200 ലിറ്റര്‍ ഓയില്‍ ബാരലിലിട്ട് ജീവനോടെ കത്തിച്ചു; കുടിയിറക്കലിന് എതിരെ പ്രതിഷേധിച്ച യുവാവിന് സംഭവിച്ചത്

By Web TeamFirst Published Jan 2, 2020, 2:56 PM IST
Highlights

ശരിയായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഒരു പക്ഷേ ജീവന്‍ കൊടുത്തു പോലും  ഒരുപാട് പോരാടേണ്ടി വരുമെന്ന് പറയുമ്പോള്‍ ഭര്‍ത്താവിന്‍റെ ശബ്ദം ഉറച്ചതായിരുന്നു. ജീവനോടെ കത്തിച്ച് കൊലപ്പെടുത്തി വര്‍ഷങ്ങള്‍ കഴിഞ്ഞും കേസില്‍ പോരാട്ടം തുടരുന്ന ബില്ലിയുടെ ഭാര്യ കാര്യങ്ങള്‍ ഇന്നലെ നടന്നത് പോലെ ഓര്‍ക്കുന്നുണ്ട്.

തായ്‍ലന്‍ഡ്: മുന്നറിയിപ്പൊന്നും കൂടാതെ കുടിയിറക്കുകയും ഔദ്യോഗിക രേഖകളൊന്നും ഇല്ലാതെ അഭയാര്‍ത്ഥികളെ പോലെ കഴിയേണ്ടി വന്ന കുടുംബത്തിനും ഗ്രാമത്തിലുള്ളവര്‍ക്കും നീതി ലഭിക്കാന്‍ വേണ്ടിയായിരുന്നു തായ്ലന്‍ഡിലെ കരേന്‍ ഗോത്ര വര്‍ഗ വിഭാഗത്തില്‍പ്പെട്ട ആ യുവാവിന്‍റെ ശ്രമങ്ങള്‍. പലപ്പോഴും തന്‍റെ ജീവന്‍ അപകടത്തിലാണെന്ന വസ്തുത അറിഞ്ഞുകൊണ്ട് തന്നെയായിരുന്നു കാരേന്‍ ഗോത്രവിഭാഗത്തില്‍പ്പെട്ട ബില്ലി എന്ന യുവാവിന്‍റെ പ്രയ്തനങ്ങള്‍ ഒക്കെ തന്നെയും. 

2014ല്‍ ബില്ലിയെ കാണാതാവുന്നതിന് മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ ഇന്നലത്തേത് പോലെ ഓര്‍ത്തെടുക്കുന്നുണ്ട് ഭാര്യ പിന്നാപ മുയിനൂര്‍. 'അവര്‍ എന്‍റെ പ്രവര്‍ത്തനങ്ങളില്‍ അസ്വസ്ഥരാണ്. എന്നെ കണ്ടാല്‍ കൊലപ്പെടുത്താന്‍ സാധ്യതയുണ്ട്. എന്നെ കാണാതായാല്‍ അന്വേഷിച്ച് വരരുത്. ഞാന്‍ എവിടെ പോയിയെന്ന് കരുതി ചിന്തിച്ചിരിക്കരുത്. അവര്‍ എന്നെ കൊലപ്പെടുത്തിയെന്ന് മനസ്സിലാക്കണം.' കാണാതാവുന്നതിന് മുന്‍പുള്ള ദിവസങ്ങളിലാണ്  ബില്ലി ഇത് പറഞ്ഞതെന്ന് ഭാര്യ ബിബിസിയോട് പ്രതികരിച്ചു. 

