കാറുകളെ മഞ്ഞ് വിഴുങ്ങി, മരണം മുന്നില്‍ക്കണ്ടു, പാക്ക് ദുരന്തം: ചോര മരവിക്കുന്ന അനുഭവങ്ങള്‍

By Web TeamFirst Published Jan 10, 2022, 4:18 PM IST
Highlights

''ശ്വാസം മുട്ടിയാലും കാറിന്റെ വിന്‍ഡോ തുറക്കാനാവില്ല. തുറന്നാല്‍, പിന്നെ തണുത്തു മരിക്കും. തുറന്നില്ലെങ്കില്‍, അശുദ്ധവായു ശ്വസിച്ചും മരിക്കും. ഇനി ഇതൊന്നുമില്ലെങ്കില്‍, പട്ടിണി കിടന്നോ ദാഹിച്ചോ മരിക്കും. മരണം അത്രയ്ക്ക് ഉറപ്പായിരുന്നു. അതിനിടെയാണ്, ഭാഗ്യത്തിന് രക്ഷപ്പെട്ടത്.''-രക്ഷപ്പെട്ട പതിനെട്ടുകാരി മര്‍യം ജിയോ ടിവിയോട് പറഞ്ഞത് ഇതാണ്. 
 

''ഏതു നിമിഷവും മരിക്കുമെന്ന് ഞങ്ങള്‍ ഭയന്നു. അത്രയ്ക്ക് തണുപ്പായിരുന്നു, മഞ്ഞു വീഴ്ച്ചയും. കാറിനു ചുറ്റിലും മഞ്ഞുമലകള്‍ ഉയര്‍ന്നു വന്നതു പോലെയായിരുന്നു. വണ്ടി മുക്കാല്‍ ഭാഗത്തോളം മഞ്ഞില്‍ താണുപോയിരുന്നു. മരിക്കുമെന്നുറപ്പിച്ചിരുന്നു എല്ലാവരും.''

ഇത് സമീനയുടെ വാക്കുകള്‍. വടക്കന്‍ പാക്കിസ്താനിലെ പര്‍വ്വതനഗരമായ മുര്‍റി വിനോദ സഞ്ചാര കേന്ദ്രത്തില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന്, ഒരു ദിവസത്തോളം കുടുങ്ങിയ കിടന്നശേഷം, സൈന്യം രക്ഷപ്പെടുത്തിയതായിരുന്നു സമീനയെ. 22 പേര്‍ തണുത്തുവിറച്ച് മരിച്ചുപോയ ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മ്മകളില്‍ ബിബിസിയോട് സംസാരിക്കുകയായിരുന്നു അവര്‍. 

''മഞ്ഞു വീഴുന്നത് കാണാന്‍ കുടുംബത്തിനൊപ്പം പുറപ്പെട്ടതായിരുന്നു ഞാന്‍. വഴിയില്‍ റോഡ് ഗതാഗതം സ്തംഭിച്ചു. . കനത്ത കാറ്റില്‍  എങ്ങും മരങ്ങള്‍ പൊട്ടിവീണിരുന്നു. വണ്ടിയെ മഞ്ഞ്‌വന്ന് മൂടുകയായിരുന്നു. വാതില്‍ തുറക്കാതെ മണിക്കൂറുകളോളം കാറില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു''-രണ്ട് ദിവസത്തെ രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ പൊലീസും സൈന്യവും ചേര്‍ന്ന് രക്ഷപ്പെടുത്തിയ എണ്ണായിരം പേരില്‍ ഒരാാളായ സമീന വിതുമ്പലോടെ പറഞ്ഞു. ഇവിടെ കുടുങ്ങിക്കിടന്ന നാലായിരം കാറുകളെയാണ് ഇന്നലെ രക്ഷപ്പെടുത്തിയത്. 

അതിഭീകരമായിരുന്നു കൊടും മഞ്ഞുവീഴ്ചയ്ക്കിടെ കാറില്‍ കുടുങ്ങിപ്പോയ അനുഭവമെന്ന് രക്ഷപ്പെട്ടവരില്‍ ഒരാളായ താരിഖ് അലി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ''മുന്നിലും പിന്നിലും നൂറുകണക്കിന് വാഹനങ്ങളായിരുന്നു. മണിക്കൂറുകളോളം ഭക്ഷണമില്ലാതെ കുട്ടികള്‍ വിശന്നുകരയുന്ന ശബ്ദമായിരുന്നു എങ്ങും. ഭക്ഷണമോ വെള്ളമോ ഇല്ലാതെ ഒരു ദിവസത്തോളമാണ് കാര്‍ തുറക്കാതെ കഴിഞ്ഞുകൂടേണ്ടി വന്നത്.''-കുട്ടികളുമായി മുര്‍റിയ്ക്ക് അടുത്തുള്ള സ്വകാര്യ ഹോട്ടലില്‍ കഴിയുന്ന താരിഖ് പറയുന്നു. 

