈത്തോക്കുകളെപ്പോലെ അമിതമായി ചൂടാകില്ലായിരുന്നു എന്നതുതന്നെ കാരണം. 

അങ്ങനെ, ചോര കണ്ട് അറപ്പുമാറിയ, കുടില ബുദ്ധി വേണ്ടുവോളം ഉണ്ടായിരുന്ന ബ്ലോഖിൻ വളരെ പെട്ടെന്ന് തന്നെ സ്ഥാനക്കയറ്റങ്ങൾ നേടി. 'സ്റ്റാലിന്റെ ഏറ്റവും വിശ്വസ്തനായ കൊലയാളി' എന്ന പദവിയിൽ എത്തി. സ്റ്റാലിൻ ഇല്ലാതാക്കാൻ തീരുമാനിക്കുന്ന വിഐപികളെ വധിക്കുക എന്ന വളരെ പ്രധാനപ്പെട്ട ജോലി നടപ്പിലാക്കുന്നത് അയാൾ  നേരിട്ടായി. 1930 -ലെ സ്റ്റാലിൻ വിരുദ്ധ വികാരങ്ങളുടെ കാലത്ത് അങ്ങനെ നിരവധി രാഷ്ട്രീയ എതിരാളികളുടെ ജീവൻ ബ്ലോഖിന്റെ കൈകളിൽ അവസാനിച്ചിട്ടുണ്ട്. അവരിൽ അന്ന് അറിയപ്പെടുന്ന ജേർണലിസ്റ്റ് ആയിരുന്ന മിഖായിൽ കോൾട്ട്സോവ്, നാടക സംവിധായകൻ സെവോലോഡ് മേയർഹോൾഡ്, എഴുത്തുകാരൻ ഐസക് ബാബേൽ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധമണ്ഡലങ്ങളിൽ നിന്നുള്ള പല പ്രതിഭകളും പെടും.  

സ്റ്റാലിനുവേണ്ടി പടവാളെടുത്ത പലരും അതേ ഇരുതലമൂർച്ചയുള്ള വാളിനാൽ തീരുന്നതിനും അക്കാലത്തെ സോവിയറ്റ് യൂണിയൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്. മിഖായിൽ ട്യുഖാചേവ്സ്കി, അയോണ യാകീർ, ഐറോനിം ഉബോറെവിച്ച് എന്നിങ്ങനെ  എത്രയോ ഉന്നത റാങ്കിങ് ഉള്ള സൈനിക ഉദ്യോഗസ്ഥർ സ്റ്റാലിന്റെ അപ്രിയം സമ്പാദിക്കുന്ന മുറക്ക് ബ്ലോഖിന്റെ മുന്നിലേക്ക് പറഞ്ഞയക്കപ്പെട്ടിട്ടുണ്ട്. അക്കൂട്ടത്തിലെ ഏറ്റവും വലിയ വിവിഐപി ബ്ലോഖിന്റെ മുൻ മേലധികാരി നിക്കോളായ് യെഷോവ് തന്നെയാണ്. സ്റ്റാലിന് അപ്രിയനാകാനും, വധിക്കപ്പെടാനും അധികകാലമൊന്നും എടുത്തില്ല ഈ പഴയ സോവിയറ്റ് സൈനികമേധാവിക്ക്.

 

 

