അടിയന്തരാവസ്ഥക്കാലത്തെ പുരുഷന്മാരുടെ പേടിസ്വപ്നം, കോൺഗ്രസിലെ 'ഉരുക്കുമുഷ്ടി', ജന്മദിനത്തിൽ സഞ്ജയ് ഗാന്ധിയെ ഓർക്കുമ്പോൾ

By Web TeamFirst Published Dec 14, 2019, 6:19 PM IST
Highlights

 1975-77 കാലയളവിൽ 1.1 കോടി സ്ത്രീപുരുഷന്മാർ നിർബന്ധിതമായി വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കപ്പെട്ടു. ഇക്കാര്യത്തിൽ സഞ്ജയിന് വേണ്ട സഹായങ്ങൾ ചെയ്ത, റുക്‌സാന സുൽത്താന എന്ന സ്നേഹിതയും അക്കാലത്ത് കുപ്രസിദ്ധിയാർജ്ജിച്ചു

സഞ്ജയ് ഗാന്ധി. ഇന്ദിരയുടെ ഇളയ മകൻ. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‍റുവിന്റെ കൊച്ചുമകൻ. 1980 ജൂൺ 23-ന് ദില്ലി ഫ്ളയിങ് ക്ലബ്ബിൽ നിന്ന് പിറ്റ്‌സ് S-2A ടു സീറ്റർ വിമാനത്തിൽ തന്റെ ഫ്ളയിങ് ഇൻസ്ട്രക്ടർക്കൊപ്പം കയറി പറന്നുയർന്ന്, ആകാശത്ത് അഭ്യാസപ്രകടനങ്ങൾ നടത്തുന്നതിനിടെ തീൻമൂർത്തി ഭവന് സമീപം തകർന്നുവീണ് കാലപുരി പൂകിയില്ലായിരുന്നു എങ്കിൽ, ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരു ശക്തിദുർഗ്ഗമായി നിലകൊള്ളുമായിരുന്നു സഞ്ജയ് ഗാന്ധി. ജീവിച്ചിരുന്നു എങ്കിൽ ഇന്ന് 73 വയസ്സു തികഞ്ഞിരുന്നേനെ സഞ്ജയ് ഗാന്ധിക്ക്. 

മരിക്കുമ്പോൾ 34 വയസ്സായിരുന്നു സഞ്ജയ് ഗാന്ധിയുടെ പ്രായം. ജനതാപാർട്ടി ഗവണ്മെന്റിന്റെ തകർച്ചയ്ക്കുശേഷം നടന്ന തെരഞ്ഞെടുപ്പിൽ, സ്വയം അമേഠിയിൽ നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട്, അമ്മയെ ഇന്ത്യയുടെ ചക്രവർത്തിനിയായി അവരോധിച്ചിട്ട് ആറുമാസം തികഞ്ഞിരുന്നില്ല. മകൻ വരുണിന് മൂന്നരമാസം മാത്രമായിരുന്നു പ്രായം. വിവരമറിഞ്ഞ് അപകടം നടന്ന സ്ഥലത്ത് പാഞ്ഞെത്തിയ ഇന്ദിര, ആ വിമാനത്തിന്റെ അവശിഷ്ടങ്ങൾ തപ്പി അതിൽ നിന്ന് മകന്റെ ശരീരാവശിഷ്ടങ്ങൾക്കിടയിൽ കിടന്നിരുന്ന അവന്റെ വാച്ച് കയ്യിലെടുത്തുപിടിച്ചു. പുത്രവിയോഗത്തിൽ തളർന്നുനിന്ന ഇന്ദിരാഗാന്ധിയ്ക്ക് അന്നാണ് അതുവരെ രാഷ്ട്രീയത്തോട് വിരക്തി പുലർത്തിയിരുന്ന മൂത്തമകൻ രാജീവിന്റെ പിന്തുണ കിട്ടുന്നത്. എന്തിന് രാഷ്ട്രീയമെന്ന ചതുപ്പിലേക്ക് അറിഞ്ഞുകൊണ്ട് കാലെടുത്തു വെക്കുന്നു എന്ന് ചോദിച്ചവരോടൊക്കെ രാജീവ് അന്ന് പറഞ്ഞത് ഇത്രമാത്രം, "അമ്മയ്ക്ക് ഇപ്പോൾ എന്റെ ആവശ്യമുണ്ട്." 

