മൂന്നിൽ രണ്ട് ബലാത്സംഗികൾക്കും ശിക്ഷ കിട്ടാതെ പോകുന്നു, നിർഭയ കേസിന്റെ ഏഴാം വാർഷികത്തിൽ ഓർക്കേണ്ട ചില സത്യങ്ങൾ

By Web TeamFirst Published Dec 16, 2019, 1:40 PM IST
Highlights

ബലാത്സംഗം എന്ന ദുരനുഭവത്തിന്റെ ശാരീരികവും മാനസികവുമായ പീഡനങ്ങളിൽ നിന്ന് മുക്തരാകാത്ത സ്ത്രീകളെ വീണ്ടും അതിലൂടെ കൊണ്ടുപോകുന്ന തരത്തിൽ, ഒരർത്ഥത്തിൽ വീണ്ടും വാക്കുകളാൽ ബലാത്സംഗം ചെയ്യപ്പെടുന്ന രീതിയിലുള്ളതായിരിക്കും പ്രതിഭാഗം വക്കീലിന്റെ ക്രോസുവിസ്താരങ്ങളിൽ പലതും.

2012 ഡിസംബർ 16 -ന്  തലസ്ഥാനത്ത് നിർഭയ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ട സംഭവം ഇന്ത്യൻ നീതിന്യായവ്യവസ്ഥയെയും പാര്‍ലമെന്റിനെയും എല്ലാം  ഇരുത്തിച്ചിന്തിപ്പിച്ച ഒന്നാണ്. അതിനുശേഷമാണ്, 2013 -ൽ, പാർലമെന്റ്, ബലാത്സംഗത്തിന്റെ നിർവചനം വിപുലപ്പെടുത്തിക്കൊണ്ട്, ശിക്ഷകൾക്ക് കാഠിന്യമേറ്റികൊണ്ട്, ക്രിമിനൽ നിയമം ഭേദഗതി (Criminal Law (Amendment) Act, 2013) ചെയ്തത്. ബലാത്സംഗത്തെ അതിജീവിച്ചവർക്ക് മെഡിക്കോ-ലീഗൽ സേവനങ്ങൾ നൽകേണ്ടതിനു വേണ്ട മാർഗനിർദേശങ്ങൾ കേന്ദ്ര ആരോഗ്യവകുപ്പും അടുത്തവർഷം പുറപ്പെടുവിച്ചു. എന്നാൽ, ആരോഗ്യമെന്നത് സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള പോർട്ട് ഫോളിയോ ആയതിനാൽ എല്ലാ സംസ്ഥാനങ്ങളും ഒന്നും ഈ നിർദേശങ്ങൾ പൂർണമായി നടപ്പിൽ വരുത്തിയിട്ടില്ല ഇതുവരെ. 

ബലാത്സംഗക്കുറ്റത്തിന് അറസ്റ്റുചെയ്യപ്പെടുന്ന പ്രതികളിൽ പലരും നിയമത്തിന്റെ പഴുതുകൾ മുതലെടുത്തുകൊണ്ട് രക്ഷപ്പെട്ടു പോകാറാണ് പതിവ്. ഇന്ത്യയുടെ റേപ്പ് കൺവിക്ഷൻ റേറ്റ് അഥവാ ബലാത്സംഗക്കുറ്റങ്ങളുടെ ശിക്ഷാ നിരക്ക് 32. 2 ശതമാനം മാത്രമാണ്. അതായത് രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളിൽ മൂന്നിൽ രണ്ടുപ്രതികളും ശിക്ഷിക്കപ്പെടാതെ പോകുന്നു എന്നർത്ഥം. അതുകൊണ്ടുതന്നെ പലപ്പോഴും പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്ന് വളരെ അലസമായ അന്വേഷണവും, തെളിവ് ശേഖരണവും, വൈദ്യ പരിശോധനകളും, വാദവുമൊക്കെയാണ് ഉണ്ടാകാറുള്ളത്. ആക്രമിക്കപ്പെട്ട സ്ത്രീക്ക് പലപ്പോഴും വേണ്ട രീതിയിലുള്ള മെഡിക്കൽ പരിചരണങ്ങളും കിട്ടാറില്ല. അതിനും പുറമെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തലുകളും, അവഗണനകളും, കളിയാക്കലുകളും ബലാത്സംഗത്തെ അതിജീവിച്ചവർക്ക് നേരിടേണ്ടി വരുന്നു. 

