Asianet News MalayalamAsianet News Malayalam

Women's day 2023 : ക്രിസ്തീയ സഭകളിലെ സ്ത്രീ പ്രാതിനിധ്യം; സഭകള്‍ എന്ന് കണ്ണുതുറക്കും

മുലയൂട്ടാന്‍ അമ്മമാർക്ക് സൗകര്യം പോലുമില്ലാത്ത പള്ളികളില്‍ നിന്നാണ് പൗരോഹത്യം അടക്കമുള്ള സുപ്രധാന പദവികളില്‍ സ്ത്രീ പ്രാതിനിധ്യം വേണമെന്ന് നാം ആവശ്യപ്പെടുന്നത്

womens day special Christian church and womens participation etj
Author
First Published Mar 7, 2023, 11:42 PM IST

പെണ്‍കാലം. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഒരുക്കിയ വിശേഷ ഉപഹാരം. മാറുന്ന പെണ്‍കാലത്തെക്കുറിച്ചുള്ള വ്യത്യസ്തമായ കുറിപ്പുകളും വീഡിയോകളും. 

 

womens day special Christian church and womens participation etj

 

ലോകം ഓരോ നിമിഷവും സ്വാംശീകരിക്കുന്ന മാറ്റം നവീകരണവും പുരോഗമനവുമാണ്. നവീകരിക്കപ്പെടാതെ ലോകത്ത് ഒന്നിനും അതിജീവനം സാധ്യമല്ല. കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ ഏറ്റവും പുരോഗമനവാദിയായ മാര്‍പ്പാപ്പ  വത്തിക്കാന്റെ അധികാര സ്ഥാനത്തിരിക്കുമ്പോള്‍ ലോകം ശ്രദ്ധയോടെ വീക്ഷിക്കുന്നത് അതിനാലാണ്. എത്രത്തോളം മാറ്റം ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് കൊണ്ടുവരാന്‍ കഴിയും എന്ന് ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. കത്തോലിക്ക സഭയിലെ നവീകരണങ്ങള്‍ക്ക് പുറമെ മറ്റ് സഭകളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനും പോപ് ഫ്രാന്‍സിസ് ശ്രമിക്കുന്നുണ്ട്. അപ്പോഴും എത്രത്തോളം തുല്യത സ്ത്രീകള്‍ക്ക് നല്‍കാന്‍ കത്തോലിക്ക സഭയടക്കമുള്ള ലോകത്തെ വിവിധ സഭകള്‍ക്കാകുന്നുണ്ട് എന്ന ചോദ്യം നിലനില്‍ക്കുന്നു. പുരോഹിതന്‍ ദൈവത്തിന്റെ പ്രതിപുരുഷന്‍ മാത്രമല്ല, അധികാര സ്ഥാനം കൂടിയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഇതു തന്നെയാണ്, വിവിധ ക്രിസ്തീയ സഭകളിലെ സ്ത്രീകളുടെ അവകാശങ്ങളും അവസരങ്ങളും അധികാരവും വലിയ ചര്‍ച്ചാവിഷയം ആവുന്നത്. കര്‍ത്താവിന്റെ മണവാട്ടിയായ കന്യാസ്ത്രീ എന്തുകൊണ്ട് സഭാ ചട്ടക്കൂടുകളില്‍ രണ്ടാം പൗരയാവുന്നു എന്ന ചോദ്യം പഴയതിലുമേറെ ഉയരുന്നതും അതിനാലാണ്.

