ദില്ലി തീസ് ഹസാരി കോടതിയിൽ ചന്ദ്രശേഖർ ആസാദിന്റെ കേസിൽ നടന്ന ഉദ്വേഗജനകമായ വാദപ്രതിവാദങ്ങൾ

By Web TeamFirst Published Jan 22, 2020, 11:50 AM IST
Highlights

ചന്ദ്രശേഖർ ആസാദിന്റെ ജാമ്യവ്യവസ്ഥകളിൽ അയവുവരുത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച തുടർഹർജി ദില്ലി തീസ് ഹസാരി സെഷൻസ് കോടതിയിൽ പരിഗണനയ്ക്ക് വന്നപ്പോൾ നടന്ന നടപടികളുടെ പകർപ്പ്. 

ഏറെ രസകരമായ രംഗങ്ങളാണ് ഇന്നലെ ഉച്ചക്ക് മൂന്നുമണിയോടെ ദില്ലി തീസ് ഹസാരി കോടതിയിൽ അരങ്ങേറിയത്. ജസ്റ്റിസ് കാമിനി ലോവിന്റെ കോടതി മുറി. അവിടെ ചന്ദ്രശേഖർ ആസാദിന്റെ അഭിഭാഷകൻ മെഹമൂദ് പ്രാചയും പബ്ലിക് പ്രോസിക്യൂട്ടറും തമ്മിലാണ് കട്ടയ്ക്ക് കട്ട വാദപ്രതിവാദങ്ങൾ നടന്നത്. തന്റെ കക്ഷിയ്ക്കനുവദിച്ച ജാമ്യത്തിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ അന്യായമാണ് എന്നും അവയിൽ അയവു വരുത്തണം എന്നുമായിരുന്നു ആസാദിന്റെ അഭിഭാഷകന്റെ വാദം. 

ആദ്യം തന്നെ പ്രോസിക്യൂഷൻ എതിർപ്പ് പ്രകടിപ്പിച്ചത് ആസാദ് ദില്ലിയിൽ താമസിക്കുന്നു എന്നവകാശപ്പെട്ട സ്ഥലത്ത് പൊലീസ് അന്വേഷണം നടത്തിയപ്പോൾ അവിടെ അങ്ങനെ ഒരാൾ താമസമില്ല എന്നറിഞ്ഞു എന്നും പറഞ്ഞാണ്. അബ്ബാസ് എന്നൊരാളാണ് അവിടെ താമസമെന്നാണ് അന്വേഷിച്ചപ്പോൾ അറിഞ്ഞത് എന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. ചന്ദ്രശേഖർ ആസാദ് തനിക്ക് അനുജനെപ്പോലെയാണെന്നും എന്നുവന്നാലും തന്റെ വീട്ടിലാണ് താമസിക്കാറെന്നും വ്യക്തമാക്കിക്കൊണ്ട് ബഹാദൂർ അബ്ബാസ് നൽകിയ സത്യവാങ്മൂലം പ്രതിഭാഗം വക്കീൽ കോടതിയിൽ സമർപ്പിച്ചു. അതിനിടെ തന്റെ കക്ഷിയെ മാത്രമാണ് ഇങ്ങനെ ഉപദ്രവിക്കുന്നതെന്നും അദ്ദേഹം ഒരു പട്ടികജാതിക്കാരനാണ് എന്നതുകൊണ്ട് മാത്രമാണ് പൊലീസ് അദ്ദേഹത്തെ മനഃപൂർവം ഉപദ്രവിക്കുന്നത് എന്ന പ്രാചയുടെ വാദത്തെ ജസ്റ്റിസ് ലോ ശക്തമായ ഭാഷയിൽ വിമർശിച്ചു. 

തുടർന്ന് നടന്ന സംഭാഷണങ്ങൾ ഇങ്ങനെ.

