സാരിയുടുത്ത്, മീശയും താടിയും വളർത്തി അചിന്ത, ഇത് അവളുടെ പോരാട്ടം കൂടിയാണ്!

By Web TeamFirst Published Jul 12, 2021, 12:42 PM IST
Highlights

കുട്ടിക്കാലത്ത് അവളുടെ കൂട്ടുകാരികൾ മുടിവളർത്തിയപ്പോൾ, അവൾ മനസ്സില്ലാമനസോടെ മുടി മുറിച്ചു, കഷ്ടപ്പെട്ട് ആൺകുട്ടികളുടെ വസ്ത്രങ്ങൾ ധരിച്ചു. മറ്റുളവരുടെ മുന്നിൽ ഒറ്റപ്പെടാതിരിക്കാൻ അവൾ അവളെ തന്നെ കബളിപ്പിച്ചു. 

ഇന്നത്തെ കാലത്ത് മീശ വച്ച് നടക്കുന്ന ഒരു പെൺകുട്ടിയെ ആർക്കും തന്നെ സങ്കൽപ്പിക്കാൻ കഴിയില്ല. സ്ത്രീകളുടെ മുഖത്ത് രോമം വളരുന്നത് വളരെ മോശപ്പെട്ട ഒരു കാര്യമായിട്ടാണ് പൊതുവെ ആളുകൾ കണക്കാക്കുന്നത്. മിക്ക സ്ത്രീകൾക്കും മുഖത്തെ രോമം കളയാൻ ഷേവിംഗ്, വാക്സിംഗ് തുടങ്ങി പലതും പരീക്ഷിക്കേണ്ടി വരുന്നു. എന്നാൽ അത്തരം പുരാതന സ്ത്രീസങ്കൽപ്പങ്ങളെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് അചിന്ത എന്ന ട്രാൻസ് വുമൺ താടിയും മീശയും വളർത്തുന്നു. സാരിയുടുത്ത്, മുടിയഴിച്ചിട്ട്, താടിയും മുടിയും വളർത്തിയ അവളെ കാണുമ്പോൾ ഇന്നും പലരും മുഖം ചുളിക്കുന്നു. എന്നാൽ പക്ഷേ അവളെ സംബന്ധിച്ചിടത്തോളം, ഇത് പുതിയൊരു നാളേക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമാണ്.  

ജൈവശാസ്ത്രപരമായി പുരുഷനായിട്ടാണ് അചിന്ത ജനിച്ചത്. ദാസ് മജുംദാർ കുടുംബത്തിലെ രണ്ട് ആൺകുട്ടികളിൽ ഏറ്റവും മൂത്തയാളായിരുന്നു അവൾ. പശ്ചിമ ബംഗാളിലെ ഒരു ജ്യൂട്ട് മില്ലിലെ മെക്കാനിക്കായിരുന്നു അച്ഛൻ. അവളുടെ അമ്മ ഒരു വീട്ടമ്മയായിരുന്നു. ഒരു  പുരുഷാധിപത്യ സമൂഹത്തിലാണ് അവൾ വളർന്നത്. നാലാം വയസ്സിൽ തന്നെ താൻ വ്യത്യസ്തയാണെന്ന തിരിച്ചറിവ് അവൾക്ക് ഉണ്ടായി. എന്നാൽ ചുറ്റുമുള്ളവർ വെറുപ്പോടെ തന്നെ നോക്കുമോ എന്ന ഭയം കൊണ്ട് അവൾ ഒന്നും ആരോടും പറഞ്ഞില്ല. കുട്ടിക്കാലത്ത് അടുത്ത ഒരു ബന്ധു ലൈംഗികമായി പീഡിപ്പിക്കുക ഉൾപ്പടെ നിരവധി മാനസിക ശാരീരിക ആഘാതങ്ങൾ അവൾ അനുഭവിച്ചു. പിന്നീട് ഒരവസരത്തിൽ അമ്മയോട് എല്ലാം തുറന്ന് പറയാൻ അവൾ ശ്രമിച്ചു. എന്നാൽ, വേട്ടക്കാർ നിറഞ്ഞ ഒരു ലോകത്ത് സംരക്ഷിക്കുന്നതിനുപകരം അവളുടെ കുടുംബം അവളെ കൂടുതൽ ദുരിതത്തിലാക്കി. ഒരു മനുഷ്യനെന്ന നിലയിൽ അവളുടെ അന്തസ്സിനെക്കാൾ സ്വന്തം കുടുംബത്തിന്റെ അന്തസ്സിനെ കുറിച്ചാണ് അവർ ഓർത്തത്.    

