പ്രണയം കണ്ടെത്താനും, വിവാഹിതരാവാനും 'മണവാളന്‍ ഓക്കുമരം'; അവിശ്വസനീയമെന്ന് തോന്നുന്ന ചില പ്രണയകഥകള്‍..

By Web TeamFirst Published Apr 15, 2019, 3:30 PM IST
Highlights

അതിലൊന്ന് ഇവ്വിധമാണ്. പൗർണ്ണമിനാളിൽ, നിങ്ങൾ പ്രേമിക്കുന്നയാളിന്റെ മുഖം മനസ്സിൽ ധ്യാനിച്ച്, ഈ ഓക്കുമരത്തെച്ചുറ്റി, മിണ്ടാതെ, ഉരിയാടാതെ, ചിരിക്കാതെ മൂന്നുരു പ്രദക്ഷിണം വെച്ചാൽ ഒരു വർഷത്തിനുള്ളിൽ നിങ്ങളുടെ പ്രണയം സഫലമാവുമത്രെ..!

ജർമനിയുടെ കിഴക്കൻ പ്രവിശ്യയിലെ യൂട്ടിൻ പട്ടണത്തിന്റെ പ്രാന്തപ്രദേശങ്ങളിലായി പടർന്നുകിടക്കുന ഡോഡ്‌യൂർ വനത്തിനുള്ളിൽ അഞ്ഞൂറ് വർഷം പഴക്കമുള്ളൊരു ഓക്കുമരമുണ്ട്. നൂറിലധികം പ്രേമവിവാഹങ്ങൾക്ക് കാരണഭൂതനായിട്ടുണ്ട് ഈ ഓക്കുമുത്തശ്ശൻ. Der Bräutigamseiche അഥവാ 'മണവാളൻ ഓക്കുമരം' എന്നറിയപ്പെടുന്ന  ഈ ഓക്കുമരത്തിന് ഒരു സവിശേഷതയുണ്ട്. സ്വന്തമായി തപാൽ വിലാസമുള്ള ലോകത്തിലെ ഏക മരമാണിത്. 

ഒന്ന് പ്രണയിക്കാൻ തുടിക്കുന്ന ഹൃദയത്തോടെ സ്വദേശികളും വിദേശികളുമായ പരശ്ശതം പേർ  കാലങ്ങളായി അയക്കുന്ന എഴുത്തുകളെ പരിചരിക്കാൻ ജർമ്മൻ തപാൽ വകുപ്പ് ഈ മരത്തിന് സ്വസ്ഥമായി ഒരു തപാൽ വിലാസം അനുവദിച്ചു നൽകുകയായിരുന്നു. കഴിഞ്ഞ  92  വർഷങ്ങളായി ഈ ഡ്യൂഷ് പോസ്റ്റിന്റെ മഞ്ഞ യൂണിഫോം ധരിച്ച ഒരു പോസ്റ്റുമാൻ മഞ്ഞും മഴയും വെയിലും ഒക്കെ അവഗണിച്ചുകൊണ്ട് കാടും മേടും കയറിയിറങ്ങി ദിവസേന ചെന്ന്, മരത്തിൽ ചാരി വെച്ചിരിക്കുന്ന കോണി കേറി അതിന്റെ പൊത്തിൽ കത്തുകൊണ്ടിടുന്നുണ്ട്.  ഓക്കു മുത്തശ്ശിയെ കാണാൻ വരുന്ന സന്ദർശകർ അതിന്റെ പൊത്തിൽ കയ്യിട്ട് ഈ കത്തുകൾ പൊട്ടിച്ചു വായിക്കും. താല്പര്യമുള്ളവർക്ക് അതിലെ വിലാസത്തിൽ തിരിച്ചു കത്തയക്കാം. ആ സമ്പർക്കങ്ങൾ വിവാഹങ്ങളിൽ ചെന്നവസാനിച്ചതിന്റെ കഥകൾ ഒന്നും രണ്ടുമല്ല. നൂറിലധികമുണ്ട്. 

