Asianet News MalayalamAsianet News Malayalam

Women's Day 2023 : ഏക സിവില്‍ കോഡ് അല്ല ഞങ്ങളുടെ ആവശ്യം, ഭരണഘടന അനുവദിക്കുന്ന തുല്യാവകാശമാണ്!

മുസ്ലിം സ്ത്രീകളുടെ സ്വത്താവകാശവുമായി ബന്ധപ്പെട്ട് ഫോറം ഫോര്‍ മുസ്ലിം വിമന്‍സ് ജെന്‍റര്‍ ജസ്റ്റിസ് സംസ്ഥാന തല ഒത്തുചേരല്‍ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ സംഘടനയുടെ സാരഥിയായ വി പി സുഹറ തന്‍റെ പോരാട്ടങ്ങളെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു. 

we need not a single civil code but equal rights as allowed by the constitution conversation with V P Suhra bkg
Author
First Published Mar 8, 2023, 9:38 AM IST

പെണ്‍കാലം. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഒരുക്കിയ വിശേഷ ഉപഹാരം. മാറുന്ന പെണ്‍കാലത്തെക്കുറിച്ചുള്ള വ്യത്യസ്തമായ കുറിപ്പുകളും വീഡിയോകളും. 

 

we need not a single civil code but equal rights as allowed by the constitution conversation with V P Suhra bkg

 

സ്ത്രീപക്ഷ സമരങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത കൈവന്ന കാലമാണിത്. പ്രതിഷേധങ്ങളിലൂടെയും നിരന്തര സംവാദങ്ങളിലൂടെയും വികസിച്ചുവന്നതാണ് കേരളത്തിലെ സ്ത്രീ അവകാശ പോരാട്ടങ്ങള്‍. ആര്‍ക്കും കണ്ടില്ലെന്ന് നടിക്കാന്‍ കഴിയാത്തത്ര ഉറപ്പുള്ളവയാണ് ഈ പോരാട്ടങ്ങളില്‍ പലതും. നവോത്ഥാനകാലം സ്ത്രീയവകാശങ്ങള്‍ക്ക് വേണ്ടി പുരുഷന്മാര്‍ രംഗത്തിറങ്ങേണ്ടി വന്നെങ്കില്‍ ഇന്ന് സ്ത്രീകള്‍ തന്നെ സ്വന്തം അവകാശങ്ങള്‍ ഉറക്കെ ചോദിച്ചുതുടങ്ങിയിരിക്കുന്നു. ആ നിരയില്‍ മുന്നില്‍നില്‍ക്കുന്നയാളാണ് വി പി സുഹ്റ. മുസ്ലിം സ്ത്രീകളുടെ അവകാശസമരങ്ങളില്‍ തളരാതെ നിലയുറപ്പിച്ച രണ്ടര പതിറ്റാണ്ടുകള്‍. വി പി സുഹറയെ ഒരു സ്ത്രീയുടെ പോരാട്ടം മാത്രമായല്ല കാണേണ്ടത്, മുസ്ലിം സമുദായത്തിനകത്തു നിന്നു കൊണ്ടുള്ള പോരാട്ടമായി തന്നെ വേര്‍തിരിച്ച് വേണം അതിനെ കാണാന്‍. ഒരു മുസ്ലിം സ്ത്രീയുടെ പോരാട്ടം പലവിധ മാനങ്ങള്‍കൊണ്ട് മറ്റു പോരാട്ടങ്ങളില്‍ നിന്നും തികച്ചും വിഭിന്നമാണ്.

മുസ്ലിം പിന്തുടര്‍ച്ചാവകാശ പ്രകാരം സ്ത്രീകള്‍ക്ക് ഉചിതമായ അവകാശം ലഭിക്കുന്നില്ലെന്നും അവര്‍ അനീതിക്കിരയാവുന്നുവെന്നും വി പി സുഹറയും അവര്‍ നേതൃത്വം നല്‍കുന്ന സംഘടന 'നിസ'യും വിളിച്ചു പറയാന്‍ തുടങ്ങിയിട്ട് കാലമേറെയായി. 'നിസ' എന്ന സംഘടന രൂപീകരിച്ച് നടത്തുന്ന സ്ത്രീവിമോചന പ്രവര്‍ത്തനങ്ങള്‍ക്ക് ഇക്കാലത്ത് കൂടുതല്‍ ദൃശ്യത കിട്ടുന്നുണ്ട്. മുസ്ലിം സ്ത്രീകളുടെ സ്വത്താവകാശവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ശക്തിപ്പെടുകയും അതിനു വേണ്ടി ഫോറം ഫോര്‍ മുസ്ലിം വിമന്‍സ് ജെന്റര്‍ ജസ്റ്റിസ് സംസ്ഥാന തല ഒത്തുചേരല്‍ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ വി പി സുഹറ തന്‍റെ പോരാട്ടങ്ങളെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുകയാണ്.

മുസ്ലിം പിന്തുടര്‍ച്ചാവകാശ പ്രകാരം സ്ത്രീകള്‍ക്ക് എങ്ങനെയാണ് സ്വത്താവകാശ മാനദണ്ഡം?

ബ്രിട്ടീഷ് അധിനിവേശകാലത്ത് മതത്തെക്കുറിച്ച് അജ്ഞരായവര്‍ പടച്ചുണ്ടാക്കിയ നിയമാണ് മുസ്ലിം വ്യക്തി നിയമം. അത് തികച്ചും സ്ത്രീവിരുദ്ധമായിരുന്നു. പിന്നീട് 1937-ലാണ് പേഴ്‌സണല്‍ ലോ നിര്‍മ്മിക്കപ്പെടുന്നത്. 1939-ല്‍ അത് ക്രോഡീകരിച്ചു. അതിന്റെ പശ്ചാത്തലം ആ കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് വിവാഹമോചനം ആവശ്യമായി വന്നാല്‍ അവര്‍ക്ക് ഏതെങ്കിലും മതത്തിലേക്ക് മാറിയല്‍ മാത്രമേ വിവാഹമോചനം ലഭിക്കുകയുള്ളൂ എന്നതായിരുന്നു. അന്നത്തെ സാഹചര്യത്തില്‍ വിവാഹമോചനം സാധ്യമാവാനുള്ള വിവാഹമോചന നിയമം സ്ത്രീകള്‍ക്ക് അനുകൂലമായതായിരുന്നെങ്കിലും സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുന്നുണ്ടെങ്കിലും അന്ന് അവരുടെ ലക്ഷ്യം സ്ത്രീകള്‍ക്ക് വിവാഹമോചനം ലഭിക്കുക എന്നത് മാത്രമായിരുന്നു. അതിനപ്പുറത്ത് വിവാഹമോചിതരാവുന്ന സ്ത്രീകള്‍ക്ക് നഷ്ടപരിഹാരം കിട്ടുന്നതിനോ അവരുടെ അവകാശങ്ങളെക്കുറിച്ച് ചോദിക്കാനോ പുരുഷന്‍മാരുടെ ഏകപക്ഷീയമായ വിവാഹമോചനം മാറ്റി നിര്‍ത്താനോ സാധ്യമായതായിരുന്നില്ല. അങ്ങനെയാണ് അത് ക്രോഡീകരിക്കപ്പെടുന്നത്.

പിന്നീട് 1986-ലാണ് ഷാബാനു കേസ് വരുന്നത്. ആ സമയത്ത് ഇസ്ലാമിന്റെ, ഖുര്‍ആന്റെ അടിസ്ഥാനത്തില്‍ വിവാഹമോചിതരായ സ്ത്രീകള്‍ക്ക് ഭര്‍ത്താക്കന്‍മാര്‍ ചിലവിന് കൊടുക്കണമെന്ന ഒരു വിധി സുപ്രീംകോടതിയില്‍ നിന്നുണ്ടായി. ആ വിധിയെ മതയാഥാസ്ഥിതികരും മുസ്ലിംലീഗ് നേതാക്കളും ചേര്‍ന്ന് ചോദ്യം ചെയ്തു. ഇത് ഖുര്‍ആന്‍ വിരുദ്ധമാണെന്നും ഖുര്‍ആനെ വ്യാഖ്യാനിക്കാന്‍ സുപ്രീംകോടതിക്ക് എന്താണ് അവകാശമെന്നുമാണ് അവരെല്ലാം ചോദിച്ചത്. അങ്ങനെയാണ് ബനാത്ത് വാലയുടെ മുന്‍കൈയില്‍ മുസ്ലിം അവകാശ സംരക്ഷണനിയമം എന്ന് പറഞ്ഞുള്ള ഒരു ബില്ല് രാജീവ് ഗാന്ധിയുടെ ഭരണകാലത്തുണ്ടാവുന്നത്. അത് ശരിക്കും ഉദ്ദേശിച്ച ഒരു ലക്ഷ്യമായി വന്നില്ല. ബില്ല് വന്നപ്പോഴേക്കും സ്ത്രീവിരുദ്ധമായ ഒരു മാനമാണ് അതിന് കൈവന്നത്. അതുകൊണ്ടുതന്നെ പലരും ചോദിക്കുന്നത് മൂന്നുമാസക്കാലത്തെ ഇദ്ദ കാലത്ത് കുറേ പണം ലഭിക്കുന്നുണ്ടല്ലോ എന്നാണ്. എന്നാല്‍ ചോദിക്കുന്നത് അതാര്‍ക്ക് ലഭിക്കുന്നു എന്നാണ്? സമ്പന്നര്‍ക്ക് അത് പ്രശ്‌നമല്ല, എന്നാല്‍  ദരിദ്രര്‍ക്ക് ഭര്‍ത്താവില്‍ നിന്ന് കുട്ടികള്‍ക്ക് ചിലവിന് കിട്ടുന്നത് വളരെ ആശ്വാസ്യകരമായ കാര്യമാണ്. അങ്ങനെ 125-ാം വകുപ്പ് എടുത്തുകളഞ്ഞു. 125-ാം വകുപ്പില്‍ അന്നത് പോകാന്‍ പാടില്ലായിരുന്നു.

