Women's Day 2023: സ്വര്‍ണ്ണത്തിന് വിട, ഓണ്‍ലൈനില്‍ വിരിയുന്ന പുത്തന്‍ ആഭരണഭ്രമങ്ങള്‍ !

Published : Mar 08, 2023, 10:41 AM ISTUpdated : Mar 08, 2023, 03:43 PM IST
 Women's Day 2023:  സ്വര്‍ണ്ണത്തിന് വിട, ഓണ്‍ലൈനില്‍ വിരിയുന്ന പുത്തന്‍ ആഭരണഭ്രമങ്ങള്‍ !

Synopsis

മാറുന്ന ലോകത്ത് സ്ത്രീകളുടെ ആഭരണ അഭിരുചികളും മാറുന്നു. സ്വര്‍ണ്ണം ഒരു നിക്ഷേപ ലോഹം മാത്രമായി മാറുമ്പോള്‍ ഓണ്‍ലൈനികളില്‍ ട്രന്‍ഡിയായി മെറ്റല്‍ ആഭരണങ്ങള്‍ അരങ്ങ് വാഴുന്നു.

പെണ്‍കാലം. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഒരുക്കിയ വിശേഷ ഉപഹാരം. മാറുന്ന പെണ്‍കാലത്തെക്കുറിച്ചുള്ള വ്യത്യസ്തമായ കുറിപ്പുകളും വീഡിയോകളും. 

 


ഫാഷന്‍ ലോകത്ത് വസ്ത്രങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ മുന്നില്‍ നില്‍ക്കുന്നത് ആഭരണങ്ങളാണ്. അനുദിനം മാറിക്കൊണ്ടിരിക്കുന്നതാണ് ഈ ആഭരണ വിപണി. ഉപഭോക്താക്കളുടെ അഭിരുചികള്‍ക്കും ആഗ്രഹങ്ങള്‍ക്കും അനുസരിച്ച് അത് പുതിയ സാധ്യതകള്‍ തേടുന്നു. സുരക്ഷിത നിക്ഷേപമെന്ന തരത്തില്‍ സ്വര്‍ണ്ണം പ്രധാനമാണെങ്കിലും യുവതലമുറയുടെ മനസ് അതിനും അപ്പുറത്തേക്ക് എത്തിക്കഴിഞ്ഞു.  അതെ, ഫാഷന്‍ ലോകത്ത് നിന്നും പുതു തലമുറയുടെ ആഭരണ ഭ്രമത്തില്‍ നിന്നും സ്വര്‍ണ്ണം നിഷ്ക്കരുണം പുറത്താക്കപ്പെട്ടു. അവിടേയ്ക്ക് മെറ്റല്‍ ആഭരണങ്ങള്‍ ഏറ്റവും പുതിയ ട്രെന്‍ഡായി കടന്നുവന്നു. 

സ്വര്‍ണത്തേക്കാളേറെ മെറ്റല്‍ ആഭരണങ്ങളിലേക്ക് ആളുകള്‍ ആകൃഷ്ടമായതിന്‍റെ പ്രധാന കാരണം ഡിസൈനിലുള്ള വൈവിധ്യമാണെന്ന് കേക ലൈഫ്‌ സ്‌റ്റൈല്‍ ഉടമ അഞ്ജലി പറയുന്നു. കൂടുതല്‍ പണികളുള്ള, മനസ്സിനിണങ്ങിയ ഒരു സ്വര്‍ണാഭരണം കല്യാണ ആവശ്യങ്ങള്‍ക്കായി എടുക്കുമ്പോള്‍ പണിക്കൂലി പലപ്പോഴും താങ്ങാവുന്നതിലും അപ്പുറമാണ്. പണിക്കൂലിയിലെ വര്‍ദ്ധന പലപ്പോഴും ഇഷ്ടപ്പെട്ട ആഭരണങ്ങള്‍ വാങ്ങാതിരിക്കാന്‍ കാരണമാകാറുണ്ടെന്നതും വസ്തുതയാണ്. കേരളത്തനിമയുള്ള ആന്‍റിക്ക് ആഭരണങ്ങള്‍ക്ക് ഇടാക്കുന്ന പണിക്കൂലി പലപ്പോഴും ഭീകരമാണ്. ഇതേ ഡിസൈനില്‍ - ചിലപ്പോഴൊക്കെ കൂടുതല്‍ ഭംഗിയോടെ - ആഗ്രഹിക്കുന്ന തരത്തിലുള്ള ആഭരണങ്ങള്‍ ഓണ്‍ലൈനായും മറ്റും യഥേഷ്ടം ലഭ്യമാണെന്നതും ഒരു തെരഞ്ഞെടുപ്പായി മാറി. 

