താലിബാന്റെ കണ്ണിലെ കരടായ സര്‍വകലാശാലാ അധ്യാപകനെ ജയിലിലടച്ച് നാലാം നാള്‍ വിട്ടയച്ചു

By Web TeamFirst Published Jan 12, 2022, 6:12 PM IST
Highlights

അദ്ദേഹത്തിന്റെ മോചനത്തിനായി ട്വിറ്ററില്‍ ലോകവ്യാപക പ്രചാരണം നടന്നുവരികയായിരുന്നു. അതിനിടെയാണ്, നാലു ദിവസത്തെ ജയില്‍വാസത്തിനു ശേഷം അദ്ദേഹത്തെ മോചിപ്പിച്ചത്. 

താലിബാന്‍ സര്‍ക്കാറിന്റെ കടുത്ത വിമര്‍ശകനായ അഫ്ഗാന്‍ സര്‍വകലാശാലാ പ്രൊഫസറെ ജയിലില്‍നിന്നും മോചിപ്പിച്ചു. കഴിഞ്ഞ ആഴ്ച ഒളിവിടത്തില്‍നിന്നും പിടിച്ചുകൊണ്ടുപോയി ജയിലിലടച്ച പ്രൊഫ. ഫൈസുല്ലാ ജലാലിനെയാണ് മോചിച്ചത്. പ്രൊഫ. ജലാലിന്റെ മകള്‍ ഹസീന ജലാലാണ് ഇക്കാര്യം അറിയിച്ചത്. 

താലിബാനും സര്‍ക്കാറിനുമെതിരെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നു എന്നാരോപിച്ചാണ് അദ്ദേഹത്തെ കഴിഞ്ഞ ശനിയാഴ്ച വീട്ടില്‍ കയറി അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ മോചനത്തിനായി ട്വിറ്ററില്‍ ലോകവ്യാപക പ്രചാരണം നടന്നുവരികയായിരുന്നു. അതിനിടെയാണ്, നാലു ദിവസത്തെ ജയില്‍വാസത്തിനു ശേഷം അദ്ദേഹത്തെ മോചിപ്പിച്ചത്. ട്വിറ്ററിലൂടെയാണ് ഹസീന ജലാല്‍ ഇക്കാര്യം അറിയിച്ചത്. 'അകാരണമായി തടങ്കലില്‍വെച്ച പിതാവിനെ നാലു ദിവസങ്ങള്‍ക്കു ശേഷം മോചിപ്പിച്ചതായി ഞാന്‍ സ്ഥീരീകരിക്കുന്നു' എന്നായിരുന്നു അവരുടെ ട്വീറ്റ്. 

കാബൂള്‍ സര്‍വകാലാശാലയില്‍ ദീര്‍ഘകാലമായി നിയമ, രാഷ്ട്രതന്ത്ര അധ്യാപകനായിരുന്നു പ്രൊഫ. ജലാല്‍. കഴിഞ്ഞ ദശകങ്ങളിലെ അഫ്ഗാന്‍ ഭരണകൂടങ്ങളുടെയെല്ലാം ജനവിരുദ്ധ നയങ്ങളുടെ വിമര്‍ശകനായിരുന്നു അദ്ദേഹം. ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനിസ്താന്‍ പിടിച്ചടക്കിയതിനെ തുടര്‍ന്ന് താലിബാനെതിരെ നിരവധി ടെലിവിഷന്‍ പരിപാടികളില്‍ അദ്ദേഹം വിമര്‍ശങ്ങള്‍ ഉന്നയിച്ചിരുന്നു. അഫ്ഗാനിസ്താന്റെ സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ചയ്ക്കും വര്‍ദ്ധിച്ചുവരുന്ന ദാരിദ്ര്യത്തിനും പട്ടിണിക്കും കാരണക്കാര്‍ താലിബാനാണ് എന്നായിരുന്നു വിവിധ ചാനല്‍ ടോക്ക്‌ഷോകളില്‍ അദ്ദേഹം വിമര്‍ശിച്ചിരുന്നത്.  ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ താലിബാന്‍ വക്താവായ മുഹമ്മദ് നഈമിനെ അധിക്ഷേപിച്ചു എന്നാരോപിച്ച് വീഡിയോ ദൃശ്യങ്ങള്‍ ഈയിടെ വൈറലായിരുന്നു. 

