ഇന്ത്യ കണ്ട ഏറ്റവും മികച്ച ഭരണകർത്താക്കളിൽ ഒരാളായിരുന്നു ജവഹർലാൽ നെഹ്‌റു. പ്രധാനമന്ത്രിപദത്തിലേറുന്നതിന് ഏറെ മുമ്പുതന്നെ ഇന്ത്യയിൽ കോൺഗ്രസ് പാർട്ടിയുടെ അനിഷേധ്യസ്വരങ്ങളിൽ ഒന്നായി നെഹ്‌റു മാറിക്കഴിഞ്ഞിരുന്നു. 1937-ൽ മൂന്നാം വട്ടം എഐസിസി പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടതോടെ നെഹ്‌റുവിനെ ഒരു ഭയം ആവേശിച്ചു. കോൺഗ്രസ് പാർട്ടിക്കുള്ളിലെ തന്റെ അഗ്രഗണ്യതയെ പൊതുജനം ഏകാധിപത്യവാഞ്ഛയായി കണക്കാക്കുമോ എന്നതായിരുന്നു അത്. വന്നുവന്ന് തനിക്ക് കോൺഗ്രസ് എന്ന ജനാധിപത്യത്തിൽ അധിഷ്ഠിതമായ പാർട്ടിക്കുള്ളിൽ ജൂലിയസ് സീസർ എന്ന റോമൻ ചക്രവർത്തിയുടെ പരിവേഷം കൈവന്നുവോ എന്നുപോലും നെഹ്‌റു സംശയിച്ചു.

ഏറെ സ്വാധീനശക്തിയുള്ള, ആജ്ഞാശക്തിയുള്ള ആ നേതാവിന് തന്റെ തന്നെ വ്യക്തിപ്രഭാവം ഒരു ബാധ്യതയായി അനുഭവപ്പെടാൻ തുടങ്ങി. നെഹ്‌റുവിനെ വിമർശിക്കാൻ പാർട്ടിക്കുള്ളിൽ ആർക്കും തന്നെ ധൈര്യമുണ്ടായിരുന്നില്ല. അതുകൊണ്ട്, ആ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തുകൊണ്ട് നെഹ്റു 'ചാണക്യ' എന്ന തൂലികാനാമത്തിൽ, 'രാഷ്‌ട്രപതി' എന്ന തലക്കെട്ടിൽ ഒരു നെഹ്‌റുവിമർശനം എഴുതി. അത് 1937-ൽ ബംഗാളി ചിന്തകനായിരുന്ന രാമാനന്ദ ചാറ്റർജിയുടെ 'ദ മോഡേൺ റിവ്യൂ' എന്ന മാസികയിൽ അച്ചടിച്ചു വരികയും ചെയ്തു.

പ്രസ്തുത ലേഖനത്തിൽ ചാണക്യ എന്ന ലേഖകൻ, നെഹ്‌റു എന്ന നേതാവിനെ സീസറിനോടാണ് ഉപമിക്കുന്നത്. ഏത് നിമിഷവും സ്വേച്ഛാധിപത്യത്വര പ്രകടിപ്പിക്കാവുന്ന ഒരു സാധാരണ രാഷ്ട്രീയ നേതാവ് മാത്രമാണ് കൊട്ടിഘോഷിച്ചുകൊണ്ട് കോൺഗ്രസ് കൊണ്ടുനടക്കുന്ന നെഹ്‌റു എന്ന് ചാണക്യ വിമർശിച്ചു. ഈ ലേഖനം പിന്നീട് നെഹ്‌റുവിന്റെ പേട്രിയറ്റ്സ്, പോയറ്റ്സ് ആൻഡ് പ്രിസണേഴ്‌സ് എന്ന ലേഖനസമാഹാരത്തിന്റെ ഭാഗമാകുന്നുണ്ട്. ആ ലേഖനത്തിന് ബാബു രാമചന്ദ്രൻ നിർവഹിച്ച സ്വതന്ത്രപരിഭാഷയാണ് ചുവടെ.

'രാഷ്‌ട്രപതി'

'രാഷ്‌ട്രപതി' ജവഹർലാൽ കീ ജയ്... തന്നെക്കാത്തിരിക്കുന്ന ജനാവലിക്കിടയിലൂടെ ദ്രുതഗതിയിൽ നടന്നു നീങ്ങുകയായിരുന്ന നെഹ്‌റു ആ വിളികേട്ട് തലയുയർത്തി നോക്കി. അദ്ദേഹത്തിന്റെ കൈകൾ ഒരു നമസ്കാര മുദ്രയിലേക്ക് വന്നുചേർന്നു. ആ വിളറിയ മുഖത്ത് ഒരു പുഞ്ചിരി വിടർന്നുവന്നു. ആ ചിരിയിൽ വല്ലാത്തൊരു അടുപ്പം തെളിഞ്ഞു നിന്നിരുന്നു. ആ ചിരികണ്ടവരൊക്കെ അത് തങ്ങളോടാണെന്നമട്ടിൽ അതിനോട് പ്രതികരിച്ചു. തിരിച്ചും പുഞ്ചിരികൾ വർഷിച്ചു.

