ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ സ്പൈ, റോയുടെ സ്ഥാപകൻ ആർ എൻ കാവിന്റെ നിഗൂഢജീവിതം

By Web TeamFirst Published Dec 2, 2019, 10:53 AM IST
Highlights

അന്ന്  രാമേശ്വർ നാഥ് കാവ് നേരിട്ട് തെരഞ്ഞെടുത്ത്, തീവ്രപരിശീലനത്തിലൂടെ അഗ്നിസ്ഫുടം ചെയ്തെടുത്ത ഈ ചാരയൗവ്വനങ്ങളെ ലോകം 'കാവ്ബോയ്സ്' (Kao Boys) എന്നുവിളിച്ചു. 

കാണാൻ ഏറെ സുന്ദരനാണ് ആ മനുഷ്യൻ. പേര് രാമേശ്വർനാഥ് കോവ് (RN Kao). എന്നാൽ, ചെന്നുപെട്ട തൊഴിലിന്റെ നിഗൂഢത നിമിത്തം ജീവിതത്തിലെ അകെ മൂന്നോ നാലോ വട്ടം മാത്രമാണ് അദ്ദേഹത്തിന് ക്യാമറക്ക് മുന്നിൽ ചെന്നുനിൽക്കാനുള്ള നിയോഗമുണ്ടായിട്ടുള്ളത്. പറഞ്ഞുവന്നത്, ഇന്ത്യൻ ഇന്റലിജൻസിന്റെ ചരിത്രത്തിലെ ഏറ്റവും താരപ്രഭയുള്ള ഒരാളെപ്പറ്റിയാണ്. ഇന്ത്യയുടെ ചാരസംഘടനയായ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങ് (R&AW) സ്ഥാപിക്കപ്പെടുന്നതിനു മുമ്പ് ഇന്റലിജൻസ് ബ്യൂറോ (IB)യുടെ എക്സ്ടെർണൽ ഇന്റലിജൻസ് തലവനായിരുന്നു രാമേശ്വർനാഥ് കാവ്.

പത്തൊമ്പതാം നൂറ്റാണ്ടിൽ കോളനി ഭരണകാലത്ത് ബ്രിട്ടീഷ് സിവിൽ സർവന്റായ കേണൽ ജെയിംസ് സ്ലീമാനാണ് ഇന്ത്യയുടെ ഇന്റലിജൻസ് ബ്യൂറോ എന്ന രഹസ്യാന്വേഷണവിഭാഗം സ്ഥാപിക്കുന്നത്. 1918 -ൽ വാരണാസിയിലെ ഒരു കാശ്മീരി പണ്ഡിറ്റ് കുടുംബത്തിൽ ജനിച്ച് അലഹബാദ് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദമെടുത്ത കാവ് ആദ്യം തൊഴിലെടുത്തത് ഒരു സിഗരറ്റ് കമ്പനിയിലാണ്. നാല്പതുകളുടെ തുടക്കത്തിൽ ആദ്ദേഹം അലഹബാദ് സർവകലാശാലയിൽ അധ്യാപകവൃത്തിയിൽ ഏർപ്പെടുന്നുണ്ടെങ്കിലും സിവിൽ സർവീസ് പരീക്ഷയിൽ വിജയിക്കുന്നതോടെ അതുപേക്ഷിച്ച് ഇന്ത്യൻ ഇമ്പീരിയൽ പോലീസിൽ ഇൻസ്പെക്ടറായി ചേരുന്നു.