പുതിയ ഡിസൈനുകള്‍, ട്രെന്‍ഡ് സെറ്റിങ് പാറ്റേണ്‍സ് എന്നിവ സ്വര്‍ണത്തില്‍ കിട്ടുന്ന അതേ ക്വാളിറ്റിയില്‍, ലഭ്യമാകുമ്പോള്‍ സ്വാഭാവികമായും വില കൂടിയ സ്വര്‍ണം പുറന്തള്ളപ്പെടുന്നു. യുവ തലമുറ. ഓക്‌സിഡൈസ്ഡ്, സില്‍വര്‍ ലുക്ക് അലൈക്ക്, ജര്‍മന്‍ സില്‍വര്‍, ബ്ലാക്ക് മെറ്റല്‍ എന്നിവയെല്ലാമാണ് ഇന്ന് ആളുകള്‍ കൂടുതലായി ആവശ്യപ്പെടുന്നതെന്ന് അഞ്ജലി പറയുന്നു. കല്യാണങ്ങള്‍ക്ക് പോലും ഈ മെറ്റീരിയലുകളുടെ ആഭരണങ്ങള്‍ ഇപ്പോള്‍ ആളുകള്‍ തെരഞ്ഞെടുക്കാറുണ്ട്.

 

പുതിയ തലമുറയ്ക്ക് സ്വര്‍ണത്തോടുള്ള ഭ്രമം കുറഞ്ഞെന്നാണ് മെറ്റല്‍ ആഭരണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. കൂടുതല്‍ ഭംഗിയിലും താങ്ങാവുന്ന വിലയിലും കിട്ടുന്ന ആഭരണങ്ങളുടെ ലഭ്യത സ്വര്‍ണത്തിനോടുള്ള അമിത പ്രിയം കുറച്ചു. ഇന്‍വെസ്റ്റ്‌മെന്‍റ് എന്നതിനപ്പുറം സ്വര്‍ണത്തെ കണക്കാക്കിയിരുന്ന കാലം കഴിഞ്ഞെന്ന് വേണം കരുതാന്‍. ആഭരണങ്ങളില്‍ കൂടുതല്‍ വ്യത്യസ്തകള്‍ തേടിയാണ് ഓരോ കസ്റ്റമറും എത്താറുള്ളതെന്ന് ഈ രംഗത്തെ വിപണി വിദഗ്ദരും പറയുന്നു. 

സ്വര്‍ണത്തില്‍ കിട്ടുന്നതിലും വലിയ ഭംഗിയില്‍, കൂടുതല്‍ ഫിനിഷിംഗില്‍ വൈവിധ്യമാര്‍ന്ന ഡിസൈനുകളില്‍ ആഭരണങ്ങള്‍ ലഭ്യമായതാണ് ഇതിന് പ്രധാന കാരണം. ഓരോ വിശേഷ അവസരങ്ങളിലും പല തരം ആഭരണങ്ങള്‍ അണിയാനായിരിക്കും ഓരോരുത്തരും ആഗ്രഹിക്കുന്നത്. മാറി മാറി ഇടാനുള്ള ആഭരണങ്ങള്‍ സ്വര്‍ണത്തില്‍ ലഭ്യമാക്കിയെടുക്കുക എന്നത് ഇന്നത്തെ സാഹചര്യത്തില്‍ കുറച്ചു ബുദ്ധിമുട്ടാണ്. ബുദ്ധിമുട്ടിനേക്കാളേറെ അതൊട്ടും പ്രായോഗികമല്ലെന്നതും ഒരു കാരണമാണ്. 

