കറുത്ത വർ​ഗക്കാരി പെൺകുട്ടി കോടീശ്വരിയായി, വെളുത്തവർ അവളെ വെളുത്തവളായി പ്രഖ്യാപിച്ചു, പിന്നെ സംഭവിച്ചത്...

By Web TeamFirst Published Mar 12, 2021, 2:18 PM IST
Highlights

പതിനെട്ടാം വയസ്സിൽ, സാറാ റെക്ടറിന് ഒരു കഫെ, ഒരു ബോർഡിംഗ് ഹൗസ്, ഒരു ബേക്കറി എന്നിവ ഉണ്ടായിരുന്നു. കൂടാതെ നിരവധി സ്റ്റോക്കുകളും ബോണ്ടുകളും ഉണ്ടായിരുന്നു. 

മിക്ക ആളുകളും സാറാ റെക്ടർ എന്ന പേര് കേട്ടിട്ടുണ്ടാകില്ല. കിഴക്കൻ അലബാമയിലെ ക്രീക്ക് ഗോത്രത്തിലെ അടിമകളായിരുന്നു സാറയുടെ പിതാമഹന്മാർ. ഗോത്രത്തലവൻ ഓപൊത്ത്ലെ യോഹോളയുടെ അടിമകളിലൊരാളായിരുന്നു സാറാ റെക്ടറുടെ മുത്തശ്ശി മോളി. എന്നാൽ, ഒരു ഫെയറി ടൈൽ പോലെ, അടിമയായിരുന്ന അവൾ ഒരു സുപ്രഭാതത്തിൽ കോടീശ്വരിയായി. അടിമകളുടെ പിൻഗാമിയായ അവൾക്ക് ലഭിച്ച ഭൂമിയിൽ എണ്ണ കണ്ടെത്തിയതിനെ തുടർന്നായിരുന്നു അത്. അങ്ങനെ സാറാ റെക്ടർ 11 -ാം വയസ്സിൽ രാജ്യത്തെ ഏറ്റവും ധനികയായ കറുത്ത പെൺകുട്ടിയായി മാറി. ഒരു കറുത്ത വർഗ്ഗക്കാരി ധനികയാവുന്നത് വെളുത്തവർക്ക് സഹിച്ചില്ല. അവർ അവളെ പിടിച്ച് വെളുത്തവളായി പ്രഖ്യാപിച്ചു. അവളുടെ കഥ ഇതാണ്.

ആഭ്യന്തരയുദ്ധത്തിനുശേഷം അവളുടെ മുത്തശ്ശിയെ മോചിപ്പിക്കുകയും ഗോത്രാവകാശം നൽകുകയും ചെയ്തു. 1866 -ൽ അമേരിക്കയും അഞ്ച് അമേരിക്കൻ ഗോത്രങ്ങളും തമ്മിലുള്ള ഒരു ഉടമ്പടി പ്രകാരം, സ്വതന്ത്രരായവർക്ക് 160 ഏക്കർ വീതം ഭൂമി അനുവദിച്ചു. 556.50 ഡോളർ വിലമതിക്കുന്ന ഭൂമി സാറയ്ക്ക് ലഭിച്ചു. എന്നാൽ, അത് നല്ല ഭൂമിയായിരുന്നില്ല. സാറയുടെ ഭൂമി അവൾ താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് 60 മൈൽ അകലെയായിരുന്നു. ആ സ്ഥലം കൃഷിക്ക് അനുയോജ്യമല്ലായിരുന്നു. മുൻ അടിമകൾക്ക് അനുവദിച്ച ഭൂമിയിലധികവും പാറ ഭൂമിയായിരുന്നു. അവളുടെ ഭൂമി ഗ്ലെൻ പൂൾ ഓയിൽ ഫീൽഡിന് നടുവിലാണ് സ്ഥിതി ചെയ്തിരുന്നത്. വാർഷിക നികുതി അടയ്ക്കാനുള്ള പണത്തിനായി റെക്ടറുടെ പിതാവ് മകളുടെ ഭൂമി ഒരു പ്രധാന എണ്ണക്കമ്പനിക്ക് 1911 ഫെബ്രുവരിയിൽ പാട്ടത്തിന് നൽകി.  

