​സുഭദ്ര കുമാരി ചൗഹാന് ആദരവായി ഗൂ​ഗിൾ ഡൂഡിൽ, ആരാണ് സുഭദ്ര കുമാരി ചൗഹാൻ?

By Web TeamFirst Published Aug 16, 2021, 3:36 PM IST
Highlights

ഇന്ത്യൻ നാഷണൽ മൂവ്‌മെന്റിന്റെ ഒരു പങ്കാളിയെന്ന നിലയിൽ, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടാൻ തന്റെ എഴുത്തുകളിലൂടെയും, കവിതകളിലൂടെയും അവർ ആളുകളെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. 

ഇന്ത്യയുടെ ചരിത്രത്തിൽ സത്യാഗ്രഹം അനുഷ്ഠിച്ച ആദ്യ വനിതയും, എഴുത്തുകാരിയും സ്വാതന്ത്ര്യസമര സേനാനിയുമാണ് സുഭദ്ര കുമാരി ചൗഹാൻ. അവരുടെ ജീവിതത്തെ ആദരിക്കുന്നതിനായി ഗൂഗിൾ അവരുടെ ഡൂഡിലാണ് ഇന്ന് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുരുഷ മേധാവിത്വം അടക്കി വാണിരുന്ന സാഹിത്യ മേഖലയിൽ സ്വന്തമായൊരു സ്ഥാനം നേടിയെടുക്കാൻ അവരുടെ കവിതകൾക്ക് കഴിഞ്ഞിരുന്നു.  

അവരുടെ ഝാൻസി കി റാണി എന്ന കവിത ഹിന്ദി സാഹിത്യത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന ഒന്നായി കണക്കാക്കപ്പെടുന്നു.1904 -ൽ യുപിയിലെ നിഹാൽപൂർ ഗ്രാമത്തിലെ ഒരു രജപുത് കുടുംബത്തിലാണ് അവർ ജനിച്ചത്. ചെറുപ്പം മുതലേ അവർക്ക് എഴുത്തിനോട് ഭയങ്കര താല്പര്യമായിരുന്നു. 9 വയസ്സുള്ളപ്പോഴാണ് ആദ്യ കവിത പ്രസിദ്ധീകരിക്കുന്നത്. 1919 -ൽ അവർ മിഡിൽ സ്കൂൾ പാസായി.

പിന്നീട് ഖണ്ഡ്‌വയിലെ ഠാക്കൂർ ലക്ഷ്മൺ സിംഗ് ചൗഹാനുമായുള്ള അവരുടെ വിവാഹം നടന്നു. വിവാഹത്തിന് ശേഷം, ബ്രിട്ടീഷ് രാജിനെതിരെ മഹാത്മാഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിൽ ചേരുകയും പിന്നീട് അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് സത്യാഗ്രഹം ഇരിക്കുകയും ചെയ്തു. സത്യാഗ്രഹം അനുഷ്ഠിച്ച, രാജ്യത്തെ ആദ്യത്തെ വനിതയാണ് അവർ.  1923 -ലും 1942 -ബബലും ബ്രിട്ടീഷ് ഭരണത്തിനെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് അവൾ രണ്ടുതവണ ജയിലിലടയ്ക്കപ്പെട്ടു.

ഇന്ത്യൻ നാഷണൽ മൂവ്‌മെന്റിന്റെ ഒരു പങ്കാളിയെന്ന നിലയിൽ, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടാൻ തന്റെ എഴുത്തുകളിലൂടെയും, കവിതകളിലൂടെയും അവർ ആളുകളെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. സുഭദ്രയുടെ എഴുത്തുകൾ പ്രധാനമായും ഇന്ത്യൻ സ്ത്രീകളുടെ കഷ്ടപ്പാടുകളെയും സ്വാതന്ത്ര്യ സമരകാലത്ത് അവർ മറികടന്ന വെല്ലുവിളികളെയും കേന്ദ്രീകരിച്ചുള്ളതായിരുന്നു. 1923-ൽ, സുഭദ്രയുടെ കലുഷിതമായ പോരാട്ട വീര്യം അവരെ ഇരുമ്പഴിക്കുള്ളിൽ എത്തിച്ചു. എന്നിട്ടും പക്ഷേ അഹിംസാത്മക സമരങ്ങളുടെ മുൻനിരയിൽ നിന്ന് അവർ മാറിയില്ല. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ അവരുടെ ഏറ്റവും വലിയ ആയുധം പേനയായിരുന്നു. 1940 -കളിൽ മൊത്തം 88 കവിതകളും 46 ചെറുകഥകളും അവർ പ്രസിദ്ധീകരിച്ചു.    

അവരുടെ എഴുത്ത് ഇപ്പോഴും ചരിത്രപരമായ പുരോഗതിയുടെ ഒരു പ്രധാന ഘടകമായും, പ്രതീകമായും കണക്കാക്കപ്പെടുന്നു. 1948 ഫെബ്രുവരി 15 ന് സുഭദ്ര മരണപ്പെട്ടു. അവരുടെ മാതൃകാപരമായ പ്രവർത്തനത്തിന്റെ ബഹുമാനാർത്ഥം ഒരു ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലിന് അവരുടെ പേരാണ് നൽകിയിരിക്കുന്നത്. ജബൽപൂരിലെ മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ മധ്യപ്രദേശ് സർക്കാർ സുഭദ്ര കുമാരി ചൗഹാന്റെ ഒരു പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.  

 

click me!