സുഷമാ സ്വരാജ്, എന്നും ബിജെപിയുടെ ജനപ്രിയ മുഖം

By Web TeamFirst Published Aug 7, 2019, 11:24 AM IST
Highlights

സുഷമാ സ്വരാജ് നമ്മൾ സ്ഥിരം കണ്ടുവരുന്ന  വനിതാ ബിജെപി നേതാക്കളുടെ വാർപ്പിൽ പെടുന്ന ഒരാളായിരുന്നില്ല അവരെചുറ്റിപ്പറ്റി വല്ലാത്തൊരു 'ഗ്രെയ്‌സ്' എന്നുമുണ്ടായിരുന്നു.

സുഷമാ സ്വരാജ് നമ്മൾ സ്ഥിരം കണ്ടുവരുന്ന  വനിതാ ബിജെപി നേതാക്കളുടെ വാർപ്പിൽ പെടുന്ന ഒരാളായിരുന്നില്ല അവരെചുറ്റിപ്പറ്റി വല്ലാത്തൊരു 'ഗ്രെയ്‌സ്' എന്നുമുണ്ടായിരുന്നു. സ്ത്രീ പാര്‍ലമെന്‍റേറിയന്‍ എന്ന രീതിയിൽ സുഷമാ സ്വരാജ് എത്തിപ്പിടിച്ചത് അഭൂതപൂർവമായ നേട്ടങ്ങളാണ്. ഒരു പക്ഷേ, ഏറെ അസൂയാർഹമായവയും. 

ടീം മോദി വിജയശ്രീലാളിതരായി പാർലമെന്റിന്റെ അകത്തളത്തിലെത്തിയപ്പോൾ അത് കണ്ടു സന്തോഷിക്കാൻ സന്ദർശക ഗാലറിയിൽ പ്രമുഖരുടെ ഒരു വൻനിര തന്നെയുണ്ടായിരുന്നു. അക്കൂട്ടത്തിൽ ഒന്നാം നിരയിൽ തന്നെ വന്നിരിക്കാൻ വേണ്ടി സുഷമാ സ്വരാജ് എന്ന മുൻ ബിജെപി എംപി എത്തിയപ്പോൾ ഹർഷാരവങ്ങളോടെയാണ് അവരെ സഭ സ്വീകരിച്ചത്. എന്തെങ്കിലും നിവൃത്തിയുണ്ടായിരുന്നെങ്കിൽ മോദി തന്റെ മന്ത്രിസഭയിൽ ഈ പരിചയസമ്പന്നയായ മുൻ സഹപ്രവർത്തകയെക്കൂടി ഉൾക്കൊള്ളിച്ചേനെ. പക്ഷേ, ആരോഗ്യപരമായ കാരണങ്ങളാൽ ഇക്കുറി അധികാരത്തിനായുള്ള മത്സരങ്ങളിൽ നിന്നെല്ലാം ഒരു വിളിപ്പാടകലെയാണ് സുഷമാ സ്വരാജ് നിലയുറപ്പിച്ചത്. ക്ഷയിച്ചുകൊണ്ടിരുന്ന ആരോഗ്യം കാരണം താൻ മത്സരിക്കുന്നില്ല എന്ന് അവർ നേരത്തേ തന്നെ മോദിയെയും അമിത് ഷായെയും ധരിപ്പിച്ചിരുന്നു. 

  
 
അവർക്ക് അസുഖമാണ് എന്നത് എല്ലാവർക്കും അറിവുണ്ടായിരുന്ന കാര്യമാണ്. തന്റെ കിഡ്‌നി മാറ്റിവെക്കാൻ പോവുകയാണ് എന്ന് അവർ തന്നെ തന്റെ ട്വിറ്റർ ഹാൻഡിലിലൂടെ വെളിപ്പെടുത്തുകയും ചെയ്തതാണ്. ചരിത്രപ്രധാനമായ തെരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങളുടെ കലാശക്കൊട്ടിലേക്ക് ബിജെപി ഇറങ്ങുമ്പോൾ, വളരെ ശ്രമകരമായ ആ ഓപ്പറേഷനു ശേഷം ആരോഗ്യം വീണ്ടെടുക്കുന്നേ ഉണ്ടായിരുന്നുള്ളൂ അവർ.  കിഡ്‌നി സംബന്ധമായ പ്രശ്നങ്ങൾ അവരെ അലട്ടാൻ തുടങ്ങിയിട്ട് നാളേറെയായിരുന്നു. അതിനിടയിലും അവർ അതൊന്നും മുഖത്ത് പ്രകടിപ്പിക്കാതെയാണ് പാക്കിസ്ഥാനികളെയും, ചൈനക്കാരെയും, അമേരിക്കക്കാരെയും മറ്റും ഐക്യരാഷ്ട്ര സഭയിലും മറ്റു സമ്മേളന വേദികളിലും നേരിട്ട് ഇന്ത്യയുടെ നയങ്ങൾ മുറുകെപ്പിടിച്ചു കൊണ്ട് പ്രവർത്തിച്ചിരുന്നത്. ഒരൊറ്റ ട്വീറ്റിന്റെ പുറത്തുപോലും പലർക്കും സുഷമാ സ്വരാജ് എന്ന മന്ത്രിയുടെ ശ്രദ്ധ തങ്ങളുടെ പ്രവാസജീവിതത്തിലെ ദുരിതങ്ങളിലേക്ക് ആകർഷിക്കാനും അതിന് ത്വരിതഗതിയിലുള്ള പരിഹാരങ്ങൾ നേടിയെടുക്കാനും സുഷമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 

സുഷമാ സ്വരാജ് എന്ന വിദേശകാര്യമന്ത്രിയെപ്പറ്റി രാഷ്ട്രീയ എതിരാളികൾ പല അപവാദങ്ങളും പറഞ്ഞു പരത്തി.വിദേശനയങ്ങളൊക്കെ മോദിയാണ് തീരുമാനിക്കുന്നത്. മോദിയുടെ കയ്യിലെ തോൽപ്പാവയാണ് സുഷമ. വെറും പാസ്പോർട്ട്, ഇമിഗ്രേഷൻ പ്രശ്നങ്ങൾ പരിഹരിക്കാൻ മാത്രമേ അവരെക്കൊണ്ടാവൂ അങ്ങനെ എന്തൊക്കെ..! അതൊന്നും കാര്യമാക്കാതെ സുഷമ തന്റെ പ്രവർത്തനങ്ങളിൽ മുഴുകിയിരുന്നു അന്നൊക്കെ.  അന്താരാഷ്ട്ര തലത്തിൽ സുഷമാ സ്വരാജ് എന്ന ഇന്ത്യൻ വിദേശകാര്യമന്ത്രി സ്വന്തം കാര്യപ്രാപ്തിയുടെ പേരിൽ എന്നും അഭിനന്ദനങ്ങൾ മാത്രം  ഏറ്റുവാങ്ങിക്കൊണ്ടേയിരുന്നു. 


1952  ഫെബ്രുവരി 14-ന് അംബാലയിലെ അറിയപ്പെടുന്നൊരു സംഘപരിവാർ കുടുംബത്തിലായിരുന്നു സുഷമയുടെ ജനനം. മികച്ചൊരു അഭിഭാഷക എന്ന നിലയിലായിരുന്നു അവർ ആദ്യം അറിയപ്പെട്ടിരുന്നത്. എഴുപതുകളുടെ തുടക്കത്തിലായിരുന്നു സുഷമാ സ്വരാജിന്റെ രാഷ്ട്രീയ പ്രവേശം. അടിയന്തരാവസ്ഥക്കാലത്ത് ജോർജ് ഫെർണാണ്ടസിനു വേണ്ടി കുപ്രസിദ്ധമായ 'ബറോഡാ ഡൈനാമൈറ്റ് കേസ്' വാദിക്കാനെത്തിയതോടെ ഈ 'തീപ്പൊരി' വക്കീലിനെ രാജ്യം ഗൗരവത്തിൽ എടുത്തു. ജോർജ്ജ് ഫെർണാണ്ടസുമായി വളരെ അടുപ്പമുള്ള ഒരാളായിരുന്നു സുഷമയുടെ ഭർത്താവ് സ്വരാജ് കൗശൽ. 1977-ൽ തന്റെ ഇരുപത്തിയേഴാമത്തെ വയസ്സിൽ ഹരിയാനയിലെ ദേവിലാലിന്റെ ജനതാ പാർട്ടി ഗവൺമെന്റിൽ തൊഴിൽ വകുപ്പ് മന്ത്രിയായി സുഷമ. അതോടെ ഏറ്റവും പ്രായം കുറഞ്ഞ കാബിനറ്റ് മിനിസ്റ്റർ എന്ന നേട്ടം സുഷമയെ തേടിയെത്തി. 1987-ൽ ഹരിയാനയിൽ ജനതാ പാർട്ടി-ലോക് ദൾ സഖ്യകക്ഷി സർക്കാർ വന്നപ്പോൾ സുഷമയായിരുന്നു  വിദ്യാഭ്യാസമന്ത്രി. 