ചിരി താമസിയാതെ മാഞ്ഞു. ആ മുഖം വീണ്ടും കടുത്തു. ഒരു വിഷാദഛായ വീണ്ടുമാ മുഖത്തെ ആവേശിച്ചു. പതുക്കെ നിർവികാരതയിലേക്ക് അത് വഴുതിമാറി. അപ്പോൾ, ഒരുനിമിഷം മുമ്പ് അവിടെ തിരയടിച്ച പ്രസന്നഭാവമോ? ആ നിറപുഞ്ചിരിയും, പരിചയഭാവവും ഒന്നും ആത്മാർത്ഥമല്ല എന്ന തോന്നലുണ്ടാകും തൊട്ടടുത്ത നിമിഷം ആ മുഖത്ത് പ്രത്യക്ഷമായ ഭാവം കണ്ടാൽ. തന്നെ ജനനായകനാക്കി മാറ്റിയ പൊതുജനത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ വേണ്ട നുറുങ്ങുവിദ്യകൾ മാത്രമായിരുന്നോ ആ വൈകാരികപ്രകടനങ്ങൾ?  


 

ഒരിക്കൽ കൂടി അദ്ദേഹത്തെ സൂക്ഷിച്ചുനോക്കൂ. അതൊരു വമ്പിച്ച റാലിയായിരുന്നു, ജനങ്ങൾ അദ്ദേഹത്തെ ആനന്ദാതിരേകത്തോടെ പിന്തുടർന്നുകൊണ്ടിരുന്നു. കാറിന്റെ സീറ്റിൽ എഴുന്നേറ്റു നിൽക്കുകയായിരുന്നു ജവഹർലാൽ. അതിസമർത്ഥമായി ബാലൻസുചെയ്ത് നിൽക്കുകയായിരുന്നു എന്നുതന്നെ പറയാം. അങ്ങനെ നിൽക്കുന്ന ആജാനുബാഹുവായ നെഹ്‌റുവിനെക്കണ്ടാൽ അപ്പോൾ ഒരു ദൈവീകപരിവേഷമുണ്ടെന്നുപോലും തോന്നിപ്പോകും. അതാ, നേരത്തെ മാഞ്ഞുപോയ പുഞ്ചിരി വീണ്ടും ആ മുഖത്തേക്ക് മടങ്ങിയെത്തിയിരിക്കുന്നു. അദ്ദേഹമിപ്പോൾ പൊട്ടിച്ചിരിക്കുകയാണ്. ജനവും അദ്ദേഹത്തിന്റെ ചിരിയിൽ പങ്കുചേരുകയാണ്. ഏറെ ലാഘവം നിറഞ്ഞതാവുകയാണ് രംഗം. എന്തിനാണ് ചിരിക്കുന്നതെന്ന് ബോധ്യമില്ലെങ്കിലും, ജനം അദ്ദേഹത്തിന്റെ ചിരിയിൽ പങ്കുചേരുന്നുണ്ട്. ദൈവിക പരിവേഷത്തിൽ നിന്ന് ഇറങ്ങി പൊതുജനമധ്യത്തിൽ അവരിലൊരാളായി മാറിക്കഴിഞ്ഞിരിക്കുന്നു അദ്ദേഹം. നിമിഷനേരം കൊണ്ടുതന്നെ ചൂഴ്ന്നുനിൽക്കുന്ന ജനക്കൂട്ടത്തോട് വല്ലാത്തൊരു അടുപ്പം സ്ഥാപിച്ചുകഴിഞ്ഞു ജവഹർലാൽ. അദ്ദേഹത്തിന്റെ സൗഹൃദഭാവം ഏറെ സന്തോഷിപ്പിച്ചിട്ടുണ്ട്. അവർ തങ്ങളുടെ നേതാവിനെ നെഞ്ചേറ്റിക്കഴിഞ്ഞിരിക്കുന്നു. പക്ഷേ, വീണ്ടുമതാ പുഞ്ചിരി അപ്രത്യക്ഷമായി, ആ മുഖത്ത് വിഷാദഛായ പടർന്നുകേറാൻ തുടങ്ങിയിരിക്കുന്നു. അത് വീണ്ടും പരുക്കനായിരിക്കുന്നു, നിർവികാരമായിരിക്കുന്നു.

