കൊറോണ വൈറസ് വന്നതെവിടെ നിന്ന്? ചൈനക്കെതിരെ ബൈഡന്‍ നയിക്കുന്ന സഖ്യമുണ്ടാകുമോ?

By Web TeamFirst Published Jun 8, 2021, 4:28 PM IST
Highlights

യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന് ബൈഡൻ തന്റെ നിർദ്ദേശം നൽകിയപ്പോൾ, ബെയ്ജിംഗ് പരിഹാസത്തോടെ പ്രതികരിക്കുകയായിരുന്നു. 

കൊറോണ വൈറസ് വ്യാപനം ലോകത്തിലാകെയായി ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കി കഴിഞ്ഞു. അതിനും പുറമെയാണ് സാമ്പത്തിക തകർച്ച. എന്നാൽ, എവിടെ നിന്നുമാണ്, എങ്ങനെയാണ് ഈ വൈറസ് വ്യാപിച്ചത് എന്നതിനെ കുറിച്ച് വ്യക്തമായ ധാരണകളൊന്നും തന്നെ ഇതുവരെയില്ല. വുഹാനിലെ മാർക്കറ്റിൽ നിന്നാണ് എന്നും, അല്ല ലാബിൽ നിന്നാണ് എന്നുമെല്ലാം അഭ്യൂഹങ്ങൾ പരക്കുകയാണ്. എന്നാൽ, അഭ്യൂഹങ്ങൾ തുടരുന്നതിനിടെ കഴിഞ്ഞ മാസം അമേരിക്കൻ പ്രസിഡണ്ട് ബൈഡൻ യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന് മൂന്നുമാസത്തിനകം എന്താണ് നടന്നത് എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുകയുണ്ടായി. 

ഇതോടെ ചൈനയും അമേരിക്കയും തമ്മിലുള്ള തമ്മിലടി ഒന്നുകൂടി ശക്തമായി. അതിനേക്കാളുപരി മിക്ക രാജ്യങ്ങളും ചൈനയെ ഒളിഞ്ഞ് കുറ്റപ്പെടുത്തുന്നുമുണ്ട്. ബൈഡന്റെ നേതൃത്വത്തിൽ ഒരു സഖ്യം രൂപപ്പെടുമോ, കൊറോണയും മനുഷ്യാവകാശ ലംഘനങ്ങളുമടക്കം വിഷയത്തിൽ ചൈനയോട് ഏറ്റുമുട്ടുമോ എന്ന കാര്യവും ലോകം ഉറ്റുനോക്കുന്നുണ്ട്. കഴിഞ്ഞദിവസം വാഷിം​ഗ്ടൺ പോസ്റ്റിൽ വന്ന ഒരു ലേഖനവും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്. 

ബൈഡൻ ഭരണകൂടം ഒരു വലിയ നയതന്ത്ര വെല്ലുവിളി നേരിടുകയാണിപ്പോൾ എന്ന കാര്യത്തിൽ സംശയമില്ല. ചൈനയിൽ നിന്നുള്ള കൊറോണ വൈറസ് വ്യാപനം തന്നെയാണ് വിഷയം. ഇതുവരെ 37 ലക്ഷം ആളുകളാണ് വൈറസ് ബാധയിൽ കൊല്ലപ്പെട്ടത്. കൂടാതെ, ആഗോളതലത്തിൽ കനത്ത സാമ്പത്തികനാശമുണ്ടാവുകയും ചെയ്തു. ഇക്കാര്യത്തിൽ അന്താരാഷ്ട്ര തലത്തിൽ ഉചിതമായ പ്രതികരണം നടത്താനുള്ള അവസരവും ഉത്തരവാദിത്തവും ഇപ്പോൾ അമേരിക്കൻ പ്രസിഡന്റ് ബൈഡനിലെത്തിയിട്ടുണ്ട്. ബൈഡൻ അങ്ങനെ ചെയ്യുകയാണ് എങ്കിൽ ഭാവിയിൽ ലോകത്താകെയും വലിയ സ്വാധീനം ചെലുത്താൻ അമേരിക്കൻ പ്രസിഡണ്ടിനാകും എന്ന കാര്യത്തിൽ സംശയമില്ല.  

