പൗരത്വ നിയമ ഭേദഗതിയെ തുറന്നെതിർക്കാൻ കേജ്‌രിവാളിന് മുട്ടിടിക്കുന്നത് എന്തുകൊണ്ടാണ്?

By Web TeamFirst Published Jan 22, 2020, 2:19 PM IST
Highlights

കേജ്‌രിവാൾ സ്വീകരിക്കുന്ന നയം വളരെ അളന്നുമുറിച്ചുള്ളതാണ്. ദില്ലിയെ സംബന്ധിക്കുന്ന വിഷയങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക, പ്രവർത്തിക്കുക, അഭിപ്രായങ്ങൾ പറയുക. കഴിവതും ഭൂരിപക്ഷവോട്ടുബാങ്കിനെ പിണക്കാതിരിക്കുക. 

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തത്വത്തിൽ പൗരത്വനിയമ ഭേദഗതിക്ക്  എതിരാണ്. ഈ എതിർപ്പ് മുമ്പൊരിക്കൽ അദ്ദേഹം ഒരു സ്വകാര്യ ചാനലിൽ നടത്തിയ അഭിമുഖത്തിനിടെ പ്രകടിപ്പിച്ചിട്ടുമുണ്ട്. പ്രശ്നമെന്താണെന്നു വെച്ചാൽ, ഈ അഭിമുഖത്തിലും, പിന്നെ ഒന്നുരണ്ടു ട്വീറ്റുകളിലും മാത്രമാണ് അരവിന്ദ് കേജ്‌രിവാളോ അദ്ദേഹത്തിന്റെ പാർട്ടിയോ പൗരത്വ നിയമ ഭേദഗതിയെപ്പറ്റി വാതുറന്ന് എന്തെങ്കിലും രണ്ടക്ഷരം മിണ്ടിയിട്ടുള്ളത്. എന്തുകൊണ്ടാണ് കേജ്‌രിവാൾ ഈ വിഷയത്തിൽ വാതുറന്ന് വ്യക്തമായ ഒരു അഭിപ്രായം പറയാനോ, ഇപ്പോൾ പ്രധാനമായും ദില്ലി കേന്ദ്രീകരിച്ചു നടക്കുന്ന  സമരങ്ങളെ പിന്തുണയ്ക്കാനോ ആ സമരങ്ങൾ നടക്കുന്ന വേദികളിൽ ചെന്ന് പിന്തുണ അറിയിക്കാനോ ഒന്നും തയ്യാറാകാത്തത്? അത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹത്തിന്റെ രാഷ്ട്രീയ നയങ്ങളിൽ വന്ന കാതലായ ഒരു മാറ്റത്തിന്റെ തുടർലക്ഷണങ്ങളാണോ?

കെജ്‌രിവാളിന്റെ പറച്ചിലും പ്രവൃത്തിയും  

"ജാതിമതഭേദമെന്യേ എല്ലാ മനുഷ്യരും തുല്യരാണ്. നമ്മൾ വാർത്തെടുക്കേണ്ടത്, നാനാജാതി മതസ്ഥരായ പൗരന്മാർക്കിടയിൽ സ്നേഹവും സഹോദര്യവുമുണ്ടാകുന്ന, വെറുപ്പോ, ശത്രുതയോ ഒന്നുമില്ലാത്ത ഒരു ആദർശഭാരതമാണ്" ഇത് ട്വിറ്ററിൽ അരവിന്ദ് കെജ്‌രിവാളിന്റെ ബയോഡാറ്റയിൽ കുറിച്ചിട്ട വരികളാണ്. ഇന്ന് കേരളം മുതൽ കശ്മീർ വരെ എല്ലായിടത്തും ഒന്നുകിൽ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചുകൊണ്ട് അല്ലെങ്കിൽ അതിനെ എതിർത്തുകൊണ്ടുള്ള പ്രകടനങ്ങളും പ്രചാരണങ്ങളും സജീവമാണ്. ഇക്കൂട്ടത്തിൽ ഒരു പ്രതിഷേധ വേദിയിലും നമ്മൾ ഇന്നുവരെ അരവിന്ദ് കേജ്‌രിവാൾ എന്ന ആം ആദ്മി പാർട്ടി നേതാവിനെ കണ്ടിട്ടില്ല. 
 