കാൾ ഹെയ്ൻസ് മാർട്ടെൻസ് മണവാളൻ ഓക്കിന്റെ വിലാസത്തിൽ ഇരുപതു വർഷത്തോളം കത്തുകൾ കൊണ്ടിട്ടുള്ള പോസ്റ്റുമാനാണ്. ഇന്റർനെറ്റിന്റെ വേഗം കൂടിയ ലോകത്തിൽ നിന്നൊക്കെ ദൂരെയാണ്  ഒട്ടുകാല്പനികമായ ഈ മരവും അതിൽ നിന്നും തുടങ്ങുന്ന പ്രണയങ്ങളുമൊക്കെ തളിർത്തിട്ടുള്ളത്. ആ കഥകളിൽ അധികവും നടന്നിട്ടുള്ളത് ഫേസ്ബുക്കിനും വാട്ട്സാപ്പിനും ഒക്കെ മുമ്പുള്ള തൂലികാ സൗഹൃദങ്ങളുടെ കാലത്തായിരിക്കും. അപരിചിതരായ ആളുകൾക്ക് കത്തയച്ച് അവരുടെ മറുപടികൾ വരാൻ കാത്തിരുന്നിരുന്ന കാലമായിരുന്നു അന്നത്തേത്. താൻ പണ്ട് കത്ത് കൊണ്ടിട്ടിരുന്നതിന്റെ നിരവധി ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ ഇന്നും തന്റെ ആൽബത്തിൽ സൂക്ഷിച്ചിട്ടുണ്ട് മാർട്ടെൻസ്. 

ഇതാണ് ആ പ്രണയ കഥ

മണവാളൻ ഓക്കിന്റെ കഥ തുടങ്ങുന്നത് 1890 -ൽ മിന്ന എന്നു പേരായ ഒരു യുവതി വില്യം എന്ന് പേരായ ഒരു ചോക്കലേറ്റ് മേക്കറുമായി പ്രണയത്തിലാവുന്നു. മിന്നയുടെ അച്ഛൻ അവരുടെ പ്രണയത്തിന് എതിരായിരുന്നു. തമ്മിൽ കാണുന്നതുപോലെ വിലക്കപ്പെട്ടിരുന്നു. അക്കാലത്ത് അവർ തമ്മിൽ പ്രണയലേഖനങ്ങൾ കൈമാറാൻ കണ്ടെത്തിയ ഒരു വഴിയായിരുന്നു ഈ മരത്തിന്റെ പൊത്തിൽ ആരും കാണാതെ പരസ്പരമുള്ള എഴുത്തുകൾ  ഒളിപ്പിച്ചു വെക്കുക എന്നത്. മിന്ന ആ പൊത്തിൽ കൊണ്ടുവെക്കുന്ന തനിക്കുള്ള പ്രേമലേഖനങ്ങൾ കണ്ടെടുത്തത് അതിനുള്ള മറുപടികൾ അതേ പൊത്തിൽ തന്നെ വില്യം  സൂക്ഷിക്കുമായിരുന്നു. വർഷമൊന്നു കഴിഞ്ഞപ്പോഴേക്കും പിള്ളേരുടെ ഇഷ്ടങ്ങൾക്കുമുന്നിൽ  മിന്നയുടെ അച്ഛന്റെ വാശി അലിഞ്ഞില്ലാതാവുന്നു. 1891  ജൂൺ 2-ന് അതേ ഓക്കുമരത്തിന്റെ ചോട്ടിൽ വെച്ച് വില്യം മിന്നയുടെ കഴുത്തിൽ മിന്നുകെട്ടുന്നു. 