അന്നെന്ന പോലെ ഇന്നും സഞ്ജയ് ഗാന്ധി എന്ന രാഷ്ട്രീയക്കാരന്  ആരാധകരും വിമർശകരും ഏറെയുണ്ട്. സഞ്ജയിന്റെ പ്രയോഗിക ചിന്തയ്ക്കും, സംഘാടനവൈഭവത്തിനും കാര്യക്ഷമതയ്ക്കും അഭിവാദ്യമർപ്പിക്കുന്നവർ ഏറെയുള്ളപ്പോൾ, ആ വെകിളിപിടിച്ച, താൻപോരിമയേറിയ പെരുമാറ്റത്തെ വിമര്‍ശിക്കുന്നവരും കുറവല്ല. 

1946  ഡിസംബർ 14 -ന്  ന്യൂ ഡൽഹിയിലാണ് ഫിറോസ്-ഇന്ദിരാ ദമ്പതികളുടെ ഇളയപുത്രനായി സഞ്ജയ് ജനിച്ചത്. ജ്യേഷ്ഠൻ രാജീവിന്റെ പാത പിന്തുടർന്നുകൊണ്ട് വെൽഹാം ബോയ്സിലും, ഡൂൺ സ്‌കൂളിലുമായി പ്രാഥമികവിദ്യാഭ്യാസം. രാജീവ് സർവ്വകലാശാലാ വിദ്യാഭ്യാസം തെരഞ്ഞെടുത്തു എങ്കിൽ, സഞ്ജയ് അക്കാര്യത്തിൽ തത്പരനായിരുന്നില്ല. പകരം ഓട്ടോമൊബൈൽ എഞ്ചിനീയറിങ്ങിലും ഒരു കരിയർ കെട്ടിപ്പടുക്കാനാഗ്രഹിച്ച് അതിൽ പരിശീലനം നേടി. റോൾസ് റോയ്‌സ് കമ്പനിയിൽ മൂന്നുവർഷത്തെ അപ്രന്റീസ് ട്രെയിനിങ്ങിന്, 1964-ൽ ഇംഗ്ലണ്ടിലെത്തി. രണ്ടാം വർഷം ആ ട്രെയിനിങ് പാതിവഴിയിൽ അവസാനിപ്പിച്ച്,  ഇന്ത്യക്ക് ഒരു 'പീപ്പിൾസ് കാർ' വേണം എന്ന സ്വപ്നവുമായി, അത് സാക്ഷാത്കരിക്കാനുള്ള പദ്ധതികളും മനസ്സിലിട്ടുകൊണ്ട് സഞ്ജയ് തിരിച്ചുപോന്നു. 



ഇന്ത്യൻ മിഡിൽ ക്‌ളാസിന് വാങ്ങാനാകുന്ന വിലയ്ക്ക് ഒരു കുഞ്ഞുകാർ. അതായിരുന്നു സഞ്ജയ് ഗാന്ധി കണ്ട സ്വപ്നം. അതായിരുന്നു മാരുതി എന്ന ഇന്ത്യൻ കാർ ബ്രാൻഡിന്റെ  തുടക്കം. ഈ സ്വപ്നവും, ഗുലാബി ബാഗിലെ കുഞ്ഞു വർക്ക്‌ഷോപ്പിൽ ഒരു പ്രോട്ടോടൈപ്പ് വിജയം കണ്ടത് 1971 -ലാണ്. ജൂൺ 4 -ന് 'മാരുതി മോട്ടോർസ് ലിമിറ്റഡ്' എന്ന സ്വകാര്യസ്ഥാപനം കമ്പനീസ് ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടു. സഞ്ജയ് ഗാന്ധിയായിരുന്നു സ്ഥാപനത്തിന്റെ ആദ്യത്തെ മാനേജിങ്ങ് ഡയറക്ടർ. കാർ നിർമാണത്തിൽ കമ്പനിക്കോ സഞ്ജയ് ഗാന്ധിക്കോ മുൻപരിചയമേതുമുണ്ടായിരുന്നില്ല. എന്നിട്ടും അന്നത്തെ കോൺഗ്രസ് ഗവണ്മെന്റ് വർഷത്തിൽ 50,000 കാറുകൾ നിർമിക്കാനുള്ള കരാർ സഞ്ജയ് ഗാന്ധിയുടെ കമ്പനിക്ക് നൽകി. ആയിടെ ഇറങ്ങിയ അമൃത് നഹത സംവിധാനം ചെയ്ത കിസ്സാ കുർസി കാ എന്ന ചിത്രത്തിലെ ഒരു ഡയലോഗ് തന്നെ ഈ മാരുതി കാർ  പദ്ധതിയെ കളിയാക്കിക്കൊണ്ടുള്ളതാണ്. ചിത്രത്തിലെ ഒരു കഥാപാത്രം ഇങ്ങനെ പറയുന്നു, "സർ, ഈ ചെറുപ്പക്കാരന് കാർ നിർമാണ കമ്പനിക്കുള്ള ലൈസൻസ് കൊടുക്കണം, ഇയാൾ അമ്മയുടെ ഗർഭപാത്രത്തിൽ കിടന്ന് ഒരുപാട് കാറോടിച്ചിട്ടുള്ളതാ" അന്ന് ഈ ചിത്രത്തിന്റെ നെഗറ്റീവ്‌സും, എല്ലാ പ്രിന്റുകളും, മാസ്റ്റർ പ്രിന്റും അടക്കം എല്ലാ ശേഷിപ്പുകളും  ഗുഡ്‌ഗാവിലെ മാരുതി ഫാക്ടറിയ്ക്കുള്ളിൽ കൊണ്ടുവന്നാണ് അന്ന് സഞ്ജയ് ഗാന്ധിയുടെ അനുയായികൾ കത്തിച്ചുകളഞ്ഞത്. 