ഈ ഭാവഭേദങ്ങളൊക്കെ നൈസർഗികമാണോ? അതോ ഇതും പരിണിതപ്രജ്ഞനായ ഒരു രാഷ്ട്രീയനേതാവിന്റെ തികഞ്ഞ കയ്യടക്കത്തോടുള്ള പൊതുമണ്ഡലത്തിലെ .വ്യവഹാരമാണെന്നോ? ഒരുപക്ഷേ,  രണ്ടുമായിരിക്കാം. തുടക്കത്തിൽ സശ്രദ്ധം പരിശീലിച്ചു പോന്നത്, കാലക്രമത്തിൽ സ്വഭാവത്തിന്റെ ഭാഗമായി മാറിയിട്ടുണ്ടാകാം. ഏറ്റവും വിജയകരമായ അഭിനയം, ഒട്ടും അഭിനയമെന്നു തോന്നിക്കാത്തതാണ് എന്നല്ലേ പറയാറ്. മുഖത്ത് മേക്കപ്പോ ടച്ചിങ്ങോ ഒന്നുമില്ലാതെ തന്നെ മികച്ച അഭിനയം കാഴ്ചവെക്കാൻ ഒരുപക്ഷേ, ജവഹർലാൽ ശീലിച്ചുകഴിഞ്ഞിട്ടുണ്ടാകാം. സ്വാഭാവികമായ അശ്രദ്ധയും, ഉദാസീനതയും നിമിത്തം, പൊതുമണ്ഡലത്തിൽ അസാമാന്യമായ ഭാവപ്രകടങ്ങൾ അനായാസമായി കാഴ്ചവെക്കാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്. ഈ അഭിനയചാതുരി അദ്ദേഹത്തെയും ഈ രാജ്യത്തെയും എങ്ങോട്ടാണ് കൊണ്ടുപോകുന്നത്? എന്തൊക്കെയോ ലക്ഷ്യമിടുന്നു എന്ന് തോന്നിപ്പിക്കുന്നതിലൂടെ അദ്ദേഹം യഥാർത്ഥത്തിൽ എന്താണ് ലക്ഷ്യമിടുന്നത്? അദ്ദേഹത്തിന്റെ മുഖംമൂടിക്ക് പിന്നിൽ ഒളിച്ചിരിക്കുന്നത് എന്തൊക്കെ അഭിലാഷങ്ങളാണ്? എന്തൊക്കെ അധികാരമോഹങ്ങളാണ്? എന്തൊക്കെ അസംതൃപ്ത കാമനകളാണ്?ഏറെ താത്പര്യമുണർത്തുന്ന ചോദ്യങ്ങളാണിവ, കാരണം ജവഹർലാൽ എന്നത് ഏതുവിധേനയും താത്പര്യത്തെയും ശ്രദ്ധയെയും ക്ഷണിച്ചുവരുത്തുന്ന ഒരു വ്യക്തിത്വമാണ്. എന്നാൽ, അതുമാത്രമല്ല അതിന്റെ പ്രസക്തി. ജവഹർലാൽ ഇന്ത്യയുടെ വർത്തമാനവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു വ്യക്തിത്വമാണ്, ഒരുപക്ഷേ, ഭാവിയുമായും. ഇന്ത്യയെ അഭിവൃദ്ധിയിലേക്കും നാശത്തിലേക്കും ഒരുപോലെ നയിക്കാൻ ശേഷിയുള്ളതാണ് അദ്ദേഹത്തിൽ നിക്ഷിപ്തമായ അധികാരം. അതുകൊണ്ടുതന്നെ ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ നമ്മളോരോരുത്തരും ബാധ്യസ്ഥരാണ്.

