പത്തൊമ്പതാം നൂറ്റാണ്ടിലെ മാലാഖ, അന്നവര്‍ പഠിപ്പിച്ച പാഠങ്ങൾ ഈ മാഹാമാരിയുടെ കാലത്തും ഓർക്കേണ്ടതുണ്ട്

By Web TeamFirst Published Mar 26, 2020, 11:16 AM IST
Highlights

മുറികള്‍ക്ക് വായുസഞ്ചാരമുണ്ടാകണമെന്നും നല്ല വായുവിനായി ജനാലകള്‍ ഇടയ്ക്കിടെ തുറന്നിടണമെന്നും അവരെഴുതി. ഒപ്പം തന്നെ കോളറ, ടൈഫോയ്ഡ് തുടങ്ങിയ ജലജന്യരോഗങ്ങളെ പ്രതിരോധിക്കാൻ ഡ്രെയിനേജ് മെച്ചപ്പെടുത്തണമെന്നും അവർ വാദിച്ചു. 

ഫ്ളോറന്‍സ് നൈറ്റിന്‍ഗേല്‍, 200 വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ആ സ്ത്രീയാണ് ആധുനിക നഴ്സിങ്ങിന് അടിത്തറ പാകിയത്. അതുകൊണ്ടുതന്നെ നൈറ്റിന്‍ഗേലിന്‍റെ പ്രാധാന്യം ഒരുകാലത്തും ഇല്ലാതാവുന്നില്ല. നിപ്പയുടെ സമയത്താണെങ്കിലും, ഇപ്പോള്‍ ഈ കൊവിഡ് 19 എന്ന മഹാമാരിയുടെ കാലത്താണെങ്കിലും നഴ്സുമാരുടെ സേവനം എത്രമാത്രം പ്രധാനപ്പെട്ടതും നിസ്വാര്‍ത്ഥവുമാണെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു. നഴ്സിംഗ് രംഗത്തെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച വനിതയായിരുന്നു ഫ്ളോറന്‍സ് നൈറ്റിന്‍ഗേല്‍. പത്തൊമ്പതാം നൂറ്റാണ്ടില്‍, പരിക്കേറ്റ സൈനികരെ പരിചരിക്കുന്നതിലും അതിനായി നഴ്സുമാരെ പരിശീലിപ്പിച്ചതിലും അവര്‍ കാണിച്ച ആത്മാർത്ഥത മറക്കാവുന്നതായിരുന്നില്ല. 

ഇന്ന് കൊറോണ വൈറസ് വ്യാപിക്കാതെ ചെറുക്കാനായി പലതരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അതില്‍ പലതും നേരത്തെ തന്നെ, അതായത് പത്തൊമ്പതാം നൂറ്റാണ്ടിൽ തന്നെ നൈറ്റിന്‍ഗേല്‍ എഴുതിയിട്ടുണ്ട് എന്നത് പ്രസക്തമാണ്. ഉദാഹരണത്തിന് വൈറസിനെ ചെറുക്കുന്നതില്‍ കൈകളെപ്പോഴും കഴുകുകയും ശുചിയാക്കി വെക്കുകയും ചെയ്യുന്നതിനുള്ള പ്രാധാന്യം. അതില്‍ നഴ്സുമാര്‍ എത്രത്തോളം ശ്രദ്ധ ചെലുത്തണമെന്ന് നൈറ്റിന്‍ഗേല്‍ പറഞ്ഞിട്ടുണ്ട്. 1860 -ല്‍ പ്രസിദ്ധീകരിച്ച നോട്ട്സ് ഓണ്‍ നഴ്സിംഗ് എന്ന പുസ്തകത്തില്‍ അവര്‍ ഇങ്ങനെ എഴുതുന്നു, ഓരോ നഴ്സും പകല്‍ നേരങ്ങളില്‍ ഇടവിട്ടിടവിട്ട് കൈകഴുകിക്കൊണ്ടേയിരിക്കണം, അവളുടെ മുഖമെത്ര നന്നായിരുന്നാല്‍ പോലും. 

ക്രിമിയന്‍ യുദ്ധസമയത്ത് ബ്രിട്ടീഷ് സൈനികാശുപത്രികളില്‍ കൈകഴുകുന്നതടക്കമുള്ള ശുചിത്വം പാലിക്കലുകള്‍ നൈറ്റിന്‍ഗേലിന്‍റെ നേതൃത്വത്തില്‍ നടപ്പാക്കപ്പെട്ടു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അന്ന് പുതിയതായിരുന്നു. കൈകള്‍ വേണ്ടത്ര ശുചിയാക്കുന്നതിനെ കുറിച്ചോ ശുചിത്വം പാലിക്കുന്നതിനെ കുറിച്ചോ അന്ന് ആരും വേണ്ടത്ര ശ്രദ്ധ ചെലുത്തിയിരുന്നില്ലെന്ന് സാരം. ഹംഗേറിയന്‍ ഡോക്ടറായ ഇഗ്നാസ് സെമ്മെല്‍വിസ് ആണ് 1840 -ല്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ നിര്‍ബന്ധമായും അവരുടെ കൈകള്‍ ശുചിയാക്കണം എന്ന് പറഞ്ഞിരുന്നത്. എന്നാല്‍, അത് അന്ന് വേണ്ടത്ര ആളുകള്‍ ഗൌരവത്തിലെടുത്തില്ല എന്ന് മാത്രമല്ല അദ്ദേഹത്തെ ഭ്രാന്തനെന്ന് മുദ്ര കുത്തുകയും ചെയ്യുകയായിരുന്നു. 

