'കടുവ വിധവകൾ' എന്നറിയപ്പെടുന്ന സ്ത്രീകള്‍ ജീവിക്കുന്ന ​ഗ്രാമം, സമൂഹത്തിൽ നിന്നും കൊടിയ അവ​ഗണനയും

By Web TeamFirst Published Mar 1, 2021, 4:08 PM IST
Highlights

എല്ലാ വർഷവും കടുവ ആക്രമണത്തിൽ 80-100 പേർ കൊല്ലപ്പെടുന്നുണ്ടെങ്കിലും ഇത് റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. മിക്ക കേസുകളിലും, കടുവകൾ ആക്രമിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ കഴിയില്ല. അതുകൊണ്ട് തന്നെ അവരെ കാണാതായവരായി കണക്കാക്കുന്നു. 

ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയിൽ 10,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് സുന്ദർബൻ കണ്ടൽ വനം സ്ഥിതി ചെയ്യുന്നത്. അവിടെ കുറഞ്ഞത് 100 ബംഗാൾ കടുവകളെങ്കിലുമുണ്ടാകും. അവയിൽ പലതും ചോരയൂറ്റുന്ന നരഭോജികളാണ്. അതിന്റെ പരിസരങ്ങളിൽ ജീവിക്കുന്ന ആളുകൾ പ്രധാനമായി ആശ്രയിക്കുന്നതും ആ കാടുകളെ തന്നെയാണ്. അതുകൊണ്ട് തന്നെ ആളുകളെ സംബന്ധിച്ചിടത്തോളം ഓരോ ദിവസവും അതിജീവിനത്തിന്റെ നീണ്ട പോരാട്ടമാണ്. എപ്പോൾ വേണമെങ്കിലും കടുവകളാൽ ആക്രമിക്കപ്പെടാം എന്ന പൂർണ ബോധ്യത്തോടെയാണ് അവർ കാട് കയറുന്നത്. കൂടാതെ കാലാവസ്ഥാ വ്യതിയാനവും കാട് കൈയേറ്റവും കടുവകളുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ നശിപ്പിക്കുമ്പോൾ, പലപ്പോഴും ഭക്ഷണം തേടി കടുവകൾ ഗ്രാമങ്ങളിലേക്ക് കടക്കുന്നു. ഇത് കടുവകളാൽ ആക്രമിക്കപ്പെടുന്ന ആളുകളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടാക്കുന്നു. 2001 -നും 2011 -നും ഇടയിൽ ഒരു ജില്ലയിലെ 50 ഗ്രാമങ്ങളിലായി 519 പേർ കടുവ ആക്രമണത്തിൽ മരിച്ചിട്ടുണ്ട്. ഇത് റിപ്പോർട്ട് ചെയ്യപ്പെട്ട കണക്കാണ്, എന്നാൽ യഥാർത്ഥത്തിൽ അതിലും കൂടും.

എന്നാൽ, ഇപ്പോൾ ലോക്ക് ഡൗണും ചുഴലിക്കാറ്റും സുന്ദർബനത്തിലെ മിക്ക ദ്വീപുവാസികളെയും ദുരിതത്തിലാഴ്ത്തുന്നു. നിരവധി ആളുകളുടെ ഉപജീവനമാർഗമാണ് ഇത് മൂലം നഷ്‌ടപ്പെടുന്നത്. കൊവിഡ് -19 ന് ശേഷം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിയെത്തിയ ആളുകൾ ജീവിക്കാനായി വീണ്ടും കാടു കയറുകയാണ്. തൽഫലമായി, കടുവ ആക്രമണത്തിന് കൂടുതൽ പേർ ഇരയാകുന്നു. മത്സ്യബന്ധനം, നദികളിലും തോടുകളിലും ഞണ്ടുകളെ പിടിക്കുക, തേനീച്ചക്കൂടുകളിൽ നിന്ന് തേൻ ശേഖരിക്കുക തുടങ്ങിയ ജോലികളാണ് അവർ ചെയ്യുന്നത്. എല്ലാ ദിവസവും ജീവൻ പണയപ്പെടുത്തി അവർ കുടുംബത്തെ പോറ്റുന്നു.  

