അന്ന് ഇന്റർനെറ്റ് നിരോധിച്ചു, ഇന്ന് സോഷ്യൽ മീഡിയ തങ്ങളുടെ പ്രചാരണായുധമാക്കി താലിബാൻ, പ്രത്യേകസംഘം, സ്റ്റുഡിയോ

By Web TeamFirst Published Sep 7, 2021, 12:24 PM IST
Highlights

താലിബാന്‍ ഇത്തരം അതിക്രമങ്ങളും വേട്ടയാടലുകളും ഉണ്ടാകില്ലെന്ന് വാഗ്ദ്ധാനം ചെയ്തിട്ടുണ്ട് എങ്കിലും അത് എത്രത്തോളം പാലിക്കപ്പെടും എന്ന കാര്യത്തില്‍ രാജ്യത്തിനകത്ത് ഉള്ളവര്‍ക്കോ പുറത്ത് ഉള്ളവര്‍ക്കോ യാതൊരു ഉറപ്പുമില്ല. മാത്രവുമല്ല, നിരവധി ആക്രമണങ്ങളുടെ വാർത്തകളും പുറത്ത് വരുന്നുണ്ട്. 

മേയ് തുടക്കത്തിലാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും യുഎസ്, നാറ്റോ ശക്തികള്‍ പിന്‍വാങ്ങിത്തുടങ്ങിയത്. അപ്പോൾ മുതല്‍ താലിബാന്‍ അഫ്ഗാന്‍ ദേശീയ സുരക്ഷാ ശക്തിക്കെതിരെ പ്രതിരോധം ശക്തമാക്കി. പക്ഷേ, അതിനൊപ്പം അവര്‍ ആരും അത്ര പ്രതീക്ഷിക്കാത്ത മറ്റൊരു കാര്യം കൂടി ചെയ്തു. തങ്ങളുടെ സോഷ്യല്‍ മീഡിയയിലുള്ള സാന്നിധ്യം ഉറപ്പിച്ചു. സോഷ്യൽ മീഡിയാ അക്കൗണ്ടുകളുടെ ഒരു ശൃംഖല തന്നെ ഇതേ തുടർന്നുണ്ടായി. അവ കാബൂൾ സർക്കാരിന്റെ പരാജയം ഉയർത്തിക്കാട്ടുകയും താലിബാന്റെ നേട്ടങ്ങളെ പ്രശംസിക്കുകയും ചെയ്തു. 

ട്വീറ്റുകൾ താലിബാന്റെ സമീപകാല വിജയങ്ങളെ പ്രശംസിച്ചു. #kabulregimecrimes (അഫ്ഗാൻ സർക്കാരിനെ യുദ്ധക്കുറ്റങ്ങൾ ആരോപിക്കുന്ന ട്വീറ്റുകൾക്കൊപ്പം) ഉൾപ്പെടെ നിരവധി ഹാഷ്‌ടാഗുകൾ ഉണ്ടായി. #westandwithTaliban, #ﻧَﺼْﺮٌ_ﻣٌِﻦَ_اللهِ_ﻭَﻓَﺘْﺢٌ_ﻗَﺮِﻳﺐٌ (ദൈവത്തിൽ നിന്നുള്ള സഹായവും വിജയവും അടുത്തു) തുടങ്ങിയ ഹാഷ്ടാഗുകള്‍ അഫ്ഗാനിസ്ഥാനില്‍ ട്രെന്‍ഡ് ചെയ്തു. ഈ സാഹചര്യത്തെ തുടര്‍ന്ന് അഫ്ഗാനിസ്ഥാന്‍റെ അപ്പോഴത്തെ വൈസ് പ്രസിഡണ്ട് അംമ്രുള്ള സലേഹിന് താലിബാന്‍റെ നേട്ടങ്ങളെ കുറിച്ച്, സോഷ്യല്‍ മീഡിയ വഴിയുള്ള വ്യാജ പ്രചരണങ്ങളില്‍ വഞ്ചിതരാകരുത് എന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നല്‍കേണ്ടി വന്നു. സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളൊന്നും തന്നെ പങ്കുവയ്ക്കരുത് എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