 


കാർ നിർമാണത്തിന്റെ എബിസിഡി അറിയാത്ത സഞ്ജയ് ഗാന്ധിക്ക് ഇത്ര വലിയൊരു പ്രോജക്റ്റ്  നൽകിയത് ഏറെ മുറുമുറുപ്പുകൾക്ക് കാരണമായി എങ്കിലും, 1971 -ലെ ഇന്തോ-പാക് യുദ്ധമുയർത്തിയ ദേശീയതാ തരംഗത്തിൽ അതൊക്കെ ഒഴുകിപ്പോയി. പിന്നീട് ഹരിയാനാ മുഖ്യമന്ത്രിയായിരുന്ന ബൻസിലാൽ ഗുഡ്‌ഗാവില്‍ 290 ഏക്കർ സ്ഥലം മാരുതിക്കുവേണ്ടി സൗജന്യമായി നൽകി. അവിടെ ഫാക്ടറി കെട്ടിപ്പടുക്കാൻ സഞ്ജയ് ഗാന്ധിയെ ക്ഷണിച്ചു. കമ്പനിക്ക് മൂലധനം നൽകാൻ ബിസിനസ് സ്ഥാപനങ്ങളും, വ്യാപാരികളും, ബാങ്കുകളും നിർബന്ധിതരായി. ഒടുവിൽ ആദ്യത്തെ ടെസ്റ്റ് മോഡൽ 1972-ൽ ഗുഡ്‌ഗാവ് ഫാക്ടറിയിൽ നിന്ന് പുറത്തിറങ്ങി. 

അതിനിടെ ഫോക്സ്‍വാഗണുമായി ബന്ധപ്പെട്ട ഇന്ത്യൻ ബീറ്റിൽ പുറത്തിറക്കാനുള്ള ശ്രമങ്ങൾ സഞ്ജയ് തുടങ്ങിവെച്ചു. എന്നാൽ അഴിമതി ആരോപണങ്ങളിൽ മുങ്ങി ആ പദ്ധതി പാളിയപ്പോൾ സഞ്ജയ് മെല്ലെ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റി. അതിനിടെ 1975 -ൽ രാഷ്ട്രം അടിയന്തരാവസ്ഥയുടെ പിടിയിലായി. അതോടെ മാരുതി പ്രോജക്ട് അവതാളത്തിലായി. അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ ഇന്ദിരയ്ക്ക് അധികാരം നഷ്ടപ്പെടുകയും ജനതാ പാർട്ടി സർക്കാർ അധികാരത്തിലേറുകയും ചെയ്തതോടെ 1977 -ൽ കമ്പനി അടച്ചു പൂട്ടി. 

