ഏറ്റവും പരിസ്ഥിതി സൗഹൃദ രാജ്യം ഇതാണോ? എന്തുകൊണ്ട്?

By Web TeamFirst Published Nov 30, 2019, 3:21 PM IST
Highlights

"സന്തോഷം എന്ന് പറയുന്നത് ഉറക്കെ ചിരിക്കലല്ല മറിച്ച് സംതൃപ്തി, മനസ്സിന്‍റെ നിയന്ത്രണം, നിങ്ങളുടെ ആഗ്രഹങ്ങളുടെ നിയന്ത്രണം എന്നിവ മാത്രമാണ്. മറ്റുള്ളവരോട് അസൂയപ്പെടരുത്, നിങ്ങളുടെ പക്കലുള്ളതിൽ സന്തുഷ്ടരായിരിക്കുക, അനുകമ്പ കാണിക്കുക, പങ്കിടുന്നതിൽ കൂടുതൽ താല്‍പര്യം കാണിക്കുക ഇതെല്ലാമാണ് ഞങ്ങളെ സംബന്ധിച്ചിടത്തോളം യഥാർത്ഥ സന്തോഷം" 

ഇന്ന് ലോക രാജ്യങ്ങളെല്ലാം കാലാവസ്ഥ വ്യതിയാനവും വായു മലിനീകരണവും നിയന്ത്രിക്കാനുള്ള കഠിനപരിശ്രമത്തിലാണ്. നടപ്പിലാക്കാൻ ബുദ്ധിമുട്ടുള്ള ഒന്നായി പല രാജ്യങ്ങളും അതിനെ കാണുമ്പോൾ ഇങ്ങ് ഹിമാലയത്തിന്‍റെ താഴ്വരയിലുള്ള ഒരു ചെറുരാജ്യം അതെല്ലാം നടപ്പിലാക്കി കാണിച്ചുതരികയാണ്. കാർബൺ പുറന്തള്ളുന്നത് പൂർണ്ണമായും നിയന്ത്രിക്കാൻ സാധിച്ച ഭൂട്ടാൻ ലോകത്തിലെ തന്നെ ഏറ്റവും പരിസ്ഥി സൗഹൃദ രാജ്യമാണ്.  

 

സ്വന്തം പാരമ്പര്യത്തിലും വിശ്വാസത്തിലും അളവറ്റ്‌ അഭിമാനിക്കുന്ന അവർ ബാഹ്യമായി സ്വാധീനങ്ങളിൽ ആകൃഷ്ടരാകാറില്ല. ഭൂപടത്തിൽ ഒറ്റപ്പെട്ടു കിടക്കുന്ന ഈ രാജ്യം 1970 -കളിലാണ് വിനോദസഞ്ചാരത്തിനായി ലോകത്തിന് മുമ്പിൽ വാതിലുകൾ തുറന്നത്.  'ദേശീയ സന്തോഷ സൂചിക' എന്ന നവീന ആശയം ഉണ്ടായതും അപ്പോഴാണ്. മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) അടിസ്ഥാനത്തിലല്ല ഇവിടെ സർക്കാർ നയങ്ങൾ ഉണ്ടാക്കുന്നത്. പകരം, രാജ്യത്തിന്‍റെ മൊത്ത ദേശീയ സന്തോഷ (ജി‌എൻ‌എച്ച്) സൂചികയുടെ അടിസ്ഥാനത്തിലാണ് അവർ തീരുമാനങ്ങൾ എടുക്കുന്നത്.