1939 -ൽ മരണവുമായി വളരെ അടുത്തൊരു മുഖാമുഖം ബ്ലോഖിന് ഉണ്ടായി. അത് ലാവ്റെന്റി ബേറിയ എന്ന പുതിയൊരു സൈനിക മേധാവി അധികാരത്തിൽ വന്നപ്പോഴാണ്. മുമ്പ്  നിക്കോളായ് യെഷോവ് മേധാവിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ വിശ്വസ്തരായിരുന്ന സകലരെയും 'പർജ്ജ്' ചെയ്തു കളയാൻ അധികാരത്തിലേറിയ പാടെ  ബേറിയ തീരുമാനിക്കുന്നു. ആ ലിസ്റ്റിൽ ഏറ്റവും മുകളിൽ തന്നെയായിരുന്നു സംഭവവശാൽ ബ്ലോഖിന്റെ സ്ഥാനം. എന്നാൽ, ഇങ്ങനെ ഒരു എക്സിക്യൂഷന്‌ കൃത്യമായ അനുമതി സ്റ്റാലിനിൽ നിന്നുതന്നെ കിട്ടേണ്ടതുണ്ടായിരുന്നു. അന്ന് ബ്ലോഖിന്റെ പ്രാണൻ ഉള്ളംകൈയിൽ എടുത്ത് പിടിച്ച് സംരക്ഷിച്ചത് സ്റ്റാലിനായിരുന്നു. "ബ്ലോഖിനെപ്പോലെ ഉള്ളവരുടെ സഹായം കൂടാതെ രാജ്യം ഭരിക്കാനാവില്ല. ഭരണത്തിലെ പല വൃത്തികെട്ട പണികളും വിശ്വസിച്ചേൽപ്പിക്കാൻ ഇനിയും എനിക്ക് അയാളെ ആവശ്യമുണ്ട്." അന്ന് ബ്ലോഖിനെ പർജ്ജ് ചെയ്യേണ്ട എന്ന തീരുമാനം സ്റ്റാലിൻ പ്രഖ്യാപിച്ചതോടെ അയാളുടെ അധികാരം പത്തിരട്ടി വർധിച്ചു. ഇഷ്ടമുള്ളത് പോലെ പ്രവർത്തിച്ചുകൊള്ളാൻ അയാളോട് ബേറിയ തന്നെ പറഞ്ഞു. സകല അധികാരങ്ങളും നൽകി. ആരും ഒന്നും ചോദിക്കില്ല എന്നുറപ്പുനല്കി.

 

 

അതിനു ശേഷമാണ് ബ്ലോഖിന്റെ ജീവിതത്തിലെ ഏറ്റവും വലിയ 'മാസ് എക്സിക്യൂഷൻ' വരുന്നത്. അത്  1940 മെയിലെ പോളിഷ് സൈനികോദ്യോഗസ്ഥരുടെ കൂട്ടക്കൊലയായിരുന്നു. അന്ന് ഒസ്താഷ്കോവ് ക്യാമ്പിൽ പിടികൂടി സൂക്ഷിച്ചിരിക്കുകയായിരുന്നു ആ യുദ്ധത്തടവുകാരെ, ഏകദേശം 6311 പേരെ കൊന്ന് ആ ക്യാമ്പിൽ സ്ഥലമുണ്ടാക്കുക എന്നതായിരുന്നു ബ്ലോഖിനിൽ നിക്ഷിപ്തമായിരുന്ന ജോലി. 

അന്ന് ബ്ലോഖിന്റെ സ്ഥിരം ആരാച്ചാർ വേഷം ഇതായിരുന്നു- ബ്രൗൺ നിറത്തിലുള്ള ഒരു ട്രേഡ്‌മാര്‍ക്ക് ക്യാപ്പ്. തവിട്ടുനിറത്തിൽ തന്നെയുള്ള ഒരു നെടുനീളൻ ഏപ്രൺ. ബ്രൗൺ നിറത്തിൽ, കൈമുട്ടോളം നീളമെത്തുന്ന ലെതർ കയ്യുറകൾ - ഈ ആരാച്ചാർ വേഷമിട്ട ബ്ലോഖിൻ തോക്കും പിടിച്ച് നടന്നടുക്കുന്നത് കാണുമ്പോൾ തന്നെ വധശിക്ഷക്ക് വിധിക്കപ്പെട്ടു നിൽക്കുന്നവന്റെ പാതി പ്രാണൻ നഷ്ടപ്പെടും. മനുഷ്യരൂപമാർജ്ജിച്ച മൃത്യു തന്നെയായിരുന്നു ബ്ലോഖിനെന്നു പറഞ്ഞാലും തെറ്റില്ല.

