പെണ്‍കുഞ്ഞുങ്ങളെ കൊല്ലുന്ന ഗ്രാമങ്ങള്‍: ഇതിനെതിരെ പോരാടി ഡോക്ടര്‍

By Web TeamFirst Published Apr 7, 2019, 6:35 PM IST
Highlights

ഗ്രാമീണര്‍ പറഞ്ഞ ഉത്തരം അതിലും അവിശ്വസനീയം ആയിരുന്നു. ആ ഗ്രാമത്തിലെ ഏതെങ്കിലും പാവപ്പെട്ട വീട്ടിലെ പെണ്‍കുഞ്ഞായിരുന്നിരിക്കണം അത്. പെണ്‍കുഞ്ഞിനെ വേണ്ടാത്തത് കൊണ്ട് ഉപേക്ഷിച്ചതായിരിക്കണമെന്ന് വളരെ സ്വാഭാവികമായാണ് ഗ്രാമവാസികള്‍ പറഞ്ഞത്. 

ഡോ. ഹര്‍ഷേന്ദര്‍ കൗര്‍ ഒരു ചൈല്‍ഡ് സ്പെഷ്യലിസ്റ്റാണ്. ഒരു ദിവസം, ഭര്‍ത്താവ് ഡോ. ഗുര്‍പാല്‍ സിങിനോടും തന്‍റെ മെഡിക്കല്‍ ടീമിനുമൊപ്പം ഒരു ഗ്രാമത്തിലേക്ക് മെഡിക്കല്‍ ക്യാമ്പ് നടത്താനായി പോവുകയായിരുന്നു ഡോ. കൗര്‍. അവര്‍ പോകുന്ന പഞ്ചാബിലെ ആ ഗ്രാമത്തിലെ ജനങ്ങള്‍ക്ക് പ്രാഥമിക ചികിത്സാ സൗകര്യങ്ങള്‍ പോലും അപ്രാപ്യമായിരുന്നു. 

ഗ്രാമത്തിലെത്തുന്നതിന് തൊട്ടുമുമ്പാണ് മൃഗങ്ങളും മറ്റും മാത്രമുണ്ടാകുന്ന ഒരിടത്ത് നിന്നും ഒരു പ്രത്യേകതരം ശബ്ദം കേട്ടത്. അതെവിടെ നിന്നാണ് വരുന്നതെന്നറിയാനായി അവര്‍ ശബ്ദം കേട്ട ദിക്കിലേക്ക് ചെന്നു. കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. കുറച്ച് നായകള്‍ കൂടി ഒരു മാംസ കഷ്ണത്തിന് വേണ്ടി കടിപിടി കൂടുന്നു. പക്ഷെ, സൂക്ഷ്മമായ നിരീക്ഷണത്തില്‍ അത് നവജാത ശിശുവാണെന്ന് അവര്‍ക്ക് മനസ്സിലായി. അതവരുടെ ചോരയെ പോലും മരവിപ്പിച്ചു കളഞ്ഞു. ആ പെണ്‍കുഞ്ഞ് അപ്പോഴേക്കും മരിച്ചിരുന്നു. ഡോ. കൗര്‍ ഗ്രാമത്തിലുള്ളവരോട് ചോദിച്ചു, ഇതെങ്ങനെയാണ് സംഭവിച്ചത്. ഈ കുഞ്ഞ് എങ്ങനെയാണ് ഉപേക്ഷിക്കപ്പെട്ടത് എന്ന്. 

ഗ്രാമീണര്‍ പറഞ്ഞ ഉത്തരം അതിലും അവിശ്വസനീയം ആയിരുന്നു. ആ ഗ്രാമത്തിലെ ഏതെങ്കിലും പാവപ്പെട്ട വീട്ടിലെ പെണ്‍കുഞ്ഞായിരുന്നിരിക്കണം അത്. പെണ്‍കുഞ്ഞിനെ വേണ്ടാത്തത് കൊണ്ട് ഉപേക്ഷിച്ചതായിരിക്കണമെന്ന് വളരെ സ്വാഭാവികമായാണ് ഗ്രാമവാസികള്‍ പറഞ്ഞത്. 

പെണ്‍കുട്ടികള്‍ക്ക് വേണ്ടി... 

ആ സംഭവം നടക്കുമ്പോഴും ഡോക്ടറും ഭര്‍ത്താവും ഓരോ ഗ്രാമത്തിലും ഇതുപോലെ മെഡിക്കല്‍ കാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്. വിവാഹത്തോടെയാണ് രണ്ടുപേര്‍ക്കും പരസ്പരം സാമൂഹ്യസേവനത്തില്‍ താല്‍പര്യമുണ്ടെന്ന് മനസിലാകുന്നത്. അങ്ങനെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഏതായാലും ഈ സംഭവം നടന്നത് 24 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. വെറും മെഡിക്കല്‍ സേവനം മാത്രം നല്‍കുന്നിടത്തു നിന്നും ഡോ. കൗറിന്‍റെ ശ്രദ്ധ മറ്റൊരു വലിയ വിഷയത്തിലേക്ക് കടക്കുന്നത് ഇങ്ങനെയായിരുന്നു. അന്നു മുതല്‍ അവര്‍ പെണ്‍ഭ്രൂണഹത്യക്കെതിരെ പ്രവര്‍ത്തിച്ചു തുടങ്ങി. 