we need not a single civil code but equal rights as allowed by the constitution conversation with V P Suhra bkg

സിവില്‍ നിയമത്തില്‍ തന്നെ ധാരാളം പ്രശ്‌നങ്ങളുണ്ട്. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്ത് നിയമം, കുട്ടികളുടെ സംരക്ഷണം തുടങ്ങി പേഴ്‌സണല്‍ ലോയില്‍ സ്ത്രീവിരുദ്ധമായ നിരവധി കാര്യങ്ങളുണ്ട്. നമ്മുടെ മുന്നില്‍ വന്ന കുറേ കേസുകളുണ്ട്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം അടിസ്ഥാനപരമായ അവകാശമാണ് സ്വത്തവകാശം എന്നുള്ളത്. ബാപ്പയും ഉമ്മയും അധ്വാനിച്ചുണ്ടാക്കുന്ന വീടോ സ്വത്തുക്കളോ അവരാഗ്രഹിക്കുന്നത് അവരുടെ മക്കള്‍ക്ക് ലഭിക്കണമെന്നാണ്. എന്നാല്‍ പെണ്‍കുട്ടി ആയതുകൊണ്ട് മാത്രം അവര്‍ക്ക് പകുതി സ്വത്ത് മാത്രമേ ലഭിക്കുന്നുള്ളൂ. ഈ സ്വത്തിന്റെ ബാക്കിഭാഗം അന്നുവരെ കാണാത്ത ഏതെങ്കിലും അകന്ന പുരുഷബന്ധുക്കള്‍ക്കോ ലഭിക്കുന്നു. ഒര കുട്ടിയാണെങ്കിലാണത്.

അതേസമയം, മാതാപിതാക്കള്‍ മരിച്ച സ്വത്തുക്കളില്‍, ആണ്‍കുട്ടിക്ക് ഒരു വിഹിതം കിട്ടുന്നുണ്ടെങ്കില്‍ പെണ്‍കുട്ടിക്ക് അതിന്റെ പകുതിയാണ് ലഭിക്കുന്നത്. രണ്ടില്‍ കൂടുതല്‍ പെണ്‍കുട്ടികളാണെങ്കില്‍ മൂന്നില്‍ രണ്ടുഭാഗമാണ് ലഭിക്കുക. അത് മറ്റ് പലയിടത്തേക്കും പോവും. ദമ്പതികള്‍ക്ക് മൂന്ന് പെണ്‍കുട്ടികളാണ് ഉള്ളതെങ്കില്‍ അവര്‍ക്ക് കിട്ടുന്ന മൂന്നില്‍ രണ്ടുഭാഗം കഴിച്ച് വാപ്പാടെ സഹോദരന്‍മാര്‍ക്കാണ് ലഭിക്കുന്നത്. ഈ പെണ്‍കുട്ടികളുടെ സംരക്ഷണം അവരുടെ തലയിലാണ് വരുന്നത്. ഈ സഹോദരന്‍മാര്‍ക്ക് സ്വത്ത് പോകുന്നതോടെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനോ വിവാഹത്തിനോ മറ്റോ പണമില്ലാത്ത സാഹചര്യം ഉടലെടുക്കുന്നു. എല്ലാ കാര്യത്തിനും മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയായിരിക്കും.

ഭര്‍ത്താവിന്റെ സഹോദരന്‍മാര്‍ എന്തെങ്കിലും കാര്യമായി കൊടുക്കാനും സാധ്യമല്ല. അവര്‍ക്ക് അവകാശപ്പെട്ടതാണെന്ന് പറഞ്ഞ് ആ സ്വത്തുക്കളെല്ലാം അവര്‍ കൈവശം വെക്കും. കൂടാതെ ഭര്‍ത്താവിന്റെ ബാധ്യതകളും സ്ത്രീ ഏറ്റെടുക്കേണ്ട അവസ്ഥ വരും. ചുരുക്കത്തില്‍ സ്വന്തമായ ഒരു വീടുപോലുമില്ലാതെ വീട്ടില്‍ നിന്നും ഇറക്കിവിടുന്ന ഒരു സാഹചര്യമാണുണ്ടാവും. അറേബ്യയിലെ ഇരുണ്ടകാലഘട്ടത്തില്‍ പെണ്‍കുട്ടികള്‍ ജനിച്ചുപോയാല്‍ ഇവരെ കുഴിച്ചുമൂടുന്ന ഒരു ദുഷ്പ്രവണത ഉണ്ടായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. ആ കാലഘട്ടത്തില്‍,  'നിര്‍ത്തൂ, ഇവള്‍ക്കുമുണ്ട് അവകാശം' എന്ന് പറഞ്ഞ് അത് നിര്‍ത്തി, അന്നത്തെ കാലഘട്ടത്തിനനുസൃതമായി പകുതി അവകാശം പ്രവാചകന്‍ കൊടുത്തതാണ്. എല്ലാ നിയമങ്ങളും കാലത്തിന്റേയും ദേശത്തിന്റേയും സംസ്‌കാരത്തിന്റേയും ഗതിക്കനുസരിച്ച് മാറിമറിഞ്ഞിട്ടുണ്ട്. ഇതൊന്നും ഒരിക്കലും മാറ്റപ്പെടാന്‍ സാധിക്കാത്തതല്ല.

ഇത് ഖുര്‍ആന്റെ മാത്രം സംഭവമല്ല. ശരിഅത്ത് നിയമം തന്നെ പല ഘടകങ്ങളായിട്ടുള്ളതാണ്. അതുകൊണ്ടാണ് ഇതൊക്കെ മാറി വന്നതായി പറയുന്നത്. ഏതോ ഒരു നൂറ്റാണ്ടിലുണ്ടായ അവസ്ഥ പോലെയാണോ ഇന്ന്. ഒരു പെണ്‍കുട്ടിക്ക് ഒരു വിവാഹം വന്നാല്‍ അത് നടത്തിക്കൊടുക്കേണ്ടത് ആണ്‍കുട്ടികളാണെന്ന് ഇസ്ലാമില്‍ പറയുന്നില്ലേ? അത് അയാളുടെ ഉത്തരവാദിത്തമാണ്. മനസാക്ഷിയുള്ള സഹോദരന്‍മാര്‍ വിവാഹം നടത്തിക്കൊടുക്കും. അതല്ലാതെ സ്വത്ത് കണ്ടിട്ടാണെങ്കില്‍ വേറെ ആരേലും ഏല്‍പ്പിച്ചാല്‍ പോരെ. ആ അര്‍ത്ഥത്തില്‍ ഒരു പെണ്‍കുട്ടിക്ക് സ്വത്തിന്റെ പകുതി കിട്ടുന്നതും പുരുഷന് ഒന്ന് കിട്ടുന്നതും നിതീകരിക്കാനാവുന്ന കാര്യമല്ല. ഇതാണ് വ്യക്തി നിയമത്തിലുള്ള പ്രശ്‌നം.

