മാംസനിബദ്ധമായിരുന്നോ എഡ്വിന മൗണ്ട് ബാറ്റനും ജവഹർലാൽ നെഹ്‍റുവും തമ്മിലുള്ള അനുരാഗം? മകള്‍ പറയുന്നത്

By Babu RamachandranFirst Published Nov 14, 2019, 12:52 PM IST
Highlights

ബ്രിട്ടനിലെ ഹാരോയിലും, കേംബ്രിഡ്‌ജിലെ ഇന്നർ ടെംപിളിലുമൊക്കെ പഠിച്ചിറങ്ങിയ ഒരു പച്ചപ്പരിഷ്കാരിയായിരുന്നു  ജവഹർലാൽ. പരന്നവായനയ്ക്കുടമ. തികഞ്ഞ വിവേകി, തുറന്ന മനസ്സോടുകൂടിയ ഒരു മനീഷി. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ ആദ്യ പകൽ പിന്നിടുമ്പോഴേക്കും, മൗണ്ട്ബാറ്റണും, എഡ്വിനയുമായി നെഹ്‌റു അടുത്ത സൗഹൃദം സ്ഥാപിച്ചുകഴിഞ്ഞിരുന്നു. 

1947 ഓഗസ്റ്റ് 14 -ന് അർദ്ധരാത്രി. സ്ഥലം പാർലമെന്റ് ഹൗസ്‌, ന്യൂഡൽഹി. പാർലമെന്‍റിന്‍റെ നടുത്തളത്തിൽ ഒരു ഘനഗംഭീര ശബ്ദം മുഴങ്ങി, "Long years ago now we made a tryst with destiny..." അത് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ഒരു പ്രസംഗമായിരുന്നു. കാരണം, ആ പാതിരാപ്രസംഗത്തിനു പിന്നാലെ ഇന്ത്യ, ബ്രിട്ടന്റെ നൂറ്റാണ്ടുകൾ നീണ്ട കോളനിഭരണത്തിൽ നിന്ന് മോചിതമായി, സ്വാതന്ത്രരാജ്യമായി മാറി. ആ പ്രസംഗം നടത്തിയ ആൾ, ജവഹർലാൽ നെഹ്റു, സ്വതന്ത്രഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുമായി.

ഇന്ത്യയുടെ അവസാന വൈസ്രോയിയായിരുന്ന ലോർഡ് മൗണ്ട് ബാറ്റനോട് നിയുക്ത പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഒരു അഭ്യർത്ഥന നടത്തി. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറൽ എന്ന പദവി ഏറ്റെടുത്ത് കുറച്ചുകാലം കൂടി രാജ്യത്ത് തുടരണം. സ്വാതന്ത്ര്യത്തിന്റെ പന്ഥാവിൽ പിച്ചവെച്ചുതുടങ്ങിയ ഇന്ത്യ എന്ന പുതിയ രാജ്യം കെട്ടിപ്പടുക്കുന്നതിന് സഹായമേകണം. നെഹ്‌റു എന്ന സുഹൃത്തിന്റെ അപേക്ഷ മൗണ്ട് ബാറ്റന് തള്ളിക്കളയാൻ സാധിച്ചില്ല. അദ്ദേഹം ആ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സന്നദ്ധനായി. മൗണ്ട് ബാറ്റൺ പ്രഭു ഇന്ത്യയുടെ വൈസ്രോയിയായി ഉപഭൂഖണ്ഡത്തിലേക്ക് കടന്നുവന്നപ്പോൾ അദ്ദേഹം തനിച്ചായിരുന്നില്ല. കൂടെ പത്നി എഡ്വിനയുമുണ്ടായിരുന്നു. 1947 മാർച്ചുമാസത്തിലായിരുന്നു എഡ്വിന ഇന്ത്യയിലേക്ക് എത്തുന്നത്. അതീവ സുന്ദരിയും, തെളിഞ്ഞപ്രജ്ഞയ്ക്ക് ഉടമയുമായിരുന്നു എഡ്വിനാ മൗണ്ട് ബാറ്റൺ.