രാത്രിയിലായിരുന്നു ഒസ്താഷ്കോവ് ക്യാമ്പിലെ ആ കൂട്ട വധശിക്ഷകൾ നടപ്പിലാക്കിയിരുന്നത്. പോളിഷ് യുദ്ധത്തടവുകാരെ 250 പേരടങ്ങുന്ന ബാച്ചുകളായി ക്യാമ്പിന് പുറത്തെത്തിക്കും. ആളൊന്നിന് മൂന്നു മിനിറ്റ് പരമാവധി ചെലവിടും. അങ്ങനെ രാത്രി തീരുവോളം നീണ്ടു നിന്നു വധശിക്ഷ നടപ്പിലാക്കൽ. നേരം പുലരും വരെ വെടിവെപ്പ് തുടരും. ഓരോ രാത്രിയിലെയും ടാർഗെറ്റുകൾ പൂർത്തിയായാൽ തന്റെ അനുയായികളെ വോഡ്ക കുടിക്കാൻ അനുവദിക്കും ബ്ലോഖിൻ. അവർ  കുടിച്ചു വെളിവുകെട്ട് വാളുവെച്ച് കുറ്റബോധമില്ലാതാക്കാൻ പണിപ്പെടുമ്പോഴും, പശ്ചാത്താപലേശമില്ലാതെ പനപോലെ നിൽക്കും ബ്ലോഖിൻ. അടുത്ത രാത്രിയിൽ വീണ്ടും അടുത്ത ഷിഫ്റ്റ് തുടങ്ങും. വീണ്ടും കൂട്ടക്കൊലക്ക് ആ ക്യാമ്പിന്റെ പുറത്തുള്ള വെളിമ്പറമ്പ് സാക്ഷ്യം വഹിക്കും. 

 

 

അങ്ങനെ ഒസ്താഷ്കോവ് ക്യാമ്പ് ഒഴിപ്പിക്കാൻ വേണ്ടി ബ്ലോഖിൻ നടത്തിയ ആ 'മാസ് എക്സിക്യൂഷൻ' ഓപ്പറേഷൻ ഒടുവിൽ അതിന്റെ ലക്‌ഷ്യം കണ്ടപ്പോഴേക്കും വെടിയുണ്ടകൾക്കിരയായി പ്രാണൻ നഷ്ടപ്പെട്ടത് 6311 പോളിഷ് തടവുകാർക്കായിരുന്നു. ആ ഓപ്പറേഷനിൽ ബ്ലോഖിൻ നേരിട്ട് വെടിവെച്ചു കൊന്നവർ മാത്രം 600 പേരെങ്കിലും വരും. ആ കൂട്ടക്കുരുതിക്ക് ശേഷം അതിൽ പങ്കെടുത്തവർക്കുള്ള പാരിതോഷികം എന്ന നിലക്ക് ഒരു ഗംഭീരം വിരുന്നും നൽകി ബ്ലോഖിൻ. 

വാസിലി ബ്ലോഖിൻ ഒടുക്കത്തെ ഭാഗ്യവാനായിരുന്നു. കാരണം, അയാളുടെ സുപ്പീരിയർ ഓഫീസർമാരെക്കാൾ ഒക്കെ ആയുർദൈർഘ്യം അയാൾക്കുണ്ടായിരുന്നു. ജെൻരിഖ് യേഗോഡാ, നിക്കോളായി യെഷോവ്, ലാവ്റെന്റി ബേറിയ, വിക്തോർ അബാകുമോവ് എന്നിങ്ങനെ മിക്ക സോവിയറ്റ് സൈനിക ജനറൽമാരെക്കാളും അധികകാലം അയാൾ ജീവിച്ചു. അവരിൽ പലരുടെയും വധശിക്ഷയ്ക്ക് കാർമികത്വം വഹിക്കുകയും ചെയ്തു അയാൾ. തന്റെ ക്രൂരതയ്ക്കുള്ള, മനസ്സിനെ കല്ലാക്കിയുള്ള കൊലപാതകങ്ങൾക്കുളള, അംഗീകാരമായി ഒരു ഓർഡർ ഓഫ് ലെനിൻ. രണ്ട് ഓർഡർ ഓഫ് റെഡ് സ്റ്റാർ, ഓർഡർ ഓഫ് പേട്രിയോട്ടിക് വാർ(ഫസ്റ്റ് ഡിഗ്രി) എന്നിങ്ങനെ  നിരവധി പതക്കങ്ങൾ  അയാൾക്ക് അനുവദിച്ചു കിട്ടി. 