എന്നാൽ, സൗഭാഗ്യം വന്നെത്തിയത് പെട്ടെന്നായിരുന്നു. അവളുടെ ഭൂമിയിൽ എണ്ണ കണ്ടെത്തി. സാറാ റെക്ടർ ഒറ്റരാത്രികൊണ്ട് കോടീശ്വരിയായി. ഒരു കറുത്ത വർഗ്ഗക്കാരി കോടീശ്വരിയാകുന്നത് വെള്ളക്കാർക്ക് സഹിച്ചില്ല. ഒക്ലഹോമ നിയമസഭ സാറാ റെക്ടറെ ഒരു വെള്ളക്കാരിയായി  പ്രഖ്യാപിക്കുന്നിടത്തോളം വരെപോയി കാര്യങ്ങൾ. ചിക്കാഗോ ഡിഫെൻഡറിൽ റിപ്പോർട്ടുചെയ്‌തതുപോലെ, “അവളുടെ സമ്പത്തിനെക്കുറിച്ച് ഓർത്ത് വെളുത്തവർ ഭയപ്പെടാൻ തുടങ്ങി. ഒരു ആഫ്രോ അമേരിക്കക്കാരിയ്ക്ക് ഇത്രയധികം സ്വത്ത് ഉണ്ടാകുന്നത് അവർ ഇഷ്ടപ്പെട്ടില്ല.” തുടർന്ന്, ഒക്ലഹോമ സംസ്ഥാനം സാറാ റെക്ടറിനെ സാറാ വൈറ്റ് എന്ന് പ്രഖ്യാപിച്ചു.  

1913 -ൽ സ്റ്റാൻഡേർഡ് ഓയിൽ കമ്പനി എണ്ണ ഖനനം ചെയ്യാൻ തുടങ്ങിയപ്പോൾ സാറയ്ക്ക് പ്രതിദിനം 300 ഡോളർ വരുമാനം ലഭിച്ചു. ഇപ്പോഴത്തെ കണക്ക് വെച്ച് ഓരോ ദിവസവും 7,500 ഡോളറിന് തുല്യം. എന്നാൽ, അവളെ പോലുള്ള മുൻ അടിമകൾക്ക് പണം ലഭിക്കുന്നത് സർക്കാരിന് സഹിച്ചില്ല. കാര്യമായ സ്വത്തും പണവുമുള്ള തദ്ദേശീയരായ അമേരിക്കക്കാരോട് സർക്കാർ വിവേചനം കാണിക്കാൻ തുടങ്ങി. അവരുടെ സ്വത്തുക്കൾ നോക്കി നടത്താനായി "മാന്യരായ" വെളുത്ത രക്ഷാധികാരിയെ നിയോഗിച്ചു. പക്ഷേ, തീർച്ചയായും, ഈ സംവിധാനം അഴിമതി നിറഞ്ഞതായിരുന്നു. രക്ഷാധികാരികൾ എന്ന് വിളിക്കപ്പെടുന്നവരിൽ പലരും അവർ സഹായിക്കേണ്ട ആളുകളിൽ നിന്ന് പണമോ സ്വത്തോ മോഷ്ടിച്ചു.  

സാറയുടെ കഥ ലോകമെമ്പാടും പ്രധാനവാർത്തകളിൽ നിറഞ്ഞു. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള പുരുഷന്മാർ കൗമാര പ്രായം പോലുമില്ലാത്ത സാറാ റെക്ടറിന് വിവാഹ അഭ്യർത്ഥനകൾ നടത്തി. അവളോട് വായ്പ വേണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടുള്ള കത്തുകളും വന്നു. ജർമ്മനിയിലെ നാല് ചെറുപ്പക്കാർ സാറയ്ക്ക് വിവാഹാലോചന നടത്തി. ആ സമയത്ത് അവൾക്ക് 12 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അതേസമയം രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള കറുത്ത വർഗ്ഗക്കാരുടെ പത്രമായ ചിക്കാഗോ ഡിഫെൻഡർ സാറാ റെക്ടറുടെ കേസ് വേഗത്തിൽ ഏറ്റെടുത്തു. 1914 -ൽ അവർ സാറയുടെ എസ്റ്റേറ്റ് ദുരുപയോഗം ചെയ്യുന്നുവെന്ന് പറഞ്ഞ് ഒരു ലേഖനം പ്രസിദ്ധീകരിച്ചു. സാറാ സ്വയം ഒരു കുടിലിലാണ് താമസിച്ചിരുന്നത് എന്നും, സാറയുടെ എസ്റ്റേറ്റിലെ വെള്ളക്കാരായ രക്ഷാധികാരിയാണ് പ്രശ്‌നത്തിന് കാരണമെന്നും അതിൽ പറഞ്ഞു. ദേശീയതലത്തിലുള്ള കറുത്ത വർ​ഗക്കാരുടെ നേതാക്കളായ ബുക്കർ ടി. വാഷിംഗ്ടൺ, W.E.B. ഡുബോയിസ് എന്നിവർ സാറയുടെ കുടുംബത്തെ സമീപിച്ചു. കറുത്ത വർഗ്ഗക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന സംഘടനയാണ് എൻ‌എ‌എ‌സി‌പി. അവർ പ്രശ്‌നത്തിൽ ഇടപെട്ടു. അവളെ ഒരു ബോർഡിംഗ് സ്കൂളിൽ ചേർത്തു. ഒടുവിൽ 18 വയസ്സ് തികഞ്ഞപ്പോൾ സാറാ ടസ്കീഗി വിട്ട് കുടുംബത്തോടൊപ്പം മിസോറിയിലെ കൻസാസ് സിറ്റിയിലേക്ക് താമസം മാറി. പ്രായപൂർത്തിയായതും കോടീശ്വരിയായ അവൾ ഒരു വലിയ നഗരത്തിൽ സ്ഥിരതാമസമാക്കി.