 

എന്നാൽ, അങ്ങനെ പ്രതികരിക്കുകയോ പ്രകടനങ്ങൾ നടത്താതിരിക്കുകയോ ചെയ്യുന്ന ആളല്ല അരവിന്ദ് കെജ്‌രിവാൾ. ഒരു സിവിൽ സർവന്റ് എന്ന നിലയിൽ നിന്ന് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയായി അദ്ദേഹം വളർന്നുവന്നതുതന്നെ അഴിമതിക്കും, ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയ്ക്കും എതിരായി നടത്തിയ സന്ധിയില്ലാ സമരങ്ങളുടെ പേരിലാണ്. 2018 -ൽ, മുഖ്യമന്ത്രിയായിരിക്കെ മറ്റംഗങ്ങളോടൊപ്പം ഒന്നിലധികം തവണ ദില്ലി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജലിന്റെ വസതിക്ക് മുന്നില്‍ ധർണ്ണ കിടന്നിട്ടുള്ള ആളുമാണ് കേജ്‌രിവാൾ. 2014 -ൽ പൊലീസിന്റെ കാര്യം പറഞ്ഞും അദ്ദേഹം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് റെയിൽ ഭവൻ പരിസരത്ത് ധർണ്ണ നടത്തിയിരുന്നു. തത്വത്തിൽ ആംആദ്മി പാർട്ടി പൗരത്വ നിയമ ഭേദഗതിക്ക് എതിരാണ് എങ്കിലും, ഇന്നുവരെ അരവിന്ദ് കേജ്‌രിവാൾ ആ സമരങ്ങളുടെ ഏഴയലത്ത് ചെന്നിട്ടില്ല. എന്നുമാത്രമല്ല, ഇത്രയും ബഹളങ്ങൾ നടന്നിട്ടും ഇന്നുവരെ കേജ്‌രിവാൾ ജാമിയയിലും ചെന്നില്ല, മുഖംമൂടി ആക്രമണങ്ങൾ നടന്ന ജെഎൻയുവിലും അദ്ദേഹം പോയില്ല. എന്നാൽ ദോഷം പറയരുതല്ലോ, ജെഎൻയുവിൽ അക്രമം നടന്നപ്പോൾ അദ്ദേഹം അതിനെ അപലപിച്ചുകൊണ്ട് അധികം വൈകാതെ ഒരു ട്വീറ്റ് ചെയ്യുകയുണ്ടായി. "യൂണിവേഴ്സിറ്റികളിൽ വിദ്യാർഥികൾ സുരക്ഷിതരല്ലെങ്കിൽ, നമ്മുടെ രാജ്യം എങ്ങനെ പുരോഗമിക്കും" എന്നായിരുന്നു കേജ്‌രിവാൾ ട്വീറ്റിൽ ചോദിച്ചത്. 

I am so shocked to know abt the violence at JNU. Students attacked brutally. Police shud immediately stop violence and restore peace. How will the country progress if our students will not be safe inside univ campus?

— Arvind Kejriwal (@ArvindKejriwal)

 

സിഎഎ വിഷയത്തിൽ ആം ആദ്മി പാർട്ടിയുടെ നയം 

ഈ വിഷയത്തിൽ ആം ആദ്മി പാർട്ടിയുടെ നയം വ്യക്തമാണ്. ഇത് ഭരണഘടനാ വിരുദ്ധമായ ഒരു നിയമഭേദഗതിയാണ്. അത് അരവിന്ദ് കേജ്‌രിവാൾ തന്നെ ഒരു സ്വകാര്യചാനലിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയതാണ്. ആ എതിർപ്പ് പക്ഷേ, പൗരത്വം അനുവദിക്കുന്നതിനോടുകൂടിയുള്ള എതിർപ്പാണ്. ഭേദഗതിയിൽ മുസ്ലിങ്ങളോടുള്ള വിവേചനമല്ല അദ്ദേഹത്തിന്റെ പ്രധാന പ്രശ്നം. ആരും ഇങ്ങോട്ടിനി വരേണ്ട എന്ന ഉത്തരപൂർവ്വ ഇന്ത്യക്കാരുടെ അതേ നയമാണ് ഏറെക്കുറെ കേജ്‌രിവാളിനും. അദ്ദേഹം ചാനലിനോട് പറഞ്ഞത് ഇങ്ങനെയാണ്, "ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ ഈ മൂന്നുരാജ്യങ്ങളിലും കൂടി ന്യൂനപക്ഷക്കാർ ആകെ 3 -4 കോടിയോളം വരും. അവരൊക്കെക്കൂടി കൂടും കുടുക്കയുമെടുത്ത് ഇങ്ങോട്ട് പുറപ്പെട്ടാൽ അവർക്ക് താമസിക്കാൻ സ്ഥലം ആര് കൊടുക്കും? അവർക്കൊക്കെ ജോലി ആര് നൽകും? അവരുടെ കുട്ടികൾ എവിടെ പഠിക്കും?"
 