ആരിലും അസൂയ ജനിപ്പിക്കുന്ന ദാമ്പത്യമായിരുന്നു ഇരുവരുടെയും. എന്നിരുന്നാലും, അക്കാലത്ത് അഭ്യൂഹങ്ങൾക്കും പരദൂഷണങ്ങൾക്കും ബ്രിട്ടീഷ് സർക്കിളുകളിൽ യാതൊരു ക്ഷാമവും ഉണ്ടായിരുന്നില്ല. ആ വൃത്തങ്ങളിൽ ഇരുവർക്കും പ്രണയബന്ധങ്ങൾ ചാർത്തി നൽകപ്പെട്ടു. അതേപ്പറ്റിയുള്ള കുശുകുശുക്കലുകൾ അവരുടെ അസാന്നിധ്യത്തിൽ നിർബാധം നടന്നുപോന്നു. സ്വാതന്ത്ര്യാനന്തരം അക്കൂട്ടത്തിലേക്ക് പുതിയൊരു പ്രേമബന്ധത്തിന്റെ കോരിത്തരിപ്പിക്കുന്ന കഥകൾ കൂടി കടന്നുവന്നു. അതായിരുന്നു ജവഹർലാൽ നെഹ്‌റു എന്ന ഇന്ത്യൻ പ്രധാനമന്ത്രിയും, എഡ്വിന മൗണ്ട്ബാറ്റൺ എന്ന പ്രഭുപത്നിയും തമ്മിലുള്ള അവിശുദ്ധപ്രണയം.

 

അന്ന് പതിനെട്ടുവയസ്സായ ഒരു മകളുണ്ട് എഡ്വിനയ്ക്ക്. പേര് പമേല. തന്റെ അമ്മയ്ക്കും നെഹ്‌റുവിനും ഇടക്ക്, ഒരു പ്രധാനമന്ത്രിക്കും ഗവർണർജനറലിന്റെ ഭാര്യക്കും ഇടയിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ സ്വകാര്യമായ ഒരു അടുപ്പമുണ്ടായിരുന്നു എന്ന് പമേല തന്റെ 'Daughter of an empire: My Life as a Mountbatten' എന്ന പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട്. പണ്ഡിറ്റ് നെഹ്‌റുവിനും തന്റെ അമ്മയ്ക്കുമിടയിൽ പ്രണയമുണ്ടായിരുന്നു എന്നുതന്നെയാണ് ആ മകൾ സാക്ഷ്യപ്പെടുത്തുന്നത്. ഇംഗ്ലീഷിൽ 'സോൾ മേറ്റ്സ്' എന്നൊക്കെ പറയുന്നത് ഈ ലോകത്തിൽ ആരുടെ കാര്യത്തിലെങ്കിലും പൂർണ്ണമായ അർത്ഥത്തിൽ സത്യമാണെന്നുണ്ടെങ്കിൽ അത് തന്റെ അമ്മയുടെയും നെഹ്‌റുവിന്റെയും കാര്യത്തിലാവും എന്ന് അവർ പറയുന്നു. 

 

 

പമേലയുടെ അച്ഛനും അമ്മയും നേർവിപരീത പ്രകൃതക്കാരായിരുന്നു. "അച്ഛൻ ആരോടും എളുപ്പത്തിൽ സൗഹൃദം സ്ഥാപിച്ചെടുക്കും, അമ്മയാണെങ്കിൽ ആകെ ഉള്‍‍വലിഞ്ഞ പ്രകൃതക്കാരിയും. അവർക്കിടയിൽ യാതൊരുവിധ അലോസരങ്ങൾക്കും ഇടമുണ്ടായിരുന്നില്ല. ലോകത്തിലെ ഏറ്റവും നല്ല ദമ്പതിമാരിൽ അവർക്കും സ്ഥാനമുണ്ട്. എന്നാൽ, ലോർഡ് മൗണ്ട് ബാറ്റൺ എന്ന വൈസ്രോയിയുടെ തിരക്കിട്ട ഔദ്യോഗികജീവിതത്തിൽ അവർക്ക് ആകെ ഏകാന്തത അനുഭവപ്പെട്ടിരുന്നു. ഭർത്താവ് എന്ന നിലയിൽ അച്ഛന്റെ ശ്രദ്ധ വേണ്ടത്ര കിട്ടാതെ പോകുന്നു എന്നൊരു അസംതൃപ്തി അല്പസ്വല്പം ഉണ്ടായിരുന്നു അമ്മയുടെ ഉള്ളിൽ. അത് നിഷേധിച്ചുകൂടാ."  

 

 

അങ്ങനെ, തന്റെ നാല്പതുകളുടെ മധ്യത്തിൽ, വൈകാരികമായി ആകെയൊരു ഏകാകിത്വം അനുഭവിച്ചുകൊണ്ടിരുന്ന എഡ്വിനയ്ക്ക് മുന്നിലേക്കാണ് സൗമ്യസ്വഭാവിയും, ലോലഹൃദയനും, അതിസുന്ദരനും, അത്യാകർഷകമായ വ്യക്തിത്വത്തിനുടമയുമായ ജവഹർലാൽ നെഹ്‌റുവിനെ വിധി കൊണ്ടുചെന്നു നിർത്തുന്നത്. ആ മാസ്മരികവ്യക്തിപ്രഭാവത്തിനു മുന്നിൽ മൂക്കുംകുത്തി വീണുപോകുന്നുണ്ട് എഡ്വിന.