 

പൊതുജനാരോഗ്യത്തില്‍ എപ്പോഴും ഫലപ്രദമായ ഇടപെടലുകള്‍ നടത്തിയിരുന്ന നൈറ്റിന്‍ഗേല്‍ അന്താരാഷ്ട്ര മെഡിക്കൽ ഗവേഷണത്തിലേക്കും സംഭവവികാസങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. അവളുടെ പ്രായത്തിലുള്ള പല പൊതുജനാരോഗ്യ വിദഗ്ദരേയും പോലെ, രോഗം പ്രധാനമായും പകരുന്നത് വീടുകളില്‍ നിന്നാണെന്ന് അവളും മനസിലാക്കിയിരുന്നു. മിക്ക ആളുകള്‍ക്കും പകർച്ചവ്യാധികൾ പിടിപെട്ട സ്ഥലം വീടായിരുന്നു. ഇന്നും ഇത് ബാധകമാണ് - വുഹാനില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടപ്പോൾ, 75% -80% വരെ പകര്‍ന്നത് കുടുംബ ക്ലസ്റ്ററുകളിലാണ് എന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

നോട്ട്സ് ഓണ്‍ നഴ്സിംഗ് എന്നത് നഴ്സുമാര്‍ക്കുള്ള പുസ്തകം എന്നതിലുപരി പൊതുജനത്തിന്‍റെ ആരോഗ്യകാര്യങ്ങളില്‍ നിര്‍ദ്ദേശം നല്‍കുന്നവ 
കൂടിയായിരുന്നു. ഇത് സാധാരണക്കാരായ ജനങ്ങളോട് എങ്ങനെ വീട്ടില്‍ ശുചിത്വം പാലിക്കാം എന്ന് നിര്‍ദ്ദേശിച്ചു. വീട്ടുകാര്യങ്ങളെല്ലാം സ്ത്രീകള്‍ നോക്കിയിരുന്ന കാലമായതിനാല്‍ സ്ത്രീകള്‍ക്കാണ് ഏറെയും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഫയര്‍പ്ലേസുകളില്‍ നിന്ന് എങ്ങനെ അമിതമായി പുക വരാതെ നോക്കാം. ആ പുക എങ്ങനെ ആരോഗ്യത്തിന് ദോഷം ചെയ്യും, എന്തെല്ലാം കത്തിക്കാം, എത്ര തീയാവാം എന്നെല്ലാം അവര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. 

മുറികള്‍ക്ക് വായുസഞ്ചാരമുണ്ടാകണമെന്നും നല്ല വായുവിനായി ജനാലകള്‍ ഇടയ്ക്കിടെ തുറന്നിടണമെന്നും അവരെഴുതി. ഒപ്പം തന്നെ കോളറ, ടൈഫോയ്ഡ് തുടങ്ങിയ ജലജന്യരോഗങ്ങളെ പ്രതിരോധിക്കാൻ ഡ്രെയിനേജ് മെച്ചപ്പെടുത്തണമെന്നും അവർ വാദിച്ചു. നൈറ്റിന്‍ഗേലിന്‍റെ വാദത്തില്‍ വീട്ടിലെ എല്ലാ ഉപകരണങ്ങളും വൃത്തിയായിരിക്കണം. വൃത്തികെട്ട പരവതാനികളും അശുദ്ധമായ ഫർണിച്ചറുകളും, 'അടിത്തറയിൽ ചാണക കൂമ്പാരം ഉള്ളതുപോലെ' വായുവിനെ മലിനമാക്കും എന്നും അവരെഴുതി. 

വീട്ടിലുള്ളവര്‍ ആരോഗ്യത്തോടെയിരിക്കണമെങ്കില്‍ എല്ലായ്പ്പോഴും വീടിന്‍റെ ഓരോ മുക്കും മൂലയും വരെ വൃത്തിയായിരിക്കണം എന്നും അവരെഴുതി. ഇതില്‍ മാത്രം ഒതുങ്ങിനിന്നില്ല അവരുടെ വീക്ഷണം. അവര്‍ സൈനികരോട് വായിക്കാനും എഴുതാനും മറ്റുള്ളവരോട് ഇടപഴകാനും പറഞ്ഞ് അതിനവരെ പ്രോത്സാഹിപ്പിച്ചു. അത് ജീവിതത്തിലെ വിരസത മാറ്റുമെന്നും മദ്യപാനത്തിലേക്ക് വീഴാതെ അവരെ സഹായിക്കുമെന്നുമാണ് നൈറ്റിന്‍ഗേല്‍ വിശ്വസിച്ചിരുന്നത്. 

