അഞ്ചുകൊല്ലം ജയിലിൽ കിടക്കാൻ സുവർണക്ഷേത്രത്തിലെ ആ 375 സിഖുകാർ ചെയ്ത കുറ്റമെന്തായിരുന്നു?

By Web TeamFirst Published Dec 23, 2019, 5:26 PM IST
Highlights

ബ്ലൂസ്റ്റാർ ഓപ്പറേഷൻ നടക്കുന്ന സമയത്ത് ഖാലിസ്ഥാനികൾ ഒളിച്ചിരുന്ന അതേ ക്ഷേത്രത്തിനുള്ളിൽ വെച്ചാണ് അവരെ കസ്റ്റഡിയിൽ എടുത്തത് എന്ന ഒരൊറ്റ സാങ്കേതിക കാരണത്താൽ അവർക്കെതിരെയും അന്ന് " രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ ശ്രമിച്ചു" എന്ന കുറ്റം ചുമത്തപ്പെട്ടു. 

'ബ്ലൂസ്റ്റാർ ഓപ്പറേഷൻ' നമുക്കെല്ലാവർക്കും ഓർമ കാണും. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരുപാട് തുടർചലനങ്ങൾ ഉണ്ടാക്കിയ ഒരു സംഭവമായിരുന്നു അത്. എന്നാൽ ആ സംഭവവുമായി ബന്ധിപ്പിച്ചുകൊണ്ട് 'ജോധ്‌പൂർ തടവുകാർ' എന്ന സ്ഥലപ്പേര് ആർക്കെങ്കിലും ഓർത്തെടുക്കാനാവുന്നുണ്ടോ? ഉണ്ടാവില്ല. കാരണം, അത് ചരിത്രത്തിൽ തന്നെ വേണ്ടുംവിധം രേഖപ്പെടുത്താതെപോയ ഒരു യാതനയുടെ സൂചകമാണ്. 

അന്ന് ഭിന്ദ്രൻവാലയുടെ നേതൃത്വത്തിൽ കുറെ ഭീകരവാദികൾ അമൃത്സറിലെ സുവർണ്ണക്ഷേത്രത്തിൽ കയറിക്കൂടിയപ്പോൾ അവരെ ഒഴിപ്പിക്കാൻ വേണ്ടി 1984 മെയ് 5 -ന്,  ഇന്ത്യൻ സൈന്യം കമാണ്ടർ കുൽദീപ് സിങ് ബ്രാറിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിനുള്ളിലേക്ക് ഇരച്ചു കയറി. ഓപ്പറേഷൻ തുടങ്ങുന്നതിന് രണ്ടു ദിവസം മുമ്പുതന്നെ പഞ്ചാബിലെ ഫോൺ, വൈദ്യുതി ബന്ധങ്ങളടക്കം സകല സംവിധാനങ്ങളും നിശ്ചലമാക്കപ്പെട്ടിരുന്നു. അങ്ങനെ പഞ്ചാബ് സംസ്ഥാനം മുഴുവനും ഇരുട്ടിൽ കഴിഞ്ഞ ആ സമയത്താണ് ഈ ഓപ്പറേഷൻ നടത്തിയത്. 

അങ്ങനെ സിഖുകാരുടെ പരമ പവിത്രമായ ആ തീർത്ഥാടനകേന്ദ്രത്തിനുള്ളിലേക്ക് സർവ്വായുധസജ്ജരായ ഇന്ത്യൻ സൈന്യം കടന്നു ചെന്നപ്പോൾ അവർ അതിനകത്ത് നിരായുധരായ 375 പുരുഷന്മാരെയും സ്ത്രീകളെയും, കുട്ടികളെയും കണ്ടു. കണ്ടപ്പോൾ വിശേഷിച്ച് അപായഭീതിയൊന്നും പട്ടാളത്തിന് തോന്നിയിരുന്നില്ല എങ്കിലും, അങ്ങനെ ലാഘവത്തോടെ ആ സാഹചര്യത്തെ നേരിടാൻ സൈനികർക്കു സാധിക്കുമായിരുന്നില്ല. അതുകൊണ്ട്, ഈ 375 പേരെയും ഖാലിസ്ഥാനി തീവ്രവാദികൾ എന്ന മട്ടിലാണ് അവർ കൈകാര്യം ചെയ്തത്. പോലീസിന്റെ സഹായത്തോടെ സൈന്യം അവരെ എല്ലാവരെയും അറസ്റ്റു ചെയ്തു നീക്കി. My Life as a Police Officer, Julio Ribeiro (Punjab DGP 1986–1989) എന്ന തന്റെ സർവീസ് സ്റ്റോറിൽ ജൂലിയസ് റിബേറോ ഐപിഎസ് ഈ സംഭവത്തെപ്പറ്റി വിവരിക്കുന്നു. 