ജസ്റ്റിസ് ലോ : ആസാദ് ദില്ലിയിൽ വന്നാൽ ക്രമസമാധാനനില തകരും എന്ന് പൊലീസ് ആശങ്ക പ്രകടിപ്പിക്കുന്നുണ്ടല്ലോ?
ആസാദിനുവേണ്ടി പ്രതിഭാഗം വക്കീൽ : അങ്ങനെ ആശങ്കയുണ്ടെങ്കിൽ, ഒരു പൊലീസ് കോൺസ്റ്റബിളിനെ എനിക്കൊപ്പം 24 മണിക്കൂറും നിയോഗിച്ചുകൊള്ളട്ടെ. പൊലീസിന് എന്റെ സകല നീക്കങ്ങളും ചോർത്തിക്കൊടുക്കുന്ന ഒരു ചാരൻ തന്നെ ആയിക്കൊള്ളട്ടെ. അങ്ങനെ ഞാൻ എന്തെങ്കിലും നിയമലംഘനം നടത്തുമെന്ന ഭീതി അവർക്കുണ്ടെങ്കിൽ, എന്റെ പദ്ധതികളൊക്കെ അപ്പപ്പോൾ പൊലീസിനെ അറിയിച്ചോട്ടെ ആ ഇൻഫോർമർ. എനിക്ക് ഒന്നും ഒളിക്കാനില്ല. രാജ്യത്തെ നിയമത്തിന് വിരുദ്ധമായി യാതൊന്നും ഞാൻ പ്രവർത്തിക്കുന്നുമില്ല. എന്നെ 24 /7 അനുഗമിക്കാൻ ഒരു പൊലീസ് കോൺസ്റ്റബിളിനെ നിയോഗിക്കാൻ ഉത്തരവുണ്ടാകണം. 
ജസ്റ്റിസ് ലോ : അതിനല്ലല്ലോ നിങ്ങളുടെ ഹർജി?
ആസാദിനുവേണ്ടി പ്രതിഭാഗം വക്കീൽ : അല്ല, ഞാൻ ഇപ്പോൾ വാക്കാൽ അപേക്ഷിക്കുകയാണ്. 

കൃത്യമായ ന്യായീകരണം കൂടാതെ ദില്ലിയിലേക്ക് പ്രവേശിക്കരുത് എന്ന ജാമ്യവ്യവസ്ഥ അന്യായമാണ് അത് നീക്കം ചെയ്യണം എന്ന് പ്രാച ജസ്റ്റിസ് ലോയോട് അപേക്ഷിക്കുന്നു. 
ജസ്റ്റിസ് ലോ : നിങ്ങൾക്ക് എതിർപ്പുണ്ടോ? ആസാദിനെതിരായ എഫ്‌ഐആറിൽ ഒട്ടുമിക്ക കുറ്റങ്ങളും ജാമ്യം കിട്ടുന്നവയാണ്. അല്ലാത്തവയ്ക്ക് തെളിവുകൾ ഒന്നും തന്നെ ഹാജരാക്കിയിട്ടില്ല എന്ന് ഞാൻ എന്റെ കഴിഞ്ഞ വിധിയിൽ തന്നെ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ആസാദ് ദില്ലിയിൽ വരുമ്പോൾ ഡിസിപിയുടെ അടുത്ത് ഹാജർ വെച്ചോളാം എന്നാണ് പറയുന്നത്. സമ്മതമാണോ പ്രോസിക്യൂഷന്? 

പ്രതിഭാഗം വക്കീൽ : എന്റെ കക്ഷിക്ക്  സമ്മതമാണ്... 

ജസ്റ്റിസ് ലോ : തെരഞ്ഞെടുപ്പ് സമയത്ത് വേണമെങ്കിൽ ആസാദിനോട് ദൈനംദിന ഷെഡ്യൂൾ നേരത്തെ പങ്കുവയ്ക്കാൻ ആവശ്യപ്പെടാം. 

പബ്ലിക് പ്രോസിക്യൂട്ടർ : ഒബ്ജെക്ഷൻ മൈ ലോർഡ്. ആസാദ് ദില്ലിയിൽ വന്നാൽ അയാൾ 16 വരെ ഇവിടെ തങ്ങിയേക്കാം. 

ജസ്റ്റിസ് ലോ : അതിനെന്താ? ആസാദ് ദില്ലിയിൽ വന്നാലോ താമസിച്ചാലോ എന്താണ് പ്രശ്നം? നിങ്ങളുടെ ആശങ്കകളുടെ അടിസ്ഥാനമെന്താണ്? ചുമ്മാ ഊഹാപോഹങ്ങൾ പറയരുത്. അങ്ങനെ ഒരു ആശങ്കയ്ക്ക് അടിസ്ഥാനമാകുന്നവിധത്തിൽ എന്തെങ്കിലും ഒരു സോളിഡ് മെറ്റീരിയൽ എനിക്ക് കാണിച്ചു തരൂ. 

പബ്ലിക് പ്രോസിക്യൂട്ടർ അതിനുത്തരം പറയാതെ ഉഴപ്പിയപ്പോൾ, അദ്ദേഹത്തെ ശകാരിച്ചു കൊണ്ട് 

ജസ്റ്റിസ് ലോ: ഞാൻ വീണ്ടും ആവർത്തിക്കുകയാണ്.  ചുമ്മാ ഊഹാപോഹങ്ങൾ പറയാതെ, ഹാർഡ് എവിഡൻസ് ആയി എന്തെങ്കിലും ഈ കാര്യത്തിൽ ബോധിപ്പിക്കാനുണ്ടെങ്കിൽ അത്, അതുമാത്രം പറയൂ... 