ആ പ്രേമകഥയുടെ സാഫല്യത്തെക്കുറിച്ചുള്ള  വാർത്തകൾ ജർമനിയിലൊട്ടുക്കും പരന്നത് വളരെപ്പെട്ടെന്നായിരുന്നു. ഭഗ്നപ്രണയികളും, പ്രണയസാക്ഷാത്കാരത്തിനായി ഉഴന്നു നടക്കുന്നവരും ഒക്കെ പ്രണയം  ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമെങ്കിലും സാക്ഷാത്കരിക്കപ്പെട്ട ആ  ഭാഗ്യം ചെയ്ത ഓക്കുമരത്തെയും തേടി ഒഴുകിയെത്താൻ തുടങ്ങി.  പലരും ആ ഓക്കുമരത്തിന്റെ പൊത്തിന്റെ ഇല്ലാവിലാസത്തിൽ കത്തെഴുതാൻ തുടങ്ങി. അങ്ങനെ വന്നുചേരുന്ന കത്തുകളുടെ എണ്ണം കൂടിക്കൂടി വന്നപ്പോൾ ഒടുവിൽ തപാൽ വകുപ്പ് ആ പൊത്തിന് ഒരു വിലാസം തന്നെ അനുവദിച്ചുകൊടുത്ത് സംഗതികൾ വെടിപ്പാക്കി. ഒപ്പം ആ പൊത്തിലേക്ക് കേറിച്ചെന്ന് കത്തുകൾ പരിശോധിക്കാൻ സൗകര്യത്തിന് ഒരു കോണിയും അവർ സ്ഥാപിച്ചു നൽകി.  അതോടെ വരുന്ന കത്തുകളുടെ എണ്ണം പത്തിരട്ടിയായി. ആ കത്തുകളിൾ പ്രണയസാധ്യതകൾ തിരഞ്ഞു വരുന്ന യാത്രികരുടെ സന്ദർശനങ്ങൾ ആ പ്രദേശത്തെ ഹാംബർഗിന്റെ ടൂറിസം മാപ്പിൽ അടയാളപ്പെടുത്തി. ഒരേയൊരു അലിഖിത നിയമമേ പ്രണയത്തിന്റെ ആ ശാദ്വലഭൂവിലുണ്ടായിരുന്നുള്ളൂ. ഏതെങ്കിലും കത്ത് പൊട്ടിച്ചു വായിച്ച ശേഷം നിങ്ങൾക്ക് മറുപടി അയക്കാൻ ഉദ്ദേശ്യമില്ലെങ്കിൽ കത്ത് തിരിച്ചു പൊത്തിൽ തന്നെ വെച്ചിട്ടുവേണം പോവാൻ. ആ കത്ത് ചിലപ്പോൾ മറ്റാർക്കെങ്കിലും പ്രണയമേകിയാലോ..! 

വർഷത്തിൽ ആയിരത്തിലധികം കത്തുകൾ  ഈ മരത്തിന്റെ വിലാസത്തിൽ വന്നുചേരാറുണ്ട്. കാലക്രമേണ, ഈ  മണവാളൻ ഓക്കുമരത്തെ ചുറ്റിപ്പറ്റി പലവിധം  മിത്തുകളുമുണ്ടായി. അതിലൊന്ന് ഇവ്വിധമാണ്. പൗർണ്ണമിനാളിൽ, നിങ്ങൾ പ്രേമിക്കുന്നയാളിന്റെ മുഖം മനസ്സിൽ ധ്യാനിച്ച്, ഈ ഓക്കുമരത്തെച്ചുറ്റി, മിണ്ടാതെ, ഉരിയാടാതെ, ചിരിക്കാതെ മൂന്നുരു പ്രദക്ഷിണം വെച്ചാൽ ഒരു വർഷത്തിനുള്ളിൽ നിങ്ങളുടെ പ്രണയം സഫലമാവുമത്രെ..!

