ലണ്ടനില്‍ ആദ്യത്തെ യോനീ മ്യൂസിയം; സ്ത്രീശരീരത്തെ കുറിച്ച് ചരിത്രം പറയാതെ പോയതെന്ത്?

By Web TeamFirst Published Dec 18, 2019, 5:11 PM IST
Highlights

യോനിയെയും സ്ത്രീശരീരത്തെയും കുറിച്ചുള്ള ഒരു ബോധവത്കരണം എന്ന നിലയിലാണ് ലണ്ടനിൽ കഴിഞ്ഞ മാസം ലോകത്തിലെ ആദ്യത്തെ യോനീ മ്യൂസിയം നിലവിൽ വന്നത്. 

സ്ത്രീശരീരം ലൈംഗികതയോട് മാത്രം ചേര്‍ത്തുനിര്‍ത്തുക എന്നത് സമൂഹത്തില്‍ എപ്പോഴും സംഭവിക്കുന്നതാണ്. പ്രത്യേകിച്ച് യോനിയെ, ലൈംഗികതയുമായി ബന്ധപ്പെടുത്തി ഒളിച്ചുവെക്കേണ്ടതാണ് എന്ന വിശ്വാസത്തിൽ അതിനെക്കുറിച്ച് സംസാരിക്കാൻ പലരും മടിച്ചിരുന്നു. എന്നാൽ, പുതിയ തത്വചിന്തകളും, അവബോധങ്ങളും സ്ത്രീശരീരത്തെ ഒരു ഉപഭോഗവസ്‍തുവായി കാണുന്നതിനെ ചോദ്യം ചെയ്യുന്നതാണ്. ആർത്തവത്തെകുറിച്ചും സ്ത്രീശരീരത്തെക്കുറിച്ചും, തുല്യനീതിയെക്കുറിച്ചും തുറന്നുപറയാൻ സ്ത്രീകൾ ആർജ്ജവം കാണിച്ചു തുടങ്ങിയിരിക്കുന്നു.

എന്നാല്‍, ചരിത്രത്തിലെവിടെയായിരുന്നു യോനിയടക്കമുള്ള സ്ത്രീശരീരഭാഗങ്ങളുടെ സ്ഥാനം? അവയെ എങ്ങനെയാണ് സമൂഹം പരിഗണിച്ചിരുന്നത്? വേര് തിരഞ്ഞുപോയാല്‍ പല കൗതുകകരമായ, അവിശ്വസനീയമായ കാര്യങ്ങളും കാണാനാകും. പല ആരാധനാലയങ്ങളിലും സ്ത്രീശരീരവും, യോനിയുമെല്ലാം കല്ലിലും മരത്തിലും മറ്റും കൊത്തിവച്ചിരിക്കുന്നതും നമുക്ക് കാണാനാവും. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ പല ക്ഷേത്രങ്ങളിലടക്കം ഇത്തരം രൂപങ്ങള്‍ കൊത്തിവെച്ചിരിക്കുന്നത് കാണാം. ചരിത്രം തെളിവുകളായാണ് സംസാരിക്കുക. അതുകൊണ്ടുതന്നെ ചരിത്രത്തിലെ ആ പെണ്‍ശരീരത്തെ അടയാളപ്പെടുത്തിയത് നമുക്ക് അവഗണിക്കാനാകില്ല. ഇന്ത്യൻ സംസ്‍കാരമെടുത്താൽ പല ആരാധനാലയങ്ങളിലും മനുഷ്യശരീരത്തെകുറിച്ചും, ആർത്തവത്തെ കുറിച്ചുമുള്ള പലവിധ ആവിഷ്‍കാരങ്ങൾ കാണാൻ സാധിക്കും. ലിംഗാരാധന മതവിശ്വാസത്തിന്‍റെ ഭാഗമായ ഒരു രാജ്യത്ത് യോനിയെ ഒരു മോശപ്പെട്ട കാര്യമായി കാണുന്നത് തീർത്തും വിരോധാഭാസമാണ്. ഏതായാലും അതിന് കൂടുതല്‍ കൃത്യത തരുന്നതാണ് ലണ്ടനില്‍ ഒരുമാസം മുമ്പ് നിലവില്‍ വന്ന യോനീ മ്യൂസിയം. 