അതിനിടെ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നു. അന്ന് വൈകുന്നേരം തന്നെ ബി എൻ മല്ലിക്കിന്റെ കാർമ്മികത്വത്തിൽ ഇന്റലിജൻസ് ബ്യൂറോയിൽ അഴിച്ചുപണി നടക്കുന്നു. ഏറെ സ്തുത്യർഹമായ ട്രാക്ക് റെക്കോർഡുണ്ടായിരുന്ന കാവിന് ഐബിയിലേക്ക് ഡെപ്യൂട്ടേഷൻ കിട്ടുന്നു. അക്കാലത്ത് ഇന്ത്യയിലേക്ക് സന്ദർശനത്തിന് വരുന്ന ബ്രിട്ടീഷ് രാജ്ഞിയുടെ സുരക്ഷാ ചുമതല കാവിനായിരുന്നു. നാലുപാടും നിരീക്ഷിച്ചുകൊണ്ട് കൂടെ നടന്ന കാവ് പെട്ടെന്ന് ഒരു ബൊക്കെ രാജ്ഞിക്ക് നേരെ പറന്നുവരുന്നത് കാണുന്നു. അന്തരീക്ഷത്തിലൂടെ ഡൈവ് ചെയ്ത് ആ പൂച്ചെണ്ട് രാജ്ഞിയുടെ നേർക്കുവരാതെ പിടിച്ചെടുക്കുന്ന കാവിനെ ചുമലിൽ തട്ടി അഭിനന്ദിച്ചുകൊണ്ട് ക്വീൻ പറയുന്നു, "ഗുഡ് ക്രിക്കറ്റ്..."

അതിനുശേഷം, കാവിന്റെ ചുമലിൽ വന്നു വീഴുന്ന സുപ്രധാന ചുമതല നിയുക്ത പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ വിഐപി സുരക്ഷയാണ്. 1957 -ൽ ഘാനയ്ക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ, നിയുക്തപ്രസിഡന്റ് ഇന്ത്യൻ പ്രധാനമന്ത്രിയോട് രാജ്യത്തിന് ഒരു രഹസ്യപൊലീസ് സംവിധാനം കെട്ടിപ്പടുക്കാൻ സഹായം അഭ്യർത്ഥിക്കുന്നു. നെഹ്‌റു ആ ദൗത്യത്തിന് നിയോഗിക്കുന്നത് വിശ്വസ്തനായ കാവിനെ ആണ്. അങ്ങനെയാണ് ഘാനയുടെ ഫോറിൻ സർവീസ് റിസർച് ബ്യൂറോ(FSRB) രൂപീകരിക്കപ്പെടുന്നത്. 

 

1965 വരെയും ഇന്റലിജൻസ് ബ്യൂറോയെ മാത്രം ആശ്രയിച്ച് നിലനിന്നിരുന്ന ഇന്ത്യയുടെ വിദേശ ഇന്റലിജൻസ് ശേഖരണത്തിൽ കാര്യമായ പിഴവുകളുണ്ട് എന്ന് ബോധ്യപ്പെടുന്നത് 1965 -ലെ ഇന്തോ പാക് യുദ്ധത്തിന് ശേഷമാണ്. തീർത്തും അപ്രതീക്ഷിതമായി പാകിസ്ഥാൻ ഓപ്പറേഷൻ ജിബ്രാൾട്ടർ എന്നപേരിൽ സംഘടിതമായ നുഴഞ്ഞുകയറ്റങ്ങളുമായി കാശ്മീരിൽ അശാന്തിവിതച്ചപ്പോൾ  ഇന്ത്യക്ക് അടിപതറി. ഇന്റലിജൻസ് പാളിച്ചകളുടെ പേരിൽ തുടക്കത്തിൽ ഏറെ തിരിച്ചടികളേറ്റ ഒരു യുദ്ധമായിരുന്നു അത്. അതുനൽകിയ ആഘാതങ്ങൾക്കുശേഷം ആദ്യമുയർന്ന ആവശ്യമാണ് വിദേശത്തുനിന്ന് ഇന്റലിജൻസ് ശേഖരിക്കാൻ വേണ്ടി പ്രത്യേകം ഒരു ഡിവിഷൻ തന്നെ രൂപീകരിക്കപ്പെടണം എന്നത്. അങ്ങനെയാണ് 1968 -ൽ ഇന്ദിരാഗാന്ധി റോ രൂപീകരിക്കാൻ തീരുമാനിക്കുന്നതും അതിന്റെ ചുക്കാൻ പിടിക്കാൻ വേണ്ടി ആർ എൻ കാവിനെ ക്ഷണിക്കുന്നതും. വിവിധരാജ്യങ്ങളിൽ നിലവിലുണ്ടായിരുന്ന ഇന്റലിജൻസ് ഏജൻസികളെപ്പറ്റി വിശദമായ ഗവേഷണങ്ങളിൽ ഏർപ്പെട്ട കാവ്, തന്റെ സഹപ്രവർത്തകനായ മലയാളി കെ.ശങ്കരൻ നായരുമൊത്ത് താമസിയാതെ ഇന്ത്യയുടെ കന്നി അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജൻസിയുടെ ബ്ലൂപ്രിന്റുമായി ഇന്ദിരയെ സമീപിച്ചു.