ഇത്തരം കാര്യങ്ങളിൽ ഒരു രഹസ്യ ഇടപാടും പാടില്ല എന്നുള്ള സുപ്രീം കോടതി നിർദേശവും ജസ്റ്റിസ് ലോ ചൂണ്ടിക്കാട്ടി. ആശങ്കയുണ്ട് എന്ന് ചുമ്മാ പറഞ്ഞാൽ പോരാ അതിനു തക്ക തെളിവുകൾ ഹാജരാക്കണം എന്ന് ആവശ്യപ്പെട്ടു. 

ജസ്റ്റിസ് ലോ : ഒരു തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലമാകുമ്പോൾ അവിടെ രാഷ്ട്രീയക്കാർ വന്നെന്നും പോയെന്നുമൊക്കെ ഇരിക്കും. അതിനെന്താ? ആസാദിനെതിരെ വല്ല തെളിവും ഹാജരാക്കാനുണ്ടെങ്കിൽ അതാവാം. ക്രമസമാധാനനില, പൊതുസുരക്ഷിതത്വം, ദേശസുരക്ഷ, ഇതാ ഇപ്പോൾ നിങ്ങൾ NSA യും പ്രഖ്യാപിച്ചു കഴിഞ്ഞല്ലോ. ഇനി പറ, എന്താണ് ശരിക്കുള്ള പ്രശ്നം ?

പബ്ലിക് പ്രോസിക്യൂട്ടർ വീണ്ടും ആശങ്കയുണ്ട് എന്നുമാത്രം പറയുന്നു. 

 ജസ്റ്റിസ് ലോ: എന്താണ് പ്രശ്നമെന്നു കൃത്യമായി പറയൂ. ആസാദിന്റെ മുൻകാല പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി വേണം മറുപടി തരാൻ...

പബ്ലിക് പ്രോസിക്യൂട്ടർ : അയാൾ പഴയ ഒഫെൻസ് വീണ്ടും ആവർത്തിച്ചേക്കാം. 

 ജസ്റ്റിസ് ലോ: എന്ത് ഒഫെൻസ് ? പറയൂ... ഭരണഘടനയുടെ ആമുഖം വായിക്കുന്നതോ? അത് എന്നും വായിക്കേണ്ട ഒന്നാണ്. അങ്ങനെയല്ലേ നമ്മൾ ഭരണഘടനാ ദിനത്തിൽ തീരുമാനിച്ചത്?

പ്രതിഭാഗം വക്കീൽ :  എന്റെ കക്ഷി മറ്റുള്ള അഞ്ചു സംസ്ഥാനത്തും പോയതാണ്. അവിടെന്നൊന്നും ഒരു പരാതിയും വന്നിട്ടില്ല. പിന്നെ ദില്ലിക്കുമാത്രം എന്താണ് പ്രശ്നം?

പബ്ലിക് പ്രോസിക്യൂട്ടർ : അയാൾ പഴയ ഒഫെൻസ് വീണ്ടും ആവർത്തിച്ചേക്കാം. 
ജസ്റ്റിസ് ലോ: എന്താണ് പ്രശ്നം. തെളിവുകൾ കാണട്ടെ.

പബ്ലിക് പ്രോസിക്യൂട്ടർ : അയാൾ വിദ്വേഷപ്രസംഗം നടത്തി ക്രമസമാധാനപ്രശ്നങ്ങളുണ്ടാക്കിയേക്കാം. 
ജസ്റ്റിസ് ലോ: എന്ത് വിദ്വേഷപ്രസംഗം ? നിങ്ങൾ ആസാദിന്റെ പ്രസംഗത്തിനെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ എന്തൊക്കെയാണ്..? എങ്ങനെയാണ് നിങ്ങൾ വിദ്വേഷപ്രസംഗം എന്നതിനെ നിർവചിക്കുന്നത്?

മിസ്റ്റർ പ്രാച, നിങ്ങളുടെ കക്ഷി എന്നൊക്കെയാണ് ദില്ലിയിൽ വരാൻ ഉദ്ദേശിക്കുന്നത്.

പ്രതിഭാഗം വക്കീൽ :  അങ്ങനെ തുടർച്ചയായിട്ടല്ല. വന്നും പോയും ഇരുന്നേക്കാം.