കഴിഞ്ഞ രണ്ടുവർഷങ്ങളായി ഇദ്ദേഹം കോൺഗ്രസ് പാർട്ടിയുടെ പ്രസിഡണ്ടാണ്. പലരും ധരിച്ചുവെച്ചിരിക്കുന്നത് അദ്ദേഹം കോൺഗ്രസ് വർക്കിങ് കമ്മിറ്റിയുടെ വിരൽത്തുമ്പിൽ ചലിക്കുന്ന പാവയാണ് ഇദ്ദേഹമെന്നോ അല്ലെങ്കിൽ നിരവധി പേരാൽ ഓഡിറ്റ് ചെയ്യപ്പെടുന്ന ഒരാളാണെന്നോ ഒക്കെയാണ്. പക്ഷേ, പൊതുജനത്തിനിടയിലും, എല്ലാവിധത്തിലുള്ള സംഘടനാ സംവിധാനങ്ങളിലും അനുദിനം തന്റെ നിർണായകമായ സ്വാധീനശക്തി വളർത്തിക്കൊണ്ടുവരികയാണ് ജവഹർലാൽ എന്നതാണ് സത്യം. ഇന്ത്യൻ സമൂഹത്തിന്റെ പരിച്ഛേദങ്ങളായ എല്ലാറ്റിലേക്കും, കൃഷിക്കാരിലേക്ക്, തൊഴിലാളികളിലേക്ക്, ജന്മികളിലേക്ക്, മുതലാളിമാരിലേക്ക്, കച്ചവടക്കാരിലേക്ക്, തെരുവുവില്പനക്കാരിലേക്ക്, ബ്രാഹ്മണരിലേക്ക്, തൊട്ടുകൂടായ്മയുള്ളവരിലേക്ക്, മുസ്ലീങ്ങളിലേക്ക്, സിഖുകാരിലേക്ക്, ക്രിസ്ത്യാനികളിലേക്ക്, ജൂതരിലേക്ക് അങ്ങനെ എല്ലാവരിലേക്കും, നേരിട്ട് കടന്നു ചെല്ലുകയാണ് ജവഹർലാൽ ചെയ്യുന്നത്. ഇവർ ഓരോരുത്തരോടും അവർക്കിഷ്ടം തോന്നുന്ന രീതിയിൽ സംസാരിച്ച് അവരെ കയ്യിലെടുക്കുകയാണ്, തന്റെ പക്ഷത്താക്കുകയാണ് ചെയ്യുന്നത്. സദാ അതിനുവേണ്ടി മാത്രമുള്ള പരിശ്രമങ്ങളാണ് അദ്ദേഹത്തിൽ നിന്നുണ്ടായിക്കാണുന്നത്.

ഈ പ്രായത്തിൽ സ്വതവേ  അപൂർവമായി മാത്രം കാണാനാകുന്ന പ്രസരിപ്പോടെ ഇന്ത്യാ ഉപഭൂഖണ്ഡത്തിലങ്ങോളമിങ്ങോളം പാഞ്ഞുനടന്ന്, ചെല്ലുന്നിടത്തെല്ലാം നിന്ന് അസാമാന്യമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങുകയാണ് ജവഹർലാൽ. കശ്മീർ മുതൽ കന്യാകുമാരി വരെ സീസറിനെപ്പോലെ ജയാഘോഷം മുഴക്കിക്കൊണ്ട് അശ്വമേധം നടത്തുകയാണ്. പോകുന്നിടത്തെല്ലാം തന്നെക്കുറിച്ചുള്ള വീരഗാഥകളും മിത്തുകളും അവശേഷിപ്പിച്ചുകൊണ്ടുള്ള ഒരു അശ്വമേധം. ഇതൊക്കെ അദ്ദേഹത്തിന് വെറുമൊരു നേരംപോക്ക് മാത്രമാണോ? അതോ ഇതിനൊക്കെപ്പിന്നിൽ വളരെ ഗഹനമായ ഒരു പദ്ധതിയുണ്ടോ? അദ്ദേഹത്തിനുപോലും അജ്ഞാതമായ ഒരു നിയന്ത്രണശക്തി? അദ്ദേഹം തന്റെ ആത്മകഥയിൽ പറയുന്ന അധികാരവാഞ്ഛ തന്നെയാണോ ഈ ജൈത്രയാത്രയ്ക്ക് പിന്നിലും? "ജനങ്ങളുടെ അലകളെ എന്റെ കൈകളിൽ പടർത്തി, നീലാകാശത്തിലെ നക്ഷത്രങ്ങൾക്ക് ചാരെയായി ഞാനെന്റെ തലവര കുറിച്ചിട്ടു" എന്ന് അദ്ദേഹത്തിന്റെ കാതിൽ മന്ത്രിക്കുന്നത് ആ തൃഷ്ണ തന്നെയോ?

 


 

ഈ ഭ്രമകല്പനകൾ എന്നെങ്കിലും തലതിരിഞ്ഞാലോ? ജവഹർലാലിനെപ്പോലുള്ളവർ, രാജ്യത്തിന് നന്മ പ്രവർത്തിക്കാനുള്ള അവരുടെ ഇപ്പോഴത്തെ സിദ്ധിയെ ബഹുമാനിച്ചുകൊണ്ടുതന്നെ പറയട്ടെ, ജനാധിപത്യത്തിന് ഭീഷണിയാണ്. ഇന്നും അദ്ദേഹം സ്വയം വിളിക്കുന്നത് ഒരു ജനാധിപത്യവാദി എന്നുതന്നെയാണ്. ശരി തന്നെ. അദ്ദേഹം അതുതന്നെ ആയിരിക്കാം. അതും സമ്മതിക്കുന്നു. എന്നാൽ, മനസ്സ് ആത്യന്തികമായി ഹൃദയത്തിന്റെ അടിമയാണ് എന്ന് ഏതൊരു മനഃശാസ്ത്രജ്ഞനും സമ്മതിക്കും. ഹൃദയത്തിലെ തൃഷ്ണകൾക്കും, അഭിലാഷങ്ങൾക്കുമൊപ്പിച്ച് യുക്തിയെ ചെത്തിയൊതുക്കാൻ വളരെ എളുപ്പത്തിൽ സാധിക്കും.

