'പട്ടിണി കൊണ്ട് ആരും മരിക്കരുത്, അതിന് കഴിയാവുന്നത് ചെയ്യും'; മാതൃകയായി ദമ്പതികള്‍

By Web TeamFirst Published Mar 3, 2019, 1:33 PM IST
Highlights

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ സംഭവം. പക്ഷെ, ഇപ്പോഴും ഇരുവരുടേയും മനസ്സില്‍ ഈ സംഭവം അതുപോലെ തന്നെയുണ്ട്. അതവരുടെ ജീവിതം തന്നെ മാറ്റിക്കളഞ്ഞു. അങ്ങനെ, ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സഹായം സ്വീകരിച്ചുകൊണ്ട് 'ഫീഡ് ഓഫ് ലൗ' എന്ന പേരില്‍ ഒരു സംരംഭം തന്നെ അവര്‍ തുടങ്ങി. വീടില്ലാത്ത എഴുപതോളം പേര്‍ക്ക് ഭക്ഷണം നല്‍കുകയായിരുന്നു ഇതുവഴി അവര്‍ ചെയ്തത്. 

അഞ്ച് വര്‍ഷം മുമ്പ്... ജോണ്‍സണും ഷെറീനും ഒരു റസ്റ്റോറന്‍റില്‍ നിന്നും രുചികരമായ ഭക്ഷണവും കഴിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അപ്പോഴാണ് വഴിയരികില്‍ നിന്ന് ഒരാള്‍ ഭക്ഷണത്തിന് വേണ്ടി യാചിക്കുന്നത് കണ്ടത്. ചെന്നൈയിലെ വേലച്ചേരി റെയില്‍വേ സ്റ്റേഷനടുത്ത് വച്ചായിരുന്നു ഇത്. അവര്‍ അദ്ദേഹത്തിന്‍റെ അടുത്ത് ചെന്നു. അപ്പോഴാണ് മനസ്സിലായത് ദിവസങ്ങളായി അദ്ദേഹം പട്ടിണിയിലായിരുന്നുവെന്ന്. ഏതായാലും അവര്‍ റെസ്റ്റോറന്‍റില്‍ നിന്നും ഒരു പാഴ്സല്‍ വാങ്ങിയിരുന്നു. അതവര്‍ അദ്ദേഹത്തിന് കൈമാറി. 

പിന്നെയും പല ദിവസങ്ങളിലും അതുവഴി കടന്ന് പോകുമ്പോഴെല്ലാം അവരദ്ദേഹത്തെ കാണുന്നുണ്ടായിരുന്നു. ചിന്നപ്പന്‍ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്. പറ്റുന്ന പോലെയെല്ലാം അവരദ്ദേഹത്തിന് ഭക്ഷണം എത്തിച്ചുകൊടുത്തിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അടുത്ത കടയിലെ ഒരാളാണ് അവരോട് പറഞ്ഞത് ചിന്നപ്പന്‍ മരിച്ചു പോയി എന്ന്. വിശപ്പും പട്ടിണിയും കൊണ്ട് മരിച്ചുപോയ അനേകരില്‍ ഒരാളായിരുന്നു ചിന്നപ്പനും. അതുപോലെ ഇനിയൊരാളും വിശന്ന് മരിക്കേണ്ടി വരരുതെന്ന് അന്ന് ആ ദമ്പതികള്‍ തീരുമാനിച്ചു. 

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ സംഭവം. പക്ഷെ, ഇപ്പോഴും ഇരുവരുടേയും മനസ്സില്‍ ഈ സംഭവം അതുപോലെ തന്നെയുണ്ട്. അതവരുടെ ജീവിതം തന്നെ മാറ്റിക്കളഞ്ഞു. അങ്ങനെ, ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സഹായം സ്വീകരിച്ചുകൊണ്ട് 'ഫീഡ് ഓഫ് ലൗ' എന്ന പേരില്‍ ഒരു സംരംഭം തന്നെ അവര്‍ തുടങ്ങി. വീടില്ലാത്ത എഴുപതോളം പേര്‍ക്ക് ഭക്ഷണം നല്‍കുകയായിരുന്നു ഇതുവഴി അവര്‍ ചെയ്തത്. 

ഇന്ത്യയിലാകെ നാല് ലക്ഷം യാചകരെങ്കിലുമുണ്ടെന്നാണ് കണക്ക്. തമിഴ് നാട്ടില്‍ യാചന നിരോധിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ അവര്‍ അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. ആ  സാഹചര്യത്തിലാണ് ഈ ദമ്പതികളുടെ പ്രവൃത്തി അത്രമേല്‍ അവര്‍ക്ക് സഹായകമാകുന്നത്. 

ജോണ്‍സണും ഷെറീനും രണ്ടുപേരും ചെന്നൈയില്‍ നിന്നുള്ളവരാണ്. ഇത്രയും പേര്‍ക്ക് ഭക്ഷണം തയ്യാറാക്കുന്നതിനും എത്തിക്കുന്നതിനുമായി ആഴ്ചയില്‍ 4000 മുതല്‍ 4500 രൂപ വരെ ചെലവ് വരും. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയാണ് സഹായിക്കുന്നത്. ദിവസം 70 പേര്‍ക്കാണ് ഭക്ഷണം നല്‍കുന്നത്. സ്വന്തം അടുക്കളയില്‍ നിന്നാണ് ഭക്ഷണം പാകം ചെയ്യുന്നത്. ചെന്നൈയിലെ ഒരിടത്ത് നടത്തിയ സെന്‍സസിലാണ് വീടില്ലാത്ത ആളുകളെ കണ്ടെത്തിയത്. അവരെ സമീപിച്ച് ഭക്ഷണം നല്‍കാമെന്ന് അറിയിക്കുകയായിരുന്നു ഇരുവരും. ചിലരൊന്നും ആ സഹായം സ്വീകരിക്കാന്‍ തയ്യാറായില്ല. പക്ഷെ, പ്രായം കൊണ്ട് ജോലിയൊന്നും ചെയ്യാനാകാത്തവരെയാണ് അവര്‍ പ്രധാനമായും സമീപിച്ചത്. 

തങ്ങള്‍ ചെയ്യുന്ന പ്രവൃത്തി വലിയ എന്തെങ്കിലും മാറ്റമുണ്ടാക്കുമെന്ന് അവര്‍ കരുതുന്നില്ല. പക്ഷെ, എന്തെങ്കിലും ചെറിയ മാറ്റമെങ്കിലുമുണ്ടാക്കാനായെങ്കില്‍, കുറച്ചുപേരുടെ വിശപ്പെങ്കിലും മാറ്റാനായെങ്കില്‍ അതാണ് സന്തോഷം എന്നാണ് അവര്‍ കരുതുന്നത്. ചിലരെയെങ്കിലും ഗവണ്‍മെന്‍റിന് കീഴിലുള്ള അഭയകേന്ദ്രങ്ങളിലേക്ക് മാറ്റാനും അവര്‍ക്ക് കഴിയുന്നുണ്ട്. 

ഞങ്ങള്‍ ചെയ്യുന്നത് സമുദ്രത്തിലെ ഒരു തുള്ളിയെപ്പോലെ മാത്രമേ ആകുന്നുള്ളൂ. പക്ഷെ, അതെങ്കിലും കഴിയുന്നുണ്ടല്ലോ എന്നാണ് കരുതുന്നതെന്ന് ഇവര്‍ പറയുന്നു. 

click me!