പബ്ലിക് പ്രോസിക്യൂട്ടർ അതിൽ ഇടപെട്ട് എതിർക്കാൻ നോക്കുന്നു. അപ്പോൾ ജസ്റ്റിസ് അദ്ദേഹത്തെ ശകാരിക്കുന്നു. 

ജസ്റ്റിസ് ലോ:  മിസ്റ്റർ പ്രോസിക്യൂട്ടർ നിങ്ങൾ ആദ്യം നിങ്ങൾ കഴിഞ്ഞ എഫ്‌ഐആറിൽ ആസാദിന്റെ വിദ്വേഷപ്രസംഗങ്ങളെപ്പറ്റി എന്തൊക്കെ ചാർജുകളാണ് ചുമത്തിയിട്ടുണ്ട് എന്ന് പറയൂ എന്നിട്ടാവാം. 

നിങ്ങൾ കോടതിയിൽ സമർപ്പിച്ചിട്ടുള്ള എഫ്ഐആറുകളിൽ ഒരെണ്ണത്തിൽ പോലും വിദ്വേഷപ്രസംഗത്തെ സൂചിപ്പിക്കുന്ന ഒരു വകുപ്പുപോലും ചാർജ് ചെയ്യപ്പെട്ടിട്ടില്ല. പിന്നെങ്ങനെയാണ് നിങ്ങൾ ആസാദ് മുമ്പ് വിദ്വേഷപ്രസംഗം നടത്തിയിട്ടുണ്ട്, അതിനിയും ആവർത്തിക്കും എന്നൊക്കെ പറയുന്നത് ? 
പബ്ലിക് പ്രോസിക്യൂട്ടർ ദില്ലി എസിപിയുമായി ചർച്ച ചെയ്ത ശേഷം അങ്ങനെ ഒരു ചാർജ് ഇല്ല എന്നുറപ്പിക്കുന്നു. 
ജസ്റ്റിസ് ലോ:  അപ്പോൾ നേരത്തെ പറഞ്ഞത് പിൻവലിക്കുന്നോ?

തുടർന്ന് ജസ്റ്റിസ് ലോ എസിപിയോട് പൊലീസിന്റെ ആശങ്കകൾ എന്താണെന്ന് ചോദിക്കുന്നു. എസിപിയും ആസാദ് ക്രമസമാധാന പ്രശ്നം ഉണ്ടാക്കാം എന്നതുതന്നെ ആവർത്തിക്കുന്നു. ജസ്റ്റിസ് ലോ എസിപിയെയും കടുത്ത ഭാഷയിൽ ശകാരിക്കുന്നു. " ചുമ്മാ അഭ്യൂഹങ്ങൾ പറഞ്ഞു പരത്തരുത്. അങ്ങനെ പറയാൻ എന്തെങ്കിലും ഹാർഡ് എവിഡൻസ് ഉണ്ടെങ്കിൽ ഇവിടെ ഹാജരാക്കുക. അല്ലാതെ വെറുതെ എന്തെങ്കിലും പറയരുത്. "

തന്റെ കൂടെ സദാ ഒരു പൊലീസ് കോൺസ്റ്റബിളിനെ നിർത്താനുള്ള സമ്മതം ആസാദിന്റെ അഭിഭാഷകൻ കോടതിയെ അറിയിക്കുന്നു. തന്റെ കക്ഷി ബാബാ സാഹേബ് അംബേദ്കറെയും ഭരണഘടനയെയും മാത്രമേ ഉദ്ധരിക്കൂ എന്നും ഉറപ്പുനൽകുന്നു. ദില്ലിയിൽ എപ്പോൾ വേണമെങ്കിലും ആസാദ് വന്നോട്ടെ എന്നും വന്നാലുടൻ ഡിസിപിയെ വിവരമറിയിക്കണമെന്നും റാലി നടത്തുന്നുണ്ടെങ്കിൽ പൊലീസിന്റെ മുൻ‌കൂർ അനുമതി നേടണം എന്നും അവർ ആവശ്യപ്പെട്ടു. മേൽപ്പറഞ്ഞ നിബന്ധനകൾക്ക് വിധേയമായി, ആസാദിനെ ദില്ലിയിൽ യഥേഷ്ടം വന്നുപോകുന്നത് തടയാൻ തൽക്കാലം കോടതി ഉദ്ദേശിക്കുന്നില്ല എന്ന് വിധിച്ചു കൊണ്ടാണ് ജസ്റ്റിസ് ലോ ഈ ഹർജിയിലെ നടപടികൾ അവസാനിപ്പിച്ചത്. 

click me!