പുതിയ സ്ഥാപനത്തിന് ഒരു അക്കാദമിക് പ്രതിച്ഛായ ഇരുന്നോട്ടെ എന്ന് കാവ് കരുതി. അതാണ് പേര് റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങ് എന്ന് തീരുമാനിച്ചത്. അങ്ങനെ, ഇന്റലിജൻസ് ബ്യൂറോയിൽ നിന്ന് കാവ് നേരിട്ട് തെരഞ്ഞെടുത്ത 250 സൂപ്പർ ബ്രെയിനുകളുമായി 1968 സെപ്റ്റംബർ 21 -ന്  റോ പ്രവർത്തനമാരംഭിച്ചു. 

അന്ന്  കാവ്  നേരിട്ട് തെരഞ്ഞെടുത്ത്തീവ്രപരിശീലനത്തിലൂടെ അഗ്നിസ്ഫുടം ചെയ്തെടുത്ത ഈ ചാരയൗവ്വനങ്ങളെ ലോകം 'കാവ്ബോയ്സ്'(Kao Boys) എന്നുവിളിച്ചു. ആ കാവ് ബോയ്സിൽ ഒരാളായിരുന്ന പിൽക്കാല റോ ചീഫ് ബി രാമൻ തന്റെ മെന്റോർ ആയിരുന്ന കാവ് സാബിനെപ്പറ്റി 'ദ കാവ് ബോയ്സ് ഓഫ് R&AW' എന്ന പേരിൽ ഒരു ഓർമ്മക്കുറിപ്പുതന്നെ എഴുതുകയുണ്ടായി.
  

ആദ്യമായി റോയുടെ ഇന്റലിജൻസ് പ്രയോജനം ചെയ്യുന്നത് 1971 -ലാണ്. അക്കൊല്ലമാണ് പാകിസ്ഥാൻ തങ്ങളുടെ കിഴക്കൻ പ്രവിശ്യകളിൽ (ഇന്നത്തെ ബംഗ്ലാദേശ്) വ്യാപകമായി പൊതുജനങ്ങൾക്കെതിരെയുള്ള നടപടികൾ തുടങ്ങുന്നത്. പാകിസ്ഥാൻ ഒരു മിലിട്ടറി ആക്ഷന് പദ്ധതിയിടുന്നുണ്ട് എന്ന രഹസ്യവിവരം കാവിന് നേരത്തെ തന്നെ ലഭിച്ചു. അത്‌ അദ്ദേഹം ഇന്ദിരാ ഗാന്ധിയെ അറിയിച്ചു. ബംഗ്ലാദേശിനെ സഹായിക്കാൻ വേണ്ടത് ചെയ്യാൻ വേണ്ടി കാവിനെ ഇന്ദിര ചുമതലപ്പെടുത്തി. കാവിന്റെ രഹസ്യപ്പൊലീസ് സംഘങ്ങൾ നിരവധി കോവർട്ട് ഓപ്പറേഷനുകൾക്ക് അക്കാലത്ത് നേതൃത്വം നൽകി. സാങ്കേതികവിദ്യയിൽ പാകിസ്ഥാനുമേലുണ്ടായിരുന്ന മേൽക്കൈ പ്രയോജനപ്പെടുത്തി കിഴക്കൻ, പടിഞ്ഞാറൻ പാകിസ്ഥാനുകൾക്കിടയിൽ നടന്നിരുന്ന പല നയതന്ത്ര സമ്പർക്കങ്ങളും റോ ചോർത്തി.