മാരുതി എന്ന തന്റെ സ്വപ്നം പൂർണ്ണമായ അർത്ഥത്തിൽ സാക്ഷാത്കരിക്കാൻ വിധി സഞ്ജയ് ഗാന്ധിയെ അനുവദിച്ചില്ല. 1980 -ൽ നടന്ന വിമാനാപകടത്തിൽ അദ്ദേഹം മരണമടഞ്ഞശേഷം ഇന്ദിരയുടെ അഭ്യർത്ഥന മാനിച്ചുകൊണ്ട് കേന്ദ്രത്തിൽ അധികാരത്തിലുണ്ടായിരുന്ന കോൺഗ്രസ് സർക്കാർ, ജാപ്പനീസ് വാഹനനിർമ്മാതാക്കളായ സുസൂക്കിയുമായി കരാറുണ്ടാക്കി, അവരുടെ സാങ്കേതിക സഹായത്തോടെ 'മോഡൽ 796'  എന്ന ജപ്പാനിലും മറ്റുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും പ്രസിദ്ധമായ ചെറുകാറിന്റെ ഡിസൈൻ സർക്കാരിന് സമർപ്പിച്ച് അതിന് അംഗീകാരം നേടി. അങ്ങനെ, ആ ഡിസൈനിൽ പുറത്തിറങ്ങിയതാണ് പിന്നീട് ഇന്ത്യൻ കാർവിപണിയുടെ തലവര തന്നെ തിരുത്തിക്കുറിച്ച മാരുതി 800  എന്ന കാർ. 

അടിയന്തരാവസ്ഥയാണ് സഞ്ജയ് ഗാന്ധി എന്ന രാഷ്ട്രീയനേതാവിനെ രൂപപ്പെടുത്തിയ ഉല. പൗരാവകാശങ്ങൾ റദ്ദുചെയ്യപ്പെട്ട ആ ചെറിയ കാലയളവിൽ സഞ്ജയ് കൈക്കൊണ്ട പല തീരുമാനങ്ങളും അദ്ദേഹത്തെയും ഒരുപരിധിവരെ കോൺഗ്രസ് പാർട്ടിയെയും ജനഹൃദയങ്ങളിൽ നിന്ന് അകറ്റി. സഞ്ജയ് ഗാന്ധിക്ക് ഒരു വില്ലൻ പരിവേഷം തന്നെ സമ്മാനിച്ചു. അക്കാലത്തും കമൽനാഥ്, ജഗദിഷ് ടൈറ്റ്ലർ, സജ്ജൻകുമാർ തുടങ്ങിയ നിരവധി എംപിമാർ സഞ്ജയ് ഗാന്ധി അനുഭാവികളായ പാർലമെന്റിനകത്തും, ഖുശ്വന്ത്‌ സിങിനെപ്പോലുള്ള ചില പത്രപ്രവർത്തകർ പാർലമെന്റിന് പുറത്തും സഞ്ജയ് ഗാന്ധിക്ക് പിന്തുണയുമായി നിലകൊണ്ടു.  

 

 

ഇന്ദിരയ്‌ക്കെതിരായ ജനരോഷം രാജ്യത്ത് ഇരമ്പിക്കൊണ്ടിരിക്കെയാണ് അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കിക്കൊണ്ട്, ഇന്ദിരയെ ആറുവർഷത്തേക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കിക്കൊണ്ടുള്ള വിധി പുറപ്പെടുവിക്കുന്നത്. അതിനുള്ള പ്രതികരണമെന്നോണം, സഞ്ജയിന്റെയും സംഘത്തിന്റെയും ഉപദേശം ചെവിക്കൊണ്ടുകൊണ്ട് ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു. ജെപി അടക്കമുള്ള ആയിരക്കണക്കിന് പ്രക്ഷോഭകാരികൾ തുറുങ്കിലടക്കപ്പെടുന്നു. കൊടിയ മർദ്ദനങ്ങൾക്ക് വിധേയരാക്കപ്പെടുന്നു. പലരും ലോക്കപ്പിൽ വെച്ചുതന്നെ കൊല്ലപ്പെടുന്നു. പത്രങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തപ്പെടുന്നു, പൗരസ്വാതന്ത്ര്യങ്ങൾക്ക് കൂച്ചുവിലങ്ങിടപ്പെടുന്നു.