യോനിയെയും സ്ത്രീശരീരത്തെയും കുറിച്ചുള്ള ഒരു ബോധവത്കരണം എന്ന നിലയിലാണ് ലണ്ടനിൽ കഴിഞ്ഞ മാസം ലോകത്തിലെ ആദ്യത്തെ യോനീ മ്യൂസിയം നിലവിൽ വന്നത്. മ്യൂസിയത്തിന്‍റെ അരണ്ട വെളിച്ചത്തിൽ ഭീമൻ ടാംപണുകളും, വലിയ ആർത്തവക്കപ്പുകളും കാണാം. ചുവരുകളിൽ സ്ത്രീ ജനനേന്ദ്രിയത്തിന്‍റെ ചിത്രങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. ഒരു ഗ്ലാസ് കേസിൽ അടിവസ്ത്രങ്ങളും സൂക്ഷിച്ചിരിക്കുന്നതായി കാണാം. സ്ത്രീ ശരീരശാസ്ത്രത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ അകറ്റാന്‍ കൂടിയാണ് ഇത്തരമൊന്ന് സംഘടിപ്പിച്ചിരിക്കുന്നത്.

“ഞങ്ങൾ നടത്തിയ സർവേയിൽ പങ്കെടുത്ത പകുതിപ്പേർക്കും യോനി എവിടെയാണെന്ന് അറിയില്ല. അത് അക്ഷരാര്‍ത്ഥത്തിലെന്നെ ഞെട്ടിച്ചു.” എക്സിബിഷൻ മേൽനോട്ടക്കാരിയായ സാറാ ക്രീഡ് പറയുന്നു. എൺപതുകളിൽ വളർന്ന സാറ അക്കാലത്ത് അവയെ കുറിച്ച് സംസാരിക്കുന്നതുപോലും നിഷിദ്ധമായിരുന്നു എന്ന് ഓർക്കുന്നു. എന്നാൽ, ഇന്ന് സാഹചര്യങ്ങൾ എല്ലാം മാറിയിരിക്കുന്നുവെന്നും, ഇന്നത്തെ തലമുറ അത്തരം കാര്യങ്ങൾ തുറന്നുപറയാൻ മടിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.  “എനിക്ക് ഇപ്പോൾ 50 വയസ്സായി. എന്‍റെ അമ്മ ആദ്യമായി ആർത്തവത്തെ കുറിച്ച് വിവരിച്ചപ്പോൾ പൊട്ടിക്കരഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു. അത്രക്ക് ഭയാനകമായിരുന്നു അത്. ദി വജൈന: എ ലിറ്റററി ആന്‍ഡ് കൾച്ചറൽ ഹിസ്റ്ററി എന്ന പുസ്‍തകത്തിന്‍റെ രചയിതാവുകൂടിയായ ക്രീഡ് പറഞ്ഞു. 

സ്ത്രീയുടെ യോനിയെ ചരിത്രത്തില്‍നിന്നുതന്നെ മറച്ചുവെക്കാനുള്ള മനുഷ്യരുടെ ശ്രമങ്ങൾ ആരംഭിച്ചിട്ട് നൂറ്റാണ്ടുകളായി. ഒരിക്കൽ ക്രീഡ് ഒരു പള്ളിയിൽവെച്ച് പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച 'ഷീലാ ന ഗിഗ്' എന്ന ഒരു ശില്‍പം കാണാനിടയായി. വളരെ വലിയ യോനിയോടുകൂടിയ നഗ്നരായ സ്ത്രീകളുടെ ശില്‍പമായിരുന്നു അത്. പിന്നീട് ഇതിനെക്കുറിച്ച് കൂടുതലറിയാൻ അവൾ പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു ഗൈഡ് പുസ്‍തകം പരിശോധിച്ചു. പക്ഷേ, 'ഒരു വിഡ്ഢി നെഞ്ചു തുറന്ന് തന്‍റെ ഹൃദയം കാണിക്കുന്ന ചിത്രമാണ് ഇത്' എന്നാണ് ആ ചരിത്രപുസ്‍തകത്തില്‍ രേഖപ്പെടുത്തിയിരുന്നത്.

