സോളാർ പാനലുള്ള ഇസ്തിരിവണ്ടി രൂപകൽപന ചെയ്തു, ഒമ്പതാം ക്ലാസുകാരിക്ക് എട്ടുലക്ഷം രൂപയുടെ പുരസ്കാരം

By Web TeamFirst Published Nov 21, 2020, 1:52 PM IST
Highlights

സ്വീഡന്‍ ആസ്ഥാനമായുള്ള ചില്‍ഡ്രന്‍സ് ക്ലൈമറ്റ് ഫൗണ്ടേഷനാണ് പുരസ്കാരം നൽകുന്നത്. യുവപ്രതിഭകൾക്കുള്ള ഏറ്റവും വലിയ അന്താരാഷ്ട്ര കാലാവസ്ഥാ പുരസ്കാരമാണിത്. 

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ തിരുവണ്ണാമലക്കാരി വിനിഷ ഉമാശങ്കറിനെ തേടി എട്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഒരു പുരസ്‌കാരം എത്തിയിരിക്കുകയാണ്. കരിയുപയോഗിച്ചുള്ള ഇസ്തിരിപ്പെട്ടികള്‍ എല്ലായിടത്തും സജീവമാണ്. ഇതിന്റെ പാരിസ്ഥിതികാഘാതങ്ങള്‍ അത്ര ലഘുവല്ല താനും. അങ്ങനെ സോളാര്‍ പവറുപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന ഇസ്തിരി വണ്ടികൾ രൂപകൽപന ചെയ്തതിനാണ് പുരസ്‌കാരം. 

ഇസ്തിരിയിട്ട് വസ്ത്രങ്ങള്‍ നന്നായി ധരിച്ച് പോകുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കും. ചിലപ്പോള്‍ അത് പുറത്ത് നിന്ന് ഇസ്തിരിയിട്ട് നല്‍കുന്നവരോട് പൈസ നല്‍കി ഇസ്തിരിയിടീപ്പിക്കുന്നതാവാം, അല്ലെങ്കില്‍ വീട്ടില്‍ത്തന്നെ. എങ്ങനെയായാലും കരി കൊണ്ടുള്ള പെട്ടിക്ക് അതിന്റേതായ പ്രശ്‌നങ്ങളുണ്ട്. ഇന്ത്യയിലെ പല നഗരങ്ങളിലും ഇങ്ങനെ ഇസ്തിരിയിട്ട് നല്‍കുന്നവരെ കാണാം. ഇങ്ങനെ പെട്ടികളിലുപയോഗിക്കുന്ന കരിക്കെന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ച് നമ്മളാരും ചിന്തിച്ചിട്ടുണ്ടാവില്ല. 

എന്നാല്‍, പതിനാലുകാരിയായ വിനിഷ ഉമാശങ്കര്‍ അതേക്കുറിച്ച് ചിന്തിച്ചു. ചിന്തിക്കുക മാത്രമല്ല, സോളാര്‍ പവറുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മൊബൈല്‍ ഇസ്തിരിക്കട രൂപകല്‍പന ചെയ്യുക കൂടി ചെയ്തു. തിരുവണ്ണാമലയിലെ ഒരു പ്രൈവറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ വിനിഷയ്ക്ക് ഈ കണ്ടുപിടിത്തത്തിന് ചില്‍ഡ്രന്‍സ് ക്ലൈമറ്റ് പ്രൈസ് ലഭിച്ചിരിക്കുകയാണ്. 1,00,000 സ്വീഡിഷ് ക്രോണ (ഏകദേശം 8.64 ലക്ഷം രൂപ) ക്യാഷ് പ്രൈസാണ് വിനിഷയ്ക്ക് ലഭിച്ചത്. സ്വീഡന്‍ ആസ്ഥാനമായുള്ള ചില്‍ഡ്രന്‍സ് ക്ലൈമറ്റ് ഫൗണ്ടേഷനാണ് പുരസ്കാരം നൽകുന്നത്. യുവപ്രതിഭകൾക്കുള്ള ഏറ്റവും വലിയ അന്താരാഷ്ട്ര കാലാവസ്ഥാ പുരസ്കാരമാണിത്. 

