പ്രതിഷേധങ്ങൾക്കിടയിൽ കസ്റ്റഡിയിലെടുക്കപ്പെടുന്നവരുടെ അവകാശങ്ങൾ എന്തൊക്കെ ?

Published : Dec 20, 2019, 11:07 AM ISTUpdated : Dec 20, 2019, 11:22 AM IST
പ്രതിഷേധങ്ങൾക്കിടയിൽ കസ്റ്റഡിയിലെടുക്കപ്പെടുന്നവരുടെ അവകാശങ്ങൾ എന്തൊക്കെ ?

Synopsis

എന്തിനാണ് കസ്റ്റഡിയിൽ എടുക്കുന്നതെന്ന് പൊലീസുകാരോട് ചോദിച്ചു മനസ്സിലാക്കാനുള്ള അവകാശം കസ്റ്റഡിയിൽ എടുക്കപ്പെടുന്നവർക്കുണ്ട്. 

ഡിസംബർ 12 -ന് വിവാദാസ്പദമായ പൗരത്വനിയമ ഭേദഗതി നടപ്പിലാക്കപ്പെട്ട അന്ന് മുതൽ നിരന്തരപ്രതിഷേധങ്ങളാൽ മുഖരിതമാണ് രാജ്യം. ഒരു പ്രത്യേക മതവിഭാഗത്തോട് മാത്രം വിവേചനം കാണിക്കുന്നു ഈ നിയമം എന്നാക്ഷേപിച്ചുകൊണ്ട് വിദ്യാർത്ഥി സംഘടനകളാണ് പ്രതിഷേധറാലികൾക്ക് തുടക്കമിട്ടതെങ്കിലും, സമൂഹത്തിന്റെ വിഭിന്ന രംഗങ്ങളിലുള്ള വിശിഷ്ടവ്യക്തികൾ പലരും പ്രതിഷേധങ്ങളുമായി പരസ്യമായിത്തന്നെ മുന്നോട്ടു വന്നിട്ടുണ്ട്. ബെംഗളൂരു, ഹൈദരാബാദ്, ദില്ലി, ചെന്നൈ അടക്കമുള്ള പല നഗരങ്ങളിലും ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾക്ക് പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. പൊലീസ് വിലക്കിനെ മറികടന്നുകൊണ്ടാണ് പലയിടത്തും പ്രതിഷേധക്കാർ പ്രകടനം നടത്തുന്നത്. അവരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നതും, അറസ്റ്റു ചെയ്യുന്നതും ഒക്കെ നമ്മൾ ടെലിവിഷൻ സ്‌ക്രീനുകളിലൂടെ ലൈവായിത്തന്നെ പലപ്പോഴും കാണുന്നുമുണ്ട്. ഇത്തരത്തിൽ അറസ്റ്റു ചെയ്യപ്പെടുന്ന, അല്ലെങ്കിൽ കസ്റ്റഡിയിൽ എടുക്കപ്പെടുന്ന ഇന്ത്യൻ പൗരന്മാർക്ക് നിയമം അനുശാസിക്കുന്ന ചില അവകാശങ്ങളൊക്കെയുണ്ട്. 

അറസ്റ്റുചെയ്യലും, കസ്റ്റഡിയിലെടുക്കലും തമ്മിലുള്ള വ്യത്യാസം

അറസ്റ്റ് എന്നത് ഒരു വ്യക്തിയുടെ സ്വതന്ത്രമായ നീക്കങ്ങളെ നിയന്ത്രിക്കുന്നതിന്റെ ഔപചാരികമായ നടപടിയാണ്. രേഖാമൂലമുള്ള ഒരു നിയന്ത്രണം. തുടർനടപടികളുള്ള ഒരു പ്രക്രിയ. അതേസമയം കസ്റ്റഡിയിൽ എടുക്കുക എന്നത് ഏറെക്കുറെ അനൗപചാരികമായി ഒരു തടഞ്ഞുവെയ്പ്പ് മാത്രമാണ്. ഒരു ഇന്ത്യൻ പൗരനെ അറസ്റ്റുചെയ്യുന്നത് സംബന്ധിച്ച് വളരെ വിശദമായ നടപടിക്രമങ്ങളുണ്ട് എങ്കിൽ, കസ്റ്റഡിയിൽ എടുക്കുക എന്നത് സംബന്ധിച്ച നിയമവ്യവസ്ഥകൾ അതാത് ജില്ലകളിലെ കീഴ്വഴക്കങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും നടപ്പിലാക്കപ്പെടുക. അറസ്റ്റായാലും, കസ്റ്റഡിയിൽ എടുപ്പായാലും അതിന് വിധേയമാക്കപ്പെടുന്ന പൗരനെ ശാരീരികമോ മാനസികമോ ആയി പീഡിപ്പിക്കാനുള്ള യാതൊരു അവകാശവും പൊലീസിന് ഇല്ല.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രതിഷേധ സമരങ്ങളിലെ പ്രക്ഷോഭകാരികളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുക മാത്രമാണ് ഉണ്ടായിട്ടുള്ളത്. അറസ്റ്റ് ചെയ്ത സാഹചര്യങ്ങൾ കുറവാണ്. മിക്കവാറും കേസുകളിൽ അവരെ കസ്‌റ്റഡിയിലെടുത്ത് കുറേനേരം തടഞ്ഞുവെച്ച ശേഷം തുടർനടപടികൾ ഒന്നുമില്ലാതെ തുറന്നുവിടുകയാണ് ഉണ്ടായിട്ടുള്ളത്. പലപ്പോഴും പ്രക്ഷോഭങ്ങൾ നടത്തുന്നവരെ പൊലീസിന്റെ ബസ്സിൽ കയറ്റി, ഏതെങ്കിലും ക്യാമ്പിൽ കൊണ്ടുപോയി അവിടത്തെ ഹാളിൽ ഇരുത്തി കുറേനേരം കഴിഞ്ഞശേഷം ഇറക്കിവിടുകയാണ് പതിവ്.