അത്തരം മായ്ക്കൽ പ്രവർത്തനങ്ങൾ നൂറ്റാണ്ടിൽ നിന്ന് നൂറ്റാണ്ടിലേക്ക് ഒരു പെൻഡുലം കണക്കെ മാറിമറിഞ്ഞിരുന്നു. ഒരുകാലത്ത് സ്വന്തം ശരീരത്തെ അറിയുന്നത് രാഷ്ട്രീയവും സാമുദായികവുമായ ഒരു പ്രവൃത്തിയായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനത്തിൽ ലൈംഗികത രാഷ്ട്രീയമല്ലാതായി. ജീവശാസ്ത്രത്തെ പരമമായ ലക്ഷ്യമായി കണക്കാക്കാൻ കഴിയില്ലെന്ന അവബോധം വളർന്ന കാലഘട്ടമായിരുന്നു അത്. എന്നാൽ ഇന്ന് വീണ്ടും മുഴുവൻ ശ്രദ്ധയും അതിലേക്ക് തിരിച്ചെത്തുന്നു. ശരീരഘടനാപരമായി നിങ്ങളെത്തന്നെ അറിയുന്നത് വീണ്ടും രാഷ്ട്രീയമാവുകയാണ്. മറ്റുപല ഗുരുതരമായ പ്രശ്നങ്ങളുടെയും പ്രവേശകവാടമായി ഇന്ന് അതിനെ കണക്കാക്കുന്നു. ദാരിദ്ര്യം മൂലം ആർത്തവ സമയത്തുപയോഗിക്കാൻ പാഡില്ലാതിരിക്കുക എന്ന അടിസ്ഥാന പ്രശ്നങ്ങൾ മുതൽ  ലൈംഗിക തൊഴിലും, ട്രാൻസ് ജെൻഡേഴ്‍സിന്‍റെ അടിസ്ഥാന അവകാശങ്ങൾ വരെ ഇതിൽപ്പെടുന്നു.

ഏതായാലും ചരിത്രത്തില്‍ തന്നെ സ്ത്രീ ശരീരത്തിനെന്തായിരുന്നു പ്രാധാന്യമെന്നതിലേക്ക് വെളിച്ചം വീശുന്നതാണ് ലണ്ടനിലെ ഈ യോനി മ്യൂസിയം. 

സ്ത്രീശരീരത്തെ കുറിച്ച് പറയുമ്പോള്‍ മറക്കരുത് സാറയെ

ആരായിരുന്നു സാറ ബാര്‍‍ട്‍മാന്‍? എന്തായിരുന്നു അവരെ ചരിത്രത്തിന്‍റ അവഗണിക്കാനാകാത്ത ഭാഗമായി നിലനിര്‍ത്തിയത്? രണ്ട് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മരിച്ചുപോയ ആഫ്രിക്കന്‍ അടിമയാണ് സാറ. വലിയ നിതംബം കൊണ്ട് 'യൂറോപ്യന്‍ ഫ്രീക്ക് ഷോ' -യില്‍ പ്രദര്‍ശിപ്പിച്ച 'കറുത്ത അടിമ സ്ത്രീ'. 'hottentot venus' എന്ന പേരും നല്‍കി അവളെ വെള്ളക്കാര്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടേയിരുന്നു. 1815 ഡിസംബര്‍ 29 -നാണ് സാറ മരിക്കുന്നത്. 

 

