മൃതദേഹം സംസ്‍കരിക്കാന്‍ വിറകുകള്‍ വേണ്ട, പകരം മറ്റൊരു മാര്‍ഗം; സംരക്ഷിക്കപ്പെട്ടത് 30000 -ത്തിലധികം മരങ്ങള്‍?

By Web TeamFirst Published Oct 23, 2020, 12:14 PM IST
Highlights

കൃഷിസ്ഥലത്തെ മാലിന്യങ്ങളുപയോഗിച്ച് ശവസംസ്കാരം നടത്തുന്നതിലൂടെ എങ്ങനെ കൂടുതല്‍ മരങ്ങളെ സംരക്ഷിക്കാം എന്ന് വിജയ് മനസിലാക്കി. 

ആളുകള്‍ മരിച്ചാല്‍ ദഹിപ്പിക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന മരത്തെ കുറിച്ച് നമുക്ക് വലിയ ആശങ്കയൊന്നും ഇല്ല അല്ലേ? എന്നാല്‍, അതിനെ കുറിച്ച് ആശങ്കപ്പെട്ട ഒരാളുണ്ടായിരുന്നു. നാഗ്‍പൂരിലുള്ള 52 -കാരനായ വിജയ് ലിമായേ. ഓരോ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുമ്പോഴും വിജയ് ഇതിനെ കുറിച്ച് ആലോചിച്ചു. എന്നാല്‍, 2010 -ല്‍ അച്ഛന്‍റെ മൃതദേഹം ദഹിപ്പിച്ചപ്പോഴാണ് വിജയ്‍യുടെ ജീവിതത്തിലെ ആ ആശങ്ക കൂടിയ നിലയിലുണ്ടാവുന്നത്. ആ സമയത്ത് മൃതദേഹം ദഹിപ്പിക്കാന്‍ മറ്റൊരു മാര്‍ഗവും കാണാത്തതിനാല്‍ വിറകുകളുപയോഗിച്ച് തന്നെയാണ് വിജയ്‍യുടെ അച്ഛന്‍റെ സംസ്‍കാരവും നടത്തേണ്ടി വന്നത്. 

പിന്നീട് വിറകുകളുപയോഗിച്ചല്ലാതെ ശവദാഹത്തിനുള്ള മറ്റ് മാര്‍ഗങ്ങളെന്തൊക്കെയാണ് എന്ന വിഷയത്തില്‍ ഒരു പഠനം തന്നെ വിജയ് നടത്തി. ജോലികളുടെ ആവശ്യത്തിനായി വിവിധ സ്ഥലങ്ങളില്‍ പോകുമ്പോഴെല്ലാം അവിടെയെല്ലാം ശവദാഹം എങ്ങനെയാണ് നടത്തുന്നതെന്ന് പരിശോധിക്കാന്‍ വിജയ് മറന്നില്ല. ഇന്ത്യയുടെ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും മധ്യ ഇന്ത്യയിലും ചാണകവറളിയുപയോഗിച്ച് എങ്ങനെയാണ് ശവദാഹം നടത്തുന്നത് എന്ന് വിജയ് കണ്ടു. അത് നല്ലൊരു മാര്‍ഗമാണ് എന്ന് അയാള്‍ക്ക് തോന്നി. 

അങ്ങനെ പ്രാദേശിക ഭരണകൂടത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള ശ്രമമായി. അങ്ങനെ നാഗ്‍പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നഗരത്തിലെ 14 ശ്‍മശാനങ്ങളിലൊന്നില്‍ പരീക്ഷണാര്‍ത്ഥം ഇത് നടപ്പിലാക്കി. അതേസമയം തന്നെ അദ്ദേഹം പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആയ എക്കോ ഫ്രണ്ട്‍ലി ലിവിംഗ് ഫൗണ്ടേഷന്‍ വിവിധ സ്ഥാപനങ്ങളിലും മറ്റും വിജയ്‍യുടെ നേതൃത്വത്തില്‍ വിറകുകളുപയോഗിച്ചുള്ള ശവദാഹം പരമാവധി ഒഴിവാക്കണമെന്ന കാര്യം സംസാരിച്ചു തുടങ്ങി. ശവസംസ്കാരത്തിനുള്ള വിറകുകള്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ നല്‍കുന്നുണ്ടെങ്കിലും പരമാവധി ചാണകവറളിയുപയോഗിക്കണമെന്ന് ആളുകളെ ബോധവല്‍ക്കരിക്കാന്‍ വിജയ്‍യിക്കും സംഘത്തിനുമായി. എന്നാല്‍, കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ അദ്ദേഹത്തിന് ഒരുകാര്യം മനസിലായി. വിതരണക്കാര്‍ ചാണകവറളിക്ക് അമിതവില ഈടാക്കിത്തുടങ്ങി. മാത്രവുമല്ല, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇതൊരു നല്ല മാര്‍ഗവുമല്ല. 