ആധുനിക സാങ്കേതിക വിദ്യകളോട് സ്വതവേ താലിബാന് എതിര്‍പ്പാണ് എന്നാണ് പറഞ്ഞ് വരുന്നത്. എന്നാല്‍, നിലവില്‍ തങ്ങളുടെ ആശയങ്ങളും മറ്റും പ്രചരിപ്പിക്കാന്‍ അവര്‍ സാമൂഹിക മാധ്യമങ്ങളടക്കം വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയിരിക്കുകയാണ്. 1996 -ൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ ആദ്യമായി അധികാരത്തിൽ വന്നപ്പോൾ അവർ ഇന്റർനെറ്റ് നിരോധിക്കുകയും ടെലിവിഷൻ സെറ്റുകളും ക്യാമറകളും വീഡിയോ ടേപ്പുകളും പിടിച്ചെടുക്കുകയോ നശിപ്പിക്കുകയോ ചെയ്യുകയും ചെയ്തിരുന്നു. 2005 -ൽ, ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് താലിബാന്റെ ഔദ്യോഗിക വെബ്സൈറ്റ്, 'അൽ -ഇമാറ' ആരംഭിച്ചു, ഇപ്പോൾ ഇംഗ്ലീഷ്, അറബിക്, പഷ്തോ, ദാരി, ഉർദു എന്നീ അഞ്ച് ഭാഷകളിൽ അവ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നു. ഓഡിയോ, വീഡിയോ, എഴുത്ത് എന്നിവ പരിശോധിക്കുന്നതിന് അവരുടെ വക്താവ് സബീഹുല്ല മുജാഹിദിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാന്റെ (IEA) സാംസ്കാരിക കമ്മീഷനാണ് മേൽനോട്ടം വഹിക്കുന്നത്.

സബീഹുല്ല മുജാഹിദിന്റെ ആദ്യ ട്വിറ്റർ അക്കൗണ്ട് കമ്പനി താൽക്കാലികമായി നിർത്തിവച്ചിരുന്നു. എന്നാൽ, അയാളുടെ പുതിയ അക്കൗണ്ട് - 2017 മുതൽ സജീവമാണ് - 371,000 -ൽ അധികം ഫോളോവേഴ്‌സ് ഉണ്ട്. താലിബാൻ ആശയങ്ങൾ ഓൺലൈനിൽ പ്രചരിപ്പിക്കുന്ന ഒരു സന്നദ്ധസേവക സംഘമാണ് അയാള്‍ക്ക് കീഴിലുള്ളത്. IEA യുടെ സോഷ്യൽ മീഡിയ ഡയറക്ടർ ഖാരി സയീദ് ഖോസ്തിയാണ് എന്നും അയാളാണ് സോഷ്യല്‍ മീഡിയ കാര്യങ്ങളെല്ലാം നോക്കുന്നത് എന്നും കരുതപ്പെടുന്നു. 

താലിബാൻ ഹാഷ്‌ടാഗുകൾ ട്രെൻഡുചെയ്യാൻ ശ്രമിക്കുന്നതിനൊപ്പം വാട്ട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലും സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനായും ട്വിറ്ററിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായും പ്രത്യേകം ഗ്രൂപ്പുകളുണ്ടെന്ന് ബി‌ബി‌സിയോട് ഖോസ്തി പറഞ്ഞു. “ഞങ്ങളുടെ ശത്രുക്കൾക്ക് ടെലവിഷനും റേഡിയോയും സോഷ്യൽ മീഡിയയിൽ വെരിഫൈഡ് അക്കൗണ്ടുകളും ഉണ്ടായിരുന്നു. ഞങ്ങൾക്ക് ഒന്നുമില്ല, എന്നിട്ടും ഞങ്ങൾ അവരുമായി ട്വിറ്ററിലും ഫേസ്ബുക്കിലും പോരാടി അവരെ തോൽപ്പിച്ചു” എന്നും ഖോസ്തി പറഞ്ഞു. താലിബാന്‍റെ പ്രത്യയശാസ്ത്രത്തിലേക്ക് ആകൃഷ്ടരായി അതിൽ ചേർന്ന ആളുകളെ കൂടെ നിര്‍ത്തുക. അവരെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്ക് കൊണ്ടുവന്ന് തങ്ങളുടെ സന്ദേശം പ്രചരിപ്പിക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് തന്റെ ജോലിയെന്നും ഇയാള്‍ പറയുന്നു. 