1789 -ല്‍ ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റേണ്‍ കേപിലാണ് സാറ ബാര്‍ട്‍മാന്‍ ജനിച്ചത്. ചെറുപ്രായത്തില്‍ തന്നെ അച്ഛനേയും അമ്മയേയും നഷ്‍ടമായിരുന്നു അവള്‍ക്ക്. പിന്നീട് ഗ്രാമത്തില്‍ തന്നെയുള്ള ഒരാളുമായി അവളുടെ വിവാഹം കഴിയുന്നു. ആ സമയത്താണ് കോളനിവല്‍ക്കരണം അവിടെ ശക്തമാകുന്നത്. ഡച്ചുകാര്‍ കറുത്തവര്‍ഗ്ഗക്കാരെ യാതൊരു ദയയുമില്ലാതെ കൊന്നുതള്ളിക്കൊണ്ടിരുന്നു. അതില്‍ അവളുടെ ഭര്‍ത്താവുമുണ്ട്. ഭര്‍ത്താവ് കൊല്ലപ്പെടുമ്പോള്‍ അവളുടെ പ്രായം 16 വയസ്സാണ്. എന്നാല്‍, സാറയെ അവര്‍ കൊന്നില്ല. പകരം അവളെ ഒരു വ്യാപാരിക്ക് വിറ്റു. അയാളവളെ കേപ്‍ടൗണിലേക്ക് കൊണ്ടുപോകുന്നു. അയാളുടെ സഹോദരന്‍റെ വീട്ടിലേക്ക്. അവിടെവെച്ചാണ് പീഡനം തുടങ്ങുന്നത്. ക്രൂരമായ മര്‍ദ്ദനം, പീഡനം... 

പക്ഷേ, വില്യം ഡണ്‍ലോപ് എന്ന കപ്പല്‍ സര്‍ജ്ജനാണ് അവളെ ആദ്യമായി പിന്നീടുള്ള തരത്തിലേക്ക് 'കച്ചവടം' ചെയ്യുന്നത്. കാരണം, അവളുടെ ശരീരത്തിന്‍റെ പ്രത്യേകതകള്‍ തന്നെയായിരുന്നു. വലിയ നിതംബവും, ശരീരഭാഗങ്ങളുമെല്ലാം അതിനുകാരണമായി. തന്നെ വില്‍ക്കാന്‍ സാറ തന്നെ കരാറെഴുതി ഒപ്പിട്ടുനല്‍കിയെന്നാണ് പറയപ്പെടുന്നതെങ്കിലും അത് കെട്ടിച്ചമച്ച കഥയാണെന്നത് വ്യക്തമായിരുന്നു. ഏതായാലും പിന്നീടവള്‍ ഇംഗ്ലണ്ടിലെത്തിക്കപ്പെട്ടു. അവളെയവര്‍ കൂട്ടിലടച്ച് ടിക്കറ്റ് വെച്ച് പ്രദര്‍ശിപ്പിച്ചു. കറുത്ത ശരീരത്തോട് ആര്‍ത്തിപൂണ്ട യൂറോപ്പുകാര്‍ അങ്ങോട്ടൊഴുകി. വലിയ നിതംബവും കറുകറുത്ത നിറവുമുള്ള സാറ അവര്‍ക്ക് അന്നുവരെ കാണാത്ത കാഴ്‍ചവസ്‍തുവായി. ശരീരത്തില്‍ വസ്ത്രങ്ങളേതുമില്ലാതെ കൂട്ടില്‍നിന്ന സാറയെ ഒരു മൃഗത്തെയെന്നവണ്ണം വെള്ളക്കാര്‍ തൊട്ടും പിച്ചിയും ആനന്ദത്തിലാറാടി. മനുഷ്യാവകാശം പുറത്തുനിന്നും ചോദ്യം ചെയ്യപ്പെട്ടപ്പോഴൊക്കെ സാറ തന്നെ എഴുതിനല്‍കിയതെന്ന പേരില്‍ 'സാക്ഷ്യപത്രം' ഉയര്‍ത്തിക്കാട്ടപ്പെട്ടു. പല ധനികരും വീട്ടില്‍ വലിയ വലിയ അതിഥികളെത്തുമ്പോള്‍ സാറയെ വീട്ടിലെത്തിച്ചിരുന്നു അവരെ സല്‍ക്കരിക്കാന്‍. അവരവളെ തൊട്ടുനോക്കുകയും കണ്ടാസ്വദിക്കുകയും ചെയ്‍തു.