ഇത്ര അപകടം പിടിച്ച കാര്യത്തിന് എന്തിന് പോകണമെന്ന ഭാര്യയുടെ ചോദ്യത്തിന് ഉറച്ച ശബ്ദത്തിലായിരുന്നു ബില്ലിയുടെ മറുപടി. 'ശരിയായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഒരു പക്ഷേ ജീവന്‍ കൊടുത്തു പോലും  ഒരുപാട് പോരാടേണ്ടി വരും'.  2014 ഏപ്രില്‍ 15ന് ബില്ലി വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ അതില്‍ ഒരു അസാധാരണത്വവും ഭാര്യക്ക് തോന്നിയതുമില്ല. തലേ ദിവസം ഒരുക്കി വച്ചിരുന്ന ബാഗെടുത്ത് തോളിലിട്ട് പോവുകയാണെന്ന് പറഞ്ഞ് ബില്ലി പോയി. പിന്നീട് ബില്ലി തിരികെയെത്തിയില്ല. തായ്‍ലന്‍ഡ് ഭരണകൂടത്തിന് ഏറെ പഴികേട്ട ഒരു കാണാതാവലായിരുന്നു ബില്ലിറാക്ചോങ്ചാരോന്‍ എന്ന യുവാവിന്‍റേത്. കോടതിയില്‍ സമര്‍പ്പിക്കാനുള്ള തെളിവുകളുമായാണ് ബില്ലി അപ്രത്യക്ഷനായത്. ബില്ലിയുടെ മുത്തച്ഛന്‍ അടക്കമുള്ള കാരേന്‍ ഗോത്ര സമുദായാഗംങ്ങളെ വളരെ സമര്‍ത്ഥമായാണ് തായ്‍ലന്‍ഡിലെ തെക്കന്‍ അതിര്‍ത്തിയില്‍ മ്യാന്‍മറിനോട് ചേര്‍ന്നുള്ള കായേങ് ക്രാച്ചന്‍ ദേശീയ പാര്‍ക്കിനോടുള്ള താമസ സ്ഥലത്ത് നിന്ന് കുടിയൊഴിപ്പിച്ചത്. പുറം ലോകത്ത് നിന്ന് ഈ കുടിയൊഴിക്കലിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നത് 2011 ജൂലൈയില്‍ നടന്ന ഹെലികോപ്റ്റര്‍ അപകടത്തെ തുടര്‍ന്നാണ്. 16 സൈനികരും ഒരു മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ട അപകടങ്ങളെ തുടര്‍ന്ന് നടന്ന അന്വേഷണങ്ങളാണ് കാരേന്‍ ഗോത്ര സമുദായാഗംങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. 

നൂറോളം വരുന്ന ഗോത്ര വര്‍ഗ കുടുംബങ്ങളായിരുന്നു ഈ മേഖലയില്‍ താമസിച്ചിരുന്നത്. പ്രകൃതിയ്ക്ക് ഒരുതരത്തിലുമുള്ള ആഘാതമേല്‍പ്പിക്കാതെയായിരുന്നു ഇവര്‍ ഇവിടെ ജീവിച്ചിരുന്നത്. എന്നാല്‍ കരേന്‍ ഗോത്രവര്‍ഗക്കാരെ തായ്ലന്‍ഡിലെ മറ്റ് വിഭാഗങ്ങള്‍ അന്യരായാണ് കണ്ടിരുന്നത്. അഞ്ച് മില്യണ്‍ വരുന്ന കരേന്‍ ഗോത്ര വിഭാഗങ്ങള്‍ മ്യാന്‍മറില്‍ താമസിക്കുന്നതാണ് ഇതിന് കാരണമായി തായ്ലന്‍ഡുകാര്‍ ചൂണ്ടിക്കാണിക്കുന്നത്. മ്യാന്‍മറുമായി തുടര്‍ച്ചയായുണ്ടാകുന്ന കലാപത്തെ തുടര്‍ന്ന് കേരന്‍ വിഭാഗത്തെ രഹസ്യമായാണ് തായ്‍ലന്‍ഡ് പുറത്താക്കാന്‍  ശ്രമം ആരംഭിച്ചത്. അത്തരത്തിലുള്ള കുടിയൊഴിപ്പിക്കലിലാണ് ബില്ലിയുടെ വീട് നഷ്ടമായത് ബന്ധുക്കള്‍ പെട്ടന്ന് അഭയാര്‍ത്ഥികളാവേണ്ട അവസ്ഥയിലെത്തിയത്. അതിര്‍ത്തിക്ക് അപ്പുറത്ത് നിന്ന് ലഹരിയും ആയുധവും എത്തിക്കാന്‍ സഹായിക്കുന്നുവെന്ന ഗുരുതര ആരോപണമാണ് ഈ ഗോത്ര സമുദായത്തിന് നേരെ ഉയര്‍ന്നത്. 

കായേങ് ക്രാച്ചന്‍ ദേശീയ ഉദ്യാനത്തിലെ ഇവരുടെ താമസ സ്ഥലം ഒഴിപ്പിക്കാനായി വനംവകുപ്പ് എത്തുന്നത് 2011ലാണ്. ഗ്രാമവാസികളുടെ വീട്ടില്‍ രാത്രി തങ്ങിയ ശേഷമാണ് അധികൃതര്‍ ഇവരെ കുടിയിറക്കിയതും ഇവരുടെ കുടിലുകള്‍ അഗ്നിക്കിരയാക്കിയതും. വീടുകളില്‍ വന്ന വനംവകുപ്പ് അധികൃതര്‍ ആരും തന്നെ ഭീഷണിപ്പെടുത്തിയിരുന്നില്ല എന്നാല്‍ അവരുടെ പക്കല്‍ തോക്കുകള്‍ ഉണ്ടായിരുന്നെന്ന് ബില്ലിയുടെ മുത്തച്ഛന്‍ കോ ഈ മീമി പറയുന്നു. പതിനഞ്ചോളം പേരാണ് ഗ്രാമത്തില്‍ എത്തിയതെന്നും മീമി ബിബിസിയോട് പറഞ്ഞു.