ഒച്ചിന്റെ വേഗത്തിൽ നീങ്ങുന്ന ഒരു ജനാധിപത്യത്തിലെ ജഡാവസ്ഥ മുതലെടുത്തുകൊണ്ട്, വളരെയെളുപ്പത്തിൽ ഒരു സ്വേച്ഛാധിപതിയായി മാറാൻ ഞൊടിയിട നേരത്തെ മനശ്ചാഞ്ചല്യം മതിയാകും. അങ്ങനെ മാറിക്കഴിഞ്ഞും, ജനാധിപത്യത്തിന്റെ സോഷ്യലിസത്തിന്റെ  ഭാഷയും, ഭാവഹാവങ്ങളും, മുദ്രാവാക്യങ്ങളും ഒക്കെത്തന്നെ നിലനിർത്തിയെന്നും വരാം അദ്ദേഹം. ഫാസിസം എന്നും തഴച്ചുവളർന്നത് ജനാധിപത്യഭാഷയുടെ നീരൂറ്റിക്കുടിച്ചുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമല്ലോ. ആവശ്യം കഴിയുമ്പോൾ ആ ഭാഷയെ കറിവേപ്പില പോലെ അതെങ്ങനെ ചവറ്റുകുട്ടയിലെറിഞ്ഞു കളയും എന്നും ഞാൻ പറഞ്ഞുതരേണ്ടതില്ലല്ലോ!

ജവഹർലാൽ ഒരിക്കലും ഒരു ഫാസിസ്റ്റല്ല. ബോധ്യം കൊണ്ടുമാത്രമല്ല, പ്രകൃതം കൊണ്ടും. ഫാസിസത്തിന്റെ പ്രാകൃതത്വത്തിനും, അപരിഷ്കൃതത്വത്തിനും അദ്ദേഹത്തിന്റെ കുലീനസ്വഭാവം വഴങ്ങില്ല. അദ്ദേഹത്തിന്റെ മുഖവും ശബ്ദവും നമ്മോട് പറയുന്നത് ഇതാണ്, "പൊതുഇടങ്ങളിലെ അനൗപചാരികത, സ്വകാര്യ ഇടങ്ങളിലെ ഔപചാരികതയെക്കാൾ എന്തുകൊണ്ടും നല്ലതാണ്."