കസ്റ്റഡിയുടെ നിയമവശം

ഏതൊരാളെയും ചുരുങ്ങിയ നേരത്തേക്ക് മാത്രമേ കസ്റ്റഡിയിൽ സൂക്ഷിക്കാവൂ എന്നാണ് നിയമം. പ്രക്ഷോഭങ്ങളുടെ കാര്യമെടുത്താൽ, സംഘർഷാവസ്ഥയ്ക്ക് അയവു വരുത്താൻ പ്രശ്നമുണ്ടാക്കാൻ സാധ്യതയുള്ളവരെ, അല്ലെങ്കിൽ പ്രശ്നമുണ്ടാക്കുന്നവരെ കസ്റ്റഡിയിൽ എടുത്ത്, സംഘർഷ ബാധിത പ്രദേശത്തുനിന്ന് നീക്കം ചെയ്ത്, പ്രശ്നത്തിന് പരിഹാരം തേടുക എന്നത് മാത്രമാണ് ലക്ഷ്യം. സാങ്കേതികമായി കസ്റ്റഡിയിൽ എടുക്കുക എന്ന പ്രക്രിയക്ക് വിശേഷിച്ച് സ്റ്റേഷന്‍ രേഖകളൊന്നുമില്ല. കസ്റ്റഡിയിൽ എടുക്കപ്പെടുന്നവരുടെ പേഴ്സും ഫോണുമടക്കം ഒന്നും പിടിച്ചുവെക്കാൻ പൊലീസിന് അവകാശമില്ല.

സ്ത്രീകളെയും പുരുഷന്മാരെയും വെവ്വേറെ കസ്റ്റഡിയിൽ വെക്കണം എന്നാണ് നിയമം. എന്തിനാണ് കസ്റ്റഡിയിൽ എടുക്കുന്നത് എന്ന് ചോദിച്ചുമനസ്സിലാക്കാനുള്ള അവകാശം കസ്റ്റഡിയിൽ എടുക്കപ്പെടുന്നവർക്കുണ്ട്. സ്ത്രീകളും പതിനഞ്ചുവയസ്സിൽ താഴെപ്രായമുള്ള കുട്ടികളും ചോദ്യംചെയ്യാൻ വേണ്ടി കസ്റ്റഡിയിൽ എടുക്കപ്പെടണമെങ്കിൽ അത് അവരുടെ വീട്ടിൽ വെച്ചായിരിക്കണം എന്നുണ്ട്.

അറസ്റ്റ് രേഖപ്പെടുത്തപ്പെടുമ്പോൾ എന്താണ് നടപടിക്രമം

അറസ്റ്റ് എന്ന ഘട്ടം വരുന്നതോടെ കൃത്യമായ ചില പ്രാഥമിക അവകാശങ്ങളൊക്കെ കൈവരികയായി. അറസ്റ്റുചെയ്യുന്നത് പൊലീസ് ആണെങ്കിൽ, നിങ്ങളെ ഒരു അറസ്റ്റ് മെമോ കാണിക്കാൻ അവർ ബാദ്ധ്യസ്ഥരാണ്. എന്തെങ്കിലുമൊരു കുറ്റം ചുമത്തിക്കൊണ്ടല്ലാതെ ഒരാളെയും അറസ്റ്റുചെയ്യാനാകില്ല. ആ കുറ്റം ആരോപിച്ചുകൊണ്ടുള്ള ഒരു അറസ്റ്റ് മെമോ നിർബന്ധമാണ് അറസ്റ്റിന്.  

അറസ്റ്റു ചെയ്യാൻ വരുന്ന പൊലീസ് ഉദ്യോഗസ്ഥർ ആദ്യം തന്നെ സ്വന്തം പേരും റാങ്കും നിങ്ങളോട് വെളിപ്പെടുത്തേണ്ടതുണ്ട്. സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നത് സ്ത്രീ ഉദ്യോഗസ്ഥർ ആയിരിക്കണം, അതും പകൽ നേരങ്ങളിൽ മാത്രം. അറസ്റ്റു ചെയ്യപ്പെട്ട്  24 മണിക്കൂർ  നേരത്തിനുള്ളിൽ ആ വ്യക്തിയെ കോടതിക്ക് മുന്നിൽ ഹാജരാക്കിയിരിക്കണം എന്നാണ് നിയമം.  അറസ്റ്റു ചെയ്യപ്പെട്ടാൽ ഒരു അഭിഭാഷകന്റെയോ, ഡോക്ടറുടെയോ സഹായം ആവശ്യമെങ്കിൽ തേടാനുള്ള അവകാശം അറസ്റ്റുചെയ്യപ്പെടുന്ന വ്യക്തിക്കുണ്ട്. 

PREV
click me!

Recommended Stories

വസ്ത്രത്തിന് പകരം കൈമാറിയത് മകന്‍റെ തലച്ചോർ; ഇന്ത്യൻ വംശജയായ ശ്മശാന ഡയറക്ടർക്കെതിരെ കേസ്
വിവാഹത്തിന് രണ്ട് മണിക്കൂർ മുമ്പ് കാമുകനുമായി വധുവിന്‍റെ രഹസ്യ കൂടിക്കാഴ്ച; ഭർത്താവിനെ ഓർത്താണ് ആശങ്കയെന്ന് നെറ്റിസെന്‍സ്