പലയിടത്തും പലതരം ചൂഷണങ്ങള്‍ക്കും വിധേയമായി അവള്‍. അതിലേറ്റവും ക്രൂരം ഫ്രാന്‍സിലേതായിരുന്നു. മൃഗങ്ങളെ പരിശീലിപ്പിക്കുന്നത് പോലെ ആളുകള്‍ക്ക് മുമ്പില്‍ അഭ്യാസം കാണിക്കാന്‍ അവളെ വാങ്ങിയിരുന്നയാള്‍ പഠിപ്പിച്ചു. എതിര്‍ത്തപ്പോഴൊക്കെ ക്രൂരമായി മര്‍ദ്ദിച്ചു. മൃഗങ്ങളോടൊപ്പം വസ്ത്രമേതുമില്ലാതെ അവളെ അടച്ചിട്ടു. കാണികള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചു. വെള്ളക്കാരനെ സംബന്ധിച്ച് അതില്‍ യാതൊരു അസ്വാഭാവികതയും തോന്നിയിരുന്നില്ല. അവരത് ക്രൂരമായി ആസ്വദിച്ചുപോന്നു. ചില സമയത്ത് മാത്രം മുന്‍ഭാഗം മാത്രം ചെറിയ തുണികൊണ്ട് മറയ്ക്കാന്‍ അവളെയവര്‍ അനുവദിച്ചിരുന്നു. 1815 -ല്‍ ന്യൂമോണിയ മൂര്‍ച്ഛിച്ചാണ് സാറ മരിച്ചത്. അതിനുശേഷവും അവളുടെ ശരീരം വെച്ചുള്ള പ്രദര്‍ശനം തുടര്‍ന്നു. അവളുടെ തലച്ചോര്‍, അസ്ഥികള്‍, ലൈംഗികാവയവങ്ങള്‍ ഇവയെല്ലാം 1974 വരെ പാരിസ് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനുണ്ടായിരുന്നു. 2002 വരെ അവളുടെ ഭൗതികാവശിഷ്‍ടങ്ങൾ സ്വദേശത്തേക്ക് കൊണ്ടുപോയി സംസ്‌കരിച്ചിരുന്നില്ല. 

 

ഒരു ആഫ്രിക്കന്‍ വംശജയായ അടിമയെന്ന നിലയില്‍ അവളുടെ വലിയ ശരീരത്തെ പറ്റാവുന്നിടത്തോളം പ്രദര്‍ശിപ്പിച്ച് ചൂഷണം ചെയ്‍തുകൊണ്ടേയിരുന്നു അന്ന്. നിറത്തിന്‍റെയും വംശത്തിന്‍റെയും പേരില്‍ പല കാലഘട്ടത്തിലും പല മനുഷ്യരും ചൂഷണമനുഭവിച്ചിട്ടുണ്ട്. പക്ഷേ, സാറ ബാര്‍ട്‍മാനെ ചരിത്രത്തില്‍ രേഖപ്പെടുത്തുക ശരീരത്തെ പ്രതി ഏറ്റവുമധികം ചൂഷണമനുഭവിക്കേണ്ടി വന്ന അടിമ എന്ന നിലയിലായിരിക്കും. സ്ത്രീ ശരീരത്തെ ചരിത്രത്തില്‍ നിങ്ങളെങ്ങനെ അടയാളപ്പെടുത്തിയെന്നതുകൂടി പ്രധാനമാണ്. അത്തരം അടയാളപ്പെടുത്തലുകളിലേക്കാണ് മ്യൂസിയങ്ങളടക്കം നടത്തുന്ന പ്രദര്‍ശനങ്ങള്‍ ചേര്‍ത്തുവയ്ക്കപ്പെടുന്നത്. സാറയുടെ ജീവിതം പ്രതിപാദിക്കുന്ന സിനിമയും സാഹിത്യസൃഷ്‍ടികളും പിന്നീടുണ്ടായി. 

 

സ്ത്രീശരീരത്തെ കുറിച്ച് മിണ്ടിപ്പോകരുതെന്ന് തിട്ടൂരമിറക്കുന്നവര്‍ ചരിത്രത്തിലേക്കും വര്‍ത്തമാനകാലത്തേക്കും ഒന്ന് കണ്ണുതുറന്ന് നോക്കണം. ഈ ലോകത്ത് അതിനോളം ചൂഷണം ചെയ്യപ്പെട്ട മറ്റൊന്നുമുണ്ടാവുകയില്ല. അതുകൊണ്ട് തന്നെ അവളുടെ ശരീരത്തിന്‍റെ പരമാധികാരം അവളുടേത് മാത്രമാകേണ്ടതുണ്ട്. 

click me!