തെരുവിലുറങ്ങുന്നവര്‍ക്ക് ഒരു കൂടൊരുക്കാന്‍, ഒരു ജന്മത്തിന്‍റെ സമ്പാദ്യം മുഴുവനും അവര്‍ കാത്തുവെച്ചു

By Web TeamFirst Published Apr 8, 2019, 1:27 PM IST
Highlights

പിന്നീട്, അഭയം തേടി പലരും ഈ വീട്ടിലേക്ക് എത്തിത്തുടങ്ങി. പക്ഷെ, അപ്പോഴും ശ്രദ്ധിച്ചാണ് ഓരോരുത്തരേയും അവിടെ താമസിപ്പിച്ചത്. കാരണം, ഒരാള്‍ക്ക് പോലും ഒന്നിനും ഒരു കുറവുമുണ്ടാകരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. 

ഒറ്റനോട്ടത്തില്‍ സാധാരണ ദമ്പതികളെ പോലെ തന്നെയാണ് തിരുനഗറിലെ ആര്‍. ജലജയും ഭര്‍ത്താവ് ജനാര്‍ദ്ദനനും.. ജോലിയില്‍ നിന്ന് വിരമിച്ച രണ്ടുപേര്‍. അതുവരെയുള്ള സമ്പാദ്യം കുടുംബത്തിനോ അല്ലെങ്കില്‍ യാത്രക്കോ ഒക്കെയായി മാറ്റിവെക്കാം. പക്ഷെ, അവര്‍ ചെയ്തത് അതായിരുന്നില്ല. ആ പണമുപയോഗിച്ച് അവര്‍ കുറച്ച് സ്ഥലം വാങ്ങി. പാവപ്പെട്ടവരെ സൗജന്യമായി ചികിത്സിക്കുന്ന മധുരയിലെ ഏഴ് ഡോക്ടര്‍മാരുണ്ട്. അവര്‍ക്ക് ഒരു ഹെല്‍ത്ത് കെയര്‍ സെന്‍റര്‍ തുടങ്ങുന്നതിനായി ആ സ്ഥലം വിട്ടുനല്‍കി. 

ഇതാണവരുടെ കഥ

ജലജയും ജനാര്‍ദ്ദനനും.. രണ്ടുപേര്‍ക്കും സാമൂഹ്യസേവനത്തില്‍ താല്‍പര്യമുണ്ടായിരുന്നു. പലപ്പോഴും ആരുമില്ലാതെ തെരുവില്‍ കാണുന്ന ജനങ്ങള്‍ അവരില്‍ വേദനയുണ്ടാക്കി. അവരെ സഹായിക്കാന്‍ അവര്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. ഓരോ ദിവസവും പത്ത് യാചകരെങ്കിലും ഭക്ഷണത്തിനായി അവരുടെ വാതിലില്‍ മുട്ടിയിരുന്നു. അവര്‍ക്കായി ഒരു വൃദ്ധ സദനം തുടങ്ങാന്‍ എപ്പോഴും ജലജയും ജനാര്‍ദ്ദനനും ആഗ്രഹിച്ചിരുന്നു. അങ്ങനെ സ്വന്തം വീട്ടില്‍ തന്നെ പത്തോ പതിനഞ്ചോ പേരെ നിര്‍ത്താനും അവരെ പരിചരിക്കാനും കഴിഞ്ഞേക്കും എന്ന തോന്നലുണ്ടായി ഇരുവര്‍ക്കും. പക്ഷെ, അവരെ ശ്രദ്ധിക്കുന്നതിനായി ഒരാളെപ്പോഴും അവരുടെ കൂടെയുണ്ടാവേണ്ടതുണ്ട്. അതിനായി രണ്ടുപേരിലൊരാള്‍ക്ക് വോളണ്ടറി റിട്ടയര്‍മെന്‍റ് എടുത്തേ തീരുമായിരുന്നുള്ളൂ. ജലജ വോളണ്ടറി റിട്ടയര്‍മെന്‍റെടുക്കാന്‍ തീരുമാനിച്ചു. കൂടാതെ, രണ്ടുപേരുടെയും ശമ്പളത്തില്‍ നിന്നും ഒരു നിശ്ചിത തുക അവര്‍ക്കായി മാറ്റിവെക്കാനും തീരുമാനിച്ചു. 

തുടര്‍ന്നുള്ള നാല് വര്‍ഷങ്ങള്‍ ആരോരുമില്ലാത്തവര്‍ക്ക് അത് അഭയകേന്ദ്രമായി

അങ്ങനെ ജലജ കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസ് ഡിപ്പാര്‍ട്മെന്‍റില്‍ നിന്നും 20 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിച്ചു. 1994 -ലാണ് ജലജ ഇതിനായി അപേക്ഷിക്കുന്നത്. ജനാര്‍ദ്ദനന്‍ ബി എസ് എന്‍ എല്‍ -ല്‍ അസിസ്റ്റ് ഡയറക്ടറായി വിരമിക്കും വരെ തുടര്‍ന്നു. രണ്ട് നിലയുള്ള വീട്ടിലെ ഗ്രൗണ്ട് ഫ്ലോര്‍, ഓള്‍ഡ് ഏജ് ഹോമിനായി മാറ്റിവെക്കാന്‍ അവര്‍ തീരുമാനിച്ചു. 8-10 പേരെയെങ്കിലും അവിടെ ഉള്‍ക്കൊള്ളുമായിരുന്നു. രണ്ട് ബാത്ത്റൂമും ഉണ്ടായിരുന്നു. പിന്നത്തെ വിഷയം ഭക്ഷണമായിരുന്നു. ആദ്യമാദ്യം ജലജ തന്നെ ഭക്ഷണമുണ്ടായക്കി നല്‍കി. പക്ഷെ, ഓരോരുത്തരുടേയും ആരോഗ്യം മെച്ചപ്പെട്ടപ്പോള്‍ അവരും ജലജയെ സഹായിച്ചു തുടങ്ങി. 