ഫാസിസ്റ്റുമുഖം എന്നത് ഒരു പൊതുമുഖമാണ്. അത് പൊതുഇടത്തിലും സ്വകാര്യഇടങ്ങളിലും ഒരുപോലെ അപ്രസന്നമായ ഒന്നാണ്. എന്നാൽ, ജവഹർലാലിന്റെ ശബ്ദവും ആ പ്രകൃതവും ഒക്കെ ഒരേപോലെ സ്വകാര്യമാണ്. പൊതുപരിപാടികളിൽ പോലും അദ്ദേഹത്തിന്റെ ശബ്ദത്തിൽ ഏറെ അടുപ്പം നമുക്ക് തോന്നും. ജനക്കൂട്ടത്തിലെ ഓരോരുത്തരോടും ഒറ്റക്കൊറ്റക്ക് നിന്ന് കാര്യം പറയുന്ന പോലെ തോന്നും ആ ശബ്ദം കേട്ടാൽ. ആ വികാരാർദ്രസ്വരം കേട്ടാൽ, ഭാവദീപ്തമായ ആ മുഖം കണ്ടാൽ, അതിനുപിന്നിലെന്തൊക്കെയാണ് ഒളിച്ചിരിക്കുന്നതെന്ന് ചിലരെങ്കിലും അമ്പരന്നേക്കാം. എന്തൊക്കെ ചിന്തകളാണ്, വികാരങ്ങളാണ്, ആഗ്രഹങ്ങളാണ്, എന്തൊക്കെ ദുരഭിമാനങ്ങളാണ്, എന്തൊക്കെ അടിച്ചമർത്തപ്പെട്ട ചിന്തകളാണ്, അവനവനോട് പോലും വെളിപ്പെടുത്താത്ത എത്ര അഭിലാഷങ്ങളാണ് അതിനൊക്കെ പിന്നിലെന്ന് ആരും സംശയിച്ചേക്കാം. ചിലപ്പോൾ അദ്ദേഹം പൊതുസദസ്സുകളിൽ അനിർഗ്ഗളമായ വാഗ്ധോരണികൊണ്ട് തന്റെ ചിന്തകളെ മറച്ചേക്കാം. എന്നാൽ,  മറ്റു ചിലപ്പോൾ അദ്ദേഹത്തിന്റെ വിളറിപ്പോകുന്ന മുഖം മനസ്സിനെ വെളിപ്പെടുത്തിയേക്കാം. ആ നേരങ്ങളിൽ അദ്ദേഹത്തിന്റെ മനസ്സ് .അതിവിചിത്രമായ ഭ്രമകല്പനകളുടെ മേച്ചിൽപ്പുറങ്ങളിലേക്ക് സ്വച്ഛന്ദവിഹാരത്തിന് പുറപ്പെടാം. അല്പസമയത്തേക്ക് അദ്ദേഹം ചുറ്റുമുള്ളതൊക്കെ വിസ്മരിച്ചുകൊണ്ട്, തന്റെ മനസ്സിനുള്ളിലെ ജീവജാലങ്ങളോട് നിശ്ശബ്ദം സംഭാഷണത്തിലേർപ്പെട്ടേക്കാം. ജീവിതപന്ഥാവിലെ പ്രക്ഷുബ്ധവുമായ പാതകളില്‍ കൈവിട്ടുപോയ ബന്ധങ്ങളെക്കുറിച്ചോർക്കുകയാവുമോ അദ്ദേഹമപ്പോൾ? അതൊക്കെ തിരിച്ചുപിടിക്കാൻ ആശിക്കുന്നുണ്ടാകുമോ അദ്ദേഹം? താൻ തെരഞ്ഞെടുത്ത പാതയിൽ വിജയമെന്നാൽ പുതിയ ഭാരങ്ങളെടുത്ത് ചുമലിൽ വെക്കുക എന്നതാണ് എന്നദ്ദേഹം തിരിച്ചറിയുന്നുണ്ടാകുമോ? അറബികളോട് ലോറൻസ് പറഞ്ഞതുപോലെ, "വിപ്ലവപാതയിൽ വിശ്രമഗൃഹങ്ങളില്ല. കഥാന്ത്യത്തിൽ സന്തോഷവും പ്രതീക്ഷിക്കവേണ്ട..." സന്തോഷം ചിലപ്പോൾ അദ്ദേഹത്തെ തേടിയെത്തി എന്നുവരില്ല. പക്ഷേ, സന്തുഷ്ടിയേക്കാൾ വലുതൊന്ന് സ്വന്തമായേക്കാം, വിധിയും ഭാഗ്യവും തുണച്ചാൽ, ജീവിതത്തിന് അർത്ഥം കണ്ടെത്താൻ അദ്ദേഹത്തിനായേക്കാം.


ജവഹർലാൽ ഒരു ഫാസിസ്റ്റ് അല്ലായിരിക്കാം. എന്നിരുന്നാലും, ഒരു സ്വേച്ഛാധിപതിയെ വാർത്തെടുക്കാൻ വേണ്ടതെല്ലാം ഇന്നദ്ദേഹത്തിൽ ദൃശ്യമാണ്. അപാരമായ ജനപ്രീതി, ലക്ഷ്യത്തിലേക്ക് മുന്നേറാനുള്ള മനക്കരുത്ത്, ഊർജ്ജം, സ്വാഭിമാനം, സംഘടനാബലം, പ്രവർത്തനശേഷി, മനക്കട്ടി, ജനങ്ങളെ ഒന്നടങ്കം സ്നേഹിക്കാനുള്ള കഴിവിനൊപ്പം തന്നെ, പലരോടുമുള്ള അസഹിഷ്‌ണുത, വിശേഷിച്ചും ദുർബലരോടും അശക്തരോടുമുള്ള പുച്ഛം അങ്ങനെ എല്ലാം തന്നെ അതിന്റെ ലക്ഷണങ്ങളാണ്. അദ്ദേഹത്തിന്റെ ക്രോധത്തിന്റെ സ്ഫുരണങ്ങൾ അവയുടെ നിയന്ത്രിതമാത്രയിൽ പോലും സുവിദിതമാണ്. എല്ലാം ഉള്ളിലടക്കി വെച്ചു എന്ന് സ്വയം ധരിച്ചിരിക്കുമ്പോഴും ആ പുരികക്കൊടിയുടെ വളവ് അദ്ദേഹത്തെ വഞ്ചിക്കും. എല്ലാത്തിനെയും നിയന്ത്രണാധീനമാക്കിക്കൊണ്ട് കാര്യങ്ങൾ സാധിക്കാനുള്ള ത്വര, ഇഷ്ടമില്ലാത്തതിനെ തൂത്തെറിഞ്ഞ് പുതിയത് കൊണ്ടുവരുന്ന ശീലം ഇത് രണ്ടും തന്നെ ജനാധിപത്യത്തിന്റെ മന്ദഗതിയിലുള്ള പ്രക്രിയക്ക് ചേരുന്നതല്ല. മിക്കപ്പോഴും അദ്ദേഹം വളരെ ഫലസിദ്ധിയുള്ള, ഏർപ്പെടുന്നതിലെല്ലാം വിജയം കൈവരിക്കുന്ന ഒരു ഭരണകർത്താവായിരിക്കും . എന്നാൽ, ഈ വിപ്ലവദശാസന്ധിയിൽ സീസറിസം എപ്പോഴും നമ്മുടെ പടിവാതിൽക്കൽ തന്നെ ഉണ്ട്. താൻ ഒരു സീസറാണെന്ന് നാളെ ജവഹർലാൽ ധരിച്ചുകൂടാ എന്നുണ്ടോ?