അടുത്ത ദിവസം ഗ്രാമവാസികളോട് ഹെലികോപ്റ്ററുകളില്‍ കയറാന്‍ ഇവര്‍ ആവശ്യപ്പെട്ടു. കാര്യമെന്താണെന്ന് മനസിലാവാതിരുന്ന ഗ്രാമവാസികള്‍ ഇവരെ അനുസരിച്ചു. ഇവരുടെ കുടിലുകളില്‍ നിന്നുള്ള പുകയോടൊപ്പമാണ് ഹെലികോപ്റ്ററുകള്‍ ഉയര്‍ന്ന് പൊങ്ങിയത്. സമര്‍ത്ഥമായ കുടിയൊഴിപ്പിക്കല്‍ ആയിരുന്നതിനാല്‍ ആരുടേയും കയ്യില്‍ ഒരു വിധ രേഖകളും ഉണ്ടായിരുന്നില്ല.

എന്നാല്‍ ഈ കുടിയൊഴിപ്പിച്ചവര്‍ അനധികൃതമായി താമസിക്കുന്നവര്‍ ആണെന്നും കുടിയൊഴിപ്പിക്കല്‍ അനിവാര്യമാണെന്നുമായിരുന്നു കായേങ് ക്രാച്ചന്‍ ദേശീയ ഉദ്യാനത്തിന്‍റെ ചുമതലയുള്ള ചായ്വാത് ലിമില്‍കിഡാക്സോണ്‍ പിന്നീട് വിശദമാക്കിയത്. തായ്ലന്‍ഡിലെ നിയമങ്ങള്‍ അനുസരിച്ച് ദേശീയോദ്യാനത്തില്‍ സ്ഥിരമായ നിര്‍മ്മിതികള്‍ പാടില്ലെന്നും കരേന്‍ വിഭാഗം കാടിനെ മറയാക്കി മയക്കുമരുന്ന് കടത്തുകയായിരുന്നെന്നുമാണ് ചായ്വാത് ലിമില്‍കിഡാക്സോണ്‍ പറഞ്ഞത്. 

എന്നാല്‍ ബില്ലി അടക്കമുള്ള കരേന്‍ ഗോത്രവര്‍ഗക്കാര്‍ ഈ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ്. 1912 മുതലുള്ള സേനാ മാപ്പുകളില്‍ തങ്ങളുടെ ഗ്രാമം അടയാളപ്പെടുത്തിയട്ടുണ്ടെന്നാണ് കരേന്‍ ഗോത്രവര്‍ഗക്കാര്‍ അവകാശപ്പെടുന്നത്. ദേശീയോദ്ധ്യാനം വരുന്നത് മുന്‍പ് തന്നെ തങ്ങള്‍ ഇവിടെയുണ്ടെന്നും കരേന്‍ സമൂഹം അവകാശപ്പെടുന്നു. തങ്ങള്‍ക്ക് നേരെ നടന്നത് അനീതിയാണെന്നും നീതി നടപ്പിലാക്കണമെന്ന ആവശ്യവുമായി പോരാട്ടത്തിലായിരുന്നു ബില്ലി. 

ശ്രമങ്ങള്‍ പുറത്ത് അറിഞ്ഞ് തുടങ്ങിയതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭീഷണി ബില്ലിയെ തേടിയെത്താന്‍ തുടങ്ങി. പ്രകൃതിയെ ദൈവമായി കാണുന്ന കരേന്‍ സമുദായത്തിന് വെള്ളം, വനം, വനത്തിലെ ജീവികള്‍ എല്ലാം ദൈവതുല്യമാണ്. വനത്തില്‍ നെല്ല് കൃഷി ചെയ്തും മീന്‍പിടിച്ചുമായിരുന്നു കരേന്‍ സമുദായത്തിന്‍റെ നിത്യജീവിതം മുന്നോട്ട് പോയിരുന്നത്.

ഇവരെ മാറ്റിപ്പാര്‍പ്പിച്ച ഇടങ്ങളില്‍ കൃഷി ചെയ്യാനോ മീന്‍പിടിക്കാനോ മാര്‍ഗമില്ലാതായതോടെ ജീവിക്കാനായി കൂലിപ്പണിചെയ്യേണ്ട അവസ്ഥയിലായി ഗോത്രവര്‍ഗക്കാര്‍. തായ്ലന്‍ഡ് പൗരത്വ രേഖകള്‍ ഇല്ലാതെ വന്നതോടെ ഇവര്‍ക്ക് തൊഴിലെടുക്കാന്‍ പറ്റാത്ത അവസ്ഥയുമായി. ബാങ്കോക്കിലെ ചില അഭിഭാഷകരുടെ സഹായത്തോടെ ബില്ലി പോരാട്ടം ശക്തമാക്കി. ചില നിര്‍ണായക രേഖകളുമായി അഭിഭാഷകരെ കാണാന്‍ തിരിച്ച ബില്ലിയെയാണ് 2014ല്‍ കാണാതായത്. 