 

പാകിസ്ഥാനുമായി കോർക്കാൻ തന്നെ ഇന്ത്യ തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞിരുന്നു. അതിന്റെ ആദ്യപടിയെന്നോണം, പാകിസ്ഥാനിൽ നിന്ന് കിഴക്കൻ പാകിസ്താനിലേക്കുള്ള വിമാനങ്ങൾ നിരോധിക്കേണ്ടതുണ്ടായിരുന്നു. അതാകട്ടെ വിശേഷിച്ചൊരു കാരണമില്ലാതെ ചെയ്യാൻ പറ്റുന്ന ഒന്നായിരുന്നില്ല. അങ്ങനെ, കാവ് ബോയ്സിൽ ഒരാളെ ഏറെ മർമ്മപ്രധാനമായ ആ ദൗത്യം ഏൽപ്പിക്കപ്പെട്ടു. എന്താ? കാശ്മീരി തീവ്രവാദികളുടെ വേഷം കെട്ടി ശ്രീനഗറിൽ നിന്ന് ലാഹോറിലേക്കുള്ള വിമാനം ഹൈജാക്ക് ചെയ്യുക. വിമാനം ലാഹോറിൽ കൊണ്ടിറക്കി, യാത്രക്കാരെ സുരക്ഷിതമായി ഇന്ത്യയിലേക്കയച്ച ശേഷം റോ ഏജന്റ് ആ വിമാനം ബോംബുവെച്ച് തകർത്തുകളഞ്ഞു. ഈ സംഭവത്തിന്റെ ചുവടുപിടിച്ച് ഇന്ത്യ, സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ പറഞ്ഞ വിമാന നിരോധനം നടപ്പിലാക്കി. അതോടെ പാകിസ്ഥാന്, ബംഗ്ലാദേശിൽ നടക്കുന്ന വിപ്ലവത്തെ അടിച്ചമർത്താൻ വേണ്ടി പട്ടാളത്തെ വിമാനമാർഗം അയക്കാൻ പറ്റാതെയായി.

അടുത്ത പടിയെന്നോണം കാവിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ കിഴക്കൻ പാകിസ്‌താനിൽ വിപ്ലവക്കൊടി പിടിച്ചുനിന്ന ഒരു ലക്ഷത്തിൽപ്പരം ജനങ്ങളെ മുക്തിബാഹിനി എന്ന പേരിൽ ഒരു സൈന്യമായി സംഘടിപ്പിച്ച്, അവർക്ക് ഗറില്ലാപോരാട്ടമുറകളിൽ പരിശീലനം നൽകപ്പെട്ടു. അവസാനത്തെ അടി, 1971 ഡിസംബറിൽ ഇന്ത്യൻ ആർമി തന്നെ നേരിട്ട് കിഴക്കൻ പാകിസ്ഥാനിൽ പ്രവേശിച്ച് അവിടെയുണ്ടായിരുന്ന ഒരുലക്ഷത്തോളം വരുന്ന പാക് സൈനികരെ കീഴടക്കിയ നടപടിയായിരുന്നു. അത് ബംഗ്ലാദേശ് എന്ന പുതിയൊരു രാജ്യത്തിൻറെ പിറവിയുടെ മുഹൂർത്തം കൂടിയായിരുന്നു.
 


'ദേവപ്രിയ റോയ്, പ്രിയ കുര്യൻ എന്നിവർ ചേർന്നെഴുതിയ ഇന്ദിര എന്ന ഗ്രാഫിക് നോവലിൽ റാംജി കാവ് '

ഷേക്ക് മുജീബുർ റഹ്‌മാൻ പ്രസിഡന്റായി ബംഗ്ലാദേശ് സ്വയംഭരണത്തിലേക്ക് പ്രവേശിച്ച ശേഷം 1975 -ൽ അവിടെ ഒരു പട്ടാള അട്ടിമറിക്കുള്ള ശ്രമങ്ങൾ തുടങ്ങി. കാവിനും സംഘത്തിനും ഈ വിവരം നേരത്തെ തന്നെ കിട്ടിയിരുന്നു. അതോടെ, ഒരു അടക്കവ്യാപാരിയുടെ വേഷം ധരിച്ച് കാവ് നേരിട്ട് ബംഗ്ലാദേശിലേക്ക് ചെന്ന്, മുജീബുർ റഹ്‌മാനെ നേരിൽ കണ്ട് വിവരങ്ങൾ അറിയിച്ചു. എന്നാൽ, റഹ്‌മാൻ കാവിന്റെ വാക്കുകൾക്ക് ചെവികൊടുത്തില്ല. കാവ് തിരികെപ്പോന്ന് ആഴ്ചകൾക്കകം, രാജ്യത്ത് സൈനികകലാപമുണ്ടായി. വെറും മൂന്നര മിനിറ്റ് നീണ്ടുനിന്ന ഒരു ആക്രമണത്തിലൂടെ സൈന്യം മുജീബുർ റഹ്‌മാന്റെ കുടുംബത്തിലെ അദ്ദേഹത്തിന്റെ അടുത്ത പരിചാരകരും വിശ്വസ്തരായ ഉദ്യോഗസ്ഥരും അടക്കമുള്ള നാല്പതോളം പേരെ വധിച്ച് അധികാരം പിടിച്ചെടുക്കുന്നു.