 

 

 

ബ്രിട്ടനിലെ ഹാരോയിലും, കേംബ്രിഡ്ജിലും ലണ്ടനിലെ ഇന്നർ ടെംപിളിലും ഒക്കെ പഠിച്ചിറങ്ങിയ ഒരു പച്ചപ്പരിഷ്കാരിയായിരുന്നു  ജവഹർലാൽ. പരന്നവായനയ്ക്കുടമ. തികഞ്ഞ വിവേകി, തുറന്ന മനസ്സോടുകൂടിയ ഒരു മനീഷി. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ ആദ്യ പകൽ പിന്നിടുമ്പോഴേക്കും, മൗണ്ട്ബാറ്റണും, എഡ്വിനയുമായി നെഹ്‌റു അടുത്ത സൗഹൃദം സ്ഥാപിച്ചുകഴിഞ്ഞിരുന്നു. ജീവിതത്തിന്റെ സായാഹ്നത്തിൽ, തീർത്തും ഏകാന്തമായ ഒരു ജീവിതം നയിച്ചുകൊണ്ടിരിക്കുകയായിരുന്നു ജവഹർലാൽ നെഹ്‍റുവും അക്കാലത്ത്. ഭാര്യ മരിച്ചിട്ട് ഒരു പതിറ്റാണ്ടിലധികം കാലമായിരുന്നു. മകൾ ഇന്ദിരയും അവളുടെ കുടുംബജീവിതത്തിന്‍റേതായ തിരക്കുകളിൽ മുഴുകിക്കഴിഞ്ഞിരുന്നു. ഏറെനാളായി പോരാടി ഒടുവിൽ രാഷ്ട്രവും സ്വാതന്ത്രമായിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും. ജവഹർലാലിന്റെ ജീവിതത്തിൽ വിശേഷിച്ച് കൗതുകങ്ങളൊന്നും തന്നെ അവശേഷിച്ചിരുന്നില്ല എന്നതായിരുന്നു സത്യം. 

ഏകാന്തത ജവഹർലാലിനെ വന്നു പുൽകാൻ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. അദ്ദേഹം ഇന്ത്യാമഹാരാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു. പ്രധാനമന്ത്രി പദമെന്നു മാത്രമല്ല, അത്രമേൽ ജനശ്രദ്ധയാകർഷിക്കുന്ന, അത്രമേൽ ഉന്നതമായ ഏതൊരു സ്ഥാനത്തുമുള്ള ജീവിതം ഏറെ ഏകാന്തമായ ഒന്നായിരിക്കും. പ്രധാനമന്ത്രി എന്ന പദവിയുടെ ഉത്തരവാദിത്തങ്ങൾ തന്നെ ആ വ്യക്തിയെ ഏറെ പരിക്ഷീണിതനാക്കും. അവശേഷിക്കുന്ന പഴയ സ്നേഹിതരൊക്കെ നിങ്ങൾ പ്രധാനമന്ത്രിയാണ് എന്ന ബോധം ഉള്ളിൽ പേറി നിങ്ങളോട് ഏറെ ഔപചാരികതയുടെ ഇടപെട്ടുതുടങ്ങും. അങ്ങനെ ഏറെ വിരസമായ ഒരു ജീവിതത്തിനിടയ്ക്കാണ്, വിടർന്ന കണ്ണുകളോടെ തന്റെ വാക്കുകളെ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങുന്ന അതിസുന്ദരിയായ ഒരു കേൾവിക്കാരിയെ അദ്ദേഹത്തിന് വീണുകിട്ടുന്നത്. നെഹ്‌റുവിന് പറയാനുണ്ടായിരുന്നതെല്ലാം എഡ്വിനയ്ക്ക് കേൾക്കാൻ താത്പര്യമുള്ള വിഷയങ്ങളായിരുന്നു. സുദീർഘമായ സംഭാഷണങ്ങളിൽ മുഴുകാനുള്ള അവസരങ്ങൾ അവർക്ക് അക്കാലത്ത് ഇടയ്ക്കിടെ കിട്ടിക്കൊണ്ടിരുന്നു.