വെല്ലുവിളികളേറെ

പാശ്ചാത്യ ക്രിസ്തീയ സഭകളെയും രാജ്യത്തെ വിവിധ സഭകളേയും താരതമ്യം ചെയ്യുമ്പോള്‍ തുല്യ പ്രാതിനിധ്യത്തിന് വേണ്ടി ഇന്ത്യന്‍ ക്രിസ്തീയ വനിതകള്‍ക്ക് നേരിടേണ്ടി വരുന്നത് നിരവധി വെല്ലുവിളികളാണ്. ഭാരതീയ പശ്ചാത്തലത്തില്‍ തുല്യതയ്ക്ക് വേണ്ടിയുള്ള ശ്രമങ്ങള്‍ ഇന്നും പ്രാഥമിക ഘട്ടങ്ങളില്‍ തന്നെയാണ് തുടരുന്നത്. രാഷ്ട്രീയ, സാമൂഹ്യ, മത പശ്ചാത്തലങ്ങളിലും സ്ത്രീകളുടെ തുല്യതയ്ക്കായുള്ള ശ്രമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. അടുക്കളകളില്‍ നിന്ന് പൊതുരംഗത്തേക്ക് സ്ത്രീകളെ എത്തിക്കുന്നതിന് ക്രിസ്തീയ സഭയും സഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും വഹിച്ച പങ്ക് വലുതാണ്. ബിഷപ്പുമാര്‍ മുതല്‍ അഭിഭാഷക വൃത്തിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കന്യാസ്ത്രീകളും ഡോക്ടര്‍മാരും അടക്കം വിവിധ മേഖലകളില്‍ സ്ത്രീ സാന്നിധ്യം വളര്‍ന്നുവരുന്നുണ്ട്. ഒരുകാലത്ത് ആതുരാലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാത്രമായി ഒതുക്കി നിര്‍ത്തിയിരുന്ന ക്രിസ്തീയ വനിതകള്‍- പ്രത്യേകിച്ച് കന്യാസ്ത്രീകള്‍- ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ രാപ്പകലില്ലാതെ അധ്വാനിക്കുന്നുണ്ടെന്നത് പ്രശംസാര്‍ഹമാണ്. എങ്കിലും 2023-ല്‍ എത്തേണ്ട മാറ്റങ്ങളിലേക്ക് സഭകള്‍ എത്തിയോ എന്നതാണ് ചോദ്യം.  

പൗരോഹിത്യവും സ്ത്രീകളും

കന്യാസ്തീകള്‍ക്ക് കുര്‍ബാന അര്‍പ്പിക്കാനുള്ള അവകാശം നല്‍കണം എന്ന നിര്‍ദേശത്തെ ചൊല്ലി ഏറെ ചര്‍ച്ചകള്‍ ലോകത്തെ വിവിധ സഭാസമൂഹങ്ങളില്‍ നടന്നിട്ടുണ്ട്. വൈദികര്‍ എന്ന നിലയില്‍ മാത്രം ഒതുങ്ങാതെ ബിഷപ്പുമാര്‍ അടക്കമുള്ള സ്ത്രീകള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സഭാ സമൂഹമാണ് സിഎസ്‌ഐ സഭ. ഭാരതീയ പശ്ചാത്തലത്തില്‍ ബിഷപ്പുമാരാകുന്ന സ്ത്രീകളുടെ എണ്ണം വിരലില്‍ എണ്ണാവുന്നത് ആണെങ്കില്‍ കൂടിയും അവരെക്കൂടി ഉള്‍ക്കൊള്ളാനും സഭയുടെ ഔദ്യോഗിക രംഗത്തേക്ക് വനിതകളെ കൂടി ഉള്‍പ്പെടുത്താനും സിഎസ്‌ഐ സഭ കാണിച്ച നിലപാട് പ്രശംസനീയമാണ്. 2000 മുതല്‍ സിഎസ്‌ഐ സഭയിലെ വിവിധ ഇടങ്ങളില്‍ വനിത വൈദികരുടെ പ്രാതിനിധ്യമുണ്ട്. ഇതില്‍ തന്നെ ഏറ്റവുമധികം വനിതാ പാസ്റ്റര്‍മാരുള്ളത് ചെന്നൈയിലാണെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്. സിനഡ് തലത്തിലേക്ക് വരെ സ്ത്രീകളുടെ പ്രാതിനിധ്യം സിഎസ്‌ഐ സഭയിലുണ്ട്. എങ്കിലും സഭയിലെ പുരുഷ വൈദികര്‍ക്ക് തങ്ങളുടെ ഒപ്പമായി വനിത വൈദികരെ കണക്കാക്കുന്നതിലുള്ള വൈമുഖ്യം ആദ്യ കാലങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.