അതേസമയം, ആഭരണങ്ങള്‍ മിനിമലായിരിക്കണമെന്ന ബോധത്തില്‍ നിന്ന് ആഭരണത്തിന്‍റെ വൈവിദ്ധ്യത്തിലേക്ക്, അതായത് ആഭരണങ്ങളുടെ വലിപ്പം, ഡിസൈന്‍ തുടങ്ങിയ വൈവിദ്ധ്യത്തിലേക്ക് പുതുബോധം മാറുന്നുണ്ടെന്ന് വേണം കരുതാനെന്നും  പതുക്കെ പതുക്കെയാണെങ്കിലും ആളുകള്‍ ഇത്തരമൊരു വൈവിദ്ധ്യത്തിന്‍റെ തെരഞ്ഞെടുപ്പിലേക്ക് മാറുന്നുണ്ടെന്ന് ഹാന്‍റ് മെയ്ഡ് ആഭരണങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന ലൂപ്പ് ഫാക്ടറി ഉടമ അശ്വനി പറയുന്നു. സ്വര്‍ണത്തിനോടുള്ള പ്രിയം ആളുകള്‍ക്ക് കുറഞ്ഞു. മഞ്ഞ ലോഹമെന്ന പരിമിതിയില്‍ നിന്ന് കളര്‍ഫുള്‍ ആയ കൂടുതല്‍ ഡിസൈനുകളിലേക്കും ആളുകളുടെ അഭിരുചികള്‍ മാറുന്നുവെന്നതാണ് അശ്വനിയുടെ കാഴ്ചപ്പാട്. ഒരൊറ്റ ദിവസത്തെ ആഘോഷത്തില്‍ നിന്നും മാറി വിവാഹം പോലും ദിവസങ്ങള്‍ നീളുന്ന ആഘോഷമായപ്പോള്‍ വ്യത്യസ്ത ഡിസൈനുകളും സ്‌റ്റൈലുമൊക്കെ തെരഞ്ഞെടുക്കാന്‍ അവസരമുണ്ടാവുന്നു. എന്നാല്‍ പരമ്പരാഗത ആഭരണങ്ങള്‍ക്ക് അതിന്‍റെതായ ഡിമാന്‍ഡ് ഇപ്പോഴുമുണ്ടെന്ന് അശ്വനി പറയുന്നു.

 

 

സ്വര്‍ണ നിറത്തിലുള്ള ആഭരണങ്ങള്‍ എന്ന ചിന്തയില്‍ നിന്ന് പോലും മലയാളികള്‍ മാറി ചിന്തിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് അഞ്ജലിയുടെ അനുഭവം. നാഗപ്പടം, പാലക്കാമാല, ഇലഞ്ഞിപ്പൂമാല, പിച്ചിമൊട്ടു മാല, പുലിനഖ മാല, പൂത്താലി, ശരപ്പൊലി മാല, കരിമണി മാല, ലക്ഷ്മി മാല, കഴുത്തില, കാശു മാല, മുല്ലമൊട്ടുമാല, മാങ്ങാ മാല, പാലക്കാവള, കാശു വള, എന്ന് തുടങ്ങി ഒറ്റനേകം ഡിസൈനുകള്‍ സ്വര്‍ണത്തിലെന്ന പോലെ ലഭ്യമാണ്. നേരത്തെ ഓര്‍ഡര്‍ നല്‍കി ഇതുപോലെയുള്ള പരമ്പരാഗതമായ ആഭരണങ്ങള്‍ വിശേഷ ആവശ്യങ്ങള്‍ക്കായി ആളുകള്‍ തെരഞ്ഞെടുക്കാറുണ്ട്. പണ്ടൊക്കെ സ്വര്‍ണ നിറത്തിലുള്ളവയ്ക്കായിരുന്നു കൂടുതല്‍ ആവശ്യക്കാര്‍. ഇന്ന് അതിന് മാറ്റമുണ്ട്. വെള്ളി നിറത്തില്‍ പരമ്പരാഗത ശൈലിയിലുള്ള ആഭരണങ്ങള്‍ ആവശ്യപ്പെടുന്നവരും ഏറെയാണ്.

ഓണ്‍ലൈനിലൂടെയുള്ള ആഭരണ വില്‍പനയോട് ഉപഭോക്താക്കള്‍ക്കും വളരെ അനൂകൂലമായ പ്രതികരണമാണ്. ആഭരണങ്ങള്‍ ഓണ്‍ലൈനില്‍ കണ്ട് തെരഞ്ഞെടുക്കുന്നത് ഇന്നൊരു സാധാരണ കാര്യമായി മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അധികം അലച്ചിലില്ലാതെ ആവശ്യം അറിയിക്കുകയും ആഗ്രഹിക്കുന്ന തരത്തിലുള്ള ആഭരണങ്ങളുടെ ഡിസൈനുകള്‍ പങ്കു വെച്ച് അത്തരത്തിലുള്ളവ സ്വന്തമാക്കാനും ആളുകളുണ്ട്.

