'എന്റെ ലോകമാകെ ഇന്ന് ഇരുട്ടാണ്'; അഫ്​ഗാനിലെ കായികരം​ഗത്തുള്ള സ്ത്രീകൾ വെളിപ്പെടുത്തുന്നു

By Web TeamFirst Published Jan 15, 2023, 3:19 PM IST
Highlights

താലിബാൻ കാബൂളിലെത്തിയ ദിവസം തന്നെ നൂറയോട് എയർ‌പോർട്ടിലേക്ക് വരാൻ പറയണം എന്ന് അവളുടെ പരിശീലകൻ അവളുടെ അമ്മയോട് പറഞ്ഞിരുന്നു. എന്നാൽ, നൂറ പോകുന്നത് ഇഷ്ടമല്ലാതിരുന്നതിനാൽ അവളുടെ അമ്മ ആ വിവരം പോലും അവളെ അറിയിച്ചില്ല.

സ്പോർട്സ് ജീവനായി കൊണ്ടുനടക്കുന്ന നൂറ അതിലേക്കെത്താൻ നടത്തിയ യാത്രകൾ കഷ്ടപ്പാടിന്റേതും കഠിനാധ്വാനത്തിന്റേതും ആയിരുന്നു. വീട്ടുകാരുടെ എതിർപ്പ്, അമ്മയുടെ അടി, അയൽക്കാരുടെ പരിഹാസം ഇവയെ എല്ലാം അവൾ അതിജീവിച്ചത് തന്റെ നിശ്ചയദാർഢ്യം ഒന്നുകൊണ്ട് മാത്രമാണ്. എന്നാലിന്ന്, അവളുടെ ശ്രമങ്ങളെല്ലാം വെറുതെയാവുകയാണ്. അഫ്​ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതോടെ അതുവരെ മുറുക്കെപ്പിടിച്ചിരുന്ന തന്റെ ഇഷ്ടങ്ങളും സ്വപ്നങ്ങളും ഉപേക്ഷിക്കേണ്ടി വന്നിരിക്കയാണ് നൂറയ്ക്ക്. 

ഇരുപതുകാരിയായ നൂറയും അവളെപ്പോലെ കായികമേഖലയിൽ സജീവമായി നിൽക്കുന്ന അനേകം പെൺകുട്ടികളും സ്ത്രീകളും ഇന്ന് താലിബാൻ അധികാരികളുടെ അടിച്ചമർത്തൽ നേരിട്ടു കൊണ്ടിരിക്കുകയാണ്. കായികമേഖലയിൽ നിന്നും പെൺകുട്ടികളെയും സ്ത്രീകളെയും നിരോധിക്കുക മാത്രമല്ല താലിബാൻ ചെയ്തത്, സ്വകാര്യമായി പരിശീലിക്കാനുള്ള അനുവാദം പോലും നൽകിയില്ല. 

'ഞാനിനി ഒരിക്കലും ആ പഴയ ആളല്ല. താലിബാൻ ഭരണത്തിൽ തിരികെ വന്ന അന്ന് മുതൽ ഞാൻ മരിച്ചതായിട്ടാണ് എനിക്ക് തോന്നുന്നത്' എന്നാണ് നൂറ പറയുന്നത്. വിവിധ കായികരം​ഗങ്ങളിൽ ഉണ്ടായിരുന്ന സ്ത്രീകളും പെൺകുട്ടികളും അസോസിയേറ്റഡ് പ്രസിനോട് പറയുന്നത് താലിബാൻ ഫോൺ കോളുകളിലൂടെയും നേരിട്ടെത്തിയും അവരെ വിലക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ്. ഭയം കൊണ്ട് പലരും തങ്ങളുടെ പേര് പോലും മാധ്യമത്തിനോട് വെളിപ്പെടുത്തിയില്ല. 

വളരെ ചെറുപ്പത്തിൽ തന്നെ സോക്കറിനോട് ഇഷ്ടം തോന്നിയ നൂറ തെരുവിൽ ആൺകുട്ടികൾക്കൊപ്പമാണ് സോക്കർ കളിച്ചിരുന്നത്. ഒമ്പതാമത്തെ വയസിൽ അവളുടെ സോക്കറിലുള്ള മികവ് കണ്ട ഒരു കോച്ചാണ് അവൾക്ക് പരിശീലനം നൽകുന്നതും പെൺകുട്ടികളുടെ ടീമിൽ ചേർക്കുന്നതും. എന്നാൽ, നൂറയുടെ വീട്ടുകാർ ഇതിനെ എതിർത്തു. അവളുടെ അമ്മ പലവട്ടം ഭീഷണിപ്പെടുത്തി, തല്ലി. എന്നിട്ടും അവൾ രഹസ്യമായി പരിശീലനം തുടർന്നു. പതിമൂന്നാമത്തെ വയസിലാണ് മികച്ച സോക്കർ പ്ലെയർ പെൺകുട്ടി എന്ന നേട്ടം അവളെ തേടിയെത്തിയത്. അതോടെ, അവൾ വാർത്തകളിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ, അതിലും അവളുടെ വീട്ടുകാർക്ക് തോന്നിയത് അപമാനമാണ്. അവർ വീണ്ടും അവളെ തല്ലുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ, പിന്നെയും രഹസ്യമായി പരിശീലനം തുടർന്നു നൂറ. അവളുടെ ടീം ദേശീയ ചാമ്പ്യൻഷിപ്പ് നേടിയപ്പോൾ വീണ്ടും അവൾ വാർത്തയായി. 