അവിടെ, അവിടെയാണ് ജവഹർലാലിനും ഇന്ത്യക്കുതന്നെയും അപകടകരമായേക്കാവുന്ന ഒരു സാഹചര്യം നിലനിൽക്കുന്നത്. കാരണം സീസറിസത്തിലൂടെയല്ല ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ പാതയിൽ  സഞ്ചരിക്കേണ്ടത്. ഉദാരമായ, ഫലപ്രദമായ ഒരു സ്വേച്ഛാധിപത്യത്തിൽ കുറച്ചുകാലത്തേക്ക് ഇന്ത്യ അഭിവൃദ്ധിപ്പെട്ടെന്നുവരാം. എന്നാൽ, താമസിയാതെ അത് മുരടിപ്പിൽ ചെന്നുനിൽക്കും. ഇന്ത്യയിലെ ജനങ്ങളുടെ ശാക്തീകരണം ഇനിയും വൈകി എന്നുവരും.

കഴിഞ്ഞ രണ്ടുവർഷമായി ജവഹർലാൽ തന്നെയാണ് കോൺഗ്രസിന്റെ പ്രസിഡണ്ട്. കോൺഗ്രസിലെ ഒരു അവിഭാജ്യഘടകമായി അവനവനെ ഉയർത്തിക്കൊണ്ടുവരാൻ അദ്ദേഹത്തിനായിട്ടുണ്ട്. എന്തിനധികം പറയുന്നു, മൂന്നാമതൊരൂഴം കൂടി ജവഹർലാലിന് നൽകണമെന്ന ആവശ്യവും കോൺഗ്രസ് വൃത്തങ്ങളിൽ ശക്തമാണ്.  എന്നാൽ,അങ്ങനെ ചെയ്യുന്നതിൽപരം ഒരു ദ്രോഹം ഇന്ത്യക്കും, ജവഹർലാലിനു തന്നെയും വേറെ ചെയ്യാനില്ല. അങ്ങനെ ചെയ്യുന്നത് കോൺഗ്രസ് എന്ന പാർട്ടിക്കും മുകളിലായി ഒരു വ്യക്തിയെ പ്രതിഷ്ഠിക്കുന്നതിന് തുല്യമാണ്. ജനങ്ങളെ സീസറിസത്തിന്റെ പാതയിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുകയാവും അത് ചെയ്യുക. അത് ജവഹർലാലിൽ അനാവശ്യമായ ഗർവും ദുരഭിമാനവും ഏറ്റും. ഇന്ത്യയുടെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ തനിക്കൊരാൾക്കു മാത്രമേ സാധിക്കൂ എന്ന് ധരിച്ചുവശാകും അദ്ദേഹം. തനിക്ക് സ്ഥാനമോഹമില്ലെന്ന് നാഴികയ്ക്ക് നാല്പതുവട്ടം പറഞ്ഞുകൊണ്ടിരിക്കുന്ന ജവഹർലാൽ തന്നെ, കഴിഞ്ഞ പതിനേഴു വർഷക്കാലമായി കോൺഗ്രസിലെ സുപ്രധാനമായ പല സ്ഥാനങ്ങളും വഹിച്ചുകൊണ്ടിരിക്കുകയാണ് എന്ന വിരോധാഭാസം ശ്രദ്ധിക്കേണ്ട ഒന്നാണ്. കോൺഗ്രസിൽ താൻ അനുപേക്ഷണീയനാണ് എന്ന തോന്നലിലേക്കാവും അത് ജവഹർലാലിനെ നയിക്കുക. അങ്ങനെ ഒരു ചിന്ത ഒരാളുടെ മനസ്സിലും ഉടലെടുക്കാൻ അനുവദിച്ചുകൂടാ. മൂന്നാമത് ഒരു വട്ടം കൂടി അദ്ദേഹത്തെ കോൺഗ്രസ് പ്രസിഡന്റാകുന്നത് ഇന്ത്യക്ക് താങ്ങാവുന്ന ഒന്നായെന്നു വരില്ല.