ഭൂട്ടാന്‍റെ മൊത്തം ദേശീയ സന്തോഷ സർവേകൾ നടത്തുന്നത് സെന്‍റർ ഫോർ ഭൂട്ടാൻ, ജിഎൻഎച്ച് സ്റ്റഡീസ് എന്നിവരാണ്. "ഇന്നലെ നിങ്ങൾക്ക് സന്തോഷം തോന്നിയോ?", "നിങ്ങൾ എത്ര തവണ ധ്യാനം പരിശീലിക്കുന്നു?" എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് അവർ ജനങ്ങളോട് ചോദിക്കുന്നത്. ഒമ്പത് പ്രധാന മേഖലയുടെ അടിസ്ഥാനത്തിലാണ് ഓരോ അഞ്ച് വർഷത്തിലും അവർ സന്തോഷം അളക്കുന്നത്. മാനസികക്ഷേമം, ആരോഗ്യം, വിദ്യാഭ്യാസം, നല്ല ഭരണം, പരിസ്ഥിതി, സമയ ഉപയോഗം, കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾ, സംസ്‍കാരം, ജീവിത നിലവാരം എന്നിവയാണ് ആ ഒമ്പത് മേഖലകൾ.  2010 -ലും 2015 -ലും ഇതുവരെ രണ്ട് സർവേകൾ നടത്തി. അടുത്ത വർഷം മറ്റൊന്ന് കൂടി നടത്തും.

"സന്തോഷം എന്ന് പറയുന്നത് ഉറക്കെ ചിരിക്കലല്ല മറിച്ച് സംതൃപ്തി, മനസ്സിന്‍റെ നിയന്ത്രണം, നിങ്ങളുടെ ആഗ്രഹങ്ങളുടെ നിയന്ത്രണം എന്നിവ മാത്രമാണ്. മറ്റുള്ളവരോട് അസൂയപ്പെടരുത്, നിങ്ങളുടെ പക്കലുള്ളതിൽ സന്തുഷ്ടരായിരിക്കുക, അനുകമ്പ കാണിക്കുക, പങ്കിടുന്നതിൽ കൂടുതൽ താല്‍പര്യം കാണിക്കുക ഇതെല്ലാമാണ് ഞങ്ങളെ സംബന്ധിച്ചിടത്തോളം യഥാർത്ഥ സന്തോഷം" ഭൂട്ടാൻ പ്രധാനമന്ത്രി ഡോ. ലോതേ ഷെറിംഗ് പറഞ്ഞു.

 

കടുത്ത ദാരിദ്ര്യവും ലിംഗ അസമത്വവും സ്വന്തം പരിശ്രമത്താൽ മറികടന്ന ഭൂട്ടാൻ സാമൂഹ്യ, സാമ്പത്തിക പുരോഗതി നേടുന്നതിൽ പൂര്‍ണ വിജയം കൈവരിച്ചിരിക്കുന്നുവെന്ന് ലോക ബാങ്ക് പറഞ്ഞു. ആയിരക്കണക്കിന് കിലോമീറ്ററോളം റോഡുകൾ നിർമ്മിച്ച ഭൂട്ടാനിൽ പക്ഷേ, ട്രാഫിക് ലൈറ്റുകൾ ഇല്ല. ഭൂട്ടാനിലെ ജനങ്ങൾക്ക്‌  സത്യസന്ധമായി ജീവിക്കാൻ നിയമത്തിന്‍റെ ഭാരം വേണ്ട. 1999 മുതൽ അവിടെ പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ചു. 2005 മുതൽ പുകവലി, പുകയില ഉൽപന്നങ്ങൾ നിരോധിച്ച  ഭൂട്ടാൻ  അങ്ങനെ ലോകത്തിലെ ആദ്യത്തെ പുകരഹിത രാജ്യമായി മാറി. കഴിഞ്ഞ മൂന്ന്, നാല് പതിറ്റാണ്ടുകളായി ജനങ്ങളുടെ ആയുർദൈർഘ്യം 50 -ൽ നിന്ന് 70 -ലേക്ക് എത്തിക്കാൻ ആ രാജ്യത്തിനായി. ആധുനികവൽക്കരണം കൂടുതൽ പോഷകസമൃദ്ധമായ ഭക്ഷണവും ആരോഗ്യ അവബോധവും ദിനംപ്രതി മെച്ചപ്പെടുത്താൻ ഭൂട്ടാനെ സഹായിച്ചു.   