ഭരണത്തിലേറി നാലുമാസം പിന്നിടുമ്പോൾ, ബൈഡൻ ഈ ദൗത്യം ഏറ്റെടുക്കുന്നതിന്റെ സൂചനകൾ അത്രയൊന്നും ലഭിച്ചിട്ടില്ല. എന്നാൽ, യുഎസ് ശാസ്ത്രജ്ഞരുമായി ചേർന്ന്, ചൈനയിൽ കൊവിഡ് -19 -ന്റെ ഉത്ഭവത്തെക്കുറിച്ച് റിപ്പോർട്ടു ചെയ്യാൻ യുഎസ് ഇന്റലിജൻസ് കമ്മ്യൂണിറ്റിക്ക് 90 ദിവസം കൂടി നൽകുമെന്ന് മെയ് 26 -ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. രോഗബാധയുള്ള മൃഗങ്ങളിൽ നിന്നാണോ അതോ ലബോറട്ടറി ചോർച്ചയിൽ നിന്ന് ഉരുത്തിരിഞ്ഞതാണോ വൈറസ് എന്നറിയാൻ വേണ്ടിയുള്ളതാണ് ഈ അന്വേഷണം. 

ചൈനീസ് പ്രസിഡന്റ് ജിൻ‌പിങ്ങിന്റെ ഭരണകൂടം ഇതിനകം തന്നെ നിരവധി തെറ്റുകൾ ചെയ്ത് കൂട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ലോകത്തിലെ പ്രമുഖ ജനാധിപത്യ രാജ്യങ്ങൾക്ക് പ്രതികരിക്കാൻ ഈ അന്വേഷണത്തിന്റെ അവസാനം വരെ കാത്തിരിക്കേണ്ട കാര്യമില്ല. എന്നാൽ, അപ്പോഴും ബൈഡൻ അത്തരമൊരു സഖ്യം ആരംഭിക്കുമോ എന്നത് ലോകം പ്രതീക്ഷയോടെയാണ് നോക്കുന്നത്. 

2019 -ന്റെ അവസാനത്തിലും 2020 -ന്റെ തുടക്കത്തിലും ചൈനയിൽ കൊറോണ വൈറസ് പടരുകയും, ആളുകൾ രോഗികളാവുകയും ചെയ്തു. എന്നാൽ, ബെയ്ജിംഗ് അതിന്റെ അപകടങ്ങൾ ലോകത്തിന് മുന്നിൽനിന്നും മറച്ചുവയ്ക്കുകയും, ലോകത്തിന് മുഴുവൻ ദുരിതം വിതയ്ക്കുകയും ചെയ്തു. അന്ന് മുതലാണ് ചൈനക്കെതിരെയുള്ള കുറ്റാരോപണങ്ങൾ ആരംഭിക്കുന്നത്. ഒടുവിൽ ആഭ്യന്തര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സമയത്തും, ചൈനയിലെ നേതാക്കൾ യാത്രക്കാരെ രോഗബാധിത മേഖലകൾ സന്ദർശിക്കാൻ അനുവദിക്കുകയും, രോഗങ്ങളും മരണങ്ങളും വിദേശത്തേയ്ക്ക് വ്യാപിക്കുന്നതിന് വഴിയൊരുക്കുകയും ചെയ്‍തു.  