നാഷണൽ ക്രൈം റിക്കോർഡ്സ് ബ്യൂറോ(NCRB)യുടെ കണക്കുകൾ പ്രകാരം 2017 -ൽ ഇന്ത്യയിൽ ആകെ ബലാത്സംഗം ചെയ്യപ്പെട്ടത് 33,885 സ്ത്രീകളാണ്. അവരിൽ 227  പേർ ആക്രമണത്തെത്തുടർന്ന് കൊല്ലപ്പെട്ടു.  28,152 കുട്ടികൾ ബലാത്സംഗം ചെയ്യപ്പെട്ടു, അവരിൽ 151 പേർ കൊല്ലപ്പെട്ടു. സ്ത്രീകൾക്കെതിരായി ഏറ്റവുമധികം അക്രമങ്ങൾ നടന്നത് ഉത്തർപ്രദേശിലായിരുന്നു, 56,011 എണ്ണം.  5,562 സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ട മധ്യപ്രദേശിലായിരുന്നു ഏറ്റവുമധികം ബലാത്സംഗങ്ങൾ നടന്നത്. പലകേസുകളിലും പൊലീസ് യഥാസമയം ഇടപെടലുകൾ നടത്താത്തതും അന്വേഷിക്കാത്തതുമാണ് ഇരയുടെ മരണത്തിന് കാരണമായത്. 

എഫ്‌ഐആർ രജിസ്റ്റർ ചെയ്തുകിട്ടാൻ ഏറെ പ്രയാസം 

ബലാത്സംഗക്കേസുകളിൽ പലതും ആദ്യം റിപ്പോർട്ട് ചെയ്യപ്പെടുക ആളെ 'കാണാനില്ല' എന്ന പേരിലാണ്. തന്റെ മകളെ കാണാനില്ല എന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തുന്ന ഒരു അച്ഛനെ പൊലീസുകാർ പരമാവധി കുത്തുവാക്കുകൾ പറഞ്ഞ് അപഹസിക്കാറുണ്ട്. 'നിങ്ങളുടെ കുട്ടി ആരുടെയെങ്കിലും കൂടെ ഓടിപ്പോയതാകും' എന്നാണ് സ്റ്റേഷനിൽ നിന്ന് മിക്കവാറും കേസുകളിൽ ആദ്യം വരുന്ന മറുപടി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലപ്പോഴും ജാതീയമായ വിവേചനങ്ങൾ പ്രതികളെ അറസ്റ്റു ചെയ്യുന്ന കാര്യത്തിൽ പോലുമുണ്ടാകും. ഇനി ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീ തന്നെ നേരിട്ട് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയാലും നിരവധി അശ്ലീലചോദ്യങ്ങളെ അതിജീവിച്ചുകൊണ്ട് മാത്രമേ പ്രഥമവിവരറിപ്പോർട്ട് (FIR) രജിസ്റ്റർ ചെയ്യാനാകൂ. ഗ്രാമപ്രദേശങ്ങളിലുള്ള പല പൊലീസ് സ്റ്റേഷനുകളിലും കുറ്റാരോപിതർ സമൂഹത്തിലെ ഉന്നതരാണെങ്കിൽ പരാതിക്കാരെ മടക്കിയയക്കുക പോലും ചെയ്‌തേക്കും. പരാതിക്കാരിയുടെ സ്വഭാവശുദ്ധിക്കുമേൽ പൊലീസുകാർ തന്നെ ആരോപണങ്ങൾ ഉന്നയിക്കും. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയുടെ മൊഴി രേഖപ്പെടുത്തുന്നത് ഒരു വനിതാ ഓഫീസറുടെ സാന്നിധ്യത്തിലായിരിക്കണം എന്നാണ് നിയമം നിഷ്കർഷിക്കുന്നത് എങ്കിലും പലപ്പോഴും അത് പാലിക്കപ്പെടാറില്ല. ഈ മാനസിക പീഡനങ്ങളെയും നാണക്കേടിനെയും ഭയന്നാകും ഇന്ത്യയിൽ നടക്കുന്ന ഭൂരിഭാഗം ബലാത്സംഗങ്ങളും പൊലീസിൽ റിപ്പോർട്ട് ചെയ്യപ്പെടാറുപോലുമില്ല. 