ഒപ്പം, ഇഷ്ടപ്പെട്ട ഡിസൈനിലുള്ള ആഭരണങ്ങള്‍ തേടിയുള്ള അലച്ചിലിനൊരു പരിഹാരമാണ് ഓണ്‍ലൈന്‍ വില്‍പ്പനകള്‍.  ഒഴിവ് സമയങ്ങളില്‍ ആവശ്യമുള്ളവ ഓണ്‍ലൈനില്‍ കണ്ടെത്തി ഓര്‍ഡര്‍ ചെയ്യുന്നത് സമയ ലാഭമുണ്ടാക്കുന്നു. ഒപ്പം അത് കുറേക്കൂടി ആയാസരഹിതവുമാണ്. അതിനായി ദിവസങ്ങള്‍ മാറ്റിവെക്കുകയോ സമയം കണ്ടെത്തി ഷോപ്പിംഗിന് പോവുകയോ ചെയ്യേണ്ട ആവശ്യമില്ല. കണ്മുന്നില്‍ കണ്ട് വാങ്ങുന്ന ശീലമുള്ളവര്‍ക്ക് മാത്രമാണ് ഓണ്‍ലൈന്‍ സേവനങ്ങളില്‍ പരിമിതികള്‍ ഉള്ളത്. കൂടുതല്‍ സംശയങ്ങളും ഉല്‍പ്പന്ന നിലവാരത്തെപ്പറ്റിയുള്ള ആകുലതകളും കൂടുതലായിരിക്കുമെന്ന് അഞ്ജലി പറയുന്നു.

നേരിട്ട് നോക്കിയും അണിഞ്ഞ് നോക്കിയും ആഭരണങ്ങള്‍ വാങ്ങുന്നതിലുള്ള പരിമിതികളാണ് ഓണ്‍ലൈന്‍ പര്‍ച്ചേസില്‍ ആളുകളെ പിന്നോട്ട് വലിക്കുന്ന ഘടകങ്ങളിലൊന്നെന്ന് അശ്വനി വിശദീകരിക്കുന്നു. രാജ്യത്ത് എവിടെ നിന്നും ഏത് ആഭരണവും വാങ്ങാമെന്ന സൗകര്യം നിലനില്‍ക്കുമ്പോള്‍ തന്നെ അവ കൈയിലെത്താന്‍ എടുക്കുന്ന കാലതാമസവും ഒരു പരിമിതിയാണ്. സാങ്കേതികവിദ്യയും സൗകര്യങ്ങളും വര്‍ദ്ധിക്കുമ്പോള്‍ ഇവയെല്ലാം വളരെ അടുത്ത കാലത്ത് തന്നെ മറികടക്കപ്പെടുമെന്ന് ഈ രംഗത്തുള്ള എല്ലാവരും ഒരുപോലെ പറയുന്നു.

വെറുതെ അണിയാനുള്ളവ എന്നതിനപ്പുറത്തേക്ക് വിവാഹം പോലുള്ള ചടങ്ങുകളില്‍ പോലും കാലാനുസൃതമായൊരു മാറ്റം പ്രകടമായിക്കഴിഞ്ഞുവെന്ന് അഞ്ജലി വിശദീകരിക്കുന്നു. ഒട്ടും സ്വര്‍ണമുപയോഗിക്കാത്ത ' No gold wedding' പുതിയൊരു ട്രെന്‍ഡായി കഴിഞ്ഞു. സെലിബ്രിറ്റികളില്‍നിന്ന് തുടങ്ങിയ ഈ ട്രെന്‍ഡ് ഇന്ന് വ്യാപകമായി മാറിക്കഴിഞ്ഞിട്ടുണ്ട്. വിവാഹം പോലെയുള്ള വിശേഷാവസരങ്ങളില്‍  വെള്ളി, ഓക്‌സിഡൈഡ് മെറ്റീരിയല്‍ എന്നിവയിലൊക്കെ പരീക്ഷണങ്ങള്‍ നടത്താന്‍ ആളുകള്‍ ഇന്ന് തയ്യാറാണെന്നതും ശ്രദ്ധേയം. അതെ, പതുക്കെയാണെങ്കിലും സ്വര്‍ണ്ണാഭരണങ്ങളില്‍ നിന്ന് ചെറിയൊരു ഇടവേളയ്ക്കായെങ്കിലും ഉപഭോക്താക്കളും മാറുകയാണ്. 

