99 -ലെ പ്രളയം കൊണ്ടുപോയ മൂന്നാറിലെ കുണ്ടള വാലി റെയിൽപ്പാളങ്ങള്‍..

By Web TeamFirst Published Apr 29, 2019, 12:03 PM IST
Highlights

അങ്ങനെയാണ് അന്നത്തെ സൂപ്രണ്ടായിരുന്ന എമുലേറ്റ് സായിപ്പ് 1902 -ൽ ഇർവിങ്ങ് സിസ്റ്റം എന്നറിയപ്പെട്ടിരുന്ന 'കാളയെ പൂട്ടിയ മോണോറെയിൽ' തുടങ്ങുന്നത്. അതിലേക്കായി അഞ്ഞൂറ് കാളകളെ കൊണ്ടുവന്നു. അവറ്റയെ പരിചരിക്കാൻ വേണ്ടി ഒരു മൃഗഡോക്ടറെയും രണ്ടു സഹായികളെയും അങ്ങ് ബ്രിട്ടനിൽ നിന്നും കൊണ്ടുവന്നു പാർപ്പിച്ചു സായിപ്പ്. 

മൂന്നാറിൽ പണ്ട് ട്രെയിനോടിയിരുന്നു എന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ..? കുന്നും മലയും നിറഞ്ഞ ആ ഹൈറേഞ്ചിൽ അങ്ങനെ ഒന്നിനെപ്പറ്റി ആലോചിക്കാനേ പ്രയാസമാണ്. എന്നാൽ അങ്ങനെ ഒന്നുണ്ടായിരുന്നു. റെയിൽവേയുടെ പരിണാമദശയിലെ ആദ്യകണ്ണികളിൽ ഒന്നായിരുന്ന 'ബുള്ളക്ക് ഡ്രിവൺ മോണോറെയിൽ', അഥവാ പൂട്ടിയ കാളകൾ വലിച്ചുകൊണ്ടുപോയിരുന്ന ഒരു ആദിപുരാതന മോണോറെയിൽ സിസ്റ്റം മൂന്നാറിൽ ഉണ്ടായിരുന്നു. കുണ്ടള വാലി റെയിൽവേ എന്നറിയപ്പെട്ടിരുന്ന അതിന്റെ തുടക്കം 1902 -ലായിരുന്നു. 1920 -ൽ അതിനെ നാരോ ഗേജ് എൻജിനായി അപ്ഗ്രേഡ് ചെയ്തു. 1924 -ൽ 99 -ലെ വെള്ളപ്പൊക്കം എന്നറിയപ്പെട്ട മഹാപ്രളയം വന്ന് പാളങ്ങളെല്ലാം അടിയോടെ കടപുഴക്കിക്കൊണ്ടു പോയി. അതോടെ ആ സംവിധാനം എന്നെന്നേക്കുമായി നിലച്ചു. 

മൂന്നാറിലെ തണുപ്പിലേക്ക് അവധിക്കാലം ചെലവിടാനെത്തിയ സായിപ്പിന് ഒരു കാര്യം പെട്ടെന്നു മനസ്സിലായി. ഇവിടത്തെ കാലാവസ്ഥ തേയില കൃഷിക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ്. അങ്ങനെ സായിപ്പ് അവിടത്തെ കണ്ണൻ തേവൻ മലനിരകൾ തിരുവിതാം കൂർ മഹാരാജാവിന് നിന്നും പാട്ടത്തിനെടുത്ത് ടീ ഫാക്ടറി തുടങ്ങി. അങ്ങനെ അവർ ലോകത്തിലെഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടങ്ങളിൽ നട്ട 'ഫൈനെസ്റ്റ് ക്വാളിറ്റി' തേയിലക്കിളുന്തുകൾ നുള്ളാൻ പരുവത്തിനായ 1900 കാലത്താണ് ബ്രിട്ടീഷുകാർ ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നത്. തേയിലപ്പെട്ടികൾ തമിഴ്‌നാട്ടിലെ തൂത്തുക്കുടി തുറമുഖം വരെ എത്തിക്കണം. എന്നാൽ മാത്രമേ അതിനെ കപ്പൽ കയറ്റി ബ്രിട്ടനിൽ എത്തിക്കാനും മലമുകളിൽ ചെലവിട്ട കാശ് തിരിച്ചു പിടിക്കാനാവൂ. അതിനായി അന്ന് നിലവിലുണ്ടായിരുന്ന ബദൽ സംവിധാനങ്ങൾ എല്ലാം തന്നെ അപര്യാപ്തമായിരുന്നു. 

അങ്ങനെയാണ് അന്നത്തെ സൂപ്രണ്ടായിരുന്ന എമുലേറ്റ് സായിപ്പ് 1902 -ൽ ഇർവിങ്ങ് സിസ്റ്റം എന്നറിയപ്പെട്ടിരുന്ന 'കാളയെ പൂട്ടിയ മോണോറെയിൽ' തുടങ്ങുന്നത്. അതിലേക്കായി അഞ്ഞൂറ് കാളകളെ കൊണ്ടുവന്നു. അവറ്റയെ പരിചരിക്കാൻ വേണ്ടി ഒരു മൃഗഡോക്ടറെയും രണ്ടു സഹായികളെയും അങ്ങ് ബ്രിട്ടനിൽ നിന്നും കൊണ്ടുവന്നു പാർപ്പിച്ചു സായിപ്പ്.