''ശ്വാസം മുട്ടിയാലും കാറിന്റെ വിന്‍ഡോ തുറക്കാനാവില്ല. തുറന്നാല്‍, പിന്നെ തണുത്തു മരിക്കും. തുറന്നില്ലെങ്കില്‍, അശുദ്ധവായു ശ്വസിച്ചും മരിക്കും. ഇനി ഇതൊന്നുമില്ലെങ്കില്‍, പട്ടിണി കിടന്നോ ദാഹിച്ചോ മരിക്കും. മരണം അത്രയ്ക്ക് ഉറപ്പായിരുന്നു. അതിനിടെയാണ്, ഭാഗ്യത്തിന് രക്ഷപ്പെട്ടത്.''-രക്ഷപ്പെട്ട പതിനെട്ടുകാരി മര്‍യം ജിയോ ടിവിയോട് പറഞ്ഞത് ഇതാണ്. 

ഭക്ഷണമോ വെള്ളമോ ഇല്ലാത്തത് കാറുകളില്‍ മാത്രമായിരുന്നില്ല. രക്ഷപ്പെട്ട് ഹോട്ടലുകളിലും മറ്റും എത്തിയവര്‍ക്കും ഭക്ഷണവും വെള്ളവും കിട്ടാത്ത അനുഭവമുണ്ടായതായി പാക് പത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ''40,000 രൂപയാണ് ഒരു ദിവസത്തേക്ക് ഒരു കുടുസ്സ് മുറിക്ക് ഹോട്ടലുകാര്‍ വാങ്ങിയത്. ഭക്ഷണത്തിനും മറ്റും നൂറിരട്ടി വില വരെ പറഞ്ഞു. നിവൃത്തിയില്ലാതെയാണ് അവിടെ പിടിച്ചുനിന്നത്. എങ്കിലും മരിക്കാതെ ബാക്കിയായെന്ന സമാധാനമുണ്ടായിരുന്നു. ''-പേരു വെളിപ്പെടുത്താത്ത ഒരാളെ ഉദ്ധരിച്ച് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

 

 

10 കുട്ടികളാണ് ഇവിടെ കാറുകളില്‍ തണുത്തുവിറച്ച് മരിച്ചുപോയത്. 12 മുതിര്‍ന്നവരും. അതില്‍ പാക് പൊലീസിലെ ഒരുദ്യോഗസ്ഥനും ആറ് കുടുംബാംഗങ്ങളും പെടുന്നു. ഇസ്‌ലാമബാദ് പൊലീസിലെ ഉദ്യോഗസ്ഥനായ നവീദ് ഇഖ്ബാലും കുടുംബമാണ് കൊടും തണുപ്പില്‍ മരിച്ചത്. നിയാഗാലി മുര്‍റി പാതയിലാണ്, നൂറുകണക്കിന് വാഹനങ്ങള്‍ക്കൊപ്പം ഇവരുടെ വാഹനം പത്തു മണിക്കൂറോളാം കുടുങ്ങിക്കിടന്നത്. പുലര്‍ച്ചെ നാലു മണിക്കാണ് സഹപ്രവര്‍ത്തകനായ കൊഷാര്‍ സ്‌റ്റേഷനിലെ സ്റ്റഷന്‍ ഓഫീസര്‍ ഷബീര്‍ തനോലിയെ നവീദ് ഇഖ്ബാല്‍ വിളിച്ചത്. അയാളുടെ അവസാനത്തെ കോള്‍ ആയിരുന്നു അത്. ''എല്ലാ വഴികളും അടഞ്ഞു. കാറിന്റെ വാതില്‍ തുറക്കാനാവാത്ത അവസ്ഥയാണ്. ഇനി ഹീറ്റര്‍ ഓണ്‍ചെയ്ത് കിടക്കണം. ആരെങ്കിലും രക്ഷയ്ക്ക് എത്തിയാല്‍ രക്ഷപ്പെടും. ഇല്ലെങ്കില്‍ മരിക്കും.''നവീദ് ഇഖ്ബാല്‍ പറഞ്ഞതായി ഷബീര്‍ പറയുന്നു. 