'മിഷണറിമാരുടെ പശ്ചാത്തലമാണ് സിഎസ്‌ഐ സഭയ്ക്കുള്ളത്. അഞ്ച് സംസ്ഥാനങ്ങളിലെ 24 രൂപതകളിലും ഇതിന്റെ  പ്രതിഫലനം കാണാന്‍ സാധിക്കുമെന്ന്' സിഎസ്‌ഐ സഭ സിനഡ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍  ഫാ.  സുനില്‍രാജ് വിശദമാക്കുന്നു. 'ലൂഥറന്‍സ് സഭയുടെ പശ്ചാത്തലം കൂടിയുള്ള സഭയാണ് സിഎസ്‌ഐ. ആദ്യത്തെ വനിതാ ബിഷപ്പ് സിഎസ്‌ഐയില്‍ ആണ് എന്ന് പറയുന്നത് ശരിയല്ല. കാരണം അതിന് മുന്‍പ് തന്നെ ലൂഥറന്‍സ് സഭയില്‍ വനിതാ ബിഷപ്പ് ഉണ്ടായിരുന്നു. ആന്ധ്രയില്‍ 1996-ല്‍ അലിവേലി എസ് കടാക്ഷാമ്മ എന്ന വനിതാ ബിഷപ്പ് നിയമിതയായിട്ടുണ്ട്. സഭയില്‍ മൂന്നിലൊന്ന് പ്രാതിനിധ്യം വനിതകള്‍ക്ക് വേണമെന്ന് ഭരണഘടന തന്നെ അനുശാസിക്കുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ ഓര്‍ത്തഡോക്‌സ്, സിറിയന്‍ പള്ളികളുടെ സ്വാധീനം മൂലം വനിതാ പുരോഹിതരെ തത്വത്തില്‍ അംഗീകരിക്കുന്നുണ്ടെങ്കിലും അത്ര കണ്ട് പ്രാവര്‍ത്തികമായിട്ടില്ല. അടുത്തിടെ മധുരയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വനിതാ ബിഷപ്പ് പാനലില്‍ വന്നിരുന്നു. അതുകൊണ്ട് തന്നെ വനിതാ ബിഷപ്പുമാര്‍ ഇനിയും ഉണ്ടാവാനുള്ള സാധ്യതകള്‍ തള്ളാനാവില്ല. വനിതകളുടെ ആരാധന നയിക്കുന്നത് ബിഷപ്പല്ല, മറിച്ച ബിഷപ്പിന്റെ ഭാര്യയാണ്. പെണ്‍കുട്ടികള്‍ക്കായും പ്രത്യേക പരിഗണന സഭയിലുണ്ട്. മധ്യകേരള മഹായിടവകയില്‍ സ്ത്രീ പുരോഹിതരെ പൊതുവെ അംഗീകരിക്കുന്നതില്‍ വിശ്വാസികള്‍ അടക്കമുള്ളവര്‍ക്ക് വൈമുഖ്യമുണ്ട്. എങ്കിലും കൈക്കാരന്‍മാരായും കൊയറിന്റെ നേതൃത്വത്തിലും വനിതകളാണ് ഉള്ളത്'.

ആരാധനാതലങ്ങളില്‍ എല്ലായിടത്തും സ്ത്രീകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും മാര്‍ത്തോമാ സഭയിലും വനിതകളെ നേതൃ നിരയിലേക്ക് എത്തിക്കുന്നതില്‍ വൈമുഖ്യം പ്രകടമാണ്. 2015-ലാണ് മാര്‍ത്തോമാ സഭയില്‍ ഡീക്കന്‍ പദവിയിലേക്ക് ആദ്യമായി ഒരു വനിത എത്തുന്നത്. ഇത് അമേരിക്കയിലായിരുന്നു.