 

ഈ ഭേദഗതിയെ കേജ്‌രിവാൾ എതിർക്കുന്നത്, ഇപ്പോൾ തന്നെ തൊഴിലില്ലായ്മയും, പട്ടിണിയും, പണപ്പെരുപ്പവും കൊണ്ട് പൊറുതിമുട്ടി നിൽക്കുന്ന ഇന്ത്യക്ക് ഇനി കുറേ അഭയാർത്ഥികളെക്കൂടി താങ്ങാനുള്ള ശേഷിയില്ല എന്ന അഭിപ്രായത്തിന്റെ പുറത്താണ്. ഇനിയും അഭയാർത്ഥികൾക്ക് സ്വാഗതമോതുന്നത്, 'സ്വന്തം മക്കൾ പട്ടിണി കിടന്നാലും അയൽപക്കക്കാരുടെ മക്കൾക്ക് മൃഷ്ടാന്ന ഭോജനം കിട്ടട്ടെ' എന്ന് കരുതുന്നതുപോലെയാണ് എന്ന് അദ്ദേഹം കരുതുന്നു.

തെരഞ്ഞെടുപ്പ് അടുത്തതിന്റെ പങ്കപ്പാട് 

ഫെബ്രുവരി 8 -ന് ദില്ലിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. കേജ്‌രിവാളിനും സംഘത്തിനും ഇനിയൊരു അവസരം കൂടി നൽകണോ എന്ന തീരുമാനം ദില്ലിയിലെ പൊതുജനം കൈക്കൊള്ളുന്ന വേള.  രാജ്യത്ത് നടക്കുന്ന എല്ലാ കാര്യങ്ങളിലും വ്യക്തമായ അഭിപ്രായമുള്ള കേജ്‌രിവാളിന് CAA വിഷയത്തിൽ മാത്രം കൃത്യമായ ഒരു പ്രവർത്തനപദ്ധതിയില്ലാത്തത്, ഇക്കാര്യത്തിൽ മാത്രം ഒരു പരിധിവരെ മൗനം പാലിക്കുക പോലും ചെയ്യുന്നത്, അദ്ദേഹത്തിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് നയത്തിന്റെ ഭാഗമാണോ എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറഞ്ഞുകൂടാ.

ഒരു വർഷം മുമ്പ് വരെയും മമതാ ബാനർജി, നിതീഷ് കുമാർ തുടങ്ങിയ പ്രാദേശിക നേതാക്കൾ വിവിധ വിഷയങ്ങളിൽ കൃത്യമായ നിലപാടുകൾ എടുത്തപ്പോൾ അതുപോലെ അരവിന്ദ് കെജ്‌രിവാളും നയങ്ങൾ സ്വീകരിച്ചിരുന്നു. അവയെപ്പറ്റി തുറന്നു സംസാരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് മുതൽ ഈ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാകും, കേജ്‌രിവാൾ സ്വീകരിക്കുന്ന നയം വളരെ അളന്നുകുറിച്ചുള്ളതാണ്. ദില്ലിയെ സംബന്ധിക്കുന്ന വിഷയങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക, പ്രവർത്തിക്കുക, അഭിപ്രായങ്ങൾ പറയുക. കഴിവതും ഭൂരിപക്ഷവോട്ടുബാങ്കിനെ പിണക്കാതിരിക്കുക. 