സ്റ്റാലിന്റെ മരണത്തിനു ശേഷം ബ്ലോഖിൻ സൈനിക ബഹുമതികളോടെ സർവീസിൽ നിന്ന് വിരമിച്ചു. അയാൾക്ക് പെൻഷനും അനുവദിച്ചു കിട്ടി. എന്നാൽ, ആ അടുത്തൂൺ പറ്റിയുള്ള ജീവിതം അധികകാലം ആസ്വദിക്കാനുള്ള ഭാഗ്യം മാത്രം ബ്ലോഖിനുണ്ടായില്ല. അപ്പോഴേക്കും സോവിയറ്റ് യൂണിയൻ സ്റ്റാലിന്റെ കാലത്തെ കുറ്റകൃത്യങ്ങളും പർജിങും ഒക്കെ  ക്രിമിനൽ കുറ്റങ്ങളായിരുന്നു എന്ന് തിരിച്ചറിഞ്ഞ് അവ അന്വേഷണ പരിധിക്കുള്ളിൽ കൊണ്ടുവന്നു കഴിഞ്ഞിരുന്നു. അന്വേഷണം തുടങ്ങിയ ശേഷം നിരവധി തവണ ബ്ലോഖിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി. പലവട്ടം ചോദ്യം ചെയ്യപ്പെട്ടു എങ്കിലും, അയാൾ ക്രിമിനൽ വിചാരണക്ക് വിധേയനാവുക മാത്രമുണ്ടായില്ല. അപ്പോഴും അയാളെ സ്റ്റാലിന്റെ ഒരു ഉപകരണം എന്ന നിലക്ക് മാത്രമാണ് സോവിയറ്റ് അധികാരികൾ വിലയിരുത്തിയിരുന്നത്. അയാൾ ചെയ്തതൊന്നും സ്വേച്ഛയാ ആയിരുന്നില്ല. അങ്ങനെ ചെയ്തില്ലെങ്കിൽ തേടിവന്നേക്കാവുന്ന വധശിക്ഷ ഒഴിവാക്കാൻ വേണ്ടി മാത്രം ചെയ്തതാണ് എന്ന സമീപനമായിരുന്നു ആദ്യമൊക്കെ ഗവണ്മെന്റിന്റേത്. 

എന്നാലും, 1954 നവംബറിൽ, ഏറെ നാളത്തെ അന്വേഷണങ്ങൾക്ക് ശേഷം വാസിലി ബ്ലോഖിന്റെ സൈനിക ബഹുമതികൾ എല്ലാം തന്നെ തിരിച്ചെടുക്കാൻ ഗവണ്മെന്റ് തീരുമാനിച്ചു. അയാളിൽ നിന്ന് മേജർ ജനറൽ എന്ന റാങ്കു പോലും സോവിയറ്റ് ഭരണകൂടം തിരിച്ചെടുത്തു. സർക്കാർ തന്ന ബഹുമതികളും റാങ്കുമെല്ലാം തിരിച്ചെടുക്കപ്പെട്ടതിന്റെ അപമാനം സഹിക്കേണ്ടിവന്നതിന് മാസങ്ങൾക്കുള്ളിൽ തന്നെ, തന്റെ അറുപതാം വയസ്സിൽ, സ്വാഭാവിക മരണം ഒരു ഹൃദയസ്തംഭനത്തിന്റെ രൂപത്തിൽ വാസിലി ബ്ലോഖിനെ തേടിയെത്തി. അങ്ങനല്ല, അപമാനഭാരം താങ്ങാനാവാതെ സ്വന്തം തലയിലേക്ക് നിറയൊഴിച്ച് ആത്മാഹുതി ചെയ്തതാണ് ബ്ലോഖിൻ എന്ന് കരുതുന്ന ചില റഷ്യൻ ചരിത്രകാരന്മാരുമുണ്ട്. 

മരണാനന്തരം, വാസിലി ബ്ലോഖിന്റെ ഭൗതികശരീരം അടക്കം ചെയ്യപ്പെട്ടിട്ടുള്ളത് മോസ്കോയിലെ ഡോൺസ്‌കോയെ സെമിത്തേരിയിലാണ്. ആ ക്രൂരന്റെ  കൈകളാൽ വധിക്കപ്പെട്ട പരശ്ശതം നിരപരാധികളുടെ ഭൗതികശരീരങ്ങൾ മറവു ചെയ്ത അതേ പൊതുശ്‌മശാനത്തിൽ.

click me!