മാറ്റങ്ങളുടെ സൂചന മറ്റ് സഭകളില്‍

'ഇന്ത്യയിലേക്ക് വരുമ്പോള്‍, മാര്‍ത്തോമ സഭയിലെ ഭരണഘടന അനുസരിച്ച് സഭയുടെ ഉപരിതല ബോഡിയില്‍ 33 ശതമാനം സ്ത്രീകള്‍ക്ക് സംവരണം ഉണ്ട്. കൗണ്‍സിലിലും സ്ത്രീകള്‍ വേണമെന്നു നിര്‍ബന്ധമാണ്. ഇത് മുപ്പത്തിമൂന്ന് ശതമാനം ഉണ്ടായിരിക്കണം എന്നല്ല, 33 ശതമാനം നിര്‍ബന്ധമായും ഉണ്ടാവണം' എന്നാണെന്ന് വിശദമാക്കുന്നു മാര്‍ത്തോമാ സഭ ബോംബെ, ഡല്‍ഹി ഭദ്രാസനാധിപന്‍ യുയാക്കിം മാര്‍ കൂറിലോസ്. 'പുതിയ മെത്രാന്‍മാരെ തെരഞ്ഞെടുക്കുന്ന എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡിലും വനിതാ പ്രാതിനിധ്യം ഉണ്ടായിരുന്നു. ഇടവകയിലും സഭയിലെ മറ്റെല്ലാ ബോര്‍ഡിലും സ്ത്രീ പ്രാതിനിധ്യം സഭ ഉറപ്പാക്കിയിട്ടുണ്ടന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് കൂട്ടിച്ചേര്‍ക്കുന്നു. നിലവില്‍ മാര്‍ത്തോമാ സഭയില്‍ വനിതാ പൗരോഹിത്യം അനുവദിക്കുന്നില്ല. എന്നാല്‍ മദ്ബഹയില്‍ അടക്കം സഹായി ആവാന്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇത് അടുത്തിടെ വന്ന തീരുമാനമാണ്. പട്ടക്കാരില്ല എങ്കിലും പള്ളികളിലെ ട്രസ്റ്റി, വൈസ് പ്രസിഡന്റ് തുടങ്ങി എല്ലാ ചുമതലകളിലേക്കും ഭാഗമാവുന്നതിന് സ്ത്രീകള്‍ക്ക് വിലക്കില്ല. വേദപുസ്തക പ്രകാരം സ്ത്രീകളെ മാറ്റി നിര്‍ത്താനൊന്നും സാധിക്കില്ല. രണ്ടായിരം വര്‍ഷമായുള്ള പാരമ്പര്യങ്ങളാണ് സഭയുടേത്. മാറ്റങ്ങള്‍ വന്ന് കൂടായ്ക ഇല്ലെ'ന്നും അദ്ദേഹം  വ്യക്തമാക്കുന്നു.