ഒരു ആണിന്റെ ശരീരവും, ഒരു പെണ്ണിന്റെ മനസ്സുമായി അവൾ കഴിച്ചു കൂടിയ നാളുകൾ ഇന്നും അവൾക്ക് ഓർക്കാൻ കൂടി വയ്യ. കുട്ടിക്കാലത്ത് അവളുടെ കൂട്ടുകാരികൾ മുടിവളർത്തിയപ്പോൾ, അവൾ മനസ്സില്ലാമനസോടെ മുടി മുറിച്ചു, കഷ്ടപ്പെട്ട് ആൺകുട്ടികളുടെ വസ്ത്രങ്ങൾ ധരിച്ചു. മറ്റുളവരുടെ മുന്നിൽ ഒറ്റപ്പെടാതിരിക്കാൻ അവൾ അവളെ തന്നെ കബളിപ്പിച്ചു. സ്ത്രീയുടെ ശബ്ദമുള്ള അവൾ ക്ലാസ്സിൽ സംശയങ്ങൾ ചോദിക്കാൻ ഭയപ്പെട്ടു. മറ്റ് കുട്ടികളുടെ ഭീഷണിപ്പെടുത്തലും, ശാരീരിക ആക്രമണവും ഒഴിവാക്കാൻ മിക്കവാറും എല്ലാ ദിവസവും അവൾക്ക് സ്കൂളിലേക്ക് പുതിയ വഴികൾ കണ്ടെത്തേണ്ടി വന്നു. അവളുടെ ഏക കൂട്ട് വീട്ടുമുറ്റത്ത് നിന്നിരുന്ന മാവായിരുന്നു. അവൾ സങ്കടം വരുമ്പോഴെല്ലാം അതിന്റെ ചുവട്ടിൽ പോയിരിക്കുമായിരുന്നു. അതിന്റെ ചില്ലകൾ അവളെ പുറംലോകത്തെ ക്രൂരതകളിൽനിന്ന് സംരക്ഷിച്ചു, ദുഃഖങ്ങളിൽ ആശ്വസിപ്പിച്ചു.  

തുടർന്ന് പഠനം പൂർത്തിയാക്കി ഒന്നര വർഷത്തിനുശേഷം അവൾ കൊൽക്കത്തയിൽ ഒരു ബിപിഒവിൽ ജോലിയ്ക്ക് ചേർന്നു. അവിടെ വച്ച് അവൾ വർത്തലീപ് സഖ്യത്തിൽ പങ്കാളിയായി. യുവജനവികസനത്തിന് മുൻ‌തൂക്കം നൽകുന്ന ഒരു സംഘടനയാണ് അത്. അവിടെ വച്ച് അവൾക്ക് കാലങ്ങളായി നിഷേധിക്കപ്പെട്ട സ്നേഹവും, അംഗീകാരവും വീണ്ടു കിട്ടി. ആ സമയത്താണ് ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സമത്വത്തിനുള്ള അവകാശവും തുല്യ പരിരക്ഷയും വാഗ്ദാനം ചെയ്യുന്ന സുപ്രധാന കോടതി വിധി വരുന്നത്. 

അതോടെ അവളുടെ ജീവിതം പുതിയ ഉയരങ്ങൾ താണ്ടി. കുടുംബത്തിൽ നിന്ന് അകന്ന് കൊൽക്കത്തയിൽ സ്വതന്ത്രമായി താമസിക്കാൻ തുടങ്ങി അവൾ. സൽവാറും താടിയുമായി അവൾ പൊതുസമൂഹത്തിലേയ്ക്ക് ഇറങ്ങി ചെന്നു. ആദ്യമാദ്യം ആളുകൾ വെറുപ്പോടെ അവളെ നോക്കി. എന്നാൽ, പിന്നീട് സമൂഹത്തിൽ സ്വന്തമായൊരു വ്യക്തിത്വവും, സ്ഥാനവും  നേടിയെടുക്കാൻ അവൾക്കായി. അഭിമാനത്തോടെ അവളുടെ സ്ത്രീത്വത്തെ അവൾ തുറന്ന് കാണിച്ചു. ഇന്ന് വിവിധ മാസികകൾ, പോർട്ടലുകൾ, പത്രങ്ങൾ, സോഷ്യൽ മീഡിയ എന്നിവയിൽ സ്ഥിരമായി അവൾ എഴുതുന്നു. എഴുത്ത്, പാട്ട്, കല എന്നിവയിൽ സ്വന്തമായൊരു ഇടം കണ്ടെത്തിയ അവൾ, ഏകാന്തത മാത്രം കൂട്ടായ അനേകം അചിന്തമാർക്കുള്ള ഒരു പ്രചോദനം കൂടിയാണ്. 

click me!