ഹെലികോപ്റ്റര്‍ അപകടം നടന്ന് ഈ പ്രദേശം അന്തര്‍ദേശീയ ശ്രദ്ധയിലേക്ക് വന്നതിന് പിന്നാലെ  ബില്ലിയുടെ കാണാതാകല്‍ മാധ്യമശ്രദ്ധയിലേക്കെത്തിക്കാന്‍ ഭാര്യക്ക് സാധിച്ചു. ഒടുവിലായി ബില്ലിയെ കണ്ടത് കാട്ടുതേന്‍ വില്‍പനയ്ക്ക് പോവുമ്പോള്‍ ഏതാനും വനംവകുപ്പ് ഉദ്യോഗസ്ഥരായിരുന്നു. ബില്ലിയെ കാണാനില്ലെന്ന പരാതി നേരത്തെ പൊലീസ് സ്വീകരിച്ചിരുന്നില്ല. ബില്ലിക്ക് വേണ്ടിയുള്ള ഭാര്യയുടെ പോരാട്ടം വര്‍ഷങ്ങള്‍  നീണ്ടെങ്കിലും ഒടുവില്‍ സംഭവം വിവാദമായതോടെ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.  കാടിളക്കി തിരച്ചില്‍ നടന്നു. മനുഷ്യാവകാശ സംഘടനകളുടെ തുടര്‍ച്ചയായ ഇടപെടലുകളും ബില്ലിക്ക് വേണ്ടിയുണ്ടായി. ഒരുവര്‍ഷത്തോളം നീണ്ട തിരച്ചിലിന് ഒടുവിലാണ് 2019ല്‍ ബില്ലിയുടെ ശരീരാവശിഷ്ടങ്ങള്‍  കായേങ് ക്രാച്ചന്‍ ഡാമില്‍ നിന്ന് കണ്ടെത്തിയ ഓയില്‍ ബാരലില്‍ കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയില്‍ ഏതാനും എല്ലിന്‍റെ ഭാഗങ്ങളാണ് ഡാമില്‍ നിന്ന് കണ്ടെത്തിയ ആ ഓയില്‍ ബാരലില്‍ ഉണ്ടായിരുന്നത്. 200ലിറ്റര്‍ ഓയില്‍ നിറക്കാന്‍ സാധിക്കുന്ന ബാരലില്‍ വച്ച് ബില്ലിയെ ജീവനോടെ കത്തിക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ശിക്ഷ നല്‍കാന്‍ ഉപയോഗിച്ച രീതിയിലാണ് നീതിക്ക് വേണ്ടി പോരാടിയ ബില്ലിയെ കൊലപ്പെടുത്തിയത്. 

2019 നവംബറിലാണ് സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം ദേശീയോദ്ധ്യാനത്തിന്‍റെ തലനും മൂന്ന് ജീവനക്കാര്‍ക്കുമെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്. തായ്ലന്‍ഡിലെ നടുക്കുന്നതായിരുന്നു ഈ അറസ്റ്റ്. ബില്ലിയെ ക്രൂരമായി കൊലപ്പെടുത്തിയെന്ന ആരോപണം ചായ്‍വത് അടക്കമുള്ളവര്‍ തള്ളിക്കളയുന്നു. അനധികൃതമായി കസ്റ്റഡിയില്‍ വക്കുക, ഗൂഢാലോചന നടത്തി തട്ടിക്കൊണ്ടുപോവുക, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ അടക്കം അറോളം കുറ്റങ്ങളാണ് നിലവില്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ബില്ലിയുടെ കാണാതാകലും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളുടേയും പിന്നാലെയാണ് കാണാതാവുന്നവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കാനായി നിയമസംവിധാനം നടപ്പിലാക്കാന്‍ മനുഷ്യാവകാശ സംഘടകള്‍ ശക്തമായ സമ്മര്‍ദം തായ്ലന്‍ഡ് സര്‍ക്കാരിന് മേല്‍ പുലര്‍ത്തുന്നുണ്ട്. ദേശീയോദ്ധ്യാനത്തിലേക്ക് തിരികെയെത്താന്‍ അനുവദിക്കണമെന്ന കരേന്‍ ഗോത്രവര്‍ഗക്കാരുടെ ആവശ്യം നിരാകരിച്ചെങ്കിലും  ഇവര്‍ക്ക് വന്‍തുക നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.  

click me!