അവരിൽ പലർക്കും ഭിന്ദ്രൻവാലെ എന്ന ഭീകരനെ അറിയുകപോലുമില്ലായിരുന്നു. അവർ അന്ന് സുവര്ണക്ഷേത്രത്തിലേക്ക് ചെന്നത്, ആറാംതലമുറയിൽ പെട്ട സിഖ് ഗുരുവിന്റെ രക്തസാക്ഷിത്വത്തിന്റെ വേളയിൽ പ്രാർത്ഥനകൾ അർപ്പിക്കാൻ വേണ്ടി മാത്രമായിരുന്നു. ദുർഭാഗ്യവശാൽ ആ സന്ദർശനത്തിന് അവർ തിരഞ്ഞെടുത്ത ദിവസം, ബ്ലൂ സ്റ്റാർ ഓപ്പറേഷൻ നടന്ന ദിവസമായിപ്പോയി.  അഥവാ, അവർ അവിടെ ചെന്ന ദിവസമായിരുന്നു, സർക്കാർ ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടത്താൻ തെരഞ്ഞെടുത്തത്. അങ്ങനെ ബ്ലൂസ്റ്റാർ ഓപ്പറേഷൻ നടക്കുന്ന സമയത്ത് ഖാലിസ്ഥാനികൾ ഒളിച്ചിരുന്ന അതേ ക്ഷേത്രത്തിനുള്ളിൽ വെച്ചാണ് അവരെ കസ്റ്റഡിയിൽ എടുത്തത് എന്ന ഒരൊറ്റ സാങ്കേതിക കാരണത്താൽ അവർക്കെതിരെയും അന്ന് " രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ ശ്രമിച്ചു" എന്ന കുറ്റം ചുമത്തപ്പെട്ടു. അന്വേഷണത്തിന്റെ ആ ഘട്ടത്തിൽ അവരിൽ ആർക്കൊക്കെ തീവ്രവാദികളുമായി ബന്ധമുണ്ട്, ഇല്ല എന്നൊക്കെ അന്വേഷിച്ചു കണ്ടെത്താൻ സമയം വേണമായിരുന്നു. അക്കാര്യത്തിൽ ഒരു തീരുമാനമുണ്ടാകും വരെ അവരെ വെറുതെ വിടാനും നിവൃത്തിയില്ല. അതുകൊണ്ട്, ഇങ്ങനെ ഒരു കേസ് ചുമത്തി പൊലീസ് അന്വേഷണമാരംഭിച്ചു. തൽക്കാലത്തേക്ക് മേൽപ്പറഞ്ഞ കുറ്റം ചുമത്തി ജാമ്യം നിഷേധിച്ച് അവർ ജോധ്‌പൂർ സെൻട്രൽ ജയിലിലേക്കും ജയിലിലേക്കും പറഞ്ഞയച്ചു. 

അന്വേഷണവും വിചാരണയും ഇഴഞ്ഞു നീങ്ങി. ഈ 375 നിരപരാധികൾക്കുവേണ്ടി ശബ്ദമുയർത്താൻ ഒരാളുമുണ്ടായില്ല. തങ്ങൾ കുറ്റവാളികളല്ല എന്ന ബോധ്യം പഞ്ചാബ് പോലീസിനും കോടതിക്കും ഉണ്ടാകുന്നതുവരെ നാലഞ്ച് വർഷക്കാലത്തോളം ആ പാവങ്ങൾക്ക് സെൻട്രൽ ജയിലിന്റെ നാലു ചുവരുകൾക്കുള്ളിൽ കഴിച്ചു കൂട്ടേണ്ടി വന്നു. 1989 മാർച്ചിനും 1991 ജൂലൈക്കും ഇടയിൽ മൂന്നു ബാച്ചുകളിലായി അവരെ വെറുതെ വിടപ്പെട്ടു. ചുരുങ്ങിയത് നാലുവര്ഷമെങ്കിലും അവരിൽ എല്ലാവർക്കും, തങ്ങൾക്ക് പുലബന്ധമില്ലാത്ത ഒരു കുറ്റകൃത്യത്തിന്റെ പേരിൽ ജയിൽവാസം അനുഷ്ഠിക്കേണ്ടി വന്നു. അവർ ചെയ്ത കുറ്റമെന്താ? അസമയത്ത് ആസ്ഥാനത്ത്  അവർക്കുണ്ടായിരുന്നു അത്രമാത്രം. 