രസകരമായ പല പ്രണയ സാഫല്യങ്ങൾക്കും ഈ ഓക്കുമരം ഒരു നിമിത്തമായിരുന്നിട്ടുണ്ട്. 1958 -ൽ ജർമ്മൻ സൈനികനായിരുന്ന പീറ്റർ പമ്പ്, ഈ മണവാളൻ ഓക്കുമരത്തിന്റെ പൊത്തിൽ കയ്യിട്ടു നോക്കി. കത്തുകൾക്കിടയിൽ പരതിപ്പരതി ഒടുവിൽ അയാൾക്ക് ഒരു എഴുത്തുകിട്ടി. മിസ് മാർഷ്യ എന്ന നാണം കുണുങ്ങിയായ പെൺകുട്ടിക്കുവേണ്ടി അവളുടെ സ്നേഹിതമാർ എഴുതിയ ഒരു എഴുത്തായിരുന്നു അത്. പീറ്ററിന്റെ കത്ത് മാർഷ്യയുടെ വിലാസത്തിലെത്തിയപ്പോൾ ആ മിണ്ടാപ്പൂച്ചയ്ക്ക് എവിടെനിന്നെന്നറിയാത്ത ഒരു ധൈര്യം വന്നു. അവൾ അപരിചിതനായ ആ സൈനികന് മറുപടിയെഴുതി. വല്ലാത്തൊരു ആത്മബന്ധം യാദൃച്ഛയാ അവർക്കിടയിൽ ഉടലെടുത്തു. ഒരു വർഷത്തെ എഴുത്തുകുത്തുകൾക്കു ശേഷം അവർ തമ്മിൽ കണ്ടുമുട്ടി. 1961-ൽ വിവാഹിതരായ അവർ ഇക്കൊല്ലം അതേ ഓക്കുമരത്തിന്റെ ചോട്ടിൽ തങ്ങളുടെ അമ്പത്തിയെട്ടാം വിവാഹ വാർഷികവും ആഘോഷിച്ചു. 

മറ്റൊരു കഥയുള്ളത് 1988 -ലെയാണ്. പത്തൊമ്പതുകാരിയായ ജർമൻകാരിയായ ക്ളോഡിയ ഒരു പെൻഫ്രെണ്ടിനെത്തേടിക്കൊണ്ട് അയച്ച ഒരു കത്ത് വരുന്നു ഓക്കുമരത്തിന്റെ വിലാസത്തിൽ. പടിഞ്ഞാറൻ ജർമനിയിലെ ഫ്രിഡ്‌റിച്ച് ക്രിസ്ത്യൻസൺ എന്നുപേരായ ഒരു കർഷകൻ ആ കത്തിന് മറുപടിയെഴുതുന്നു. കത്തുകൾ ഒന്നായി, രണ്ടായി.. ഒടുക്കം നാല്പതെണ്ണമായപ്പോഴേക്കും അവർ തമ്മിൽ കടുത്ത പ്രണയത്തിലാവുന്നു. അന്ന് രണ്ടു ജർമനികളും തമ്മിൽ ശത്രുതയിലായിരുന്നതിനാൽ പിന്നെയും രണ്ടുവർഷത്തോളം അതിർത്തിക്കപ്പുറം ഇപ്പുറമിരുന്നു രണ്ടുപേരും പരസ്പരം  എഴുത്ത് തുടർന്നു. ഒന്ന് കാണാൻ മാത്രം അവർക്ക് സാധിച്ചില്ല. ഒടുവിൽ 1989 നവംബറിൽ ബർലിൻ മതിൽ പൊളിഞ്ഞുവീണപ്പോൾ ഏറ്റവും ഉച്ചത്തിൽ പെരുമ്പറ മുഴങ്ങിയത് ക്ളോഡിയയുടെയും ക്രിസ്ത്യൻസനിന്റെയും ഹൃദയങ്ങളിലായിരുന്നു. ആ മാസം തന്നെ അവർ തമ്മിൽ ആദ്യമായി കണ്ടുമുട്ടി. അടുത്ത കൊല്ലം അവർ തമ്മിൽ വിവാഹിതരായി. 