ഗര്‍ഭസ്ഥ ശിശുവിന്‍റെ ലിംഗനിര്‍ണയം നിയമം വഴി നിരോധിച്ചിരുന്നുവെങ്കിലും സ്കാനിങ് വഴി അത് മനസിലാക്കുകയും പെണ്‍കുഞ്ഞാണെങ്കില്‍ ഗര്‍ഭം അലസിപ്പിക്കുകയും ചെയ്യുന്നത് തുടര്‍ന്നു കൊണ്ടിരുന്നു. മറിച്ച് ഇങ്ങനെയൊന്നും സംഭവിക്കാതെ ഒരു പെണ്‍കുഞ്ഞ് ജനിച്ചുവെന്ന് തന്നെ ഇരിക്കട്ടെ, അവര്‍ക്ക് ആവശ്യമായ വാക്സിനേഷനോ, പോഷകാഹാരമോ, ചികിത്സയോ ഒന്നും തന്നെ നല്‍കാത്തതും പതിവായിരുന്നു. അതിലും ഭീകരമായിരുന്നു ആ കുഞ്ഞുങ്ങളുടെ അമ്മമാര്‍ നേരിടുന്ന പ്രശ്നങ്ങള്‍. പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് അവര്‍ നിരന്തരം പഴികളേറ്റു വാങ്ങി. സ്ത്രീകള്‍ക്ക് അതില്‍ യാതൊരു പങ്കും ഇല്ലെങ്കില്‍ കൂടി അതെല്ലാം അമ്മയുടെ തെറ്റാണ് എന്ന് പറഞ്ഞുപോന്നു. 

ഇതിനൊരവസാനം വേണം എന്ന് കൗര്‍ തീരുമാനമെടുത്തു. ഇതിനായി ഗ്രാമവാസികളെ ബോധവല്‍ക്കരിക്കുക എന്നുള്ളതായിരുന്നു അത്യാവശ്യം ചെയ്യേണ്ട കാര്യം. അങ്ങനെ ഗ്രാമത്തില്‍ നടക്കുന്ന പൊതുപരിപാടികളില്‍, സാമൂഹിക സാംസ്കാരിക പരിപാടികളില്‍, വിവിധ യോഗങ്ങളില്‍ തുടങ്ങി വിവാഹ ചടങ്ങുകളില്‍ വരെ കൗര്‍ പെണ്‍ഭ്രൂണഹത്യക്കെതിരെ സംസാരിച്ചു തുടങ്ങി.. 

ആദ്യം കൗര്‍ അഞ്ച് വര്‍ഷം ജോലി നോക്കിയിരുന്ന പാട്യാല എന്ന ഗ്രാമത്തിലായിരുന്നു പ്രവര്‍ത്തനം. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അവിടെ ലിംഗാനുപാതം 845/1000 എന്നതില്‍ നിന്നും 1013/1000 ആയി വര്‍ധിച്ചു. മാറ്റം സംഭവിക്കാന്‍ ഒരുപാട് കാലമെടുക്കും എന്ന് കൗറിന് അറിയാമായിരുന്നു. അവര്‍ പോരാടിക്കൊണ്ടിരുന്നു. നിരന്തരം ആളുകളോട് സംസാരിച്ചു കൊണ്ടിരുന്നു. പ്രത്യുല്‍പ്പാദനത്തെ കുറിച്ചും നിയമങ്ങളെ കുറിച്ചും എല്ലാം കൗര്‍ സംസാരിച്ചു. ആളുകള്‍ പതിയെ പതിയെ അവ കേള്‍ക്കാന്‍ തയ്യാറായി. അംഗീകരിച്ചു തുടങ്ങി. 

25 വര്‍ഷം മുമ്പ് പെണ്‍കുഞ്ഞുങ്ങളെ കൊല്ലുന്നതിനെ കുറിച്ച് വളരെ പരസ്യമായി പറയുന്നവരായിരുന്നു ഗ്രാമവാസികള്‍.. എവിടെയാണ് ഭ്രൂണങ്ങള്‍ കൊണ്ടു തള്ളിയിരിക്കുന്നത് എന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍, 25 വര്‍ഷങ്ങള്‍ക്കിപ്പുറം അതിന് മാറ്റമുണ്ടായി. അത് നിയമവിരുദ്ധമാണെന്ന ബോധ്യമുണ്ടായി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും ബോധവല്‍ക്കരണത്തിനായി ഡോ. കൗര്‍ ഉപയോഗിച്ചു. അത് പഞ്ചാബിലെ ആ ഗ്രാമങ്ങളില്‍ ഒതുങ്ങി നില്‍ക്കാതെ പുറത്തേക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു. പലരും അവരെ സഹായിക്കാന്‍ തയ്യാറായി. 

ജനീവയില്‍ നടന്ന മനുഷ്യാവകാശ സമ്മേളനത്തിലടക്കം ലോകത്തിലെ പലയിടത്തും ഡൗ. കൗര്‍ ഈ വിഷയത്തില്‍ പേപ്പറുകളവതരിപ്പിച്ചു. നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചു. പെണ്‍ഭ്രൂണ ഹത്യക്കെതിരെ മാത്രമല്ല സ്ത്രീധന സമ്പ്രദായത്തിനെതിരെയും അവര്‍ പോരാടി. 2008 -ല്‍ ഡോ. കൗര്‍ ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് ഡോ. ഹാര്‍ഷ് ചാരിറ്റബിള്‍ ട്രസ്റ്റ് തുടങ്ങി. പാവപ്പെട്ട പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായാണ് ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത്. 
 

click me!