ആ സമയത്താണ് തീപിടിച്ച ഒരു കൃഷിഭൂമിയിലൂടെ അദ്ദേഹം കടന്നുപോവുന്നത്. അത് ഒരു പുതിയ കാഴ്ചയായിരുന്നില്ല. ചില കൃഷിസ്ഥലങ്ങളില്‍ കര്‍ഷകര്‍ തന്നെ അടുത്ത വിള നടുന്നതിന് മുമ്പായി സ്ഥലത്ത് തീയിടാറുണ്ടായിരുന്നു. അപ്പോഴാണ് വിജയ്‍യുടെ അന്വേഷണവും പരിസമാപ്‍തിയിലെത്തിയത്. കൃഷിസ്ഥലത്തെ മാലിന്യങ്ങളുപയോഗിച്ച് ശവസംസ്കാരം നടത്തുന്നതിലൂടെ എങ്ങനെ കൂടുതല്‍ മരങ്ങളെ സംരക്ഷിക്കാം എന്ന് വിജയ് മനസിലാക്കി. ഓരോ ദിവസവും രാവിലെ മൂന്നുനാലു മണിക്കൂര്‍ വിജയ് ശ്‍മശാനത്തില്‍ ചെലവഴിക്കും. ആഴ്ചയിലൊരിക്കല്‍ ഒരു കുടുംബത്തെയെങ്കിലും ശവസംസ്‍കാരത്തിനായി വിറകുകള്‍ക്ക് പകരം ഇത്തരം വസ്‍തുക്കളുപയോഗിക്കുന്നതിനെ കുറിച്ച് ബോധവല്‍ക്കരിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നു. 

നാഗ്പൂരിന്‍റെ പ്രാന്തപ്രദേശത്തുള്ള ഒരു ഫാക്ടറി ഇതിനോടകം തന്നെ ഫര്‍ണിച്ചര്‍ കടകളില്‍ നിന്നുള്ള മാലിന്യങ്ങള്‍, കൃഷിഭൂമിയിലെ മാലിന്യങ്ങള്‍ എന്നിവയില്‍ നിന്നുമുള്ള ബ്രിക്കറ്റുകള്‍ നിര്‍മ്മിക്കുന്നുണ്ടായിരുന്നു. ആദ്യം കുറച്ചുനാള്‍ ഈ ബ്രിക്കറ്റുകള്‍ ഉപയോഗിച്ചുള്ള ശവസംസ്‍കാരം അത്ര വിജയിച്ചില്ല. എന്നാല്‍, കുറച്ച് കഴിഞ്ഞപ്പോള്‍ സംസ്കാരത്തിന് സൊയാബിന്‍, കോട്ടണ്‍ ക്രോപ് തുടങ്ങിയവയില്‍ നിന്നും നിര്‍മ്മിക്കുന്ന ബ്രിക്കറ്റുകള്‍ ശരിയായ കോമ്പിനേഷനാണെന്ന് കണ്ടെത്തി. പിന്നീട് മുനിസിപ്പല്‍ കോര്‍പറേഷന്‍റെ അനുമതിയോടെ മൂന്നുവര്‍ഷം ട്രയല്‍. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ 18,000 മൃതദേഹങ്ങളെങ്കിലും ഇങ്ങനെ ദഹിപ്പിച്ചു. 

ഒരു സംസ്കാരത്തിന് 250-300 കിലോയെങ്കിലും വിറക് വേണ്ടിവരും. അങ്ങനെ നോക്കിയാല്‍ 36000 മരങ്ങളെയെങ്കിലും സംരക്ഷിക്കാനായിട്ടുണ്ടെന്ന് വിജയ് പറയുന്നു. മാത്രവുമല്ല, പ്രദേശത്തെ കര്‍ഷകര്‍ക്ക് തങ്ങളുടെ കൃഷിസ്ഥലത്തെ മാലിന്യങ്ങള്‍ സംസ്‍കരിക്കാനുള്ള എളുപ്പമാര്‍ഗവും ഇതിലൂടെ തുറന്നുകിട്ടി. 

(ചിത്രം, പ്രതീകാത്മകം)

click me!