അഫ്ഗാനിസ്ഥാനിൽ 8.6 ദശലക്ഷം ഇന്റർനെറ്റ് ഉപയോക്താക്കളുണ്ട്. നെറ്റ്‌വർക്ക് കവറേജും ഡാറ്റയുടെ പരിമിതിയും ഒരു പ്രധാന വെല്ലുവിളിയായി തുടരുന്നു. IEA സോഷ്യൽ മീഡിയ ടീം പ്രതിമാസം 1,000 അഫ്ഗാനിസ് (£ 8.33; $ 11.51) ടീം അംഗങ്ങൾക്കായി ഓണ്‍ലൈനില്‍ ഇത്തരം സന്ദേശം പ്രചരിപ്പിക്കാനായി നല്‍കുന്നു എന്നും ഖോസ്തി പറയുന്നു. എല്ലാ സൗകര്യങ്ങളും ഉള്ള മള്‍ട്ടിമീഡിയ സ്റ്റുഡിയോകളും തങ്ങള്‍ക്കുണ്ട്. അവിടെ വീഡിയോ, ഓഡിയോ, മറ്റ് ഉള്ളടക്കം എന്നിവ തയ്യാറാക്കാനാുള്ള സൗകര്യമുണ്ട് എന്നും ഇയാള്‍ വിശദീകരിക്കുന്നു. താലിബാനികളെ പ്രകീർത്തിക്കുന്ന ഉയർന്ന നിലവാരമുള്ള പ്രചാരണ വീഡിയോകളും വിദേശ, ദേശീയ ശക്തികൾക്കെതിരെയുള്ള അവരുടെ ആക്രമണങ്ങളും ഒക്കെയാണ് ഇവിടെ തയ്യാറാക്കുന്നതത്രെ. അവരുടെ യൂട്യൂബിലും അൽ-ഇമാറ വെബ്സൈറ്റുകളിലും വ്യാപകമായി ഇവ ലഭ്യമാണ്.

ഗ്രൂപ്പ് സ്വതന്ത്രമായി ട്വിറ്ററിലും യൂട്യൂബിലും ഇവ പ്രസിദ്ധീകരിക്കുന്നു. എന്നാൽ, ഫേസ്ബുക്ക് 'താലിബാൻ ഒരു അപകടകരമായ സംഘടനയാണ്' എന്ന് പ്രഖ്യാപിക്കുകയും അവയുമായി ബന്ധപ്പെട്ട അക്കൗണ്ടുകളും പേജുകളും ഇടയ്ക്കിടെ നീക്കം ചെയ്യുകയും ചെയ്യുന്നുണ്ട്. താലിബാൻ ഉള്ളടക്കം അതിന്റെ പ്ലാറ്റ്ഫോമുകളിൽ നിന്ന് നിരോധിക്കുന്നത് തുടരുമെന്ന് ഫേസ്ബുക്ക് അറിയിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഫേസ്ബുക്കിലെ നിലനില്‍പ് ബുദ്ധിമുട്ടാണ് എന്നും ട്വിറ്ററിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നുമാണ് ഖോസ്തി പറയുന്നത്. 