1975 -ൽ സിക്കിം ഇന്ത്യയുടെ ഇരുപത്തിരണ്ടാമത്തെ സംസ്ഥാനമാകുന്നതിൽ പ്രധാന പങ്കുവഹിച്ചയാൾ കാവ് ആണ്‌. പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ഇറാൻ, ചൈന, ഇസ്രായേൽ, അമേരിക്ക, ഫ്രാൻസ്, റഷ്യ, യുകെ അങ്ങനെ ഒരുവിധം എല്ലായിടത്തും ഇന്റലിജൻസ് വിവരങ്ങള്‍ ശേഖരിക്കാൻ വേണ്ടി അതീവരഹസ്യമായി  കാവിന്റെ പിള്ളേർ നിയുക്തരായിരുന്നു. ഒരു ഫോൺകോളിന്റെ പുറത്ത് ലോകത്തെവിടെയും എന്തും നടപ്പിലാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.ഇന്ദിരാ ഗാന്ധിയുമായി ഏറെ അടുപ്പമുണ്ടായിരുന്നു ആർ എൻ കാവിന്. അതുകൊണ്ടുതന്നെ ഇന്ദിരക്ക് ഭരണം നഷ്ടമായി മൊറാർജി ദേശായി പ്രധാനമന്ത്രിയായതോടെ, റോയുടെ ഫണ്ടിങ് വെട്ടിക്കുറച്ചു. ഉദ്യോഗസ്ഥരെ മറ്റു ഡിപ്പാർട്ടുമെന്റുകളിലേക്ക് ഡെപ്യൂട്ട് ചെയ്തു. അതിൽ പ്രതിഷേധിച്ചുകൊണ്ട് കാവ് സ്വന്തം പദവി രാജിവെച്ചു. 1980 -ൽ ഇന്ദിരാഗാന്ധി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ആർ എൻ കാവ് വീണ്ടും ദേശീയ സുരക്ഷാ ഉപദേഷ്ടാവായി പദവിയിലേക്ക് പുനർനിയോഗിതനായി. ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെപ്പറ്റി വ്യക്തമായ ഇന്റലിജൻസ് ഇൻപുട്ടുകൾ നല്കപ്പെട്ടിരുന്നു എങ്കിലും, ആ നിർദേശങ്ങളിന്മേൽ നടപടിയെടുക്കാൻ ഇന്ദിര വിസമ്മതിക്കുകയായിരുന്നു. ആ ദശകത്തിൽ തന്നെ ഇന്നത്തെ ഇന്ത്യയുടെ അഭിമാനമുയർത്തിപ്പിടിക്കുന്ന സുരക്ഷാ സേനകളിൽ ഒന്നായ നാഷണൽ സെക്യൂരിറ്റി ഗാർഡ്‌സ്(NSG) സ്ഥാപിക്കുന്നതും ആർ എൻ കാവ് തന്നെയാണ്.