സ്ത്രീകളുടെ അടിസ്ഥാനപരമായ മനുഷ്യാവകാശത്തേയും തുല്യനീതിയേയും നിഷേധിക്കുകയാണ് ചെയ്യുന്നത്. നമ്മളൊരു രാജ്യത്ത് ജീവിക്കുമ്പോള്‍ ആ രാജ്യത്തെ ഭരണഘടന അനുശാസിക്കുന്ന ഒരു അവകാശമുണ്ട്. ആ അവകാശം നിഷേധിക്കപ്പെടുന്നത് ക്രൂരമാണ്. ഭരണഘടനയുടെ ആദ്യഘട്ടത്തില്‍ തന്നെ എഴുതിവെച്ചത് കൊണ്ട് പലപ്പോഴും ഹിന്ദു സമുദായത്തിലും ഈ വിഷയമുണ്ടായിരുന്നു. സ്ത്രീകളുടെ അവകാശത്തിനുവേണ്ടി അംബേദ്കര്‍ 1950-ല്‍ നിയമമന്ത്രി ആയപ്പോള്‍ ഒരു ബില്ലവതരിപ്പിച്ചു. എന്നാല്‍ ഇതിനെതിരെ സവര്‍ണ ഹിന്ദുപാര്‍ട്ടികളും മറ്റുള്ളവരും കൂടി പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ആ ബില്‍ പിന്‍വലിക്കുകയും അംബേദ്കര്‍ രാജിവെക്കുകയും ചെയ്തു. പിന്നീട് പലരും ചര്‍ച്ച ചെയ്യപ്പെടുകയും 1956-ല്‍ ഹിന്ദുവ്യക്തി നിയമം ക്രോഡീകരിച്ച് സ്ത്രീകള്‍ക്ക് തുല്യഅവകാശം ലഭിച്ചു. എന്നിട്ടും ചെറിയൊരു ഭാഗം ഉണ്ടായിരുന്നു. ആ ഭാഗം 2015-ലാണ് പൂര്‍ത്തീകരിച്ചത്. അവരെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ അത്തരം പ്രശ്‌നങ്ങളില്ല.

കൃസ്ത്യന്‍ സ്വത്തവകാശ നിയമകേസില്‍  മേരി റോയ് സുപ്രീംകോടതിയില്‍ പോവുകയും സുപ്രീംകോടതിയുടെ വിധി സ്ത്രീക്ക് അനുകൂലമായി വരികയും ചെയ്തു. പക്ഷേ മുസ്ലിം വ്യക്തിനിയമം ഒരു കാലഘട്ടത്തിലും മാറ്റാന്‍ പറ്റില്ലെന്ന് മതയാഥാസ്ഥിതികരും രാഷ്ട്രീയ പാര്‍ട്ടികളും പറഞ്ഞുകൊണ്ടിരിക്കുകയാണ്. അതില്‍ മുസ്ലിംലീഗ് മാത്രമല്ല, അവരെ പ്രീണിപ്പിക്കാന്‍ വേണ്ടി ഇടതുപക്ഷ പാര്‍ട്ടികളും ഈ രീതിയിലാണ് ഈ വിഷയത്തില്‍ മതപരമായ വിഷയത്തില്‍ കാണിക്കുന്നതെന്നാണ് മനസ്സിലാക്കുന്നത്.

ഈ നിയമത്തില്‍ എന്തു പരിഷ്‌ക്കരണമാണ് ആവശ്യപ്പെടുന്നത്?

സ്ത്രീകള്‍ക്ക് തുല്യനീതി വെണമെന്നാണ് ആവശ്യപ്പെടുന്നത്. സ്ത്രീക്കും പുരുഷനും തുല്യമായ അവകാശം വേണം. ഇത്തരത്തിലുള്ള എല്ലാ അപാകതകളും നീക്കണം. വ്യക്തി നിയമത്തിലെ മറ്റൊരു കാര്യം എന്താണെന്ന് വെച്ചാല്‍ ഉമ്മയും ബാപ്പയും ജീവിച്ചിരിക്കെ അവര്‍ക്ക് കുറേ സ്വത്തുക്കളുണ്ടെന്ന് കരുതുക. അവരില്‍ ആരെങ്കിലും മരണപ്പെട്ടുപോയാല്‍ ഈ ഉമ്മയുടെ സ്വത്ത് മക്കള്‍ക്ക് കിട്ടില്ല. മറ്റുള്ള സഹോദരന്‍മാരുടെ മക്കള്‍ക്ക് കിട്ടുകയും ഈ കുട്ടിക്ക് കിട്ടാതെയും വരുന്നതോടെ ഈ കുട്ടി അനാഥയാവും. ബാക്കിയുള്ളവരെ ആശ്രയിക്കേണ്ടി വരുന്നു. ഈ കുട്ടികള്‍ സാമൂഹികപരമായും അവഗണിക്കപ്പെടുന്നു. വികസനത്തിന്റെ ഭാഗമായി നഷ്ടപ്പെടുന്ന സ്ഥലത്തിനും വീടുകള്‍ക്കുമെല്ലാം ലഭിക്കുന്ന നഷ്ടപരിഹാരത്തുക -ഇതിന്റെ അവകാശം വരുമ്പോഴും -അപകടങ്ങളുടെ ഇന്‍ഷുറന്‍സ് തുക -ഇതെല്ലാം തന്നെ ആണ്‍കുട്ടികള്‍ക്ക് ഒന്നും പെണ്‍കുട്ടികള്‍ക്ക് പകുതിയുമാണ്. അതൊക്കെയും ശരിയത്ത് നിയമപ്രകാരമാണ് കിട്ടുന്നത്. അതുകൊണ്ടുതന്നെ ഒരുപാട് കാലതാമസവും  വരുന്നു. ഇത്തരത്തിലുള്ള ക്രൂരമായ നിയമങ്ങള്‍ ഉള്ളത് കൊണ്ടാണ് ഒരുപാട് കാലമായി ഇതിനെക്കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ കാലഘട്ടങ്ങളില്‍ കേന്ദ്രം ഭരിച്ചു കൊണ്ടിരുന്നവര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കമ്മീഷനുകള്‍ക്കും ഒരുപാട് നിവേദനങ്ങള്‍ അയച്ചിട്ടുണ്ട്. ആ നിവേദനങ്ങള്‍ ലഭിച്ചു എന്ന മറുപടിയല്ലാതെ യാതൊരു കാര്യങ്ങളും ഇതുവരേയും നടന്നിട്ടില്ല. ഈ സാഹചര്യത്തിലായിരുന്നു ഖുര്‍ആന്‍ ചിന്തക്  സൊസൈറ്റിയും നിസയും രണ്ടുമൂന്ന് വ്യക്തികളും കൂടി 2008-ല്‍ ഹൈകോടതിയില്‍ പോവുന്നത്. ആ വിഷയത്തില്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിക്കുകയും സര്‍ക്കാര്‍ പറഞ്ഞത് നിയമം മാറ്റേണ്ടെന്ന രീതിയിലുള്ള അഫിഡവിറ്റാണ്. അതിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. അതിനുശേഷം 2016-ലാണ് സുപ്രീംകോടതിയിലേക്ക് പോവുന്നത്. നിസയുടെ ഭാഗമായി വേറൊരു വക്കീലിനെ വെച്ചാണ് വാദിക്കുന്നത്. നിസയോട് പല കാര്യങ്ങളിലും വിയോജിപ്പുള്ളവര്‍ മറ്റൊരു ഹര്‍ജിയുമായാണ് സുപ്രീംകോടതിയിലെത്തിയത്.

we need not a single civil code but equal rights as allowed by the constitution conversation with V P Suhra bkg

കേസിന്റെ നിലവിലെ സ്ഥിതി എന്താണ്?

കേസ് ജനുവരി 2-0നാണ് ഹിയറിങ്ങിന് വെച്ചിരുന്നത്. പിന്നീട് മാറ്റിവെച്ചിരുന്നു. ജൂലായിലേക്കാണ് കേസ് മാറ്റിവെച്ചതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ആ സമയത്ത് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ചോദിച്ചു. സര്‍ക്കാര്‍ മതയാഥാസ്ഥിതികരായ നേതാക്കന്‍മാരെ വിളിച്ചുവരുത്തുകയും അവരുമായി ചര്‍ച്ച ചെയ്ത് ഈ നിയമത്തിന് യാതൊരു കുഴപ്പവുമില്ല എന്ന് അറിയിക്കുകയും ശരിഅത്ത് നിയമത്തിനെതിരായി അവരൊന്നും ചെയ്യില്ലെന്ന് പുറത്തുവന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. അപ്പോള്‍ സര്‍ക്കാര്‍ ഏത് രീതിയിലാണ് സത്യവാങ്മൂലം കൊടുക്കുന്നത് എന്ന് സംശയമായി. ഞങ്ങള്‍ പ്രതിഷേധിക്കുകയും നിവേദനങ്ങള്‍ കൊടുക്കുകയും ചെയ്തു. മുഖ്യമന്ത്രിക്ക്, നിയമമന്ത്രിക്ക് തുടങ്ങി പലര്‍ക്കും നിവേദനങ്ങള്‍ കൊടുത്തു. എന്നാല്‍ അനുകൂലമായതൊന്നും അവരില്‍ നിന്ന് ലഭിച്ചില്ല. മുമ്പ് പറഞ്ഞതില്‍ നിന്നും ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു മറുപടി ലഭിച്ചത്. അനുകൂലമായി സത്യവാങ്മൂലം നല്‍കാമെന്ന് ഉറപ്പ് തന്നിട്ടില്ല. സത്യവാങ്മൂലം സമര്‍പ്പിച്ചോ എന്ന് ഞങ്ങള്‍ക്കറിയില്ല. അതിന് ജൂലായ് വരെ സമയമുണ്ട്. ഇതുവരേയും കൊടുത്തിട്ടില്ലെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. അനുകൂലമായതായിരിക്കും സത്യവാങ്മൂലം എന്നാണ് വിശ്വസിക്കുന്നത്.