പതിനെട്ടാം വയസ്സിൽ, സാറാ റെക്ടറിന് ഒരു കഫെ, ഒരു ബോർഡിംഗ് ഹൗസ്, ഒരു ബേക്കറി എന്നിവ ഉണ്ടായിരുന്നു. കൂടാതെ നിരവധി സ്റ്റോക്കുകളും ബോണ്ടുകളും ഉണ്ടായിരുന്നു. രണ്ടായിരം ഏക്കർ സ്ഥലവും അവൾ വാങ്ങിയിരുന്നു. അവളുടെ കുടുംബം മിസോറിയിലെ കൻസാസ് സിറ്റിയിലേക്ക് താമസം മാറിയപ്പോൾ സാറാ പന്ത്രണ്ടാം സ്ട്രീറ്റിൽ ഒരു വീട് വാങ്ങി. അത് ഇപ്പോഴും റെക്ടർ ഹൗസ് അല്ലെങ്കിൽ റെക്ടർ മാൻഷൻ എന്നറിയപ്പെടുന്നു. ഇരുപതാം വയസ്സിൽ, സാറാ, കെന്നത്ത് കാമ്പ്‌ബെല്ലിനെ വിവാഹം കഴിച്ചു, മൂന്ന് ആൺമക്കളുണ്ടായി. 

ആഡംബര ജീവിതം നയിക്കാൻ സാറാ റെക്ടർ തന്റെ പണം ഉപയോഗിച്ചു. റെക്ടർ മാൻഷൻ വാങ്ങിയതിനു പുറമേ, അവർ ഒരു ലിമോസിൻ വാങ്ങി. അടുത്തുള്ള കുട്ടികളെ പ്രാഥമിക വിദ്യാലയത്തിലേക്ക് കൊണ്ടുപോകാൻ ഒരു ഡ്രൈവറെ നിയമിച്ചു. സാറയുടെ ഭർത്താവ് രാജ്യത്ത് കറുത്തവരുടെ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ ഓട്ടോ ഡീലർഷിപ്പ് തുറന്നു. വിലകൂടിയ വസ്ത്രങ്ങളും വജ്രങ്ങളും അവൾ വാങ്ങി.  അതേസമയം അവൾ മറ്റുള്ളവരെ സഹായിക്കാൻ താല്പര്യം പ്രകടിപ്പിച്ചു. സാറയുടെ നിക്ഷേപങ്ങളും സമ്പത്തും 1920 -കളിൽ വളർന്നു. എന്നാൽ മഹാമാന്ദ്യകാലത്തും അതിനുശേഷവും അവളുടെ സ്വത്ത് ഏറെക്കുറെ നശിച്ചു. 1967 ജൂലൈ 22 ന് 65 -ാം വയസ്സിൽ അവൾ മരിക്കുമ്പോൾ, ഒന്നോ രണ്ടോ എണ്ണ കിണറുകളും റിയൽ എസ്റ്റേറ്റ് ഹോൾഡിംഗുകളുമാണ് അവൾക്ക് സ്വന്തമായി ഉണ്ടായിരുന്നത്. 

 

click me!