പിന്‍വലിയുന്ന കത്തോലിക്ക സഭ

കത്തോലിക്കാ സഭയിലെത്തുമ്പോള്‍ സ്ത്രീ പ്രാതിനിധ്യം പൗരോഹിത്യ തലങ്ങളില്‍ ഇല്ല. സ്ത്രീ പൗരോഹിത്യം പാരമ്പര്യത്തില്‍ ഇല്ലാത്ത ഒന്നാണ് എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കത്തോലിക്ക സഭ. പാസ്റ്ററല്‍ കൗണ്‍സിലിന്റെ മുന്‍രൂപമായിരുന്ന ഇടവക പ്രതിനിധിയോഗത്തില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കിയിരുന്നു. പിന്നീടത് അംഗത്വത്തിന്റെെ മൂന്നിലൊന്ന് സ്ത്രീകള്‍ക്കായി മാറ്റി വച്ചിരിക്കുകയാണ്. സംഘടിതമായ തീരുമാനങ്ങളാണ് സഭയില്‍ സ്വീകരിച്ചിരുന്നത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയും വനിതാ പ്രാതിനിധ്യം കൂട്ടേണ്ട ആവശ്യത്തെക്കുറിച്ച് ഏറെ ചര്‍ച്ച ചെയ്തിട്ടുണ്ട്. അന്തര്‍ദേശീയ തലങ്ങളില്‍ കത്തോലിക്കാ സഭയില്‍ വനിതാ പൗരോഹിത്യത്തിന് വേണ്ടി ശ്രമം നടത്തുന്ന നിരവധി വനിതകളുമുണ്ട്. എന്നാല്‍ കാനോനിക നിയമ പ്രകാരം ഇത് ഗുരുതര കുറ്റമാണ്. വനിതാ പൗരോഹിത്യം നേടുന്നത് കൂദാശകള്‍ പോലും ലഭിക്കാത്ത കുറ്റകൃത്യമായാണ് കത്തോലിക്കാ സഭ  കണക്കാക്കുന്നത്. ലോകമെമ്പാടുമായി 200-ഓളം വനിതകളാണ് കത്തോലിക്കാ സഭയില്‍ പൗരോഹിത്യത്തിന് വേണ്ടി ശ്രമങ്ങള്‍ നടത്തുന്നത്. എന്നാല്‍ സഭയില്‍ ഇത്തരം ശ്രമങ്ങള്‍ അസാധുവാണ്.

കേരളത്തിലും ഇന്ത്യയിലും ഇതാണ് വസ്തുതകളെങ്കിലും ശുഭസൂചകമായ ചില വിവരങ്ങള്‍ വത്തിക്കാനില്‍ നിന്ന് പുറത്തുവരുന്നുണ്ട്. ബിഷപ്പുമാരുടെ സിനഡില്‍ കന്യാസ്ത്രീകളുടെ പ്രാതിനിധ്യം ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ഉറപ്പ് വരുത്താന്‍ സാധിച്ചിട്ടുണ്ട്. നഥാലി ബെക്വാര്‍ട്ട് എന്ന കന്യാസ്ത്രീയാണ് ആദ്യമായി ബിഷപ്പ് സിനഡിന്റെ അണ്ടര്‍ സെക്രട്ടറിയായി നിയമിതയായത്. 2021 ഫെബ്രുവരിയിലായിരുന്നു ഈ നിയമനം. ക്വീര്‍ വിഭാഗങ്ങള്‍ളുടെ അവകാശത്തിലും ഗര്‍ഭഛിദ്ര വിഷയത്തിലും പുനര്‍വിവാഹത്തിലും വിവാഹമോചനത്തിലും വിപ്ലവാത്മകമായ നിലപാട് സ്വീകരിക്കാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് സാധിച്ചിട്ടുണ്ടെങ്കിലും വനിതാ പൗരോഹിത്യത്തിന്റെ കാര്യത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്റെ അടഞ്ഞ അധ്യായമെന്ന നിലപാട് തിരുത്താനുള്ള ശ്രമങ്ങളൊന്നും എവിടേയും എത്തിയിട്ടില്ല.  

സഭാ വിശദീകരണം പൂര്‍ണമോ?