ദില്ലിയിൽ നിത്യേന അഞ്ചോ ആറോ വീതം ബലാത്സംഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു എന്നാണ് കണക്ക്. റിപ്പോർട്ട് ചെയ്യപ്പെടാൻ എടുക്കുന്ന കാലതാമസം പലപ്പോഴും അന്വേഷണം ഏറെ ദുഷ്കരവും, ചിലകേസുകളിൽ തെളിവുശേഖരണം അസാധ്യവുമാക്കി മാറ്റുന്നുണ്ട്. വൈകിയ വേളയിൽ മെഡിക്കൽ ടെസ്റ്റ് പോലുള്ള നിർണായകമായ പരിശോധനകൾക്ക് പ്രസക്തി ഇല്ലാതാകുന്നു. പ്രതിയുടെ ശരീരസ്രവങ്ങളും മുടിയും മറ്റു ഡിഎൻഎ തെളിവുകളുമൊക്കെ  ആക്രമിക്കപ്പെട്ട സ്ത്രീയുടെ ശരീരത്തിൽ നിന്ന് കണ്ടെടുക്കാനുള്ള സാധ്യത മങ്ങുന്നു. സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കപ്പെടാനാവാത്ത വിധം മാഞ്ഞുപോകുന്നു. ഹോട്ടലുകളിലെ സന്ദർശക രേഖകൾ കാണാതെയാകുന്നു. അങ്ങനെ പലതും കേസിനെ ദുർബലപ്പെടുത്തുന്ന അവസ്ഥ സംജാതമാകുന്നു. 

കേസ്  രജിസ്റ്റർ ചെയ്യപ്പെട്ടാൽ തന്നെ ബലാത്സംഗക്കേസുകളിൽ ഉദ്യോഗസ്ഥർക്ക് മുകളിൽ നിന്നോ പൊതുജനമധ്യത്തിൽ നിന്നോ പൊലീസിനുമേൽ  കേസന്വേഷണം ത്വരിതപ്പെടുത്താനുള്ള സമ്മർദ്ദം വരാനുള്ള സാധ്യത കുറവാണ്. ദില്ലി നിർഭയ കേസ്, ഹൈദരാബാദ് ദിശാ കേസ് തുടങ്ങി അപൂർവം കേസുകളിലാണ് പൊലീസിനുമേൽ സമ്മർദ്ദമുണ്ടാകാറുള്ളത്. പല കേസുകളിലും പൊലീസ് പ്രതിയെ അറസ്റ്റു ചെയ്‌താൽ തന്നെ എളുപ്പം ജാമ്യത്തിൽ വിടും. താമസിയാതെ കുറ്റാരോപിതരായവർക്കു നേരെ ഭീഷണികളും, സമ്മർദ്ദവുമുണ്ടാകും. പലപ്പോഴും ഈ പ്രതികൾ നേരിട്ടോ അല്ലാതെയോ പ്രതികളെ ഭീഷണിപ്പെടുത്തും. ചിലപ്പോൾ ബലാത്സംഗം ചെയ്യപ്പെട്ടവർക്കു നേരെ വധശ്രമങ്ങളുണ്ടാകാറുണ്ട്. ചിലകേസുകളിൽ, അക്രമിക്കപ്പെട്ടവർ അതേ പ്രതികളായാൽ തന്നെ വീണ്ടും ബലാത്സംഗം ചെയ്യപ്പെട്ട ചരിത്രവുമുണ്ട്. കുൽദീപ് സെൻഗർ പ്രതിയായ ഉന്നാവ് കേസിൽ, ബലാത്സംഗം ചെയ്യപ്പെട്ട യുവതിയെ ട്രക്കിടിച്ച് കൊല്ലാൻ ശ്രമം നടന്നു. ഏറ്റവും പുതിയതായി ഇപ്പോൾ ഉന്നാവിലുണ്ടായ രണ്ടാമത്തെ ബലാത്സംഗക്കേസിൽ കേസിൽ, പ്രതികൾ ബലാത്സംഗ പരാതി ഉന്നയിച്ച സ്ത്രീയെ തീവെച്ചു കൊന്നിരിക്കുകയാണ്.  