അവരിൽ 224 പേർ പിന്നീട് തങ്ങളെ അന്യായമായി തടഞ്ഞുവെച്ചതിന് വിചാരണക്കോടതികളിൽ നഷ്ടപരിഹാരക്കേസ് നൽകി. ജയിലുകളിൽ തങ്ങൾ പീഡനങ്ങൾക്കും വിധേയരായി എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ആ പരാതികൾ. എന്നാൽ 2011  വരെയും ആർക്കും അനുകൂലമായ വിധി കിട്ടിയില്ല. അവരിൽ 40 പേർ മേൽക്കോടതികളിൽ അപ്പീലിന് പോയി. അവർക്ക് 2017 ഏപ്രിലിൽ, നാലു ശതമാനം പലിശയടക്കം, പരാതി നൽകിയ അന്നുമുതൽ മുൻകാല പ്രാബല്യത്തോടെ നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ ജില്ലാ കോടതി വിധിച്ചു. ഈ നാൽപതു പേരുടെ മാത്രം നഷ്ടപരിഹാരം പലിശയടക്കം 4.൫ കോടി വന്നു. പഞ്ചാബ് ഗവണ്മെന്റ് കോടതിയിൽ ഇതിന്റെ പാതി നൽകാം എന്നുറപ്പു നൽകിയെങ്കിലും, കേന്ദ്രം ഹൈക്കോടതിയിൽ ഈ വിധിക്കെതിരെ അപ്പീലിന് പോയി. അതേക്കൊല്ലം സെപ്റ്റംബറിൽ കേന്ദ്രം തങ്ങളുടെ അപ്പീൽ പിൻവലിച്ചു. അവർക്കാർക്കെങ്കിലും കോടതി വിധിച്ച നഷ്ടപരിഹാരം കിട്ടിയോ  എന്നത് സംബന്ധിച്ച കൃത്യമായ കണക്കുകൾ ലഭ്യമല്ല. 

പ്രസ്തുത അറസ്റ്റുകൾ തികച്ചും അന്യായമായിരുന്നു എന്നാണ് കോടതി നിരീക്ഷിച്ചത്. 1984 -ൽ ഓപ്പറേഷൻ തുടങ്ങും മുമ്പ് ക്ഷേത്രത്തിനുള്ളിലുള്ള സാധാരണ പൗരന്മാരോട് പുറത്തേക്ക് പോകാൻ വേണ്ടി അനൗൺസ്‌മെന്റ് നടത്തി എന്നതിന് തെളിവുകൾ ഹാജരാക്കാൻ പട്ടാളത്തിന് സാധിച്ചിട്ടില്ല. അങ്ങനെ ഒരു അനൗൺസ്‌മെന്റ് നടത്താൻ ഉപയോഗിച്ചു എന്ന് പറയുന്ന വാഹനത്തിന്റെ ലോഗ് ബുക്ക് പോലും പട്ടാളത്തിന്റെ പക്കലില്ല. ഇത് അന്നത്തെ ഓപ്പറേഷനിടെ പട്ടാളം നടത്തിയ ഒരു വലിയ മനുഷ്യാവകാശ ധ്വംസനത്തിന്റെ തെളിവാണെന്ന് അവർ പറയുന്നു. 

അവർ അന്ന് ഒരൊറ്റക്കുറ്റമേ ചെയ്തിരുന്നുള്ളൂ. തെറ്റായ സമയത്ത്, തെറ്റായ ഇടത്ത്, ഒന്നും അറിയാതെയാണെങ്കിലും ചെന്ന് നിന്നുപോയി. 
 

click me!