മൃഗങ്ങളെ ജീവനോടെ ഭക്ഷണത്തിനായി വിൽക്കുന്ന വൃത്തിഹീനമായ വിപണികളും, വൈറസ് ആദ്യം അഴിച്ചുവിട്ടുവെന്ന് ഇപ്പോൾ ആരോപണം ഉയർന്നുവരുന്ന വൈറോളജി ലാബുകളും എല്ലാം ചൈനയുടെ അപകടകരമായ പ്രവർത്തനങ്ങളുടെയും നിരുത്തരവാദത്തിന്റെയും പ്രതീകങ്ങളാണ് എന്നും ആക്ഷേപമുണ്ട്. ഉത്തരവാദിത്തമുള്ള ഒരു രാജ്യവും ഇത്ര മോശമായി പെരുമാറില്ല എന്നാണ് ഭൂരിഭാഗം ജനാധിപത്യ രാജ്യനേതാക്കളും രഹസ്യമായി പറയുന്നത്. എന്നിട്ടും പരസ്യമായി ഈ വിഷയത്തെ കുറിച്ച് ആരും പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വസന്തകാലത്ത് ഓസ്ട്രേലിയൻ സർക്കാർ കൊവിഡ് -19 ന്റെ ഉത്ഭവത്തെക്കുറിച്ച് ഒരു സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടപ്പോൾ, ബെയ്ജിംഗ് വ്യാപാര ഉപരോധം ഉപയോഗിച്ച് അതിനെ തൽക്ഷണം പ്രതിരോധിക്കുകയായിരുന്നു.

കൊറോണ വൈറസ് വ്യാപനം കൂടാതെ മറ്റും അനവധി ആരോപണങ്ങൾ ചൈനക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും നിലനിൽക്കുന്നു എന്നതും ശ്രദ്ധേയമാണ്. സിൻജിയാങിൽ  ഉയ്ഘറുകൾക്ക് നേരെയുള്ള അതിക്രമങ്ങളും, ഹോംകോങിലെ ജനാധിപത്യം തകർക്കുന്ന നിലപാട് എടുക്കുന്നതുമെല്ലാം ഇതിൽ പെടുന്നു. ഇതൊന്നും ചർച്ച ചെയ്യപ്പെടുകയോ പരിഹരിക്കപ്പെടുകയോ ചെയ്തില്ലെങ്കിൽ, ഈ മഹാദുരന്തത്തിനും ശരിയായ രീതിയിൽ മറുപടി ലോകത്തിന് നൽകിയില്ലെങ്കിൽ, കൂടുതൽ ധൈര്യത്തോടെ ചൈന വളരുമെന്നാണ് പല രാജ്യങ്ങളുടെയും രഹസ്യ പ്രതികരണം.

ബൈഡന് തന്റെ നയതന്ത്ര നയങ്ങൾ മെച്ചപ്പെടുത്താൻ ഇത് ഒരു അവസരവുമാണ്. സഖ്യങ്ങൾ കെട്ടിപ്പടുക്കുന്നതിന് ഒരു പ്രസിഡന്റിന് ഇത്തരം അവസരങ്ങൾ എപ്പോഴും കിട്ടിയെന്ന് വരില്ല. പ്രമുഖ ജനാധിപത്യ രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചാലേ എവിടെനിന്നുമാണ് വൈറസ് വന്നത് എന്നതിനെ കുറിച്ചും മറ്റും വ്യക്തമായ മറുപടി കിട്ടുകയുള്ളൂ. അതുപോലെതന്നെ മനുഷ്യാവകാശലംഘനങ്ങൾക്കും ചൈനയുടെ നിരുത്തരവാദപരമായ പെരുമാറ്റങ്ങൾക്ക് എതിരെ പ്രതികരിക്കാനും പിഴയീടാക്കാനും അത്തരമൊരു സഖ്യത്തിന് സാധിക്കും എന്ന പ്രതീക്ഷയും ഉയർന്നു വന്നിട്ടുണ്ട്. ചൈനീസ് നേതൃത്വത്തിനും ചൈനീസ് സ്ഥാപനങ്ങൾക്കുമെതിരെ ഏകപക്ഷീയവും ബഹുമുഖവുമായ നടപടികൾ സ്വീകരിക്കാൻ ബൈഡന്റെ നേതൃത്വത്തിലുള്ള സഖ്യം തയ്യാറാകുമെന്നും പല രാജ്യങ്ങളും പ്രതീക്ഷിക്കുന്നു. 

ചൈന ലോകത്തോട് ഉത്തരവാദിത്തത്തോടെ പ്രവർത്തിച്ചില്ലെങ്കിൽ, വിദേശത്ത് മറഞ്ഞിരിക്കുന്ന നേതാക്കളുടെ സ്വത്ത് ലോകം സംരക്ഷിക്കരുത്. ലോകം ചൈനാ സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങൾക്കും അനുചിതമായ വാണിജ്യ പ്രവർത്തനങ്ങൾക്കുമെതിരെ ക്ലെയിമുകൾ നടപ്പിലാക്കുകയും ചൈനീസ് എന്റിറ്റികളുടെ മുൻഗണനാ നിയന്ത്രണം കുറയ്ക്കുകയും വേണം. അത്തരം നടപടികൾ ഘട്ടംഘട്ടമായി നടത്താം. ഇതിന് പുതിയ നയങ്ങൾ, പുതിയ കരാറുകൾ അല്ലെങ്കിൽ പുതിയ നിയമങ്ങൾ എന്നിവ ആവശ്യമായി വന്നേക്കാമെന്നും വാഷിം​ഗ്ടൺ പോസ്റ്റിലെ ലേഖനത്തിൽ പറയുന്നു.

അമേരിക്കൻ ഐക്യനാടുകളിൽ, തെളിവുകൾ നശിപ്പിക്കുന്നതും, കാര്യങ്ങൾ മറച്ച് വയ്ക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്. അങ്ങനെ നോക്കുമ്പോൾ, ചൈന ഇതിനകം തന്നെ കുറ്റക്കാരാണ്. എന്നാൽ, രാജ്യങ്ങൾ പ്രതികരിച്ചാൽ ചൈന തീർച്ചയായും കഠിനമായി അതിനെ പ്രതിരോധിക്കാൻ ശ്രമിക്കും. ഇത് വിതരണ ശൃംഖലയെ തടസപ്പെടുത്തുകയും, ജനാധിപത്യ സഖ്യം രൂപീകരിക്കാൻ സാധ്യതയുള്ള ആളുകളെയും കമ്പനികളെയും ശിക്ഷിക്കുന്നതിലേക്ക് എത്തുകയും ചെയ്തേക്കാം. ചൈനയുടെ പ്രതിരോധത്തിൽ നിന്നുള്ള തിരിച്ചടി ഒഴിവാക്കാനുള്ള വഴികൾ കണ്ടെത്തുന്നത് ബൈഡന്റെ നയതന്ത്ര വെല്ലുവിളിയുടെ ഏറ്റവും വലിയ ഭാഗമായിരിക്കും.

ചിട്ടയായ ഒരു ലോകത്തിലേക്ക് അതിക്രമിച്ച് കയറി ചൈന വളരെയധികം പ്രയോജനമുണ്ടാക്കി. ചൈനയുടെ ദുഷ്പ്രവർത്തിയിലൂടെ ലോകത്തെ കുഴപ്പത്തിലാക്കി. ചൈനയ്ക്ക്, സംഭവിക്കുന്നതിനെ കുറിച്ച് ലോകത്തോട് സുതാര്യമായി കാര്യങ്ങൾ വെളിപ്പെടുത്താമായിരുന്നു. തെറ്റായ കാര്യങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര അന്വേഷണവും സ്വീകരിച്ച് ചൈനയ്ക്ക് കാര്യങ്ങൾ നേരെയാക്കാമായിരുന്നു. 

പകരം, യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന് ബൈഡൻ തന്റെ നിർദ്ദേശം നൽകിയപ്പോൾ, ബെയ്ജിംഗ് പരിഹാസത്തോടെ പ്രതികരിക്കുകയായിരുന്നു. പ്രമുഖ ജനാധിപത്യ രാജ്യങ്ങളാവട്ടെ ഏറ്റുമുട്ടൽ ഒഴിവാക്കി അവരുടെ നഷ്ടത്തെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. അടുത്ത തവണ ഒരുപക്ഷേ, ബൈഡൻ കൂടുതൽ കടുത്ത തീരുമാനാം കൈകൊണ്ടേക്കാം. എന്നാൽ, അപ്പോഴേക്കും വൈകിയിട്ടുണ്ടാകുമെന്നാണ് ഇതുവരെയുള്ള ചരിത്രം പറയുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് ലേഖനം അവസാനിക്കുന്നത്.  


 

click me!