സ്വത്താവകാശവുമായി ബന്ധപ്പെട്ട ഈ പോരാട്ടത്തിന് തുടക്കം കുറിക്കുന്നത് എന്നു മുതലാണ്?

1987 ലെ ഷാബാനു ബീഗം കേസു മുതലാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. മുസ്ലിം സ്ത്രീകള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. അപ്പോഴാണ് മുസ്ലിം സ്ത്രീകള്‍ക്ക് ഇത്രയധികം പ്രശ്‌നങ്ങളുണ്ടായിരുന്നു എന്ന് മനസ്സിലാക്കുന്നത്. അജിത, ഗംഗ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ബോധന എന്ന സ്ത്രീ വിമോചന സംഘടന ഉണ്ടായിരുന്നു. അക്കാലത്ത് ഞങ്ങള്‍ മുസ്ലിം സ്ത്രീകള്‍ക്ക് വേണ്ടി ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്തി. പിന്നീടാണ് നിവേദനങ്ങള്‍ കൊടുത്തു തുടങ്ങിയത്. ബോധവത്കരണത്തിന്റെ ഭാഗമായി മുത്തലാഖ് കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ടായിരുന്നു. മുത്തലാഖ് നിയമം ആദ്യമായി പറഞ്ഞകൊണ്ടിരുന്നതെല്ലാം ഞങ്ങളായിരുന്നു. ഞങ്ങള്‍ ഓരോ വീടുകളിലും കയറിയിരുന്ന് സമരം ചെയ്യുമായിരുന്നു. ആ കാലഘട്ടത്തില്‍ മുസ്ലിം സ്ത്രീകള്‍ക്ക് വേണ്ടി 'നിസ' എന്നൊരു സംഘടന രൂപീകരിക്കണമെന്ന് താല്‍പ്പര്യമുണ്ടായിരുന്നു. എന്നാല്‍ ചിലയാളുകള്‍ അനുകൂലിക്കുകയും ചിലര്‍ പ്രതികൂലിക്കുകയും ചെയ്‌തെങ്കിലും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയി. അങ്ങനെയാണ് 1997-ല്‍ 'നിസ' രൂപീകരിക്കുന്നത്. ആദ്യഘട്ടത്തില്‍ മുത്തലാഖ് ചെയ്തിരുന്നവരുടെ വീടുകളില്‍ പോയി സമരമിരിക്കലായിരുന്നു നിസയുടെ പ്രവര്‍ത്തനങ്ങള്‍. അന്ന് പൊലീസ് വരും.   വീടുകളില്‍ കയറുകയും സമരപരിപാടികള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

പ്രവര്‍ത്തനങ്ങള്‍ എവിടെയാണ് കൂടുതലും നടത്തിയിരുന്നത്?

മലബാര്‍ മേഖലയിലാണ് കൂടുതലും ഇത്തരം വിഷയങ്ങളില്‍ ഇടപെട്ടിരുന്നത്. എന്നാല്‍ സ്വത്താവകാശ വിഷയം മലബാര്‍ മേഖലയില്‍ മാത്രമല്ല. എല്ലായിടത്തും ഒരേ നിയമമാണ്. ഇന്ന് ജീവിച്ചിരിക്കുന്ന മുസ്ലിം പെണ്‍കുട്ടികള്‍ക്കും ഇനി വരാന്‍ പോകുന്ന പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണ് പോരാട്ടം നടത്തുന്നത്. ഇത് സാധാരണ കാണുന്ന സ്ത്രീധനത്തിന്റേയോ സ്ത്രീധന നിയമത്തിന്റേയോ പോലെയല്ല. അത് ക്രൂരമാണ്. പക്ഷേ ഇത് അങ്ങനെയല്ല. ഒരാളുപോലും ഇതില്‍ നിന്നും രക്ഷപ്പെടുന്നില്ല. എല്ലാവരും സ്ത്രീപീഡനത്തിന് ഇരയാവുന്നില്ലല്ലോ. എന്നാല്‍ ഇത് അങ്ങനെയല്ല.

കാരണം എല്ലാവര്‍ക്കും ഒരുപോലെയാണല്ലോ വ്യക്തിനിയമത്തിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുക. ഇന്ന് ജീവിക്കുന്നവരുടേയും ഇനി ജനിക്കാന്‍ പോകുന്ന കുട്ടികളുടേയും അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ തലമുറക്കില്ലെങ്കിലും അടുത്ത തലമുറക്കെങ്കിലും ഉപകരിക്കണമെന്നാണ് ലക്ഷ്യം.

പോരാട്ടത്തിന് സമൂഹത്തില്‍ നിന്നുള്ള പിന്തുണ ലഭിക്കുന്നുണ്ടോ?

പഴയകാലഘട്ടത്തില്‍ ഒരുപാട് എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. ആ എതിര്‍പ്പുകളെല്ലാം അവഗണിച്ചു കൊണ്ടാണ് മുന്നോട്ട് പോയത്. പലതരത്തിലുള്ള ഭീഷണികളും കോടതിയിലും കേസിലും ഉണ്ടായിരുന്നു. പക്ഷേ അതൊന്നും ഞങ്ങള്‍ കാര്യമാക്കുന്നില്ല. പക്ഷേ ഇന്നിപ്പോള്‍ തോന്നുന്നത് കോളേജുകളില്‍ പോവുമ്പോഴും മറ്റു പരിപാടികള്‍ക്കായി എറണാംകുളത്തൊക്കെ പോവുമ്പോഴും ധാരാളം പെണ്‍കുട്ടികള്‍ ബോധവതികളാണ്. ജമാഅത്ത്, മുജാഹിദ് തുടങ്ങിയ സംഘടനകളില്‍ പെട്ട ബ്രെയിന്‍വാഷ് ചെയ്യപ്പെട്ട വളരെ കുറച്ചുപേര്‍ മാത്രമാണ് ഇതിനെതിരായി നില്‍ക്കുന്നുള്ളൂ. ജാതി-മത വ്യത്യാസമില്ലാതെ ഇത്തരം സ്ത്രീ വിഷയങ്ങള്‍ മാത്രമല്ല, എല്ലാവര്‍ക്കും കുറച്ചുകൂടി ബോധം വന്നിട്ടുണ്ടെന്നാണ് എന്റെ ഇത്രയും കാലത്തെ ജീവിതാനുഭവം വെച്ച് മനസ്സിലാവുന്നത്.

ഏതെങ്കിലും തരത്തിലുള്ള മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ലഭിച്ചിട്ടുണ്ടോ?

ഇല്ല. മുസ്ലിംലീഗ്, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സംഘടനകളില്‍ നിന്ന് പിന്തുണ ലഭിച്ചിട്ടില്ല. ഷാബാനുകേസിലുള്‍പ്പെടെ നമ്മള്‍ കണ്ടതാണല്ലോ. ആ കാര്യങ്ങളില്‍ നമുക്ക് വിട്ടുവീഴ്ച്ചകളുമില്ല. പ്രതീക്ഷ ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്ന് പിന്തുണ ഉണ്ടാകുമെന്നാണ്. എന്നാല്‍ ഇപ്പോള്‍ ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്ന് പിന്തിരിപ്പന്‍ നിലപാടാണ് കാണുന്നത്. ഇത് ഭേദകരമാണ് ലജ്ജാകരമാണ്. അവര്‍ക്ക് മുസ്ലിംലീഗിനെയും സമസ്തയേയും പ്രീണിപ്പിക്കാതെ പറ്റില്ല. സ്ത്രീകള്‍ക്കനുകൂലമായ മറ്റു പല കാര്യങ്ങളിലും നിലപാടെടുക്കുന്നുണ്ടെങ്കിലും മതപരമായ കാര്യങ്ങളില്‍ വളരെ പിന്തിരിപ്പന്‍ സമീപനങ്ങളാണ് കൈക്കൊള്ളുന്നത്. നവോത്ഥാനം എന്ന് പറഞ്ഞ് പണ്ടു കാലഘട്ടത്തിലുണ്ടായ നവോത്ഥാനത്തിന്റെ ഭാഗത്തിലേക്ക് സര്‍ക്കാര്‍ വരുന്നില്ല. സര്‍ക്കാര്‍ വോട്ട് വേണമെന്ന നിലയിലാണ് കാര്യങ്ങള്‍ നീക്കുന്നത്. അതുകൊണ്ടുതന്നെ ആ പ്രതീക്ഷയുമില്ല. എങ്ങനെയാണ് പ്രതീക്ഷയുണ്ടാവുന്നത്. കഴിഞ്ഞ ദിവസം മുസ്ലിം ലീഗിനെക്കുറിച്ച് അവരുടെ പ്രസ്‌കാവനയുണ്ടായിരുന്നു. മുസ്ലിംലീഗിന് മതേതരത്വം ഉണ്ടെന്ന്. അതിനര്‍ത്ഥം മുസ്ലിംലീഗിന് അവരുടെ കൂടെ വരാമെന്നാണ്.

we need not a single civil code but equal rights as allowed by the constitution conversation with V P Suhra bkg

മതസംഘടനകളില്‍ നിന്നും എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടോ?