 

ഭാരത സർക്കാരിന്റെ 2011 -ലെ സെൻസസ് ഡാറ്റ പ്രകാരം ദില്ലിയിൽ 82 ശതമാനം ജനങ്ങളും ഹിന്ദു മതത്തിൽ ജനിച്ചവരാണ്. ഏതാണ്ട് 12 ശതമാനത്തോളം മാത്രമാണ് മുസ്ലിങ്ങൾ ഉള്ളത്. ഷാഹീൻബാഗിൽ സമരം നടത്തുന്നവരിൽ അധികവും മുസ്ലീങ്ങളാണ്. 12 ശതമാനം വരുന്ന മുസ്‌ലിം വോട്ടുബാങ്കിനെ പിണക്കാതിരിക്കാൻ അദ്ദേഹം ആശ്രയിക്കുന്നത് ആം ആദ്മി പാർട്ടി എംഎൽഎ ആയ അമാനത്തുള്ളാ ഖാനെയാണ്. ഈ വിഷയത്തിൽ തുറന്ന് ഒരു നയമെടുത്താൽ അത് ദില്ലിയിലെ തന്റെ വോട്ടുകളുടെ ധ്രുവീകരണത്തിന് കാരണമാകും എന്നദ്ദേഹം കരുതുന്നുണ്ടാകും.  ഇക്കാര്യത്തിൽ മുസ്ലിങ്ങളെ പിന്തുണക്കുന്ന ഒരു നിലപാടെടുത്തു എന്നതിന്റെ പേരിൽ, 80 ശതമാനം വരുന്ന ഹിന്ദു വോട്ട് ബാങ്കിനെ പിണക്കേണ്ടതില്ല എന്നാകും അദ്ദേഹത്തിന്റെയും പാർട്ടിയുടെയും നിലപാട്. 

 

मेरी भाजपा, कांग्रेस और अन्य पार्टियों के समर्थकों से अपील है - ये चुनाव अलग है, इसमें सब मिलके झाड़ू पे वोट देना pic.twitter.com/Erjp581ATX

— Arvind Kejriwal (@ArvindKejriwal)

പ്രശ്നം ലളിതമാണ്. പൗരത്വ നിയമ ഭേദഗതി വിഷയം ഒരു കീറാമുട്ടിയാണ്. ബിജെപിയെ പിന്തുണച്ചുകൊണ്ട് അഭിപ്രായം പറഞ്ഞാൽ ദില്ലിയിലെ മുസ്ലിം വോട്ടുകൾ നഷ്ടപ്പെടും. ഭേദഗതി വിരുദ്ധ സമരങ്ങളിൽ സജീവമായി പങ്കെടുത്താൽ ബിജെപി പ്രചരിപ്പിക്കുന്ന, 'സിഎഎയെ എതിർക്കുന്നവർ ആന്റി നാഷണൽ ആണ്' എന്ന പ്രചാരണത്തിന് ഇരയാകേണ്ടി വരും പാർട്ടിക്ക്. അത് ദില്ലിയിലെ ഭൂരിപക്ഷം വരുന്ന ഹിന്ദു വോട്ടുബാങ്കിനെ പിണക്കുന്ന പരിപാടിയായിപ്പോകും. 2015 -ലെ തെരഞ്ഞെടുപ്പിൽ 70 -ൽ 67 സീറ്റുകളും നൽകി കനിഞ്ഞനുഗ്രഹിച്ച സംസ്ഥാനമാണ്.  അവിടെ ഇക്കുറിയും വിജയം പ്രവർത്തിക്കണമെങ്കിൽ ഇതിന്റെ പേരിൽ വോട്ടർമാരെ പിണക്കാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അതുതന്നെയാണ് കേജ്‌രിവാൾ വളരെ കൃത്യമായി ചെയ്തുകൊണ്ടിരിക്കുന്നതും. 

എന്നാൽ, ആം ആദ്മി പാർട്ടി തങ്ങളുടെ നിലപാടുകൾക്ക് ഇങ്ങനെയൊരു അടിസ്ഥാനമുണ്ട് എന്നത് നിഷേധിക്കുകയാണ് ചെയ്യുന്നത്. പൗരത്വ നിയമ ഭേദഗതി ഇത്തവണ ദില്ലി തെരഞ്ഞെടുപ്പിൽ ഒരു പരാമർശ വിഷയമേ അല്ല എന്നാണ് അവരുടെ നിലപാട്. അവിടെ ശരിക്കുള്ള പ്രശ്നങ്ങൾ വൈദ്യുതി, വെള്ളം, ആരോഗ്യം, റോഡുകൾ എന്നിവയുടെ നിലവാരവും ക്രമാസമാധാനവുമാണ് എന്നും അക്കാര്യത്തിൽ സാധ്യമായതെല്ലാം ആം ആദ്മി പാർട്ടി സർക്കാർ ചെയ്തിട്ടുണ്ടെന്നും അവർ അവകാശപ്പെടുന്നു. 

click me!