യാദൃച്ഛികമായി പരസ്പരം കണ്ടുമുട്ടിയ വളരെ ഏകാകികളായ രണ്ടുപേരായിരുന്നു എഡ്വിനയും ജവഹർലാലും. ഇരുവർക്കുമിടയിൽ ആത്മബന്ധത്തിന്റെ തീപ്പൊരികൾ വീഴുന്നതിന് പതിനെട്ടുകാരിയായ മകൾ പമേല സാക്ഷിയായി. അതിന്റെ വിശദാംശങ്ങൾ അവർ തന്റെ ഡയറിയിൽ പകർത്തി. പിൽക്കാലത്ത് ആ ഓർമ്മകൾ അവരുടെ ആത്മകഥയുടെ ഭാഗമായി. അന്യഥാ നിരർത്ഥകമായി കഴിച്ചുകൂട്ടിക്കൊണ്ടിരുന്ന സ്വന്തം ജീവിതങ്ങളിലെ ശൂന്യതകളിലേക്ക് അവർ പരസ്പരം ആവാഹിച്ചു. അതൊരിക്കലും പക്ഷേ, മാംസനിബദ്ധമായിരുന്നില്ല എന്ന് പമേല ഉറപ്പിച്ചു പറയുന്നുണ്ട് തന്റെ പുസ്തകത്തിൽ. "ഇന്നത്തെക്കാലത്ത് ഒരാണും പെണ്ണും തമ്മിൽ ബന്ധം സ്ഥാപിച്ചു എന്ന് പറഞ്ഞാൽ ഉടനെത്തന്നെ ആളുകൾ അവർ തമ്മിൽ സെക്സിലേർപ്പെട്ടു എന്നാവും ധരിക്കുക. എന്നാൽ, അങ്ങനെ അല്ലാത്ത ബന്ധങ്ങളുണ്ടായിരുന്ന കാലവുമുണ്ടായിരുന്നു ഒരിക്കൽ. ഇന്നത്തെ തലമുറക്ക് ചിലപ്പോൾ ഞാനീ പറയുന്നത് അവിശ്വസനീയമായി തോന്നാം. അങ്ങനെ സാധിക്കും. ശരീരങ്ങൾ പങ്കുവെക്കാതെ തന്നെ ഒരാണിനും പെണ്ണിനും തമ്മിൽ വളരെ കടുത്ത പ്രണയത്തിൽ ഏർപ്പെടാൻ കഴിയും. അതിന്റെ ഏറ്റവും വലിയ മാതൃകകളായിരുന്നു എന്റെ അമ്മയും, നെഹ്‍റുവും. നെഹ്‍റുവും അമ്മയും ഇനി അങ്ങനെ വേണം എന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അതിനുമാത്രം സ്വകാര്യത അവരുടെ ജീവിതത്തിൽ കിട്ടാൻ പ്രയാസമായിരുന്നു." പമേല ഓർക്കുന്നു.

അത്യപൂർവമായ ആ ആജന്മസൗഹൃദത്തിനും പ്രണയത്തിനും പക്ഷേ, വെറും പത്തുമാസത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു. 1948 ജൂൺ മാസത്തോടെ ലോർഡ് മൗണ്ട് ബാറ്റൺ ഗവർണർ ജനറൽ പദവി ഉപേക്ഷിച്ച് ഇന്ത്യയിൽ നിന്ന് തിരികെ ജന്മനാടായ ബ്രിട്ടനിലേക്ക് പോകാൻ തീരുമാനിക്കുന്നു. ഒപ്പം പോകാതെ എഡ്വിനയ്ക്കും വേറെ  നിവൃത്തിയുണ്ടായിരുന്നില്ല. മനസ്സില്ലാമനസ്സോടെ, കടുത്ത ഹൃദയവേദനയോടെ നെഹ്‍റുവിന്റെ സാന്നിധ്യത്തിൽ നിന്ന് സ്വയം അടർത്തിമാറ്റി പോകുന്നതിനു മുമ്പ് എഡ്വിന തന്റെ കയ്യിലുണ്ടായിരുന്ന ഒരു മരതകക്കല്ലുവെച്ച മോതിരം നെഹ്‌റുവിനായി സമ്മാനിച്ച് പോകുന്നുണ്ട്. നേരിട്ട് കൊടുക്കുന്നില്ല എഡ്വിന അത്.