ബുദ്ധിമുട്ടുകള്‍ നേരിടുന്നില്ല. പക്ഷേ ഇതുപാലിച്ച് ജീവിച്ചില്ലെങ്കില്‍ മതത്തില്‍ നിന്ന് വിട്ടുപോകാനാണ് ഇവരൊക്കെ പറയുന്നത്. സമസ്ത ഞങ്ങളെ കാണുന്നത് മുസ്ലിം വിരുദ്ധരായാണ്, ഇസ്ലാം വിരുദ്ധരാണ് എന്ന രീതിയിലാണ്. ശരിഅത്ത് വിരുദ്ധരാണ് എന്നൊക്കെയാണ് പറയുന്നത്. ശരിഅത്ത് പുരുഷന്‍മാര്‍ക്ക് മാത്രമല്ലല്ലോ, സ്ത്രീകള്‍ക്കും ബാധകമാണ്. അതുമാത്രമല്ല, ഇന്ത്യാമഹാരാജ്യത്ത് തന്നെ ഇസ്ലാമിക നിയമങ്ങള്‍ കാലോചിതമായി മാറ്റിയിട്ടുണ്ട്. കക്കുന്നവരെ കൈവെട്ടുക, വ്യഭിചരിക്കുന്നവരെ ശിക്ഷിക്കുക അതൊക്കെ ഇവിടെ നടക്കുമോ? അതു മാത്രമല്ല, സിവില്‍ കേസുകളിലും മാറ്റം ഉണ്ടായിട്ടുണ്ട്.

അറേബ്യന്‍ രാജ്യങ്ങള്‍ പോലെയുള്ള മതരാഷ്ട്രമല്ലല്ലോ, മതേതര രാജ്യമല്ലേ ഇന്ത്യ. മതേതരരാഷ്ട്രമായ, ഒരു സ്വതന്ത്ര രാഷ്ട്രമായ ഇന്ത്യയില്‍ ഭരണഘടനാപരമായ അവകാശങ്ങള്‍ ലഭിക്കേണ്ടേ? അത് ലഭിക്കാതെ വരുമ്പോഴാണ് പറയേണ്ടി വരുന്നത്. ഇതെന്ത് ക്രൂരതയാണ്. ആയിഷക്കുട്ടി എന്നൊരു സ്ത്രീയുടെ ജീവിതത്തെ കുറിച്ച് അറിയുകയുണ്ടായി. അതിഭീകരമാണ് അവരുടെ കാര്യം. മൂന്നു പെണ്‍കുട്ടികളുള്ള അവരുടെ ഭര്‍ത്താവ് ഗള്‍ഫില്‍ പോയി വീടുണ്ടാക്കി അയാളുടെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീട് ജപ്തിക്ക് വെച്ചിരിക്കുകയാണ്. അതിനുള്ള ബാധ്യതയുണ്ടായിരുന്നത് പോലും തീര്‍ക്കാതെ ആ സ്വത്തിന്റെ പാതി മറ്റു ചിലര്‍ക്കാണ് കിട്ടിയിരിക്കുന്നത്. അങ്ങനെ കഷ്ടപ്പെട്ട് വീട് ജപ്തിയുടെ വക്കിലാണ് നില്‍ക്കുന്നത്. അതേ പോലെ തന്നെ മൂന്നു പെണ്‍കുട്ടികളായത് കൊണ്ട് അവരോട് കാണിക്കുന്ന ക്രൂരത ആണ്‍കുട്ടികളോട് കാണിക്കുന്നില്ല. അക്കൂട്ടത്തിലുണ്ടെങ്കില്‍ ഇങ്ങനെ സംഭവിക്കില്ല. മൂന്നു പെണ്‍കുട്ടികളായതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.അതുകൊണ്ടാണ് വീടു പോലും നഷ്ടപ്പെട്ട സാഹചര്യം ഉണ്ടായിരിക്കുന്നത്.

സമസ്ത പോലെയുള്ള സംഘടനകള്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന സ്ത്രീവിരുദ്ധ പ്രസ്താവനകള്‍, കുട്ടിയെ സ്റ്റേജില്‍ കയറ്റാത്ത സംഭവം?

വളരെ മോശമായ സമീപനമാണ് അവരുടെ ഭാഗത്തു നിന്നുണ്ടാവുന്നത്. അവര്‍ വിചാരിക്കുന്നത് സ്ത്രീകളെന്ന് പറയുന്നത് വീട്ടിലിരിക്കണം, അടുക്കളയിലിരിക്കണം, ഭര്‍ത്താവിനേയും കുട്ടികളേയും നോക്കണം, ഇഷ്ടപ്പെട്ട കറി വെച്ചു കൊടുക്കണം എന്ന് മാത്രമാണ് അവരുടെ നിലപാട്. സ്ത്രീകള്‍ പുറത്തിറങ്ങാന്‍ പാടില്ല, വിദ്യാഭ്യാസം നേടാന്‍ പാടില്ല എന്നൊക്കെയാണ്. താലിബാനേക്കാള്‍ കഷ്ടമാണ് അവരുടെ കാര്യങ്ങള്‍. അതിവിടെ പുറത്തുവരുന്നില്ല. താലിബാന്‍ വേറൊരു രീതിയിലാണെങ്കില്‍ ഇവിടെ മറ്റൊരു രീതിയിലാണ്.

ഒരു പെണ്‍കുട്ടി സ്റ്റേജില്‍ കയറാന്‍ പാടില്ല. നൃത്തം ചെയ്യാന്‍ പാടില്ല. ഒരു പെണ്‍കുട്ടി നാടകം നടത്തിയതിന് ഇവിടെ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായി. അതു മാത്രമല്ല, കൊച്ചു കുട്ടികള്‍ തമ്മിലുള്ള സൗഹൃദം പോലും അവര്‍ നിഷേധിക്കുകയാണ് ചെയ്യുന്നത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കാന്‍ പാടില്ല. അതെന്താ അങ്ങനെ ചെയ്താല്‍ ലോകം അവസാനിക്കുമോ? നമ്മളെല്ലാവരും അങ്ങനെ തന്നെയല്ലേ ജീവിച്ചു വളര്‍ന്നത്. അത്തരത്തില്‍ ഏറ്റവും പിന്നോക്കമായ അവസ്ഥയില്‍ സ്ത്രീകളെ അടിച്ചമര്‍ത്തി സ്ത്രീവിരുദ്ധ മൂടുപടവുമായി അകത്തിരിക്കുകയല്ലാതെ ഇവര്‍ക്കൊന്നും മറ്റൊന്നുമില്ല.