''കുട്ടികള്‍ കരയുന്നത് കണ്ട് സഹിക്കാനാവുന്നില്ല. ഒന്നും കഴിക്കാനില്ല. ഭക്ഷണവും വെള്ളവുമില്ല. ഈ കാറില്‍ മാത്രമല്ല, മറ്റു കാറിലും കുട്ടികള്‍ വിശന്നു കരയുന്നത് കേള്‍ക്കാം. ഇതുവരെ മഞ്ഞ് നീക്കാന്‍ ഒരാളും ഇവിടെ എത്തിയിട്ടില്ല. പ്രതീക്ഷ കുറയുകയാണ്.''-മറ്റൊരു സുഹൃത്തിനോട് നവീദ് ഇഖ്ബാല്‍ ഇങ്ങനെ പറഞ്ഞതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നവീദിനെ കൂടാതെ 18 കാരിയായ മകള്‍ ഷഫാഖ്, 13 കാരിയായ മകള്‍ ദുഅ, 10 വയസ്സുള്ള ഇഖ്‌റ, അഞ്ചു വയസ്സുകാരനായ മകന്‍ അഹമ്മദ്, നവീദിന്റെ സഹോദരി കുര്‍റത്തുല്‍ ഐന്‍, മകള്‍ രണ്ടു വയസ്സുകാരി ഹൂറിയ, ഒമ്പതു വയസ്സുള്ള മകന്‍ അയാന്‍ എന്നിവരെയാണ് പിറ്റേന്ന് രാവിലെ തണുത്തു മരവിച്ച് മരിച്ച നിലയില്‍ കാറിനുള്ളില്‍ കാണപ്പെട്ടത്. 

പാക്കിസ്താനിലെ മഞ്ഞു പെയ്യുന്ന വിനോദ സഞ്ചാര കേന്ദ്രം കാണാനെത്തിയ വിനോദസഞ്ചാരികളാണ്  കനത്ത മഞ്ഞുവീഴ്ചയില്‍ കുടുങ്ങിയത്. ആയിരക്കണക്കിന് വാഹനങ്ങളാണ് ഇവിടെ കുടുങ്ങിക്കിടന്നത്. ഇവിടെ ദുരന്ത ബാധിതപ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്.  ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഖൈബര്‍ പഷ്തൂണ്‍ഖ്വായിലെ ഗാലിയാത്തില്‍ ഗതാഗതം നിരോധിച്ചു. ഇതുവരെ 23,000 വാഹനങ്ങള്‍ ഇവിടെനിന്നും രക്ഷപ്പെടുത്തിയതായി പാക് സൈന്യം അറിയിച്ചു. സൈനിക എഞ്ചിനീയറിംഗ് വിഭാഗം ഹൈവേയിലെ തടസ്സം നീക്കുന്നതിന് തീവ്രശ്രമം തുടരുകയാണ്. 

വടക്കന്‍ പാക്കിസ്താനിലെ പര്‍വ്വതനഗരമായ മുര്‍റിയിലാണ് ദുരന്തമുണ്ടായത്. കനത്ത മഞ്ഞുവീഴ്ചയുണ്ടായ ഈ പ്രദേശത്തേക്ക് കുറച്ചു ദിവസമായി വിനോദ സഞ്ചാരികളുടെ ഒഴുക്കാണ്. കഴിഞ്ഞ ദിവസങ്ങളിലായി ഒരു ലക്ഷത്തിലേറെ കാറുകളാണ് ഇവിടെ എത്തിയത്. അതിനിടയ്ക്കാണ്,  ദുരന്തമുണ്ടായത്.  

വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ് മുര്‍റി. എല്ലാ വര്‍ഷവും പാക്കിസ്താനിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് ഇവിടെ എത്തിച്ചേരാറുള്ളത്. ഈ വര്‍ഷവും അഞ്ച് ലക്ഷത്തിലേറെ സഞ്ചാരികള്‍ ഇവിടെ സന്ദര്‍ശിച്ചു മടങ്ങിയിട്ടുണ്ട്. അതിനിടെയാണ് മഞ്ഞുവീഴ്ച കനത്ത് വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ കുടുങ്ങിയത്.

click me!