സ്ത്രീ പ്രാധിനിത്യത്തിന്റ കാര്യത്തില്‍ കേരളത്തിലെ കത്തോലിക്ക സഭയുടെ നയങ്ങള്‍ കാലോചിതമാണോ എന്ന ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. കാനോന്‍ നിയമത്തില്‍ മാത്രം ഊന്നി സാമൂഹിക മാറ്റങ്ങള്‍ക്ക് നേര്‍ മുഖം തിരിക്കാന്‍ സഭകള്‍ക്കാകുമോ? ചങ്ങനാശ്ശേരി അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറിയായ ഡോ. രേഖാ മാത്യൂസ് ഇത്തരം ചോദ്യങ്ങള്‍ക്ക് നല്‍കുന്ന മറുപടികള്‍ ഇങ്ങനെ. 'ജെന്‍ഡര്‍ പൊളിറ്റിക്‌സ്, ഐഡിന്റിറ്റി പൊളിറ്റിക്‌സ് തുടങ്ങിയ ചിന്താ ധാരകള്‍ സജീവ ചര്‍ച്ചയാവുന്ന ഈ കാലഘട്ടത്തില്‍ കത്തോലിക്കാ സഭയുടെ ഉന്നതാധികാര സമിതികളില്‍ സ്ത്രീ പ്രാതിനിധ്യം കുറവാണോയെന്ന് ചിന്തിക്കുന്നത് സ്വാഭാവികമാണെന്നും സഭയെ ഒരു ലൗകിക സംവിധാനമായി മാത്രം മനസിലാക്കുന്നവര്‍ക്ക് സംഭവിക്കാവുന്ന വീഴ്ചയായാണ് ഇതെന്നുമാണ്', കോട്ടയം ബി കെ കോളേജിലെ ഇംഗ്ലീഷ് അധ്യാപിക കൂടിയായ രേഖാ മാത്യൂസ് വിലയിരുത്തുന്നു. 'നേരത്തെ സാമൂഹ്യ സാഹചര്യത്തില്‍ സ്ത്രീയ്ക്ക് ഗാര്‍ഹിക കാര്യങ്ങള്‍ എന്നതായിരുന്നു നമ്മുടെ കാഴ്ചപ്പാട്. ഇതിന്റെ പ്രതിഫലനം സഭയിലുമുണ്ടായി. സ്ത്രീയുടെ ഇടപെടലുകള്‍ക്ക് സമൂഹം പരിധി നിശ്ചയിച്ചിരുന്നു. വിദ്യാഭ്യാസ പരമായ പിന്നോക്കാവസ്ഥയും ഇതിന് കാരണമായിരുന്നു. സ്ത്രീകള്‍ കുടുംബത്തിന്  പുറത്ത് തൊഴിലിടങ്ങളില്‍ സജീവമായി തുടങ്ങിയപ്പോള്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായ മാറ്റങ്ങള്‍ സഭയിലുമുണ്ടായി. സഭാസമിതികള്‍ കാലോചിതമായി പരിഷ്‌കരിക്കപ്പെടുകയും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കപ്പെടുകയും ചെയ്തു'-രേഖാ മാത്യൂസ് വിശദമാക്കുന്നു.

അധികാരമല്ലെങ്കില്‍ പിന്നെന്തിനാണീ മസിലുപിടിത്തം

'അധികാരം എന്ന വാക്കിന് പ്രസക്തിയില്ലാത്ത ഒരു സംവിധാനമാണ് കത്തോലിക്കാ സഭയെന്നും അങ്ങനെയാണ് പൗരോഹിത്യം വിശേഷിപ്പിക്കപ്പെടുന്നതെന്നും' ഡോ. രേഖാ മാത്യൂസ് കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ മതങ്ങളിലെല്ലാം പൗരോഹിത്യം അധികാരസ്ഥാനം തന്നെയാണ് എന്നതൊരു ലോക സത്യമാണ്. പുരുഷ കേന്ദ്രീകൃതമായി അത് കത്തോലിക്ക സഭയിലും തുടരുന്നു എന്നിരിക്കേയാണ് രേഖാ മാത്യൂസിന്റെ ഈ വിശദീകരണം. കത്തോലിക്ക സഭയിലെ സ്ത്രീ പൗരോഹിത്യത്തില്‍ കാലികമായ തീരുമാനം അടുത്തൊന്നും വരാനിടയില്ല എന്നാണ് സൂചനകള്‍.  