 

റെയിലിന്മേൽ ഉരുണ്ടിരുന്ന ഒരു കുഞ്ഞൻ ചക്രം, തറയിൽ ഉരുണ്ടിരുന്ന ഒരു വലിയ ചക്രം, ശകടങ്ങൾ വലിക്കാൻ പൂട്ടിയ കാളകൾ. ഇത്രയുമായിരുന്നു ഇർവിങ്ങ് സിസ്റ്റത്തിന്റെ അവിഭാജ്യ ഘടകങ്ങൾ.  തേയില ഫാക്ടറികൾക്കു സമീപമുള്ള മൂന്നാർ സ്റ്റേഷനിൽ നിന്നും മോണോ റെയിൽ ടോപ്പ് സ്റ്റേഷനിൽ നിന്നും മോണോറെയിൽ സഞ്ചാരം തുടങ്ങുന്ന തേയിലപ്പെട്ടികൾ മാട്ടുപ്പെട്ടി, പാലാർ സ്റ്റേഷനുകൾ പിന്നിട്ട് ടോപ്പ് സ്റ്റേഷൻ എന്നറിയപ്പെടുന്ന സ്റ്റേഷനിൽ അവസാനിക്കും. അവിടെ നിന്നും ആ പെട്ടികൾ 'ഏരിയൽ റോപ്പ്‌ വേ' വഴി ലോ സ്റ്റേഷൻ എന്നറിയപ്പെട്ടിരുന്ന കോട്ടഗുഡി വരെ എത്തും. പിന്നീട് കാളവണ്ടികൾ വഴി ബോഡിനായ്ക്കനൂർ സ്റ്റേഷനിൽ വന്ന്, അവിടെ നിന്നും തീവണ്ടികളിലേറി തൂത്തുക്കുടിയിൽ എത്തുന്നതോടെയാണ് തേയിലപ്പെട്ടികളുടെ പ്രയാണം പൂർത്തിയാവുന്നത്.

 

1908 -ൽ മോണോറെയിൽ സംവിധാനത്തെ ബ്രിട്ടീഷുകാർ രണ്ടടി വീതിയുള്ള നാരോ ഗേജ് റെയിൽവേയിലേക്ക് അപ്ഗ്രേഡ് ചെയ്തു. ആവി എഞ്ചിൻ വലിക്കുന്ന ചരക്കുബോഗികൾ വന്നു. അടുത്ത പതിനാറു വർഷം ബ്രിട്ടീഷുകാർ കണ്ണൻ തേവൻ മലനിരകളിൽ പൊന്നുവിളയിച്ചു. എല്ലാം നല്ലപോലെ പൊയ്ക്കൊണ്ടിരിക്കുന്നതിനിടെയാണ് 99 -ലെ വെള്ളപ്പൊക്കത്തിന്റെ വരവ്. ആയ മഴയിലെ മലവെള്ളപ്പാച്ചിലിൽ തേയിലക്കമ്പനിയുടെ ജീവനാഡിയായിരുന്ന കുണ്ടള റെയിൽവേയുടെ പാളങ്ങളും ബോഗികളും എല്ലാം ഒലിച്ചുപോയി.

 

ഉരുൾപൊട്ടലും മലയിടിച്ചിലും മൂന്നാറുകാർക്ക് പുത്തരിയല്ല. എന്നും പ്രകൃതിയുടെ വികൃതികൾ സധൈര്യം അതിജീവിച്ച ചരിത്രമേ മൂന്നാറിനുള്ളൂ. എന്നിട്ടും കുണ്ടള വാലി റെയിൽവേ മാത്രം പുനർ നിർമിക്കപ്പെട്ടില്ല. പകരം ഹൈറേഞ്ചിൽ റോഡ് ഗതാഗതം വികസിപ്പിക്കപ്പെട്ടു. റെയിലിനു പകരം കരമാർഗ്ഗം തേയില കൊണ്ടുപോവാൻ തുടങ്ങി. മലമുകളിലെ മൂന്നാർ റെയിൽവേ സ്റ്റേഷൻ  കണ്ണൻ ദേവൻ തേയിലഫാക്ടറിയുടെ ഓഫീസായി മാറി. അന്നത്തെ റെയിൽവേ പ്ലാറ്റുഫോമുകൾ എല്ലാം റോഡുകളായി മാറി. എന്നാലും ആ മലനിരകളിൽ പഴയ റോപ്പ് വേയുടെയും റെയിലിന്റെയുമൊക്കെ കാലം മായ്ക്കാത്ത അവശിഷ്ടങ്ങളിൽ പലതും  ഇന്നും കാണാം.  അന്നത്തെ റെയിൽവേ സിസ്റ്റത്തിന്റെ ഭാഗമായിരുന്ന 'അലൂമിനിയം ബ്രിഡ്ജ്' എന്നറിയപ്പെട്ടിരുന്ന ഈ പാലം ഇപ്പോൾ ഒരു റോഡാണ്. അവിടെ ഒരു മാർക്കറ്റ് മുളച്ചുവന്നിരിക്കുന്നു.

കഴിഞ്ഞുപോയ ഒരു പ്രതാപകാലത്തിന്റെ ഓർമകളുടെ തിരുശേഷിപ്പെന്നോണം കുണ്ടള വാലി റെയിൽവേ സിസ്റ്റത്തിന്റെ അവശിഷ്ടങ്ങളിൽ പലതും ഇന്നും സൂക്ഷിച്ചിട്ടുണ്ട്, കണ്ണൻ ദേവൻ കമ്പനിയുടെ 'ടീ മ്യൂസിയ'ത്തിൽ.

click me!