ഞാന്‍ താമസിക്കുന്ന സ്ട്രീറ്റില്‍ ഒരു അയേണിംഗ് കാര്‍ട്ടുണ്ട്. അവിടെയുള്ള മനുഷ്യന്‍ ഇസ്തിരിയിടുന്നതിനായി കരിയാണ് ഉപയോഗിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യയും ഇസ്തിരിയിടും. എന്റെ വസ്ത്രങ്ങള്‍ തന്നെ ഒരുപാട് തവണ അവിടെ ഇസ്തിരിയിട്ടിട്ടുണ്ട്. ഇസ്തിരിയിട്ട് കഴിഞ്ഞശേഷം ഈ കരി മണ്ണിലുപേക്ഷിക്കുകയാണ്. അവ അവിടെക്കിടന്ന് തണുക്കുകയും പിന്നെ മാലിന്യങ്ങളുടെ കൂടെ ഉപേക്ഷിക്കുകയും ചെയ്യുന്നു. ഇത് പ്രകൃതിക്ക് എത്രത്തോളം ദോഷമാണ് എന്ന് ഞാന്‍ ചിന്തിച്ചു. അങ്ങനെ പകരം എന്തുപയോഗിക്കാമെന്ന് ആലോചിച്ചു. ഗവേഷണം നടത്തി. അങ്ങനെയാണ് ബദല്‍ മാര്‍ഗമായി സോളാര്‍ പവറുപയോഗിക്കാമെന്ന് കണ്ടെത്തുന്നത് -വിനിഷ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. 

കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഏകദേശം 10 മില്ല്യണ്‍ ഇസ്തിരി വണ്ടികളുണ്ടെന്നാണ് കരുതുന്നത്. ഓരോ ദിവസവും അഞ്ച് കിലോയെങ്കിലും കരികളിങ്ങനെ കത്തുന്നുണ്ടാവണം. അത്രയും കരികള്‍ പ്രകൃതിക്കുണ്ടാകുന്ന ദോഷത്തെ കുറിച്ച് വിനിഷ വളരെ ഗൗരവമായിത്തന്നെ ചിന്തിച്ചിരുന്നു. അങ്ങനെയാണ് മുകളില്‍ സോളാര്‍ പാനലുള്ള മൊബൈല്‍ ഇസ്തിരിക്കടക്ക് രൂപം നല്‍കുന്നത്. ഇതൊരു 100h ബാറ്ററിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ആറ് മണിക്കൂര്‍ വരെ ഇസ്തിരിയിടാന്‍ ഒരു ദിവസം അഞ്ച് മണിക്കൂര്‍ വരെ വെയിലുള്ള ദിവസം കിട്ടിയാല്‍ മതിയാവും. 

இளம்வயதிலேயே அறிவியல்மீது ஆர்வம்கொண்டு பல்வேறு கண்டுபிடிப்புகளை நிகழ்த்தியுள்ள திருவண்ணாமலை மாணவி வினிஷா உமாசங்கர் தற்போது சூரியசக்தி மூலம் இயங்கும் இஸ்திரி பெட்டியை கண்டுபிடித்து ஸ்வீடன் விருது பெறுவது மகிழ்ச்சி அளிக்கிறது. அவருக்கு எனது மனமார்ந்த வாழ்த்துகளும் பாராட்டுக்களும்! pic.twitter.com/K23qWguWtI

— Edappadi K Palaniswami (@CMOTamilNadu)

തമിഴ് നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി വിനിഷയുടെ നേട്ടത്തെ കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇത് വിനിഷയുടെ ആദ്യ കണ്ടുപിടിത്തമല്ല. ഒരു സ്മാർട്ട് സീലിം​ഗ് ഫാനിന് നേരത്തെ വിനിഷ രൂപം നൽകിയിട്ടുണ്ട്. അഞ്ചാം വയസിൽ അച്ഛൻ വാങ്ങിത്തന്ന സയൻസ് എൻസൈക്ലോപീഡിയയാണ് തനിക്ക് കണ്ടുപിടിത്തങ്ങൾക്ക് പ്രചോദനമായതെന്ന് വിനിഷ പറയുന്നു. ഇന്ന് നാന്നൂറോളം പുസ്തകങ്ങൾ വിനിഷയ്ക്കുണ്ട്. വായന തന്നെ ഏറെ സഹായിക്കുന്നുവെന്നും വിനിഷ പറയുകയുണ്ടായി.

(ചിത്രം: ട്വിറ്റർ Edappadi K Palaniswami)
 

click me!