'രണ്ടുവിരൽ പരിശോധന' എന്ന കിരാത രീതി, തെളിവുശേഖരണത്തിന്റെ പേരിൽ നേരിടേണ്ടി വരുന്ന പീഡനങ്ങൾ  

ബലാത്സംഗക്കേസുകളിൽ ഇന്നും രണ്ടു വിരൽ പരിശോധന എന്ന രീതി നിയമം മൂലം നിരോധിച്ചിട്ട് കുറച്ചായെങ്കിലും ഇന്നും നിലനിൽക്കുന്നുണ്ട്. കോടതികൾ ഈ കേസുകളിൽ ആശ്രയിക്കുന്ന പല മെഡിക്കൽ പുസ്തകങ്ങളിലും ഇന്നും ഈ കന്യകാത്വ പരിശോധനയെപ്പറ്റിയുള്ള വിവരണങ്ങളുണ്ട്. 'രണ്ടു വിരൽ കന്യകാത്വ പരിശോധന സ്ത്രീകളുടെ മനുഷ്യാവകാശങ്ങളുടെ ലംഘനമാണ് ' എന്ന 2013 -ലെ സുപ്രീം കോടതി ഉത്തരവ് നിലനിൽക്കെത്തന്നെ ഈ പരിശോധനകൾക്ക് ഇന്നും വിധേയരാവുകയാണ്, ബലാത്സംഗത്തെയും ലൈംഗിക പീഡനങ്ങളെയും അതിജീവിച്ചവര്‍. 

'സ്ഥിരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വ്യക്തിയാണോ ഇര എന്ന് പരിശോധിക്കണം' എന്നാണ്  പൊലീസിന്റെ ഭാഗത്തുനിന്നും പീഡനക്കേസുകളിൽ മെഡിക്കൽ പരിശോധകന് കിട്ടുന്ന ആദ്യ നിർദേശം. ഈ പരിശോധനയുടെ സാംഗത്യം തന്നെയാണ് സുപ്രീം കോടതി ചോദ്യം ചെയ്തത്. ഇരയുടെ സെക്സ് ലൈഫും അവർക്കു നേരെ നടന്ന അതിക്രമവും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് എന്ത് വിശകലനമാണ് പൊലീസ് നടത്താൻ ഉദ്ദേശിക്കുന്നത് എന്ന ചോദ്യം ഏറെക്കാലമായി ഉയർന്നുകൊണ്ടിരിക്കുന്ന ഒന്നാണ്. മുപ്പതുവർഷം പഴക്കമുള്ള ഒരു സർക്കുലറിന്റെ ബലത്തിൽ ലൈംഗിക പീഡനക്കേസുകളിലെ പ്രതികളിൽ നിന്നും ശുക്ലം ശേഖരിക്കാനായി ഈയടുത്ത കാലം വരെയും അവരെ പോൺ വീഡിയോകൾ കാണിച്ചുകൊണ്ടിരുന്നവരാണ് നമ്മുടെ പോലീസുകാർ. പല ഭാഗത്തുനിന്നും ഉയർന്ന പ്രതിഷേധങ്ങൾക്കു ശേഷമാണ് ഈ പരിപാടി അവസാനിപ്പിച്ച് രക്തസാമ്പിളുകൾ ശേഖരിച്ച് അതിൽ നിന്നും ഡിഎൻഎ തെളിവുകൾ മാച്ച് ചെയ്യാൻ തുടങ്ങിയത്.

ഇത്തരത്തിലുള്ള മനുഷ്യത്വരഹിതമായ പരിശോധനകൾക്ക് നിർബന്ധിക്കുന്നതിലൂടെ പീഡനങ്ങളുടെ ഇരകളെ വീണ്ടുമൊരു മാനസികക്ലേശത്തിന് വിധേയരാക്കുകയാണ് നീതിന്യായവ്യവസ്ഥ യഥാർത്ഥത്തിൽ ചെയ്യുന്നത്. 2011 -ലെ കേരളാ മെഡിക്കോ ലീഗൽ പ്രോട്ടോക്കോളും,  2013 -ലെ സുപ്രീം കോടതി വിധിയിലെ 'മനുഷ്യാവകാശ ലംഘനമാണിത്' എന്ന പരാമർശവും കൃത്യമായി മനസ്സിലാക്കിയ കേരളത്തിലെ ഒരു ഡോക്ടറും തന്നെ 'രണ്ടു വിരൽ' പരിശോധനയ്ക്ക് തയ്യാറാവുന്നില്ല. എന്നാൽ, കൃത്യമായ ഒരു നിയമം മൂലമുള്ള നിരോധനം ഈ പരിശോധനയ്‌ക്കെതിരെ ഇല്ലാത്തതുകൊണ്ടും, കേരളത്തിലെ മെഡിക്കൽ കോളേജുകളിലെ ടെക്സ്റ്റ് ബുക്കുകളിൽ ഇന്നും കന്യകാത്വപരിശോധനയെപ്പറ്റിയുള്ള പരാമർശങ്ങൾ ജാമ്യത്തിനായി കിടക്കുന്നതുകൊണ്ടും പല ഡോക്ടർമാരും ഇത് ഇന്നും ചെയ്യുന്നുണ്ട് എന്നതാണ് വാസ്തവം.