മാർട്ടെൻസ് എന്ന പോസ്റ്റുമാന്  ഇത്തരത്തിലുള്ള പത്തുപതിനഞ്ചു കഥകളെങ്കിലും നേരിട്ടറിവുള്ളതാണ്. അതിലൊന്നിന്റെ കഥ മാർട്ടെൻസിന്റെ ജീവിതത്തോടും ബന്ധപ്പെട്ടിരിക്കുന്നു. 1989 -ൽ ഒരു ജർമൻ ടിവി സ്റ്റേഷൻ ഈ മണവാളൻ ഓക്കുമരത്തെപ്പറ്റി ഒരു ഫീച്ചർ പ്രക്ഷേപണം ചെയ്തു. അന്ന് ആ പരിപാടിയുടെ അവതാരക മാർട്ടെൻസിനോട് അവിചാരിതമായ ഒരു ചോദ്യം ചോദിച്ചു.  "ഇത്രയ്ക്കധികം കത്തുകൾ ഈ മരത്തിന്റെ വിലാസത്തിൽ എത്തിച്ച്, പല പ്രണയങ്ങൾക്കും നിമിത്തമായ അങ്ങേയ്ക്ക് ഈ ഓക്കുമരച്ചില്ലകൾക്കു ചോട്ടിൽ നിന്നും വല്ല പ്രണയവും വീണുകിട്ടിയോ?" എന്ന്. കുലുങ്ങിചിരിച്ചുകൊണ്ട് അന്നദ്ദേഹം ''ഇല്ല..'' എന്ന് മറുപടി നൽകി..

ഏതാനും ദിവസങ്ങൾക്കകം ഓക്കുമരപ്പൊത്തിൽ കത്ത് കൊണ്ടിടാവേ അദ്ദേഹത്തിന്,  തന്റെ പേരെഴുതിയ ഒരു കത്ത് കിട്ടി.. റെനെറ്റ് എന്നുപേരായൊരു സ്ത്രീയുടെ സ്വന്തം കൈപ്പടയിലുള്ള ഒരു എഴുത്തായിരുന്നു അത്. "എനിക്ക് നിങ്ങളെ കണ്ടാൽ കൊള്ളാമെന്നുണ്ട്. നിങ്ങളും എന്നെപ്പോലാണ് എന്നെനിക്ക് തോന്നുന്നു. ഇപ്പോൾ ഞാനും ഏകാകിയാണ്.." 

എന്തോ ഒരു കൗതുകം തോന്നി അദ്ദേഹം അവർക്കെഴുതി. അവരെ വിളിച്ചു. താമസിയാതെ തമ്മിൽ കണ്ടു. 1994 -ൽ മണവാളൻ ഓക്കുമരത്തിന്റെ ചോട്ടിൽ വെച്ചുതന്നെ അവർ തമ്മിൽ വിവാഹിതരായി. 

സാമൂഹ്യമാധ്യമങ്ങൾ പ്രണയാന്വേഷണം എത്രയോ ലളിതവും എഴുത്തുകുത്തുകൾ കാത്തിരിപ്പിന്റെ ഇടവേളകളില്ലാതെ തത്സമയമാക്കി മാറ്റിയ ഇക്കാലത്തും കാല്പനികതയിൽ അഭിരമിക്കുന്ന ചില പ്രണയാന്വേഷികളെങ്കിലും ഈ ഓക്കുമരത്തിന്റെ വിലാസത്തിൽ  കത്തുകൾ അയക്കുന്നുണ്ട്. കാടുകേറി അവിടെയെത്തി ആ ഓക്കുമരപ്പൊത്തിൽ കയ്യിട്ടു നോക്കുന്ന ചില ശുഭാപ്തി വിശ്വാസികൾക്ക് അതിൽ നിന്നും കത്തുകൾ കിട്ടുന്നുണ്ട്. അവിടെത്തുടങ്ങുന്ന ചില എഴുത്തുകുത്തുകളെങ്കിലും പ്രണയത്തിൽ എത്തിച്ചേരുന്നുണ്ട്. വേഗം എല്ലാറ്റിനെയും പ്രവേശിച്ച ഇക്കാലത്ത് കാടിന്റെ തണുപ്പിലിരുന്ന്, പ്രണയത്തിന്റെ നിമിത്തമായി അഞ്ഞൂറുവർഷത്തിനിപ്പുറവും ജീവിക്കുന്ന ഈ മണവാളൻ ഓക്കുമരം ഒരു പ്രതീക്ഷയാണ്. ഈ ഭൂമിയിൽ പ്രണയം ഒരിക്കലും അസ്തമിക്കില്ല എന്ന ഒരു പ്രതീക്ഷ. 

click me!