 


പെണ്‍കാലം: ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഒരുക്കിയ വിശേഷ ഉപഹാരം. 

റിനി രവീന്ദ്രന്‍: പുതുകാലത്തിലേക്ക് വണ്ടി കിട്ടാത്തവരോട്, നടക്കുകയെങ്കിലും വേണം, ഞങ്ങള്‍ പറന്ന് തുടങ്ങി

നിത്യ റോബിന്‍സണ്‍: സിനിമയിലെ സ്ത്രീകള്‍: മാറ്റത്തിന്റെ കൊടുങ്കാറ്റായി ഡബ്ല്യൂ സി സി

രമ്യ മഹേഷ്: സ്വര്‍ണ്ണത്തിന് വിട, ഓണ്‍ലൈനില്‍ വിരിയുന്ന പുത്തന്‍ ആഭരണഭ്രമങ്ങള്‍ !

ബിസ്മി ദാസ് ബി: തൊണ്ണൂറുകളില്‍ ചില പെണ്‍കുട്ടിക്കാലങ്ങള്‍

ഫസീല മൊയ്തു: ഏക സിവില്‍ കോഡ് അല്ല ഞങ്ങളുടെ ആവശ്യം, ഭരണഘടന അനുവദിക്കുന്ന തുല്യാവകാശമാണ്!

അനൂജ :'ഏലിയനെ പോലെ ജീവിക്കേണ്ട കാര്യമില്ല'; മാറിയ വസ്ത്ര ധാരണത്തെക്കുറിച്ച് വനിതാ നേതാക്കള്‍...

എല്‍സ ട്രീസ ജോസ്: ക്രിസ്തീയ സഭകളിലെ സ്ത്രീ പ്രാതിനിധ്യം; സഭകള്‍ എന്ന് കണ്ണുതുറക്കും

നിര്‍മലാ ബാബു: 'പെണ്ണിനെന്താ കുഴപ്പം'; വിവാദങ്ങളോട് പൊരുതി വളര്‍ന്ന അഞ്ച് സ്ത്രീകള്‍!

ആതിര നാരായണന്‍: വിവാഹം അത്യാവശ്യമോ? ലിവിംഗ് ടുഗെദര്‍, വിവാഹ മോചനങ്ങള്‍; അടിമുടി മാറി വിവാഹ സങ്കല്‍പ്പം!

ജിതിരാജ്: പൊട്ടിത്തെറികള്‍, തെറിവിളികള്‍, തുറന്നെഴുത്തുകള്‍; സോഷ്യല്‍ മീഡിയയിലെ സ്ത്രീ

പവിത്ര ജെ ദ്രൗപതി: അത്ര ഇഷ്ടമാണെങ്കില്‍ കലിപ്പന്‍ ഇടട്ടെ ഷോള്‍, അതല്ലേ ഹീറോയിസം!

അസ്മിത കബീര്‍: ക്രമേണ ആര്‍ത്തവം വിലക്കപ്പെട്ട വാക്കായി, കൂടെ ആര്‍ത്തവമുള്ള സ്ത്രീയും...

രശ്മി: മാറിയ ജീവിതരീതി സ്ത്രീകളുടെ ആരോ​ഗ്യത്തെ ബാധിക്കുമ്പോള്‍...

ആര്‍ദ്ര എസ് കൃഷ്ണ: സോഷ്യല്‍ പോരാട്ടത്തിലെ പെണ്ണുങ്ങള്‍; സെലിബ്രേറ്റി വ്‌ളോഗേഴ്‌സും വരുമാന വഴിയും!

വര്‍ഷ പുരുഷോത്തമന്‍: സാമ്പത്തിക സ്വാശ്രയത്വത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍, തീരാത്ത വെല്ലുവിളികള്‍!

റിനി: മാറുന്ന ലോകവും നിരന്തരം അക്രമിക്കപ്പെടുന്ന സ്ത്രീയും

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി