മറക്കരുത്, എല്ലാവർക്കും ഓണസദ്യ കഴിക്കാൻ സാധിച്ചതും പുതുവസ്ത്രം ധരിക്കാൻ സാധിച്ചതും ഇങ്ങനെയൊക്കെയാണ്...

By Speak UpFirst Published Sep 10, 2019, 3:11 PM IST
Highlights

തിരുവല്ലയിൽ നിന്നും ലഭ്യമായ 12-ാം നൂറ്റാണ്ടിലെ ലിഖിതത്തിലും ഓണസദ്യയുടെ വട്ടങ്ങളെ പറ്റി പരാമർശമുണ്ട്. സദ്യക്കുള്ള സാധനങ്ങളിൽ കുരമുളക്, ജീരകം, കായം, നാളികേരം, പച്ചക്കായ, വാഴപ്പഴം, ഉഴുന്ന്, പുളി, ഉപ്പ് എന്നിവയെ പറ്റി പ്രത്യേകമായി പറയുന്നുണ്ട്. 

എല്ലാവരും നാളത്തേക്ക് സദ്യ ഉണ്ടാക്കുന്ന തിരക്കിലാവും. പ്രളയബാധമൂലം ഓണമുണ്ണാൻ സാധിക്കാത്ത നൂറു കണക്കിന് സോദരർ നമുക്ക് ചുറ്റുമുണ്ട്. നാളെ ഇഞ്ചിക്കറി മുതൽ ആചാരം അനുസരിച്ചു സദ്യ വിളമ്പാൻ നമ്മളെല്ലാം ഉത്സാഹിക്കും. സദ്യവട്ടത്തിൽ ഒരു കറി കുറഞ്ഞുപോയാൽ നമുക്ക് എന്തോ അപൂർണതയാണ്. പക്ഷേ, ഇന്ന് നാം കഴിക്കുന്ന "കേരളീയ സദ്യ" കേരളീയമല്ല എന്ന് എത്രപേർക്കറിയും എന്നറിയില്ല. ഇന്ന് ഇലയിൽ കാണുന്ന എൺപതു ശതമാനം വിഭവങ്ങളും കേരളീയമല്ല. ഓണമുണ്ണുമ്പോൾ മറക്കാതിരിക്കാൻ ചില ചരിത്ര സത്യങ്ങൾ.

ഓണസദ്യയെ പറ്റി വളരെ പഴയ ഒരു പരാമർശം സ്ഥാണു രവിയുടെ പതിനേഴാം ഭരണവർഷത്തിലുള്ള തിരുവാറ്റുവായ് ചെപ്പേടിലാണുള്ളത് (CE 861). ആവണി ഓണം ആടുവാൻ ചേന്നൻ ചങ്കരൻ ദാനം ചെയ്ത ഭൂമിയുടെ വിവരം ദാനരേഖയിലുണ്ട്. ഊർമറൈയാരായ ബ്രാഹ്മണർക്ക് ഓണസദ്യ ഊട്ടുന്നതിനെ പറ്റിയാണ് സൂചന. തുടവു നെയ്യും പയറും ശർക്കരയും വാഴപ്പഴവും കൂട്ടിയുള്ള ഊട്ടിന്റെ വട്ടത്തെ പറ്റി തിരുവാറ്റുവായ് ചെപ്പേടിൽ വിവരണമുണ്ട്. 

തിരുവല്ലയിൽ നിന്നും ലഭ്യമായ 12-ാം നൂറ്റാണ്ടിലെ ലിഖിതത്തിലും ഓണസദ്യയുടെ വട്ടങ്ങളെ പറ്റി പരാമർശമുണ്ട്. സദ്യക്കുള്ള സാധനങ്ങളിൽ കുരമുളക്, ജീരകം, കായം, നാളികേരം, പച്ചക്കായ, വാഴപ്പഴം, ഉഴുന്ന്, പുളി, ഉപ്പ് എന്നിവയെ പറ്റി പ്രത്യേകമായി പറയുന്നുണ്ട്. ഓണ ദിവസം രാവിലെ ദേവന് 25 പറ അരി കൊണ്ടുള്ള ചോറു വേണമെന്ന് തിരുവല്ലാ ലിഖിതത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇപ്പറഞ്ഞതെല്ലാം ബ്രാഹ്മണരുടെ ക്ഷേത്രവുമായി ബന്ധപ്പെട്ട സദ്യവട്ടങ്ങളാണ്. ഇന്ന് പ്രസിദ്ധമായ സദ്യവട്ടം ക്ഷേത്രരേഖകളിൽ കാണുന്നില്ല. കേരളീയ ഓണസദ്യ തന്നെ നിരവധി സാംസ്കാരിക ആധാന പ്രദാനത്തിലൂടെ രൂപം കൊണ്ടതാണെന്ന് ചരിത്രം പരിശോധിച്ചാലറിയാം. 

സദ്യയിലെ പ്രധാന കറിയായ സാമ്പാർ വന്നിട്ട് പോലും അധികകാലം ആയിട്ടില്ല. തഞ്ചാവൂരിലെ ശരഭോജി രാജാക്കന്മാരുടെ കാലത്താണ് സാമ്പാർ ദക്ഷിണേന്ത്യൻ പരിസരത്ത് ഇടം പിടിച്ചത്. മഹാരാഷ്ട്രക്കാരുടെ ദാൽ സാമ്പാർ, ദക്ഷിണേന്ത്യക്കാർ കായം കൂടി ചേർത്ത് വിപുലീകരിക്കുകയായിരുന്നു. മലയാളികളുടെ ഓരോ കറികളുടെയും പലഹാരങ്ങളുടെയും പിന്നിൽ ഇത്തരം സുദീർഘമായ ഒരു ചരിത്രമുണ്ട്. 

സവർണ്ണ മാടമ്പിമാർ അമൃതേത്ത് ഭുജിച്ച് വന്നപ്പോൾ ദളിതരും അതിശൂദ്രരും കേരളത്തിൽ കരിക്കാടി കുടിക്കാനാണ് വിധിക്കപ്പെട്ടത്. പപ്പടം പൊരിച്ച് തിന്നതിന് പോലും സവർണ്ണർ അവർണരെ ശിക്ഷിച്ചിരുന്നു എന്ന് പി ഭാസ്കരനുണ്ണി എഴുതുന്നുണ്ട്. പുതുവസ്ത്രം ധരിക്കാൻ പോലും അവർണരെ അനുവദിച്ചിരുന്നില്ല. പുതിയ വസ്ത്രം കിട്ടിയാൽ പോലും അതിൽ അഴുക്കു പുരട്ടി മാത്രമേ ധരിക്കാൻ പാടുള്ളൂ എന്ന് ബ്രാഹ്മണർ തീട്ടൂരം ഇറക്കിയിരുന്നു. 

എല്ലാവർക്കും ഓണസദ്യ കഴിക്കാൻ സാധിച്ചതും പുതുവസ്ത്രം ധരിക്കാൻ സാധിച്ചതിനും പിന്നിൽ നിരവധി സമരങ്ങളുടെ ചരിത്രമുണ്ട്. മഹാത്മാ അയ്യൻകാളിയും നാരായണ ഗുരുവും തുടങ്ങി നിരവധി നവോത്ഥാന നായകന്മാരുടെ തുടർച്ചയായ പ്രവർത്തനങ്ങളുടെ ഫലമായി രൂപം കൊണ്ട ജനാധിപത്യ ഇടത്തിലാണ് നാം ഓണം ആഘോഷിക്കുന്നതെന്ന് മറന്നു പോകരുത്. അയ്യൻകാളിയെ പോലുള്ള വലിയ മനുഷ്യർ ഇല്ലായിരുന്നുവെങ്കിൽ പൊതു ഇടത്തിൽ പ്രവേശിക്കാൻ പോലും കഴിയുകയില്ലായിരുന്നു. പപ്പടം വറത്തു തിന്നതിന് അവർണർ ശിക്ഷിക്കപ്പെട്ട നാട്ടിൽ, സദ്യ കഴിച്ചാലുള്ള അവസ്ഥ പറയാനില്ല. ഇന്നതിന് നമുക്ക് സാധിച്ചത് അയ്യൻകാളിയും നാരായണ ഗുരുവും ചേർന്ന് സൃഷ്ടിച്ച വിസ്തൃതമാക്കിയ ഒരു ജനാധിപത്യ ഭൂപടം നമുക്കുള്ളതുകൊണ്ടാണ്. ഓണസദ്യ കഴിക്കുമ്പോൾ നാം ഇതൊന്നും മറക്കാൻ പാടില്ല.

എല്ലാ മലയാളികൾക്കും ഉള്ളത് കൊണ്ട് ഓണം ആഘോഷിക്കാൻ സാധിക്കട്ടെ.

click me!