പുരോഗമന പ്രസ്ഥാനം എന്ന് പറയുന്നവര്‍ ചെയ്യുന്നത് എന്താണ്, മുജാഹിദും, ജമാഅത്തും ചെയ്യുന്നതും ഇങ്ങനെ തന്നെയാണ്. അവര്‍ വിദ്യാഭ്യാസം കൊടുക്കുന്നുണ്ട് എന്നത് ശരിതന്നെ. അവര്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം കൊടുക്കുന്നത് തന്നെ നല്ല ഭര്‍ത്താക്കന്‍മാരെ കിട്ടാനാണ്. അതിനപ്പുറം അവര്‍ക്കൊന്നും ജോലിക്ക് പോകാന്‍ കഴിയില്ല. എത്രയോ പെണ്‍കുട്ടികള്‍ ഡോക്ടര്‍മാരായിട്ടും എഞ്ചിനീയര്‍മാരായിട്ടും ഉണ്ട്. എന്നാല്‍ അവരൊന്നും ജോലിക്ക് പോകാറില്ല. അവരെ നിശബ്ദരാക്കി, നിഷ്‌ക്രിയരാക്കി നിര്‍ത്തുകയാണ്. ആ രീതിയിലുള്ള കുറേ പ്രശ്നങ്ങള്‍ ഇത്തരം വിഷയവുമായി ബന്ധപ്പെട്ട് ഉണ്ട്. അതാണ് ഏത് പ്രതിസന്ധി ഘട്ടത്തേയും തരണം ചെയ്ത് മുന്നോട്ട് പോകാന്‍ ശ്രമിക്കുന്നത്. ഇനി അവസാനപ്രതീക്ഷ സുപ്രീംകോടതിയിലാണ്. അത് അനുകൂലമായി വരുമെന്നാണ് വിശ്വാസം. അനുകൂലമായി വരും എന്നതിലാണ് മുന്നോട്ട് നീങ്ങുന്നത്. ഈ തലമുറയല്ലെങ്കില്‍ മറ്റൊരു തലമുറയെങ്കിലും ഇത് അനുഭവിക്കും.

വിധി പോസിറ്റീവായി വരികയാണെങ്കില്‍ ആ വിധിയെ ഉള്‍ക്കൊള്ളാന്‍ പാകപ്പെട്ടൊരു സമൂഹം ഇവിടെയുണ്ടെന്ന് തോന്നുന്നുണ്ടോ?

അതൊന്നും പറയാന്‍ കഴിയില്ല. ശബരിമല വിധിയുമായി ബന്ധപ്പെട്ട ഉണ്ടായ പ്രശ്നങ്ങള്‍ അറിയാമല്ലോ. അതൊക്കെ നമ്മള്‍ പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ സുപ്രീംകോടതി വിധി വരികയാണെങ്കില്‍ എന്തൊക്കെ പ്രതിഷേധമുണ്ടായാലും അത് അനുകൂലമായി വരുമെന്നാണ് എന്റെയൊരു വിശ്വാസം. അനുകൂലമാവും എന്നൊരു വിശ്വാസത്തിലാണ് മുന്നോട്ട് നീങ്ങുന്നത്. അനുകൂലമായില്ലെങ്കിലും ഈ തലമുറയല്ലെങ്കില്‍ മറ്റൊരു തലമുറയെങ്കിലും ഗുണകരമായ അവസ്ഥയിലേക്ക് എത്തുമെന്നാണ് കരുതുന്നത്.

പ്രത്യേകിച്ച്, ബോധവത്കരണം കൊണ്ട് ആണ്‍കുട്ടികള്‍ക്കും തോന്നും നല്ലത്. കഴിഞ്ഞ ദിവസം കേരള വര്‍മ്മ കോളേജില്‍ പോയപ്പോള്‍ ഒരാണ്‍കുട്ടി വന്ന് പറഞ്ഞു, ഞാനൊരു മുസ്ലിമാണ്. ഞങ്ങളൊക്കെ ചെയ്യുന്നത് തെറ്റാണെന്ന് മനസ്സിലാവുന്നുണ്ട്. നിങ്ങളൊക്കെ പറയുന്നത് ശരിയാണ് എന്ന് പറഞ്ഞു. അങ്ങനെ ആ രീതിയിലും ആണ്‍കുട്ടികള്‍ക്കൊരു മാറ്റം വരും. നമ്മുടെ സഹോദരിമാരെ മാനിക്കണമെന്ന ചിന്ത കുട്ടികള്‍ക്കും വരും. സ്ത്രീ-പുരുഷ ബന്ധങ്ങള്‍ എങ്ങനെയാണ്, മനുഷ്യ ബന്ധങ്ങള്‍ എങ്ങനെയാണ്, സാഹോദര്യ ബന്ധങ്ങള്‍ എങ്ങനെയാണ് എന്ന നല്ലൊരു രീതി അവരില്‍ തന്നെ ഉണ്ടാവും. അതിനുള്ള ബോധവത്കരണത്തിനുള്ള പ്രവര്‍ത്തനം നടത്തേണ്ടതുണ്ടെന്നാണ് തോന്നുന്നത്.

നിസ എന്ന സംഘടന കൊണ്ട് വലിയ പരിപാടികളൊന്നും നടത്താന്‍ സാധ്യമല്ല. പല പരിപാടികളും നടത്തുന്നുണ്ട്. പക്ഷേ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കണമെന്നതിന്റെ അടിസ്ഥാനത്തിലാണ് മുന്‍കൈ എടുത്ത് പുതിയൊരു ഫോറം രൂപീകരിച്ചത്. ഇതിന്റെ പരിപാടിയാണ് മാര്‍ച്ച് 12ന് കോഴിക്കോട് നടക്കുന്നത്. മീറ്റിങ്ങുകള്‍ നടത്തി. വാട്‌സ്അപ്പ് ഗ്രൂപ്പുകളുണ്ടാക്കി. അങ്ങനെയങ്ങനെ നമ്മളെല്ലാംവരും ആളുകളെ ചേര്‍ത്തുപിടിച്ചു. ഇപ്പോള്‍ വലിയൊരു സംഘടനയായി. ഇതൊരു സപ്പോര്‍ട്ടിങ് സംഘടനയാണ്.

നിസയില്‍ 25 അംഗങ്ങളാണുള്ളത്. ഇപ്പോള്‍ നിരവധി പെണ്‍കുട്ടികള്‍ വരുന്നുണ്ട്. വലിയ വിദ്യാഭ്യാസവും വിവരവുമുള്ള പെണ്‍കുട്ടികളാണ്. കഴിവും എന്തും നേടാനുള്ള കഴിവും ഉള്ളവരാണ് ഇപ്പോഴത്തെ പെണ്‍കുട്ടികള്‍. പിന്നെ നമ്മള്‍ രാഷ്ട്രീയ പാര്‍ട്ടിയൊന്നുമല്ലല്ലോ, കുറേ ആളുകളെ കൂട്ടി ചെയ്യാന്‍ വേണ്ടിയിട്ട്. പ്രത്യേകിച്ച് ഈ വിഷയത്തില്‍. മതമാണല്ലോ പറയുന്നത്. മതം പറയുമ്പോള്‍ പല തരത്തിലുള്ള എതിര്‍പ്പുകള്‍ ഉണ്ടാവും. സ്വന്തം കുടുംബത്തില്‍ നിന്നുപോലും എതിര്‍പ്പുകള്‍ ഉണ്ടാവും. അതുകൊണ്ടുതന്നെ ഭാരവാഹികളായി കുറച്ചുപേരാണ് ഉള്ളത്. സജീവമായി പ്രവര്‍ത്തിക്കുന്ന നാലഞ്ചുപേരാണ് ഉള്ളത്. പരിപാടികളില്‍ എല്ലാവരും പങ്കെടുക്കുന്നുണ്ട്.

സമുദായത്തിന്‍റെ അകത്തുനിന്ന് മാറ്റം വേണമെന്ന് പറയുന്നത് എങ്ങനെയാണ് കാണുന്നത്?

മതസംഘടനകളിലുള്ളവരെ മാറ്റിയെടുക്കാനാവില്ല. പക്ഷേ സമുദായത്തിനകത്തുനിന്ന് എന്ന് പറയുമ്പോള്‍ നേരത്തെ വന്ന് സംസാരിച്ചതുപോലെയുള്ള ആണ്‍കുട്ടി. പല പരിപാടികളും നടത്തുമ്പോള്‍ അവരില്‍ തന്നെ മാറ്റം ഉണ്ടാവും. നേരത്തെ മുത്തലാഖ് എന്ന് പറയുമ്പോള്‍ വലിയ എതിര്‍പ്പായിരുന്നു. ഇസ്ലാം വിരുദ്ധമാണ്, ഖൂര്‍ആന്‍ വിരുദ്ധമാണ് എന്നൊക്കെ പറഞ്ഞ് ഡിഫമേഷന്‍ കേസൊക്കെ വന്നിരുന്നു. അങ്ങനെ പറഞ്ഞ ആ കാലഘട്ടം കഴിഞ്ഞു. ഇനി അവര്‍ക്കങ്ങനെ പറയാന്‍ കഴിയില്ല. നവീകരിക്കാമെന്നും പറയാന്‍ കഴിയില്ല. ഇത് ഇസ്ലാമിനെ നവീകരിക്കലാണെന്ന് പറയേണ്ട, ഇസ്ലാം അനുവദിച്ചു തന്ന അവകാശങ്ങളാണ് ചോദിക്കുന്നത്. പ്രവാചകന്റെ കാലത്ത് എല്ലാറ്റിലും പ്രവാചകന്‍ ഇടപെട്ടിരുന്നു. പ്രവാചകന്റെ കൂടെയുള്ള എല്ലാ സ്ത്രീകളും ശക്തരായിരുന്നു. അവര്‍ രാഷ്ട്രീയമായും സാമൂഹികമായും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നവരാണെന്ന് അവരുടെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാവും. നബിയുടെ ആദ്യഭാര്യ ഖദീജ ബീവി വനിതാ വ്യവസായിയായിരുന്നു. ആയിഷാ(റ)യാണ് യുദ്ധരംഗത്തുണ്ടായിരുന്നത്. അങ്ങനെ നിരവധി സ്ത്രീകള്‍ ഉണ്ട്. നബിയുമായി രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിച്ചിരുന്നവരെ സ്വഹാബിയത്ത് സഹപ്രവര്‍ത്തക എന്ന് പറഞ്ഞ് അവരെ ആദരിച്ചു. പുറത്തിറങ്ങേണ്ട, രാഷ്ട്രീയത്തില്‍ പോവേണ്ട എന്നൊക്കെ പറയുമ്പോഴും നബിചര്യയാണ് അവര്‍ ആഗ്രഹിക്കുന്നതെങ്കില്‍ അന്നത്തെ കാലഘട്ടത്തിലെ ഇക്കാര്യങ്ങളെല്ലാം അവര്‍ അനുവദിക്കേണ്ടതുണ്ട്.

അതല്ല, ഇവര്‍ക്ക് വേണ്ടത് രാഷ്ട്രീയമാണ്. രാഷ്ട്രീയത്തിന്റെ കഥയാണ് ഇപ്പോള്‍ നടക്കുന്നത്. മതവും രാഷ്ട്രീയവും തമ്മില്‍ കൂടിക്കലര്‍ന്നുള്ള കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഏത് രാഷ്ട്രീയ പാര്‍ട്ടി എടുത്താലും അതിന്റെ കൂടെ മതമുണ്ട്. ബിജെപി എടുത്താലും ഇടതുപക്ഷമെടുത്താലും മതമുണ്ട്. മതവും രാഷ്ട്രീയവും തമ്മില്‍ ഇടകലര്‍ന്നതാണ് അപകടം. ഇത് കൂട്ടിക്കുഴച്ചുണ്ടാവുന്നതാണ് അപകടം. അതൊരു ദുരവസ്ഥയാണ്. അതാണ് ഹിന്ദുത്വ രാഷ്ട്രം പറയുന്നത്. ബിജെപി എടുക്കുന്ന തീവ്ര ഹിന്ദുത്വ നിലപാടുകളെ അംഗീകരിക്കാനാവില്ല. ഭരണഘടനാപരമായ നിലപാട് പറയാനാവും. പക്ഷേ അത് ഇന്നത്തെ നമുക്കൊന്നും പറയാനാവില്ല. അതേസമയം ഭരണഘടാപരമായ അവകാശമാണെങ്കില്‍  നമുക്കത് പറയാനാവും. ഇന്നത്തെ ഭരണാധികാരിയുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല.

ഇടതുപക്ഷം നേതൃത്വം നല്‍കുന്ന കേരള സര്‍ക്കാരില്‍ നിന്നോ ഇടതുപക്ഷ മനസുള്ളവരില്‍ നിന്നും നീതി ബോധമുള്ളവരില്‍ നിന്നും ചിലയാളുകളൊക്കെ പിന്തുണക്കുന്നുണ്ട്. മുസ്ലിം സമൂഹത്തില്‍ നിന്നു തന്നെ വരേണ്ട കാര്യമാണത്. സമൂഹത്തിന് ഉയര്‍ച്ചയുണ്ടാവേണ്ടതുണ്ട്. എല്ലാ സമുദായങ്ങളില്‍ നിന്നും പിന്തുണയുണ്ടാവണം. കൂടുതലും മുസ്ലിം സമുദായത്തില്‍ നിന്ന്. അവരതിനെതിരെ പറഞ്ഞു തുടങ്ങണം.

we need not a single civil code but equal rights as allowed by the constitution conversation with V P Suhra bkg

സംഘ്പരിവാറിന്‍റെ കാലത്ത് യൂണിഫോം സിവില്‍കോഡ് അവര്‍ നിരന്തരം ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ഇത്തരം സാഹചര്യങ്ങള്‍ അവര്‍ മുതലെടുക്കുമെന്ന വിമര്‍ശനമുണ്ടല്ലോ? 

ഇല്ല. അവരെങ്ങനെയാണ് മുതലെടുക്കുന്നത്. ഞങ്ങള്‍ ഏകസിവില്‍കോഡ് ആവശ്യപ്പെടുന്നില്ല. അത് പറയാന്‍ തുടങ്ങിയിട്ട് കുറേ കാലമായി. ഇഎംഎസ് ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിരുന്നു. അന്ന് ഞങ്ങളും പറഞ്ഞിരുന്നു. ഇപ്പോള്‍ അത് നമ്മള്‍ പറയില്ല. ഞങ്ങളുടെ വിഷയം സ്ത്രീകള്‍ക്ക് തുല്യത വേണം എന്നതാണ്. ഇനി വിധി പോലെ വരട്ടെ. സുപ്രീംകോടതി എന്താണ് പറയുന്നത് എങ്കില്‍ അതനുസരിക്കുക. അധികാരത്തില്‍ ഇരിക്കുന്ന ആളുകള്‍ക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയും. അതിന് പിന്തുണയും കിട്ടില്ലേ. പ്രതിപക്ഷം ഇവിടെയുണ്ടോ? ശക്തമായ പ്രതിപക്ഷവും ഇടതുപക്ഷവും ഇവിടെയില്ല. മനുഷ്യാവകാശ ലംഘനം നടക്കുന്ന പല നിയമങ്ങളും അവര്‍ പാസാക്കിയെടുത്തു. പല നിയമങ്ങളും നിശബ്ദമാക്കി പാസാക്കിയെടുത്തില്ലേ? അതുകൊണ്ട് നമ്മള്‍ക്ക് അത് പറയാന്‍ കഴിയുമോ? സത്യത്തില്‍ ഏകസിവില്‍കോഡ് അല്ല ഞങ്ങളുടെ ആവശ്യം. ഞങ്ങള്‍ക്ക് ഈ അവസ്ഥയില്‍ ഭരണഘടന അനുവദിക്കുന്ന തുല്യ അവകാശം വേണം. ഇതൊരു മനുഷ്യാവകാശ പ്രശ്‌നമാണ്. മതത്തിന്റേയോ ജാതിയുടേയോ രാഷ്ട്രീയത്തിന്റേയോ പ്രശ്‌നമല്ല. ഇത് മനുഷ്യന്റെ മനുഷ്യാവകാശ പ്രശ്‌നമാണ്. അല്ലാതെ വേറെയൊന്നും അല്ല.

അവര്‍ അത് മുതലെടുക്കുമോ ഇവര്‍ മുതലെടുക്കുമോ എന്ന് കരുതി എല്ലാ കാലവും നിശബ്ദമായി ഇരിക്കാന്‍ കഴിയുമോ?നിശബ്ദമാക്കാന്‍ എളുപ്പമാണ്. ഇതെല്ലാം പറഞ്ഞ് നിശബ്ദമാക്കാം. നിശബ്ദതയാണ് നമുക്കുള്ള അപകടം. എല്ലാ കാര്യത്തിലും. ശക്തമായ ഒരു പ്രതിപക്ഷമോ ശക്തമായ ഇടതുപക്ഷമോ ഇതിനെയെല്ലാം എതിര്‍ക്കാനായി ഉണ്ടോ?

സംഘ്പരിവാര്‍ അനുകൂലികളായ നാസ്തികരുടെ പിന്തുണയുണ്ടോ?

സംഘ്പരിവാര്‍ അനുകൂലികളായ നാസ്തികര്‍ എന്നത് കൊണ്ട് നിങ്ങള്‍ ഉദ്ദേശിക്കുന്നത് യുക്തിവാദികളായിരിക്കും എന്നാണ് മനസ്സിലാക്കുന്നത്. അവരുടെ കൂട്ടത്തിലുള്ള പല ആളുകളും പല തരത്തിലുണ്ട്. രണ്ടു മൂന്നു സംഘടനകളുണ്ട്. ഇസ്ലാം വിരുദ്ധരുണ്ട്. ശാസ്ത്രീയമായും യുക്തിവാദം പറയുന്ന ആളുകളുണ്ട്. യുക്തിവാദം എന്നാല്‍ ശാസത്രീയമായി പറയുക എന്നാണ്. യുക്തിവാദം എന്നാല്‍ യുക്തികൊണ്ട് ചിന്തിക്കുക എന്നാണ്. യുക്തിവാദത്തില്‍ അവര്‍ കണ്ടെത്തുന്നത് മതത്തിലുള്ള കുറേ പ്രശ്‌നങ്ങളാണ്. മതം വേണ്ട എന്നാണ് അവര്‍ പറയുന്നത്. മതം വേണ്ടവര്‍ വിശ്വസിക്കട്ടെ. അല്ലാത്തവര്‍ വിശ്വസിക്കേണ്ട. വിശ്വാസം അടിച്ചേല്‍പ്പിക്കേണ്ട കാര്യമല്ല.