സ്ത്രീകളുടെ പ്രാതിനിധ്യത്തെക്കുറിച്ച് ബൈബിളില്‍ പറയുന്ന പല പരാമര്‍ശങ്ങളും തലയടക്കം മറയ്‌ക്കേണ്ടതിന്റെയും വസ്ത്രധാരണത്തില്‍ പാലിക്കേണ്ട കാര്യങ്ങളും വിശദമാക്കുന്നുമുണ്ട്. 'മൂടുപടമില്ലാതെ പ്രാര്‍ത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു സ്ത്രീയും തന്റെ തലയെ അപമാനിക്കുന്നു; അതു അവള്‍ ക്ഷൗരം ചെയ്യിച്ചതുപോലെയല്ലോ' എന്നാണ് ബൈബിളില്‍ പരാമര്‍ശിക്കുന്നുത്. പുതുതലമുറ ഇത് പലപ്പോഴായി ചോദ്യം ചെയ്യുന്നുണ്ടെങ്കിലും മിക്കയിടങ്ങളിലും വൈദികരുടെ നിലപാടിന് വഴങ്ങേണ്ടി വരാറുണ്ട്. എങ്കില്‍ പോലും ജീന്‍സും ടീ ഷര്‍ട്ടുമടക്കമുള്ള വസ്ത്രങ്ങളുമായി ക്രിസ്തീയ ആരാധനാലയങ്ങളിലേക്ക് എത്താന്‍ ഇന്നത്തെ തലമുറയിലെ കുട്ടികള്‍ മടിക്കുന്നില്ല. അനുസരണയില്‍ മാത്രമൂന്നിയ നിര്‍ദ്ദേശങ്ങളെ ചോദ്യം ചെയ്യാനും അതിലൂടെ മാറ്റം വരുത്താനുള്ള ശ്രമങ്ങളും സജീവമാണെങ്കിലും യാഥാസ്ഥിതിക മനോഭാവത്തില്‍ പ്രകടമായ മാറ്റങ്ങള്‍ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ക്രിസ്തീയ സഭയില്‍ വലിയ രീതിയില്‍ കാണുന്നില്ല. ഇത് ആരാധനാലയങ്ങളില്‍ നിന്നുള്ള യുവതലമുറയുടെ വലിയ രീതിയിലുള്ള കൊഴിഞ്ഞുപോക്കിനും കാരണമാകുന്നുണ്ട്.

ഇങ്ങനെയൊക്കെ മതിയോ എന്നതാണ് ചോദ്യം

അമ്മമാര്‍ക്ക് കുട്ടികള്‍ക്ക് മുലയൂട്ടാനുള്ള സൗകര്യം എത്ര പള്ളികളിലുണ്ട് എന്ന് ചോദിച്ചാല്‍ കേരളത്തിലെ എല്ലാ സഭാ നേതൃത്വങ്ങളും കുഴപ്പത്തിലാവും. പള്ളിനടകളുടെ ഏതെങ്കിലും ഓരത്തിരുന്ന് സാരികൊണ്ട് കുഞ്ഞിനെ പൊതിഞ്ഞുപിടിച്ച് ആരും കാണാതെ കുട്ടിക്ക് അമ്മപ്പാല്‍ കൊടുക്കുമ്പോള്‍ ഇതെല്ലാം കാണുന്നൊരു കര്‍ത്താവ് അകത്തുണ്ട് എന്നെങ്കിലും സഭാ നേതൃത്വങ്ങള്‍ ചിന്തിച്ചിരുന്നെങ്കില്‍! കര്‍ത്താവിന്റെ ദാസന്‍മാര്‍ക്ക് മാത്രമല്ല, മണവാട്ടികള്‍ക്കും അദേഹത്തിന്റെ കൂദാശകള്‍ കര്‍മ്മം ചെയ്യാന്‍ അധികാരം നല്‍കേണ്ടതല്ലേ എന്ന ചര്‍ച്ചകള്‍ സജീവമായി തുടരട്ടെ. 2000 വര്‍ഷത്തെ ചരിത്രമുണ്ട് എന്ന് അവകാശപ്പെടുന്ന കത്തോലിക്ക സഭ കഴിഞ്ഞ 2000 വര്‍ഷത്തിനിടെ ലോകത്തുണ്ടായ മാറ്റങ്ങളിലേക്ക് കൂടി കണ്ണോടിച്ചാല്‍ കാര്യങ്ങള്‍ക്ക് സ്വയമൊരു വ്യക്തത വരും. അങ്ങനെ നിലപാടുകള്‍ മയപ്പെടട്ടേ, തിരുത്തപ്പെടട്ടെ.