കാലതാമസമില്ലാതെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ബലാത്സംഗ പരാതികളിൽ വളരെ പ്രാധാന്യമുള്ളതാണ് ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയുടെ ശാരീരികമായ തെളിവുശേഖരണം. യോനിയിൽ നിന്നും ശേഖരിക്കുന്ന ജനിതകതെളിവുകൾ, നഖങ്ങൾക്ക് അടിയിൽ നിന്ന് ശേഖരിക്കുന്ന തെളിവ്, പ്രതികളുടെ മുടിയുടെ സാമ്പിളുകൾ, മറ്റുള്ള ശരീരഭാഗങ്ങളിൽ ഉടക്കിയ നിലയിൽ കണ്ടെടുത്തേക്കാവുന്ന തെളിവുകൾ ഒക്കെയും ഏറെ നിർണ്ണായകമാണ്. എന്നാൽ ഗ്രാമപ്രദേശങ്ങളിലുള്ള ആശുപത്രികളിൽ അത്തരത്തിലുള്ള തെളിവുകൾ ശേഖരിക്കാനുള്ള കിറ്റുകൾ മിക്കവാറും കേസുകളിൽ ലഭ്യമാകാറില്ല. ഡിഎൻഎ ടെസ്റ്റിംഗ് പോലുള്ള ആധുനിക സങ്കേതങ്ങൾ ബലാത്സംഗക്കേസുകളിൽ കൂടുതലായി ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം അനുദിനം വർധിച്ചുവരികയാണ്. 

തെളിവുശേഖരണത്തിനിടെ അവഗണിക്കപ്പെടുന്ന വൈദ്യപരിചരണം 

ബലാത്സംഗം ചെയ്യപ്പെട്ട് സ്റ്റേഷനിൽ ചെല്ലുന്ന സ്ത്രീകളെ പൊലീസ് കാലതാമസമില്ലാതെ വൈദ്യ പരിശോധനയ്ക്ക് അയക്കാറുണ്ട്. എന്നാൽ ഈ ഡോക്ടർമാർ പലരുടെയും ശ്രദ്ധ അവരിൽ നിന്ന് പരമാവധി തെളിവുകൾ ശേഖരിക്കുന്നതിലാകും. എന്നാൽ അതിനിടെ അവർ മറന്നുപോകുന്ന ഒന്ന് അവർക്ക് അടിയന്തരമായി നൽകേണ്ട വൈദ്യശുശ്രൂഷയാകും. അതേപ്പറ്റി കൃത്യമായ മാർഗനിർദേശങ്ങൾ ഡോക്ടർമാർക്ക് നൽകപ്പെട്ടിട്ടുണ്ടെങ്കിലും, അതൊന്നും പല കേസുകളിലും പാലിക്കപ്പെടാറില്ല. ബലാത്സംഗത്തിന് ശേഷം അതിനിരയാകുന്ന സ്ത്രീകൾ മാനസികമായ വ്യഥകളാലും കടുത്ത ഡിപ്രഷൻ കൊണ്ടും വലയുക പതിവാണ്. അവർക്ക് പലപ്പോഴും വേണ്ട കൗൺസിലിംഗോ, മാനസികരോഗവിദഗ്ധന്റെ ശ്രദ്ധയോ ലഭിക്കാറില്ല. ഉറക്കക്കുറവ്, ഭക്ഷണത്തോടുള്ള വിരക്തി, ദുസ്വപ്നങ്ങൾ കാണൽ തുടങ്ങി പലതരത്തിലുള്ള പ്രയാസങ്ങളും അവർ അനുഭവിക്കാറുണ്ട്. 