 
'സുഷമാ സ്വരാജ് ദേവിലാലിനൊപ്പം ' 
 
ഒരുപാട് അദ്ധ്വാനിച്ചു തന്നെയാണ് സുഷമാ സ്വരാജ് രാഷ്ട്രീയത്തിൽ തനിക്കായി ഒരിടമുണ്ടാക്കിയെടുത്തത്. പുരുഷന്മാരുടെ ആധിപത്യമുള്ള രാഷ്ട്രീയം പോലൊരു മേഖലയിൽ കാര്യമായ കുടുംബപാരമ്പര്യങ്ങളൊന്നും അവകാശപ്പെടാനില്ലായിരുന്നു സുഷമയമ്മ. എന്നിരുന്നാലും, പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടി ഏൽപ്പിച്ച ദൗത്യങ്ങളൊക്കെയും പുഞ്ചിരിച്ചുകൊണ്ടുതന്നെ ഏറ്റെടുത്തിരുന്നു. ഉള്ളി വില തലയ്ക്കുമീതെ നിൽക്കുന്ന കാലത്ത്, പാർട്ടിപറഞ്ഞതുകൊണ്ടുമാത്രം, ദില്ലിയുടെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തയാളാണ്. അതിന്റെ പേരിലുള്ള ആക്രമണങ്ങളൊക്കെയും ഏറ്റുവാങ്ങി പിടിച്ചുനിന്നു അന്നവർ. അതുപോലെ 1999-ൽ സോണിയാ ഗാന്ധിയെ നേരിടാനായി അവർ കഷ്ടപ്പെട്ട് കന്നഡപോലും പഠിച്ചെടുത്തു. അവിടെയും നല്ലൊരു പോരാട്ടം തന്നെ കാഴ്ച്ചവെക്കാൻ അവർക്കായി എങ്കിലും, അന്ന് സോണിയയോട് ജയിക്കാനായില്ല. 

'ചന്ദ്രശേഖറിനോപ്പം ദില്ലി നിയമസഭയ്ക്കുള്ളിൽ'  

തന്റെ രാഷ്ട്രീയ ജീവിതത്തിൽ സുഷമാ സ്വരാജ് ആകെ പതിനൊന്ന് തെരഞ്ഞെടുപ്പുകളെ നേരിട്ടിട്ടുണ്ട്. ജീവിതസായാഹ്നത്തിൽ വിരുന്നെത്തിയ പ്രമേഹം എന്ന വില്ലൻ വിലങ്ങുതടിയായി നിന്നില്ലായിരുനെങ്കിൽ തന്റെ അറുപത്തിയാറാമത്തെ വയസ്സിൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും അവർ ബിജെപിക്ക് വേണ്ടി മത്സരിച്ചേനെ. രണ്ടാം എൻഡിഎ സർക്കാരിൽ വിദേശകാര്യമന്ത്രി സ്ഥാനം വഹിക്കാൻ നരേന്ദ്രമോദിക്കോ അമിത് ഷായ്‌ക്കോ മറ്റൊരാളെപ്പറ്റി ആലോചിക്കേണ്ടിയും വരില്ലായിരുന്നു. അത്രയ്ക്കായിരുന്നു സുഷമാ സ്വരാജിന്റെ പൊതുജനസമ്മിതി. കുറച്ചു നാളുകളായി സുഷമയുടെ ആരോഗ്യ നില തൃപ്തികരമല്ലായിരുന്നു. 2016-ൽ നടത്തിയ വൃക്കമാറ്റൽ ശസ്ത്രക്രിയയോട് അവരുടെ  ശരീരം പൂർണ്ണമായും പൊരുത്തപ്പെട്ടു വരുന്നതേയുണ്ടായിരുന്നുള്ളൂ. അതിനിടെയാണ് അപ്രതീക്ഷിതമായി മരണം കാർഡിയാക് അറസ്റ്റിന്റെ രൂപത്തിൽ അവരെത്തേടിയെത്തുന്നത്. 

എല്ലാ രാഷ്ട്രീയക്കാർക്കും കപിൽ ദേവോ, സച്ചിൻ ടെണ്ടുൽക്കറോ, മഹേന്ദ്ര സിങ്ങ് ധോണിയോ ആവാൻ കഴിഞ്ഞെന്നുവരില്ല. ഒരു ക്രിക്കറ്റ് ടീമിനെപ്പോലെ തന്നെയാണ് ഒരു രാഷ്ട്രീയപ്പാർട്ടിയും. നല്ലൊരു ഇന്നിംഗ്‌സ് കെട്ടിപ്പടുക്കാൻ ഒരറ്റത്ത് രാഹുൽ ദ്രാവിഡിനെപ്പോലെ ഒരാളും അത്യാവശ്യമാണ്. അതായിരുന്നു ബിജെപിക്ക് സുഷമ സ്വരാജ്.   ക്ഷമയുടെ, സമാധാനത്തിന്റെ, നയതന്ത്രത്തിന്റെ വന്മതിൽ...! 

click me!