1982 -ൽ ഫ്രഞ്ച് രഹസ്യാന്വേഷണ ഏജൻസിയായ SDECE -യുടെ അന്നത്തെ തലവനായിരുന്ന കൗണ്ട് അലക്‌സാന്ദ്രേ ഡി മാരെൻഷസിനോട് ഒരു പത്രക്കാരൻ ലോകത്തിലെ ഏറ്റവും മികച്ച അഞ്ചു സുരക്ഷാ തലവൻമാരുടെ പേര് പറയാൻ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞപേരുകളിൽ ഒന്ന് രാമേശ്വർ നാഥ് കാവിന്റെതായിരുന്നു. തികഞ്ഞ അർപ്പണമനോഭാവത്തോടുകൂടി റോയെ നയിച്ച കാവ് സാബിന് ഡിപ്പാർട്ട്മെന്റിൽ ആരാധകർ ഏറെയായിരുന്നു. ഇന്റലിജൻസ് വൃത്തങ്ങളിൽ അദ്ദേഹം അറിയപ്പെട്ടിരുന്നത് റാംജി എന്ന പേരിലായിരുന്നു. അത്രയേറെ ഉന്നതമായ ഒരു പദവിയിൽ ഇരുന്നിട്ടും വളരെ അപൂർവമായി മാത്രം അദ്ദേഹം പൊതുജനമധ്യത്തിൽ പ്രത്യക്ഷപ്പെട്ടു. തന്റെ ഫോട്ടോ എടുക്കാൻ പോലും അദ്ദേഹം പത്രക്കാരെ അനുവദിച്ചില്ല. വളരെ നിയന്ത്രിതമായി മാത്രം മാധ്യമങ്ങളോട് സംസാരിച്ചു. അടുത്തൂൺ പറ്റിയ ശേഷവും ഒരു സർവീസ് സ്റ്റോറി എഴുതാനോ, ആത്മകഥ പുറത്തിറക്കാനോ ഒന്നും അദ്ദേഹം തുനിഞ്ഞില്ല. "എന്റെയുള്ളിൽ അപകടകരമായ ഏറെ രഹസ്യങ്ങളുണ്ട്. അത് എന്നോടൊപ്പം പട്ടടയിൽ ഒടുങ്ങട്ടെ.." എന്നാണ് കാവ് സാബ് എന്നും പറഞ്ഞിരുന്നത്. എന്നാലും, ഏറെ നിർബന്ധിച്ച ശേഷം, മരിക്കുന്നതിന് ഏതാനും മാസങ്ങൾക്കുമുമ്പ് അദ്ദേഹം തന്റെ ഓർമ്മക്കുറിപ്പുകൾ എഴുതി, ഒരൊറ്റ നിബന്ധന മാത്രം വെച്ചു. "ഞാൻ മരിച്ച് മൂന്നു പതിറ്റാണ്ടു കഴിഞ്ഞിട്ടേ ഇത് പ്രസിദ്ധപ്പെടുത്താവൂ."  2002 ജനുവരി 20 -ന് പുലർച്ചെ ന്യൂ ഡൽഹിയിലെ വസതിയിൽ വെച്ച് കാവ് സാബ് മരണപ്പെട്ടു. ദില്ലിയിലെ നിഗംബോധ് ഘാട്ടിൽ അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിക്കപ്പെട്ടു.

ഇന്റലിജൻസിന് പുറമേ രാമേശ്വർ നാഥ് കാവിന് ശില്പകലയിലും, അശ്വപരിപാലനത്തിലും അസാമാന്യമായ കമ്പവും വൈദഗ്ദ്ധ്യവുമുണ്ടായിരുന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട പന്തയക്കുതിരകളുടെ ശില്പങ്ങളുണ്ടാക്കുന്നത് അദ്ദേഹത്തിന്റെ നേരമ്പോക്കുകളിൽ ഒന്നായിരുന്നു.ഒരിക്കൽ  കാവ് ലാങ്‌ലിയിലെ സിഐഎ ആസ്ഥാനം സന്ദർശിച്ചപ്പോൾ പ്രസിഡന്റ് ജോർജ് ബുഷ് അദ്ദേഹത്തിന് വെങ്കലത്തിൽ തീർത്തൊരു അമേരിക്കൻ കൗബോയ് പ്രതിമ നൽകിയിരുന്നു. പിന്നീട് കൽക്കട്ടയിലെ ഒരു ശില്പിയായ സാദിഖ്, ഇതേ ശില്പത്തിന്റെ കുറേക്കൂടി വലിയൊരു രൂപമുണ്ടാക്കി റോയ്ക്ക് സമ്മാനിച്ചു. ആ ശില്പത്തിലെ കൗബോയ്ക്ക് സാക്ഷാൽ രാമേശ്വർ നാഥ് കാവ് എന്ന ആർ എൻ കാവിന്റെ മുഖച്ഛായയായിരുന്നു.

 

click me!