ആക്രിവിലയ്ക്ക് തൂക്കിവിറ്റത് ഭരണഘടന ആദ്യമായി അച്ചടിച്ച രണ്ടു പ്രസ്സുകൾ

By Web TeamFirst Published Jan 25, 2020, 3:19 PM IST
Highlights

ഇന്ത്യയുടെ ചരിത്രത്തിൽ ഏറെ നിർണായകമായ ഒരു ഗ്രന്ഥം, കോടിക്കണക്കായ ഇന്ത്യക്കാരുടെ ജീവിതങ്ങളെ അത്രമേൽ സ്വാധീനിച്ച ഒരു മാർഗരേഖ, എത്രയോ വട്ടം പാർലമെന്റിലും, പല സമരങ്ങളിലും എടുത്തുദ്ധരിക്കപ്പെട്ട വരികൾ...

26 ജനുവരി 2020, നമ്മൾ എഴുപത്തിയൊന്നാമത്തെ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ദിവസമാണത്. 1950 -ൽ ഇന്നേദിവസമാണ് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത്. ഇക്കൊല്ലത്തെ റിപ്പബ്ലിക് ദിനം ആഘോഷപൂർവം നടത്താൻ വേണ്ട തയ്യാറെടുപ്പുകൾ എല്ലായിടത്തും പുരോഗമിക്കവെയാണ് ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂണിൽ നിന്ന് ഏറെ ദുഖകരമായ ഒരു വാർത്ത പുറത്തുവന്നിരിക്കുന്നത്. ഹിന്ദുസ്ഥാൻ ടൈംസ് പത്രത്തിന്റെ റിപ്പോർട്ട് പ്രകാരം, ആദ്യമായി ഇന്ത്യൻ ഭരണഘടന അച്ചടിക്കാൻ വേണ്ടി ഉപയോഗിച്ച രണ്ടു പ്രസ്സുകൾ, ആക്രിവിലയ്ക്ക് തൂക്കി വിൽക്കപ്പെട്ടിരിക്കുന്നു. 

ഇന്ത്യയുടെ ചരിത്രത്തിൽ ഏറെ നിർണായകമായ ഒരു ഗ്രന്ഥം, കോടിക്കണക്കായ ഇന്ത്യക്കാരുടെ ജീവിതങ്ങളെ അത്രമേൽ സ്വാധീനിച്ച ഒരു മാർഗരേഖ, എത്രയോ വട്ടം പാർലമെന്റിലും, പല സമരങ്ങളിലും എടുത്തുദ്ധരിക്കപ്പെട്ട വരികൾ... അതൊക്കെ അച്ചടിച്ച പ്രസ്സ് എന്ന നിലയിൽ ഇന്ത്യയുടെ ചരിത്രത്തിൽ എത്രയോ മഹത്വമുള്ള, നമ്മുടെ മ്യൂസിയങ്ങളിൽ വരും തലമുറക്ക് കാണാൻ വേണ്ടി കാത്തുസൂക്ഷിക്കേണ്ട അമൂല്യമായൊരു പുരാവസ്തു, അതിന് പകരമായി ആക്രിക്കച്ചവടക്കാരനിൽ നിന്ന് കിട്ടിയത് വെറും ഒന്നരലക്ഷം രൂപ. 

സോവെറിൻ, മൊണാർക്ക് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ഈ രണ്ടു പ്രസ്സുകൾ അന്ന് യുകെയിലെ പ്രസിദ്ധമായ RW ക്രാബ് ട്രീ എന്ന കമ്പനിയാണ് സപ്ലൈ ചെയ്തത്. കൈകൊണ്ട്  തയ്യാറാക്കപ്പെട്ട ഒരു മാസ്റ്റർ കോപ്പിയിൽ നിന്ന് ആയിരം കോപ്പികൾ ഫോട്ടോലിത്തോഗ്രാഫിക് റീപ്രൊഡക്ഷൻ എന്ന സാങ്കേതികവിദ്യയിൽ പുനഃസൃഷ്ടിക്കുകയായിരുന്നു ചെയ്യപ്പെട്ടത്. അന്ന് ആ പ്രക്രിയക്ക് ഉപയോഗിച്ച ലിത്തോഗ്രാഫിക് പ്ലേറ്റുകളും ആക്രിവിലക്ക് എന്നേ വിറ്റൊഴിവാക്കിക്കളഞ്ഞു എന്നാണ്  അതിന്റെ ഉടമസ്ഥാവകാശം കയ്യിലുണ്ടായിരുന്ന സർവേ ഓഫ് ഇന്ത്യ (SoI) പറയുന്നത്. 

അന്നത്തെ സുപ്രസിദ്ധ കലിഗ്രാഫറായ സക്‌സേന എന്നറിയപ്പെട്ടിരുന്ന പ്രേം ബിഹാരി നാരായൺ റായിസാദ ഇംഗ്ലീഷിലും, വസന്ത് കൃഷ്ണ വൈദ്യ ഹിന്ദിയിലും എഴുതിയാണ് ഒറിജിനൽ കയ്യെഴുത്തു പ്രതി തയ്യാറാക്കിയത്. അന്നത്തെ ഇല്ലസ്ട്രേഷൻ ആർട്ടിസ്റ്റുകളായ നന്ദലാൽ ബോസ്, ബിയോഹർ രാം മനോഹർ സിൻഹ, ശാന്തിനികേതനിലെ പേരറിയാത്ത ചില കലാകാരൻമാർ എന്നിവർ ചേർന്നായിരുന്നു മൂലകൃതിയുടെ ഇല്ലസ്ട്രേഷൻ. ആദ്യപ്രതി ഹാർഡ് ബൈൻഡ് ചെയ്ത്  സർവേ ഓഫ് ഇന്ത്യയുടെ നോർത്തേൺ പ്രിന്റിങ് ഡിവിഷനിലെ സേഫിൽ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ട്. 

ഈ രണ്ടു പ്രസ്സുകളുടെയും അറ്റകുറ്റപ്പണികൾക്കായി ഏറെ പണം ഏറെ ചെലവിടേണ്ടി വരുന്നു എന്നതും, സാങ്കേതികവിദ്യ കലഹരണപ്പെട്ടുപോയി എന്നതുമാണ് വിറ്റൊഴിവാക്കാനായി അധികൃതർ പറഞ്ഞ പ്രധാന കാരണങ്ങൾ. ഈ പ്രസ്സുകൾ ഒരുപാട് സ്ഥലവും മുടക്കുന്നുണ്ടായിരുന്നത്രെ. സർവേ ഓഫ് ഇന്ത്യ പ്രവർത്തനം തുടങ്ങിയിട്ട് 252 വർഷമായി എന്നും, ചരിത്രത്തിലെ പ്രാധാന്യം മുൻനിർത്തി ഇങ്ങനെ സാധനങ്ങൾ സൂക്ഷിക്കാൻ തുടങ്ങിയാൽ പിന്നെ മറ്റൊന്നും സൂക്ഷിക്കാൻ ഓഫീസിൽ ഇടം കാണില്ല എന്നും അധികൃതർ പറഞ്ഞു. 

click me!