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഹഖാനി നെറ്റ്‌വർക്കിനെ ഒരു അന്താരാഷ്ട്ര തീവ്രവാദ ഗ്രൂപ്പായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, അവരുടെ നേതാവ് അനസ് ഹഖാനിക്കും ഗ്രൂപ്പിലെ പല അംഗങ്ങൾക്കും ആയിരക്കണക്കിന് ഫോളോവേഴ്‌സുള്ള ട്വിറ്റർ അക്കൗണ്ടുകളുണ്ട്. 2020 ഫെബ്രുവരിയിൽ താലിബാൻ ഉപനേതാവായ സിറാജുദ്ദീൻ ഹഖാനി ന്യൂയോർക്ക് ടൈംസില്‍ ഒരു അഭിപ്രായ ലേഖനം എഴുതിയിരുന്നു. അത് പ്രചരിപ്പിക്കാന്‍ ട്വിറ്റർ ഉപയോഗിക്കാൻ തീരുമാനിച്ചതായി താലിബാന്റെ സോഷ്യൽ മീഡിയാ ടീമിലെ ഒരു അംഗം ബിബിസിയോട് പറഞ്ഞു. ട്വിറ്ററിലെ മിക്ക സജീവ താലിബാൻ അക്കൗണ്ടുകളും അതിനുശേഷം സൃഷ്ടിക്കപ്പെട്ടതാണ്. 

"മിക്ക അഫ്ഗാനികൾക്കും ഇംഗ്ലീഷ് മനസ്സിലാകില്ല. പക്ഷേ കാബൂൾ ഭരണകൂടത്തിന്റെ നേതാക്കൾ ട്വിറ്ററിൽ ഇംഗ്ലീഷിൽ സജീവമായി ആശയവിനിമയം നടത്തി. കാരണം അവരുടെ പ്രേക്ഷകർ അഫ്ഗാനികളല്ല, അന്താരാഷ്ട്ര സമൂഹമാണ്" എന്നും ഇയാള്‍ പറഞ്ഞു. പതിനായിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള ടീം അംഗങ്ങൾക്ക്  അയൽരാജ്യങ്ങളുടെ വിദേശ നയ വിഷയങ്ങളിൽ അഭിപ്രായം പറയരുത് എന്നാണ് താലിബാന്റെ മാര്‍ഗനിര്‍ദ്ദേശം. അയല്‍രാജ്യങ്ങളുമായുള്ള ബന്ധം തകരാനിത് ഇടയാക്കുമെന്ന തോന്നലിലാണത്രെ ഈ മാര്‍ഗനിര്‍ദ്ദേശം. 

മുൻകാലങ്ങളിൽ, താലിബാൻ തങ്ങളുടെ നേതാക്കളുടെയും മറ്റ് അനുയായികളുടെയും വ്യക്തിത്വത്തെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ചിരുന്നു. ഗ്രൂപ്പിന്റെ സ്ഥാപകനായ മുല്ല ഒമറിന്റെ വ്യക്തമായ ചിത്രങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍, ഇന്ന്, അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം നേടാനുള്ള ശ്രമത്തിൽ, അവരുടെ നേതൃത്വം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുക മാത്രമല്ല, സോഷ്യൽ മീഡിയയിൽ അവരെ വളരെയധികം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കാബൂളിന്റെ പതനത്തിന് തൊട്ടുപിന്നാലെ അതുവരെ ഗ്രൂപ്പിന്റെ രഹസ്യ വക്താവായിരുന്ന സബിഹുല്ല മുജാഹിദ് ഒരു പത്രസമ്മേളനത്തിൽ പ്രത്യക്ഷപ്പെട്ടു. ആ സമയത്ത് പല താലിബാൻ ട്വിറ്റർ അക്കൗണ്ടുകളുടെയും പ്രൊഫൈൽ ചിത്രങ്ങളും അയാളുടെ ചിത്രങ്ങളായി മാറി.

അതേ സമയം, താലിബാനെതിരെ അന്താരാഷ്ട്ര ശക്തികൾക്കും സംഘടനകൾക്കും മാധ്യമങ്ങൾക്കും മറ്റുള്ളവർക്കും വിവരം നൽകാനും മറ്റും പ്രവർത്തിച്ച നിരവധി അഫ്ഗാൻ പൗരന്മാർ ഇപ്പോൾ തങ്ങളെ താലിബാന്‍ ലക്ഷ്യമിടുമെന്ന ഭയത്തിലാണ്. ഇതേത്തുടർന്ന് ഇവരും സോഷ്യൽ മീഡിയയിൽ വിമർശനമുന്നയിച്ച ആളുകളും ഭയന്ന് അവരുടെ അക്കൗണ്ടുകൾ നിർജ്ജീവമാക്കുകയാണ്. 

മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്‍റര്‍നാഷണലും ഹ്യുമന്‍ റൈറ്റ്സ് വാച്ചും പറയുന്നത് താലിബാന്‍ പ്രതികാരനടപടിയായി ഇത്തരം ആളുകളെ തിരയുകയും കൊലപ്പെടുത്തുകയും ചെയ്യുന്നുണ്ട് എന്നാണ്. അഫ്ഗാനിസ്ഥാനിലെ ആളുകൾക്ക് അവരുടെ അക്കൗണ്ട് വേഗത്തിൽ ലോക്ക് ചെയ്യാനുള്ള ഒരു 'ഒറ്റ-ക്ലിക്ക് ടൂൾ' ഫേസ്ബുക്ക് തുടങ്ങിയിട്ടുണ്ട്. സുഹൃത്തല്ലാത്ത ആളുകള്‍ക്ക് അവരുടെ വിശദാംശങ്ങൾ ഒന്നും ലഭ്യമാക്കാത്ത തരത്തിലുള്ളതാണ് ഇത്. അഫ്ഗാനിലുള്ളവരുടെ ഫ്രണ്ട്സ് ലിസ്റ്റ് കാണുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായും സൈറ്റ് അറിയിച്ചിരുന്നു. 

താലിബാന്‍ ഇത്തരം അതിക്രമങ്ങളും വേട്ടയാടലുകളും ഉണ്ടാകില്ലെന്ന് വാഗ്ദ്ധാനം ചെയ്തിട്ടുണ്ട് എങ്കിലും അത് എത്രത്തോളം പാലിക്കപ്പെടും എന്ന കാര്യത്തില്‍ രാജ്യത്തിനകത്ത് ഉള്ളവര്‍ക്കോ പുറത്ത് ഉള്ളവര്‍ക്കോ യാതൊരു ഉറപ്പുമില്ല. മാത്രവുമല്ല, നിരവധി ആക്രമണങ്ങളുടെ വാർത്തകളും പുറത്ത് വരുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ​ഗർഭിണിയായ ഒരു പൊലീസുകാരി കൊല്ലപ്പെട്ടത്. പിന്നിൽ താലിബാനാണ് എന്ന് കുടുംബം പറഞ്ഞിരുന്നു. താലിബാൻ ഇത് നിഷേധിച്ചുവെങ്കിലും കുടുംബം പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണ്. 

അതേസമയം തന്നെ ഒരിക്കല്‍ എതിര്‍ത്തിരുന്ന അതേ സാങ്കേതിക വിദ്യകളുപയോഗിച്ച് കൊണ്ട് തന്നെ തങ്ങളെ ലോകശ്രകദ്ധയിൽ എത്തിക്കാനുള്ള ശ്രമത്തിലുമാണ് ഇപ്പോള്‍ താലിബാന്‍. തങ്ങളെ കുറിച്ച് ലോകത്തിനുള്ള ധാരണകളെ തിരുത്തിക്കുറിക്കാനുള്ള ഒരായുധമാക്കി സാമൂഹികമാധ്യമങ്ങളെ ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് എന്നാണ് സോഷ്യല്‍ മീഡിയാ ടീമിലെ ഒരു അംഗം പറയുന്നത്. താലിബാനെ കുറിച്ച് ലോകത്തിനുള്ള എല്ലാ ബോധ്യങ്ങളും തിരുത്തും എന്നും ഇയാള്‍ പറഞ്ഞതായി ബിബിസി എഴുതുന്നു. ഒരുകൂട്ടം ജനങ്ങൾ തങ്ങളുടെ നിലനിൽപ്പിനെ കുറിച്ച് തന്നെ ഭയത്തിൽ കഴിയുമ്പോൾ എല്ലാ തരത്തിലും നിലയുറപ്പിക്കാനുള്ള ശ്രമത്തിൽ തന്നെയാണ് താലിബാൻ. 

click me!