കോടതിയിൽ അനുഭവിക്കേണ്ടി വരുന്ന മാനസിക പീഡനങ്ങൾ 

കേസ് വിചാരണയ്‌ക്കെടുക്കുന്ന കോടതിയിൽ നിന്ന് ഏറെ ദൂരെ താമസിക്കുന്നവരാകും പലപ്പോഴും ബലാത്സംഗം ചെയ്യപ്പെട്ടവർ. അതുകൊണ്ടുതന്നെ വിചാരണ നീണ്ടുപോകും തോറും കൃത്യമായി ഹാജരാകാൻ അവർക്ക് സാധിച്ചെന്നു വരില്ല. മാത്രവുമല്ല ബലാത്സംഗം എന്ന ദുരനുഭവത്തിന്റെ ശാരീരികവും മാനസികവുമായ പീഡനങ്ങളിൽ നിന്ന് മുക്തരാകാത്ത സ്ത്രീകളെ വീണ്ടും അതിലൂടെ കൊണ്ടുപോകുന്ന തരത്തിൽ, ഒരർത്ഥത്തിൽ വീണ്ടും വാക്കുകളാൽ ബലാത്സംഗം ചെയ്യപ്പെടുന്ന രീതിയിലുള്ളതായിരിക്കും പ്രതിഭാഗം വക്കീലിന്റെ ക്രോസുവിസ്താരങ്ങളിൽ പലതും. പലപ്പോഴും ബലാത്സംഗം ചെയ്യപ്പെട്ടവർക്ക് നല്ല സർക്കാർ അഭിഭാഷകരുടെ സേവനം കിട്ടിയെന്നു വരില്ല. പ്രതികൾ പലപ്പോഴും ഈ സർക്കാർ നിയമിത അഭിഭാഷകരെ സ്വാധീനിച്ച് വാദം അട്ടിമറിക്കും. ഇനി, സത്യസന്ധനായ ഒരു അഭിഭാഷകനെ ഭാഗ്യവശാൽ കിട്ടി എന്നുതന്നെ വന്നാലും പല കേസുകളിലും പ്രതികൾ പൊലീസിനെ സ്വാധീനിച്ച് പ്രാഥമികാന്വേഷണം അട്ടിമറിച്ചിട്ടുണ്ടാകും. സമർപ്പിക്കപ്പെട്ട കുറ്റപത്രം വളരെ ദുർബലമായിരിക്കും. അതിനെ ആധാരമാക്കി എത്ര മിടുക്കനായ അഭിഭാഷകൻ വാദിച്ചാലും ശരി പ്രതികൾ ചെയ്ത കുറ്റം തെളിയിക്കപ്പെടില്ല. 

എഫ്‌ഐആർ രജിസ്റ്റർ ചെയ്യപ്പെട്ട് അറുപതു ദിവസങ്ങൾക്കകം കുറ്റപത്രം സമർപ്പിക്കണം എന്നാണ് നിയമം വ്യവസ്ഥചെയ്യുന്നത്. പൊലീസ് അത് ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, കുറ്റാരോപിതർക്ക് ജാമ്യത്തിന് അപേക്ഷിക്കാനുള്ള അവകാശമുണ്ട്. ദില്ലി ബലാത്സംഗത്തിന് ശേഷം പല സംസ്ഥാനങ്ങളിലും അത്തരത്തിലുള്ള കേസുകൾ മാത്രം വിചാരണ ചെയ്യാൻ വേണ്ടി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കപ്പെട്ടിരുന്നു. ഇന്ത്യയിൽ ആകെ ഇന്ന് 774 ഫാസ്റ്റ് ട്രാക്ക് കോടതികളുണ്ട്. എന്നാൽ, നിർഭയ കേസിന് ഇത്രയും മാധ്യമശ്രദ്ധ കിട്ടിയിട്ടും വിചാരണ പൂർത്തിയാക്കി ആദ്യ വിധി വരാൻ ഒരു വർഷമെടുത്തു. പല കേസുകളിലും വിചാരണ നടക്കുന്നതിനിടെ പ്രതികൾ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളെയും കുടുംബത്തെയും പണം നൽകിയും അല്ലാതെയും സ്വാധീനിക്കുകയും, അവരെക്കൊണ്ട് മൊഴിമാറ്റി പറയിക്കുകയും ചെയ്യും. ഈ കൂറുമാറ്റവും ബലാത്സംഗക്കേസുകളിൽ പ്രതികൾക്ക് ശിക്ഷ കിട്ടാത്തതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്.  

(വിവരങ്ങൾക്ക് കടപ്പാട് : ഇന്ത്യൻ എക്സ്പ്രസ്, NCRB)


 

click me!