പിന്നീട്, അഭയം തേടി പലരും ഈ വീട്ടിലേക്ക് എത്തിത്തുടങ്ങി. പക്ഷെ, അപ്പോഴും ശ്രദ്ധിച്ചാണ് ഓരോരുത്തരേയും അവിടെ താമസിപ്പിച്ചത്. കാരണം, ഒരാള്‍ക്ക് പോലും ഒന്നിനും ഒരു കുറവുമുണ്ടാകരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. തുടര്‍ന്നുള്ള നാല് വര്‍ഷങ്ങള്‍ ആരോരുമില്ലാത്തവര്‍ക്ക് അത് അഭയകേന്ദ്രമായി. ഒരുപാട് പേരെത്തി. ജലജയും ജനാര്‍ദ്ദനനും അവര്‍ക്ക് വളരെ വേണ്ടപ്പെട്ട ആരോ ആയി മാറി. 1998 -ല്‍ ഒരു വീട് വില്‍പനയ്ക്കുണ്ടെന്ന് മനസിലായപ്പോള്‍ അവര്‍ ഉടമസ്ഥനെ സമീപിച്ചു. അവരുടെ ആവശ്യം അറിയിച്ചു. അങ്ങനെ 3.5 ലക്ഷം രൂപയ്ക്ക് ആ വീട് വാങ്ങി. കൂടുതല്‍ പേരെ താമസിപ്പിക്കുന്നതിന് ഇത് സഹായകമായി. 

2000 ആയപ്പോഴേക്കും 16 പേരായിരുന്നു ഉണ്ടായിരുന്നത്. 2000 ആയപ്പോഴേക്കും ജനാര്‍ദ്ദനനും വിരമിച്ചു. പിന്നീട് 27 സെന്‍റ് സ്ഥലം വലിയ ഒരു ഓള്‍ഡ് ഏജ് ഹോം നിര്‍മ്മിക്കുന്നതിനായി ഇവര്‍ വാങ്ങി. 2016 -ല്‍ ഇത് ഐശ്വര്യം ട്രസ്റ്റിന് കൈമാറി. 2002 -ല്‍ ജനാര്‍ദ്ദനന് ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടമായി. അതോടെ, അന്തോവസികളെ പരിചരിക്കുന്ന കാര്യത്തില്‍ ബുദ്ധിമുട്ടുകളുണ്ടായിത്തുടങ്ങി. അങ്ങനെ, വളരെ അധികം വേദനയോടെയാണെങ്കിലും അവരെ ഓരോരുത്തരേയായി മറ്റ് അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. 

27 സെന്‍റ് സ്ഥലം ജലജയും ജനാര്‍ദ്ദനനും അവര്‍ക്ക് ഹോസ്പിറ്റല്‍ പണിയുന്നതിനായി വിട്ടുനല്‍കി

2016 -ലാണ് ഐശ്വര്യം ട്രസ്റ്റിനെ കുറിച്ച് ഇരുവരും കേള്‍ക്കുന്നത്. അത് കുറച്ച് ചെറുപ്പക്കാരായ ഡോക്ടര്‍മാരുടെ കൂട്ടായ്മയായിരുന്നു. അശരണരായവര്‍ക്ക് സൗജന്യമായി ചികിത്സ നല്‍കുകയായിരുന്നു അവരുടെ പ്രവര്‍ത്തനം. അവര്‍ക്ക് കിടത്തി ചികിത്സിക്കാന്‍ ഒരു ഇടമില്ലായിരുന്നു. അങ്ങനെ, ആ 27 സെന്‍റ് സ്ഥലം ജലജയും ജനാര്‍ദ്ദനനും അവര്‍ക്ക് ഹോസ്പിറ്റല്‍ പണിയുന്നതിനായി വിട്ടുനല്‍കി. 2017 -ല്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയായി. അങ്ങനെ നേത്രാവതി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനം തുടങ്ങി. 

ഇന്നവിടെ ചികിത്സിക്കാന്‍ പണമില്ലാത്ത രോഗികളെ ചികിത്സിക്കുന്നു.. ആരുമില്ലാത്തവരെ കൈനീട്ടി സ്വീകരിക്കുന്നു.. എല്ലാത്തിനും സ്നേഹം അറിയിക്കേണ്ടത് ജലജയേയും ജനാര്‍ദ്ദനനേയുമാണ്. 

(കടപ്പാട്: ബെറ്റര്‍ ഇന്ത്യ)

click me!