 

 


പെണ്‍കാലം: ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഒരുക്കിയ വിശേഷ ഉപഹാരം. 

റിനി രവീന്ദ്രന്‍: പുതുകാലത്തിലേക്ക് വണ്ടി കിട്ടാത്തവരോട്, നടക്കുകയെങ്കിലും വേണം, ഞങ്ങള്‍ പറന്ന് തുടങ്ങി

നിത്യ റോബിന്‍സണ്‍: സിനിമയിലെ സ്ത്രീകള്‍: മാറ്റത്തിന്റെ കൊടുങ്കാറ്റായി ഡബ്ല്യൂ സി സി

രമ്യ മഹേഷ്: സ്വര്‍ണ്ണത്തിന് വിട, ഓണ്‍ലൈനില്‍ വിരിയുന്ന പുത്തന്‍ ആഭരണഭ്രമങ്ങള്‍ !

ബിസ്മി ദാസ് ബി: തൊണ്ണൂറുകളില്‍ ചില പെണ്‍കുട്ടിക്കാലങ്ങള്‍

ഫസീല മൊയ്തു: ഏക സിവില്‍ കോഡ് അല്ല ഞങ്ങളുടെ ആവശ്യം, ഭരണഘടന അനുവദിക്കുന്ന തുല്യാവകാശമാണ്!

അനൂജ :'ഏലിയനെ പോലെ ജീവിക്കേണ്ട കാര്യമില്ല'; മാറിയ വസ്ത്ര ധാരണത്തെക്കുറിച്ച് വനിതാ നേതാക്കള്‍...

എല്‍സ ട്രീസ ജോസ്: ക്രിസ്തീയ സഭകളിലെ സ്ത്രീ പ്രാതിനിധ്യം; സഭകള്‍ എന്ന് കണ്ണുതുറക്കും

നിര്‍മലാ ബാബു: 'പെണ്ണിനെന്താ കുഴപ്പം'; വിവാദങ്ങളോട് പൊരുതി വളര്‍ന്ന അഞ്ച് സ്ത്രീകള്‍!

ആതിര നാരായണന്‍: വിവാഹം അത്യാവശ്യമോ? ലിവിംഗ് ടുഗെദര്‍, വിവാഹ മോചനങ്ങള്‍; അടിമുടി മാറി വിവാഹ സങ്കല്‍പ്പം!

ജിതിരാജ്: പൊട്ടിത്തെറികള്‍, തെറിവിളികള്‍, തുറന്നെഴുത്തുകള്‍; സോഷ്യല്‍ മീഡിയയിലെ സ്ത്രീ

പവിത്ര ജെ ദ്രൗപതി: അത്ര ഇഷ്ടമാണെങ്കില്‍ കലിപ്പന്‍ ഇടട്ടെ ഷോള്‍, അതല്ലേ ഹീറോയിസം!

അസ്മിത കബീര്‍: ക്രമേണ ആര്‍ത്തവം വിലക്കപ്പെട്ട വാക്കായി, കൂടെ ആര്‍ത്തവമുള്ള സ്ത്രീയും...

രശ്മി: മാറിയ ജീവിതരീതി സ്ത്രീകളുടെ ആരോ​ഗ്യത്തെ ബാധിക്കുമ്പോള്‍...

ആര്‍ദ്ര എസ് കൃഷ്ണ: സോഷ്യല്‍ പോരാട്ടത്തിലെ പെണ്ണുങ്ങള്‍; സെലിബ്രേറ്റി വ്‌ളോഗേഴ്‌സും വരുമാന വഴിയും!

വര്‍ഷ പുരുഷോത്തമന്‍: സാമ്പത്തിക സ്വാശ്രയത്വത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍, തീരാത്ത വെല്ലുവിളികള്‍!

റിനി: മാറുന്ന ലോകവും നിരന്തരം അക്രമിക്കപ്പെടുന്ന സ്ത്രീയും

Follow Us:
Download App:
  • android
  • ios