നൈറ്റിന്‍ഗേലിന്‍റെ ജീവിതം

വില്ല്യം എഡ്വേര്‍ഡ് നൈറ്റിംഗേല്‍, ഫ്രാന്‍സിസ് നീ സ്മിത്ത് എന്നിവരുടെ മകളായിട്ടാണ് നൈറ്റിന്‍ഗേല്‍ ജനിക്കുന്നത്. അവളുടെ പേരിനും ഒരു പ്രത്യേകതയുണ്ടായിരുന്നു. ഇറ്റലിയിലെ ടാസ്കാനിയിലെ ഫ്ലോറന്‍സ് നഗരത്തിലെ ഒരു ബ്രിട്ടീഷ് ധനിക കുടുംബത്തില്‍ ജനിച്ച അവള്‍ക്ക് ഫ്ലോറന്‍സ് നഗരത്തിന്‍റെ പേര് തന്നെയാണ് കിട്ടിയത്. 

കൈസർവർത്തിലെ ലൂഥറൻ പാസ്റ്ററുടെ നേതൃത്വത്തിൽ അന്ന് പാവപ്പെട്ടവരെ ശൂശ്രൂഷിച്ചിരുന്നത് നൈറ്റിന്‍ഗേല്‍ കാണുകയുണ്ടായി. അതാണ് അവരുടെ ജീവിതത്തിലെ വഴിത്തിരിവായിത്തീര്‍ന്നതെന്ന് പറയുന്നു. ഏതായാലും, 1853 -ല്‍ അവര്‍ ലണ്ടനിലെ അപ്പർ ഹാർലി സ്ട്രീറ്റിലെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ്‌ കെയറിംഗ്‌ സിക്ക്‌ ജെന്റിൽവുമൺ എന്ന സ്ഥാപനത്തിൽ സൂപ്രണ്ടായി ജോലിചെയ്യാൻ തുടങ്ങി. 

 

നൈറ്റിന്‍ഗേല്‍ അറിയപ്പെട്ടു തുടങ്ങിയത് ക്രിമിയന്‍ യുദ്ധത്തോടെയാണ്. അന്ന് യുദ്ധത്തില്‍ മുറിവേറ്റ സൈനികരെ ചികിത്സിക്കാനായി താന്‍ പരിശീലനം നല്‍കിയ 38 നഴ്സുമാരുമായി അവര്‍ ടര്‍ക്കിയിലെത്തി. അവിടെ കണ്ട കാഴ്ച അവരെ വേദനിപ്പിച്ചു. ഒരുപാട് പട്ടാളക്കാര്‍, കുറഞ്ഞ ആരോഗ്യപ്രവര്‍ത്തകര്‍. സേവനവും അങ്ങനെ തന്നെ... നൈറ്റിന്‍ഗേലിന്‍റെ നേതൃത്വത്തില്‍ ആ പട്ടാളക്കാരുടെ പരിചരണം ഏറ്റെടുത്തു. എന്നാല്‍, അന്നും പിന്നീടും സൈനികര്‍ മരിച്ചുകൊണ്ടിരുന്നു. ആ മരണത്തില്‍ ടൈഫോയിഡിനും കോളറക്കും പങ്കുണ്ടായിരുന്നു. വൃത്തിയില്ലാത്ത ഓടകള്‍ ഇതിന് കാരണമായിത്തീരുന്നു എന്ന് തിരിച്ചറിഞ്ഞ നൈറ്റിന്‍ഗേല്‍ അതിനെ കുറിച്ച് സംസാരിച്ചുവെന്നും അവ യഥാക്രമം പുനക്രമീകരിച്ചപ്പോള്‍ മരണസംഖ്യ കുറഞ്ഞുവെന്നുമാണ് പറയുന്നത്. 

യുദ്ധശേഷം നൈറ്റിന്‍ഗേല്‍ ബ്രിട്ടണിലേക്ക് തന്നെ മടങ്ങി. അന്ന് വിക്ടോറിയ രാജ്ഞി കഴിഞ്ഞാല്‍ അറിയപ്പെട്ടിരുന്ന വ്യക്തി നൈറ്റിന്‍ഗേല്‍ ആയിരുന്നുവത്രെ. പിന്നീടും രാജ്യത്തിനകത്തും പുറത്തും പൊതുജനാരോഗ്യകാര്യങ്ങളിലുള്ള അവരുടെ ഇടപെടലുകള്‍ വിലമതിക്കാനാവാത്തതാണ്. ഏതായാലും കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുമ്പോഴും എല്ലാം മറന്ന് ഒരുകൂട്ടം ആരോ​ഗ്യപ്രവര്‍ത്തകർ നൈറ്റിം​ഗേലിനെ പോലെ നമുക്കൊപ്പമുണ്ട്.

click me!