കടുവകളുടെ ആക്രമത്തിൽ കൊല്ലപ്പെട്ട പുരുഷന്മാരുടെ ആയിരക്കണക്കിന് വിധവകളാണ് ആ ഗ്രാമത്തിലുള്ളത്. അവരെ കടുവ വിധവകൾ (ബാഗ് ബിദോബ) എന്നാണ് വിളിക്കുന്നത്. ഒരിക്കൽ വീടുകളിൽ ഒതുങ്ങി ദൈനംദിന ജോലികളിൽ ഏർപ്പെട്ടിരുന്ന ഈ സ്ത്രീകൾക്ക് ഇപ്പോൾ ഉപജീവനത്തിനായി തങ്ങളുടെ ഭർത്താക്കന്മാരുടെ തൊഴിലുകൾ ഏറ്റെടുക്കേണ്ടി വരുന്നു. ഒപ്പം പങ്കാളികളുടെ മരണത്തിന് അവരാണ് കരണക്കാരെന്ന് കണക്കാക്കി സമൂഹം വിധവകളെ ഭാഗ്യം കെട്ടവളും, ദുഃശ്ശകുനവുമായി കണക്കാക്കുന്നു. പ്രായമായ വിധവകളെ അവരുടെ മുതിർന്ന ആൺമക്കൾ പലപ്പോഴും ഉപേക്ഷിക്കുന്നു. ചെറുപ്പത്തിൽത്തന്നെ വിധവകളായ സ്ത്രീകൾ, കുട്ടികളോടൊപ്പം സമൂഹത്തിൽ ഒറ്റപ്പെട്ട് കഴിയുന്നു. അവർ കാരണമാണ് ഭർത്താക്കന്മാർക്ക് ഈ ഗതി വന്നതെന്ന് സമൂഹം ചിന്തിക്കുന്നു. അതിനെ തുടർന്ന്, അവർ സമൂഹത്തിന് മുന്നിൽ ഒറ്റപ്പെട്ടവളായി മാറുന്നു.

കടുവ സംരക്ഷണ കേന്ദ്രത്തിന്റെ പ്രധാന പ്രദേശത്ത് പ്രവേശിക്കുന്നത് നിയമവിരുദ്ധമാണെങ്കിലും, അതിജീവിക്കാൻ മറ്റ് മാർഗ്ഗങ്ങൾ ഇല്ലാത്തതിന്റെ പേരിൽ സുന്ദർബനിലെ ഗ്രാമീണർക്ക് ആ സാഹസം ചെയ്യേണ്ടി വരുന്നു. ഈ കാരണം കൊണ്ട് തന്നെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടാൽ വിധവകൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാനാവില്ല. കടുവയുമായി ബന്ധപ്പെട്ട മരണങ്ങളെക്കുറിച്ച് അവർ അധികാരികളെ അറിയിക്കാറില്ല. സുന്ദർബൻ ദ്വീപുകളിൽ മൂവായിരത്തോളം കടുവ വിധവകളുണ്ട്.

എല്ലാ വർഷവും കടുവ ആക്രമണത്തിൽ 80-100 പേർ കൊല്ലപ്പെടുന്നുണ്ടെങ്കിലും ഇത് റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. മിക്ക കേസുകളിലും, കടുവകൾ ആക്രമിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ കഴിയില്ല. അതുകൊണ്ട് തന്നെ അവരെ കാണാതായവരായി കണക്കാക്കുന്നു. മേഖലയിലെ കടുവ ആക്രമണങ്ങൾ കുറയ്ക്കുന്നതിന് സംസ്ഥാന വനംവകുപ്പ് ഗ്രാമവാസികൾക്കിടയിൽ ലഘൂകരണ പരിപാടികൾ നടത്തിവരികയാണെന്ന് സുന്ദർബൻ ബയോസ്‌ഫിയർ റിസർവ് ഡയറക്ടർ പിയാർ ചന്ദ് പറഞ്ഞു. തൊഴിലവസരങ്ങളുടെ അഭാവം, പതിവ് കടുവ ആക്രമണങ്ങൾ, പ്രകൃതി ദുരന്തം എന്നിവ കാരണം ഗ്രാമവാസികൾ സാമൂഹിക-സാമ്പത്തിക അസമത്വങ്ങളാണ് നേരിടുന്നത്. ഇത് സ്ത്രീകളെയും കുട്ടികളെയും പതിവിലും കൂടുതൽ ദുർബലരാക്കുന്നു. കടുവ വിധവകളിൽ പലർക്കും 9-14 വയസ് പ്രായമുള്ള കുട്ടികളുണ്ട്. പിതാവിന്റെ മരണശേഷം വിദ്യാഭ്യാസം തുടരാൻ പോലുമാകാതെ മാതാപിതാക്കളുടെ അതേ അപകടകരമായ ജോലികൾ ചെയ്യാൻ കുട്ടികൾ നിർബന്ധിതരാകുന്നു.  

click me!