നെഹ്‌റു ജനിച്ചത് ഇന്ത്യയിലെ സാമാന്യത്തിലധികം സമ്പന്നമായ ഒരു കുടുംബത്തിലായിരുന്നു എങ്കിലും, കോൺഗ്രസ് പാർട്ടിയുമായും, സ്വാതന്ത്ര്യസമരവുമായുമുള്ള ഇടപെടലുകൾ നിമിത്തം സ്വന്തമെന്ന് സ്വത്തൊന്നുമില്ലാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം. ആരെങ്കിലും എന്നെങ്കിലും എന്തെങ്കിലുമൊക്കെ സമ്മാനിച്ചിട്ടുണ്ടെങ്കിൽ തന്നെ, അതൊക്കെ വിറ്റുകാശാക്കി അതും പാർട്ടിക്കും പാവപ്പെട്ടവർക്കും വേണ്ടിത്തന്നെ ചെലവിടുന്ന പ്രകൃതമായിരുന്നു നെഹ്‍റുവിന്റേത്. അത് എഡ്വിനയ്ക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ തന്റെ സമ്മാനം അവർ ഏൽപ്പിച്ചത് നെഹ്‌റുവിനെയല്ല, മകൾ  ഇന്ദിരയെയാണ്. എഡ്വിന ഇന്ദിരയോട് ഇങ്ങനെ പറഞ്ഞു, "നിന്റെ അച്ഛന് ഇത് കൊടുത്തിട്ടുപോകാനാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. എന്നാൽ, അത് ആ കയ്യിൽ ഇരിക്കില്ല എന്നെനിക്കറിയാം. ഇന്ദു ഇത് ഒരിക്കലും വിൽക്കരുത്. നഷ്ടപ്പെടുത്താതെ സൂക്ഷിക്കണം. എന്നെങ്കിലും അച്ഛന് സാമ്പത്തികമായ എന്തെങ്കിലും ബുദ്ധിമുട്ടു വരുന്നപക്ഷം, ഈ മോതിരം വിറ്റുകിട്ടുന്ന കാശ് അദ്ദേഹത്തിന് നൽകണം... ചെയ്യുമോ?"

അന്ന് തമ്മിൽ പിരിഞ്ഞു എങ്കിലും അവർ തമ്മിൽ മുടങ്ങാതെ കത്തുകളിലൂടെ സംവദിച്ചുപോന്നു. തുടക്കത്തിൽ ദിവസത്തിൽ ഒരു കത്തുവീതം. പിന്നെ ഒന്നരാടൻ ദിവസം. പോകെപ്പോകെ ആഴ്ചയിൽ ഒരിക്കലെങ്കിലും. എഡ്വിനയ്ക്കുള്ള നെഹ്‍റുവിന്‍റെ കത്തുകൾ ഡയറിക്കുറിപ്പുകൾ പോലെയായിരുന്നു. നിത്യം നെഹ്‌റു അവ എഴുതി. തന്നെ കാത്തിരിക്കുന്ന കേൾവിക്കാരിക്ക് നെഹ്‌റു തന്റെ ജീവിതത്തിലെ ഓരോ തുടിപ്പുകളും കടലാസിൽ പകർത്തിയയച്ചു. ഓരോ കത്തിനും എഡ്വിന മുടങ്ങാതെ മറുപടികളും അയച്ചുപോന്നു.

തന്റെ ജീവിതത്തിന്റെ ശിഷ്ടകാലം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുവേണ്ടി നീക്കിവെച്ച എഡ്വിന 1960 -ൽ മരിക്കും വരെയും നെഹ്‍റുവിനോടുള്ള ഈ എഴുത്തുകുത്തുകൾ തുടർന്നു എന്ന് മകൾ പമേല ഹിക്ക്സ് തന്റെ ആത്മകഥയിൽ പറയുന്നുണ്ട്. ഇന്ന് നെഹ്‌റു എന്ന വ്യക്തിയെ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന്റെ പേരിൽ, ശത്രുപക്ഷത്തുള്ളവർ അദ്ദേഹത്തെ അവമതിക്കാൻ വേണ്ടി പലപ്പോഴും ആയുധമാക്കുന്നത് എഡ്വിന മൗണ്ട്ബാറ്റനും ജവഹർലാൽ നെഹ്‍റുവിനുമിടയിൽ നിലനിന്നിരുന്ന ഏറെ നിർമ്മലമായ സ്നേഹത്തെക്കൂടിയാണ്.

 

(കടപ്പാട്: 'Daughter of an empire: My Life as a Mountbatten')

 

Also Read : 

തന്നെത്തന്നെ വിമര്‍ശിച്ച് കള്ളപ്പേരില്‍ നെഹ്‍റു ഇങ്ങനെയൊരു ലേഖനമെഴുതിയത് എന്തിന്?


 

click me!