അതിന് വ്യക്തിപരമായ ഒരു കാരണം കൂടിയുണ്ട്. ജവഹർലാലിന്റെ വാക്കുകളിൽ എത്രമാത്രം ഊർജമുണ്ടെന്നു പറഞ്ഞാലും, അദ്ദേഹം ഏറെ ക്ഷീണിതനാണ്. പ്രസിഡണ്ട് സ്ഥാനത്ത് ഇനിയും തുടർന്നാൽ ആ മനുഷ്യന്റെ ആരോഗ്യം  കൂടുതൽ ക്ഷയിക്കുകയേ ഉള്ളൂ.  ഈ അവസ്ഥയിൽ ജവഹർലാലിന്  വിശ്രമം കിട്ടില്ല, കാരണം കടുവപ്പുറത്തേറിയ ഒരാൾക്ക് അവിടെന്നിറങ്ങി ഒരിടത്തിരിക്കാൻ പറ്റില്ലല്ലോ. പക്ഷേ, നമുക്ക് ഇടപെട്ടു ചെയ്തുകൊടുക്കാവുന്ന ഒരു കാര്യമുണ്ട്. മാനസികമായി ആകെ തളരുന്നതിൽ നിന്നും, ഒരുന്മാദിയാകുന്നതിൽ നിന്നും നമുക്ക് അദ്ദേഹത്തെ രക്ഷിക്കാനാകും. ഭാവിയിൽ അദ്ദേഹത്തിൽ നിന്നും മികച്ച സംഭാവനകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാൻ തീർച്ചയായും നമുക്കവകാശമുണ്ട്. അനവസരത്തിലുള്ള പ്രശംസയും, അമിതമായ മുഖസ്തുതിയും കൊണ്ട് അദ്ദേഹത്തെ നമ്മൾ നശിപ്പിക്കാൻ പാടില്ല. ജവഹറിന്റെ അഹംഭാവം ഇപ്പോൾ തന്നെ മാനംമുട്ടുവോളമാണ്. അത് നിയന്ത്രണാധീനമാക്കി നിർത്തേണ്ടതുണ്ട്. ഇനിയുമൊരു സീസറിനെ, നമുക്കാവശ്യമില്ല.  

N.B. നെഹ്‌റു തന്നെ   ഒരു അടിക്കുറിപ്പ് ഈ ലേഖനത്തിന് പിന്നീട് ചേർക്കുകയുണ്ടായി. അതും താഴെ ചേർക്കുന്നു. 

"ഈ ലേഖനമെഴുതിയത് ജവഹർലാൽ നെഹ്‌റു തന്നെയാണ്.  അത് 'ചാണക്യ' എന്ന പേരിൽ 1937  നവംബറിൽ കൽക്കട്ടയിലെ ദ മോഡേൺ റിവ്യൂവിൽ പ്രസിദ്ധപ്പെടുത്തിയതാണ്. രാഷ്‌ട്രപതി എന്ന സംസ്കൃതവാക്കിന്റെ അർത്ഥം പ്രസിഡണ്ട് എന്നാണ്. ഈ വാക്ക്, ദില്ലിയിൽ എഐസിസി പ്രസിഡണ്ടിനെ സൂചിപ്പിക്കാൻ ദില്ലിയിൽ വ്യാപകമായി ഉപയോഗിച്ചു വരുന്ന ഒന്നാണ്. ചാണക്യൻ എന്നത് അലക്‌സാണ്ടർക്ക് ശേഷം ബിസി നാലാം നൂറ്റാണ്ടിൽ ഭാരതത്തിൽ സാമ്രാജ്യം സ്ഥാപിച്ച ചന്ദ്രഗുപ്തന്റെ പ്രസിദ്ധനായ മന്ത്രിയുടെ പേരാണ്. പാശ്ചാത്യ ലോകത്ത് മാക്കിയവല്ലി എന്നതിന് സമാനമായ ഒരു വ്യക്തിത്വമാണ് ചാണക്യന്റെത്." 

Also Read : 

മാംസനിബദ്ധമായിരുന്നോ എഡ്വിന മൗണ്ട് ബാറ്റനും ജവഹർലാൽ നെഹ്‍റുവും തമ്മിലുള്ള അനുരാഗം? മകള്‍ പറയുന്നത്