അടിയന്തരാവസ്ഥയുടെ ആദ്യ ആഴ്ചകൾ പിന്നിടുമ്പോഴേക്കും തന്നെ സഞ്ജയ് ഗാന്ധി, ഇന്ദിരയുടെ മുഖ്യ രാഷ്ട്രീയ ഉപദേഷ്ടാവാകുന്നു. കൃത്യമായൊരു കാബിനറ്റ് റാങ്കില്ലാതെ തന്നെ, പാർലമെന്റിന്റെ അകത്തളത്തിലേക്ക് പ്രവേശിക്കുകപോലും ചെയ്യാതെ രാജ്യത്തെ ഏറ്റവും പ്രബലനായ വ്യക്തിയായി സഞ്ജയ് മാറുന്നു. മുഖ്യമന്ത്രിമാർ സഞ്ജയിന് മുന്നിൽ മുട്ടിലിഴഞ്ഞു. സഞ്ജയിന്റെ ചെരുപ്പുകൾ കയ്യിലെടുത്തു കൊണ്ടുകൊടുക്കുക വരെ ചെയ്തു. പത്രങ്ങൾ സഞ്ജയ് ഗാന്ധിയെ സ്തുതിച്ചുകൊണ്ട് ഭാവഗീതങ്ങളെഴുതി പ്രസിദ്ധം ചെയ്തു.

സഞ്ജയ് ഗാന്ധിയുടെയും കൂട്ടരുടെയും കുടിലബുദ്ധിയിൽ ഉദിച്ച പലതും അന്നത്തെ ഇന്ത്യൻ ഗവണ്മെന്റിന്റെ നയങ്ങളായി രൂപാന്തരപ്പെട്ടു. അങ്ങനെ നടപ്പിലാക്കപ്പെട്ട ഒരു പദ്ധതിയായിരുന്നു വന്ധ്യംകരണത്തിലൂടെയുള്ള കുടുംബാസൂത്രണം. വന്ധ്യംകരിക്കുന്നവർക്ക്   ആദ്യം ആനുകൂല്യങ്ങൾ നൽകി ആകർഷിക്കാൻ ശ്രമിച്ചു. അതിന് വഴങ്ങാത്ത പലരെയും നിർബന്ധിത വന്ധ്യംകരണത്തിന് വിധേയരാക്കി. നിർബന്ധിതമായ ഓപ്പറേഷനുകളുടെ പേരും പറഞ്ഞ് പൊലീസ് പാവങ്ങളുടെ ഗ്രാമങ്ങൾ കേറിയിറങ്ങി അക്രമങ്ങൾ പലതും പ്രവർത്തിച്ചു. രണ്ടാഴ്ചകൊണ്ട് ചില സംസ്ഥാനങ്ങളിൽ നടന്നത് ആറു ലക്ഷത്തോളം വന്ധ്യംകരണങ്ങളാണ്. 1975-77 കാലയളവിൽ 1.1 കോടി സ്ത്രീപുരുഷന്മാർ നിർബന്ധിതമായി വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കപ്പെട്ടു. ഇക്കാര്യത്തിൽ സഞ്ജയിന് വേണ്ട സഹായങ്ങൾ ചെയ്ത, സഞ്ജയിനെ മനുഷ്യത്വവിരുദ്ധമായ പല പ്രവൃത്തികൾക്കും നിർബന്ധിച്ച റുക്‌സാന സുൽത്താന എന്ന സ്നേഹിതയും അക്കാലത്ത് കുപ്രസിദ്ധിയാർജ്ജിച്ചു.  

 

സഞ്ജയ് ഗാന്ധിയ്ക്ക് ചീത്തപ്പേര് സമ്മാനിച്ച മറ്റൊരു ഓപ്പറേഷനായിരുന്നു ദില്ലിയിലെ തുർക്ക് മാന്‍ ഗേറ്റിനടുത്തുള്ള ചേരികൾ ഒഴിപ്പിക്കാൻ നടത്തിയ പൊലീസ് ഓപ്പറേഷൻ. അതൊരു മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്നു. ഒരൊറ്റ രാത്രികൊണ്ട് ആ ചേരി ഒഴിപ്പിച്ചെടുക്കാൻ അവിടെ നടത്തിയ പൊലീസ് ആക്ഷനെ പ്രദേശവാസികൾ എതിർത്തു. അവരിൽ പലരെയും പൊലീസ് വെടിവെച്ചു കൊന്നു. പ്രസ്സിന് സെൻസർഷിപ്പ് ഉണ്ടായിരുന്നതുകൊണ്ട് വിവരം അന്താരാഷ്ട്ര മാധ്യമശ്രദ്ധയിൽ എത്തിയില്ല. 