പ്രൊഫ. ജലാലിന്റെ അറസ്റ്റിനെ ന്യായീകരിച്ച് താലിബാന്‍ ഔദ്യോഗിക വക്താവ് സബിയുല്ല മുജാഹിദ് ഈയിടെ ട്വിറ്ററില്‍ പോസ്റ്റുകള്‍ ചെയ്തിരുന്നു. സര്‍ക്കാറിനെതിരെ ജനങ്ങളെ തിരിച്ചുവിടുകയാണ് പ്രൊഫ. ജലാല്‍ ചെയ്യുന്നത് എന്നായിരുന്നു സബിയുല്ല മുജാഹിദിന്റെ വിമര്‍ശനം. മറ്റുള്ളവര്‍ക്ക് പാഠമാവാനാണ് പ്രൊഫ. ജലാലിനെ അറസ്റ്റ് ചെയ്തത്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലൂടെ മറ്റുള്ളവരുടെ അന്തസ്സിന് മുറിവേല്‍പ്പിക്കരുതെന്ന പാഠം എല്ലാവര്‍ക്കും നല്‍കാനായിരുന്നു അറസ്റ്റ് എന്നും ട്വീറ്റില്‍ പറഞ്ഞിരുന്നു. 

പ്രൊഫ. ജലാലിന്റെ വിവിധ ട്വീറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉപയോഗിച്ചാണ് താലിബാന്‍ വക്താവ് അദ്ദേഹത്തിന്റെ അറസ്റ്റിനെ ന്യായീകരിച്ചിരുന്നത്. എന്നാല്‍, ഈ ട്വിറ്റര്‍ അക്കൗണ്ട് നേരത്തെ തന്നെ നീക്കം ചെയ്്തതാണെന്നും ആ അക്കൗണ്ടില്‍ നിന്നുള്ള പഴയ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉപയോഗിച്ച് തെറ്ററിദ്ധാരണ പരത്തുകയാണെന്നുമാണ് കുടുംബം അറിയിച്ചിരുന്നത്. 

രാജ്യത്തിനകത്തുനിന്നുള്ള വിമര്‍ശനങ്ങളെ ഇല്ലാതാക്കാനാണ് പഴയ ട്വീറ്റുകളെ താലിബാന്‍ ദുരുപയോഗിക്കുന്നതെന്നാണ് അറസ്റ്റിനെ തുടര്‍ന്ന് എ പി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രൊഫ. ജലാലിന്റെ മകളും അമേരിക്കയിലെ ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയില്‍ ഫെലോയുമായ ഹസീന ജലാല്‍ വിശേഷിപ്പിച്ചത്. 

പ്രൊഫ. ജലാലിന്റെ അറസ്റ്റിനെതിരെ ലോകവ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ പ്രചാരണങ്ങളാണ് അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ട് നടന്നത്. പ്രൊഫ. ജലാലിനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ സ്ത്രീകളുടെ മുന്‍കൈയില്‍ പ്രകടനവും നടന്നിരുന്നു. 

താലിബാന്‍ അധികാരം പിടിച്ചെടുത്തതിനു ശേഷം പ്രൊഫ. ജലാലിന്റെ കുടുംബാംഗങ്ങള്‍ അമേരിക്കയിലേക്കും യൂറോപ്പിലേക്കും രക്ഷപ്പെട്ടിരുന്നു. എന്നാല്‍, രാജ്യം വിടാന്‍ പ്രൊഫ. ജലാല്‍ വിസമ്മതിക്കുകയായിരുന്നു. അഫ്ഗാനിസ്താനിനകത്തു നിന്നുകൊണ്ട് താലിബാന്റെ ജനവിരുദ്ധതയെ എതിര്‍ക്കുന്ന പ്രൊഫ. ജലാല്‍ കുറച്ചുകാലമായി ഒളിവിലായിരുന്നു. 
 

click me!