രാജ്യത്തിന്‍റെ പ്രകൃതി സൗന്ദര്യവും തനതായ സംസ്‍കാരവും ഇക്കോടൂറിസത്തിന്‍റെ സാദ്ധ്യതകളെ വർധിപ്പിച്ചു. ഇവിടെ ദിനംപ്രതി ആയിരക്കണക്കിനാളുകളാണ് വരുന്നത്. ഭൂട്ടാൻ ഒരു സന്ദർശകന് പ്രതിദിനം 250 ഡോളർ ഇക്കോടൂറിസം നികുതിയായി ചുമത്തുന്നു, ഇത് സന്ദർശകർ വരുന്നത് മൂലമുണ്ടാകുന്ന പാരിസ്ഥിതിക ആഘാതം പരിഹരിക്കുന്നതിന് ഉപയോഗിക്കുന്നു. ഇങ്ങനെ ഭൂട്ടാൻ അല്‍പംപോലും മലിനീകരണമില്ലാത്ത രാജ്യമായി മാറുന്നു.

ലോക വന്യജീവി ഫണ്ടുമായി സഹകരിച്ച്  നിരവധി പാർക്കുകളിലായി വന്യജീവികളെ സംരക്ഷിക്കാനുള്ള പദ്ധതികളും ആ രാജ്യത്തുണ്ട്. ഭൂട്ടാൻ ഭരണഘടന അനുശാസിക്കുന്നത് രാജ്യത്തിന്റെ 60 ശതമാനമെങ്കിലും വനമേഖലയിൽ തന്നെ തുടരണമെന്നാണ്. ഇപ്പോൾ, അത് 70% ആണ്. വേട്ടയും മീൻപിടുത്തവും ഇവിടെ നിരോധിച്ചിരിക്കുന്നു.

പൂർണ മാലിന്യവിമുക്ത രാജ്യമാകാൻ ഭൂട്ടാൻ ഒരുപാട് പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നത് കുറയ്ക്കുന്നതിനായി ജലവൈദ്യുതിയുടെ ഉത്പാദനം പ്രോത്സാഹിപ്പിച്ചു. നൂറുകണക്കിന് ഇലക്ട്രിക് കാറുകൾ പൗരന്മാർക്ക് വിതരണം ചെയ്യുന്നതിനായി നിസ്സാനുമായി സർക്കാർ ചേർന്നു പ്രവർത്തിച്ചു. ഇന്ധനത്തിൽ ഓടുന്ന വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനാണ് ഈ കാറുകൾ വിതരണം ചെയ്തത്.

 

എൽഇഡി ലൈറ്റുകൾക്കും ഇലക്ട്രിക്കൽ പൊതുഗതാഗതത്തിനും സർക്കാർ സബ്‍സിഡി നൽകുകയും ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനുള്ള നിരക്ക് കുറയ്ക്കുകയും ചെയ്തു. ക്ലീൻ ഭൂട്ടാൻ, ഗ്രീൻ ഭൂട്ടാൻ തുടങ്ങിയ പദ്ധതികൾ വഴി രാജ്യത്തെ കൂടുതൽ പച്ചപ്പുള്ളതാക്കി. ഗ്രാമീണ കുടുംബങ്ങൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനായി വിറകു കത്തിക്കുന്നത് ഒഴിവാക്കാനായി സൗജന്യ വൈദ്യുതി നൽകി. അങ്ങനെ പതുക്കെ പതുക്കെ രാജ്യം കാർബൺ വിമുക്തമായി മാറി.

സാമ്പത്തിക വളർച്ചയുടെ ആവശ്യകത ഉണ്ടായിരുന്നിട്ടും, ഭൂട്ടാൻ ജനത ഇത്തരം കാര്യങ്ങളിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്തില്ല. "കുറെ ധനം ഉണ്ടെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ മനസ്സമാധാനവും സന്തോഷവും ലഭിക്കുമോ?" പ്രധാനമന്ത്രി ചോദിച്ചു. വരും തലമുറകളെക്കുറിച്ച് നമ്മൾ ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

click me!