അടിയന്തരാവസ്ഥ കഴിയുന്നത്ര നീട്ടിക്കൊണ്ടു പോകാൻ സഞ്ജയ് ഗാന്ധി അമ്മ ഇന്ദിരക്കുമേൽ പരമാവധി സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ സ്വന്തം മകനെപ്പോലും ഞെട്ടിച്ചുകൊണ്ട് 1977 -ൽ ഇന്ദിരാഗാന്ധി വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജോൺ ഗ്രിഗ്ഗ് അടക്കമുള്ള പല വിദേശ രാഷ്ട്രീയ നിരീക്ഷകരിൽ നിന്നും തന്റെ സ്വേച്ഛാധിപത്യ ത്വരയെപ്പറ്റി ഉയർന്നുവന്ന വിമർശനങ്ങളാണ്, ഇന്ത്യയെ വീണ്ടും ജനാധിപത്യത്തിന്റെ വഴിയേ നടത്താൻ ഇന്ദിരയെ പ്രേരിപ്പിച്ചത്. ഇന്ദിര തന്റെ രാഷ്ട്രീയജീവിതത്തിൽ എടുത്ത ഏറ്റവും ധീരമായ തീരുമാനമായിരുന്നു അത്.

തെരഞ്ഞെടുപ്പിൽ ഇന്ദിരയും, മകൻ സഞ്ജയും, കോൺഗ്രസ് പാർട്ടിയും നിലംപരിശായി. സഞ്ജയ് ഗാന്ധിക്കുനേരെ വധശ്രമമുണ്ടായി. 1977 മാർച്ചിൽ അഞ്ചുതവണ അദ്ദേഹത്തിനുനേരെ വെടിയുതിർക്കപ്പെട്ടു. തെരഞ്ഞെടുപ്പിൽ ഭരണത്തിലേറിയ ജനതാ പാർട്ടി സർക്കാർ സഞ്ജയ് ഗാന്ധിക്കെതിരെയുള്ള ആരോപണങ്ങളിൽ അന്വേഷണം നടത്തി. സഞ്ജയ് ഗാന്ധിയെ ജയിലിലടച്ചു. സഞ്ജയ് ഗാന്ധിയെ ജയിലിലടക്കാൻ കാരണമായ കുറ്റങ്ങളിൽ ഒന്ന് കിസ്സ കുർസി കാ സിനിമയുടെ പ്രിന്റുകൾ കത്തിച്ചു എന്നതും പെടും. 

 

 

അദ്ദേഹം തന്റെ അവസാനത്തെ ആകാശയാത്രയ്ക്ക് വേണ്ടി ദില്ലി ഫ്ളയിങ് ക്ലബ്ബിൽ എത്തിയപ്പോൾ ഇൻസ്ട്രക്ടറായ ക്യാപ്റ്റൻ സുഭാഷ് സക്‌സേന ആദ്യം സഞ്ജയിനൊപ്പം വിമാനത്തിലേറാൻ വിസമ്മതിച്ചിരുന്നു. ആ വിമാനം പറത്തി വേണ്ടത്ര പരിചയം സഞ്ജയിന് ഇല്ലാതിരുന്നതും, ഇൻസ്ട്രക്ടറോ, പൈലറ്റായ ചേട്ടൻ രാജീവ് ഗാന്ധിയോ അടക്കമുള്ള ആരും പറയുന്നത് കേൾക്കുന്ന സ്വഭാവം സഞ്ജയിന് ഇല്ലാതിരുന്നതും ഒക്കെയായിരുന്നു ആ വിമുഖതയ്ക്ക് കാരണം. ആകാശത്ത് വട്ടംചുറ്റി അഭ്യാസങ്ങൾ കാണിക്കുന്നതിനിടെയാണ് സഞ്ജയ് ഗാന്ധിക്ക് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതും വിമാനം നിലംപതിക്കുന്നതും. വിമാനം നിലം പതിച്ച ആ നിമിഷം തന്നെ ഇരുവരും മരണമടഞ്ഞു.

ദില്ലിയിൽ നടന്ന സഞ്ജയിന്റെ ശവസംസ്കാര ഘോഷയാത്രയിൽ അന്ന് മൂന്നുലക്ഷത്തോളം പേർ പങ്കെടുത്തു. ശാന്തിവനത്തിലേക്ക് നീണ്ട ക്യൂവിന് 12 കിലോമീറ്റർ നീളമുണ്ടായിരുന്നു. അന്ന് ആ ക്യൂവിലെ ജനങ്ങൾ സഞ്ജയ് ഗാന്ധിക്കുവേണ്ടി ഇങ്ങനെ മുദ്രാവാക്യം വിളിച്ചു, "ജബ് തക് സൂരജ് ചാന്ദ് രഹേഗാ, സഞ്ജയ് തേരാ നാം രഹേഗാ..! " 

click me!