 

അവാർഡ് വാങ്ങാൻ ചെന്ന വേദിയിൽ വച്ച് തന്റെ കഷ്ടപ്പാടുകൾ പറഞ്ഞ് അവൾ പൊട്ടിക്കരഞ്ഞു. എന്നാൽ, അപ്പോഴും അവളുടെ വീട്ടുകാർക്ക് മനസലിഞ്ഞില്ല. അവളുടെ അമ്മ അവളുടെ യൂണിഫോമും ഷൂവും കത്തിച്ചു. നിരാശയായ നൂറ പിന്നീട് സോക്കർ വിട്ടു. എന്നാൽ, ബോക്സിങ്ങിൽ അവൾ ശ്രദ്ധ കേന്ദ്രീകരിച്ചു. തങ്ങളുടെ മകളെ കായികമേഖലയിൽ നിന്നും പിന്തിരിപ്പിക്കാനാവില്ല എന്ന് മനസിലായ വീട്ടുകാർ പയ്യെ അതിനോട് താദാത്മ്യപ്പെട്ടു. എന്നാൽ, അപ്പോഴേക്കും താലിബാൻ അവിടം നിയന്ത്രണത്തിലാക്കിയിരുന്നു. 

 

താലിബാൻ കാബൂളിലെത്തിയ ദിവസം തന്നെ നൂറയോട് എയർ‌പോർട്ടിലേക്ക് വരാൻ പറയണം എന്ന് അവളുടെ പരിശീലകൻ അവളുടെ അമ്മയോട് പറഞ്ഞിരുന്നു. എന്നാൽ, നൂറ പോകുന്നത് ഇഷ്ടമല്ലാതിരുന്നതിനാൽ അവളുടെ അമ്മ ആ വിവരം പോലും അവളെ അറിയിച്ചില്ല. അവൾ ആ സന്ദേശം അറിയുമ്പോഴേക്കും ഒരുപാട് വൈകിയിരുന്നു. അവൾ തന്റെ കൈഞരമ്പ് മുറിക്കുകയും ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. 'എന്റെ ലോകമാകെ ഇന്ന് ഇരുട്ട് മാത്രമേ ഉള്ളൂ' എന്നാണ് നൂറ പറയുന്നത്. 

ഇത് നൂറയുടെ മാത്രം അനുഭവമല്ല, മാർഷ്യൽ ആർട്ട് ചെയ്തുകൊണ്ടിരുന്ന ഒരു ഇരുപതുകാരിയും സമാനമായ അനുഭവം പങ്കുവച്ചു. കാബൂളിലെ സ്പോർട്സ് ഹാളിൽ നടന്ന ഒരു പ്രാദേശിക മത്സരത്തിൽ പങ്കെടുത്തു കൊണ്ടിരിക്കുകയായിരുന്നു അവൾ. എന്നാൽ, അവളും മറ്റുള്ളവരും അവിടെ വച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട്, ഇനിയൊരിക്കലും പരിശീലനം നടത്തുകയോ കായിക ഇനങ്ങളിൽ പങ്കെടുക്കുകയോ ചെയ്യുകയില്ല എന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് അവളെ വിട്ടയക്കുകയായിരുന്നു. ഇന്ന് രഹസ്യമായിട്ടാണ് അവൾ പരിശീലനം നടത്തുന്നത്. അതും ഏറെ ഭയത്തോടെ. 

കായികരം​ഗത്ത് പ്രവർത്തിക്കുന്ന, അതിനെ ജീവനോളം സ്നേഹിക്കുന്ന അനേകം പേരാണ് അസോസിയേറ്റഡ് പ്രസിനോട് സമാനമായ അനുഭവം പങ്കു വച്ചത്. ഒരു തരത്തിലും തങ്ങളാരാണ് എന്ന് വെളിപ്പെടുത്തരുത് എന്ന ഉറപ്പിലായിരുന്നു അവർ സംസാരിച്ചത്. 

(ചിത്രങ്ങള്‍ പ്രതീകാത്മകം)

 

click me!