അങ്ങനെ ആരുടേയും പിന്തുണ ഇല്ല. നമ്മളിത് കുറേ കാലമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിഷയമാണ്. ആരുടേയും പിന്തുണയും വേണ്ട. ഇസ്ലാമില്‍ നിന്നാണ് വന്നത്. ആരുടേയും സഹായം വേണ്ട. ഒരു തരത്തിലുള്ള സഹായവും വേണ്ട. നിസയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകും. കൃത്യമായി പോകുന്ന സംഘടനയാണ് നിസ. അതില്‍ ഇത്തരത്തിലുള്ള ആളുകളെയൊന്നും ആശ്രയിക്കുന്നില്ല. കൃത്യമായ നിലപാടുകളുണ്ട്. ഗ്രൂപ്പില്‍ ആരേലും ഉണ്ടോ എന്നറിയില്ല. അതില്‍ പല തരത്തിലുള്ള ആളുകളും ഉണ്ട്. അത് നിസയല്ല. അത് സപ്പോട്ടിങ് ആയി തുടങ്ങിയതാണ്. നിസയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവും. അവിടെ ഒരു തരത്തിലുള്ള ആളുകളേയും ആശ്രയിക്കുന്നില്ല. വാട്അപ്പ് ഗ്രൂപ്പില്‍ ആരൊക്കെയാണെന്ന് അറിയില്ല. അത് ഫോറത്തിന്റേതാണ് അതില്‍ കൂടുതല്‍ പേരും ഉണ്ടെന്നാണ് അറിവ്.

മുത്തലാഖ് നിയമം വളരെ നല്ലതായിരുന്നു. പക്ഷേ കൊണ്ടുവന്നപ്പോള്‍ സിവില്‍ നിയമം ക്രിമിനല്‍ നിയമമാക്കി. സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ പോലും ചോദിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായി. ഇങ്ങനെ ആളുകളെ ഭയപ്പെടുത്തി മുന്നോട്ട് പോകാന്‍ കഴിയുമോ ? ആളുകള്‍ പിന്‍മാറില്ലേ? അതുകൊണ്ടാണ് ഏകസിവില്‍കോഡ് വരുന്നതിനെ എതിര്‍ക്കുന്നത്. അത് എങ്ങനെയാണ് വരിക എന്ന് പോലും പറയാന്‍ കഴിയില്ല. അതിനെപ്പറ്റി ചര്‍ച്ച ചെയ്യുക പോലും വേണ്ട.

ടുണീഷ്യ പോലുള്ള മുസ്ലിം രാജ്യങ്ങളില്‍ ശരീഅത്ത് പോലെയുള്ള നിയമങ്ങളില്‍ പരിഷ്‌ക്കരിച്ച നിയമങ്ങള്‍ വന്നിട്ടുണ്ട്. അത്തരം വിഷയങ്ങളില്‍ പഠനം നടത്തിയിട്ടുണ്ടോ? അതാണോ ആവശ്യപ്പെടുന്നത്. മറ്റ് മുസ്ലിം രാജ്യങ്ങളില്‍ ഇത്തരം മാറ്റങ്ങള്‍ വന്നിട്ടുണ്ടോ? അതിനെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ?

പല രാഷ്ട്രങ്ങളിലും നടത്തിയിട്ടുണ്ട്. ഇത്തരം വിഷയങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഇവിടെ മാത്രമല്ല, ഉമ്മയും ബാപ്പയും മരിച്ചുപോയാല്‍ കുട്ടികള്‍ക്ക് അവകാശം കൊടുക്കണമെന്നത്  ആ നിയമം പാക്കിസ്ഥാനില്‍ വരെയുണ്ട്. എന്നാല്‍ ഇന്ത്യയിലില്ല. ബഹുഭാര്യാത്വത്തെ നിയന്ത്രിക്കുന്നതുണ്ട്. മുത്തലാഖ്, വിവാഹത്തിനുള്ള അവകാശമുള്ള അങ്ങനെ പല രാജ്യങ്ങളുമുണ്ട്. സൗദിയില്‍ തന്നെ എന്തെല്ലാം പരിഷ്‌കരണങ്ങളാണ് വന്നിരിക്കുന്നത്. സ്ത്രീകളെ അടിച്ചമര്‍ത്തിയുള്ള രാജ്യമായിരുന്നല്ലേ സൗദി അറേബ്യ. അവിടെ തന്നെ എന്തെല്ലാം മാറ്റങ്ങള്‍ വന്നു. അതൊക്കെയാണ് നമ്മള്‍ കാണുന്നത്.

ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയില്‍ നമുക്ക് നേടിയെടുക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. പക്ഷേ അതൊന്നും ജനങ്ങള്‍ പറയുന്നത് പോലെയല്ല. ഈ രാജ്യത്ത് അങ്ങനെയൊരു മതരാഷ്ട്രമൊന്നും കൊണ്ടുനടക്കാന്‍ കഴിയില്ല. എല്ലാവരും മണ്ടന്‍മാല്ലല്ലോ. മതരാഷ്ട്രമൊന്നും ഈ കാലഘട്ടത്തില്‍ നടപ്പില്ല. പൗരത്വ നിയമത്തിനെതരെ സുപ്രീംകോടതിയില്‍ പോയവരാണ് ഞങ്ങള്‍. സ്ത്രീകള്‍ വിവാഹിതരാവുന്നതോടെ അവരുടെ കയ്യില്‍ അധിക രേഖയൊന്നും ഉണ്ടാവാറില്ലല്ലോ.

 


പെണ്‍കാലം: ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഒരുക്കിയ വിശേഷ ഉപഹാരം. 

റിനി രവീന്ദ്രന്‍: പുതുകാലത്തിലേക്ക് വണ്ടി കിട്ടാത്തവരോട്, നടക്കുകയെങ്കിലും വേണം, ഞങ്ങള്‍ പറന്ന് തുടങ്ങി

നിത്യ റോബിന്‍സണ്‍: സിനിമയിലെ സ്ത്രീകള്‍: മാറ്റത്തിന്റെ കൊടുങ്കാറ്റായി ഡബ്ല്യൂ സി സി

രമ്യ മഹേഷ്: സ്വര്‍ണ്ണത്തിന് വിട, ഓണ്‍ലൈനില്‍ വിരിയുന്ന പുത്തന്‍ ആഭരണഭ്രമങ്ങള്‍ !

ബിസ്മി ദാസ് ബി: തൊണ്ണൂറുകളില്‍ ചില പെണ്‍കുട്ടിക്കാലങ്ങള്‍

ഫസീല മൊയ്തു: ഏക സിവില്‍ കോഡ് അല്ല ഞങ്ങളുടെ ആവശ്യം, ഭരണഘടന അനുവദിക്കുന്ന തുല്യാവകാശമാണ്!

അനൂജ :'ഏലിയനെ പോലെ ജീവിക്കേണ്ട കാര്യമില്ല'; മാറിയ വസ്ത്ര ധാരണത്തെക്കുറിച്ച് വനിതാ നേതാക്കള്‍...

എല്‍സ ട്രീസ ജോസ്: ക്രിസ്തീയ സഭകളിലെ സ്ത്രീ പ്രാതിനിധ്യം; സഭകള്‍ എന്ന് കണ്ണുതുറക്കും

നിര്‍മലാ ബാബു: 'പെണ്ണിനെന്താ കുഴപ്പം'; വിവാദങ്ങളോട് പൊരുതി വളര്‍ന്ന അഞ്ച് സ്ത്രീകള്‍!

ആതിര നാരായണന്‍: വിവാഹം അത്യാവശ്യമോ? ലിവിംഗ് ടുഗെദര്‍, വിവാഹ മോചനങ്ങള്‍; അടിമുടി മാറി വിവാഹ സങ്കല്‍പ്പം!

ജിതിരാജ്: പൊട്ടിത്തെറികള്‍, തെറിവിളികള്‍, തുറന്നെഴുത്തുകള്‍; സോഷ്യല്‍ മീഡിയയിലെ സ്ത്രീ

പവിത്ര ജെ ദ്രൗപതി: അത്ര ഇഷ്ടമാണെങ്കില്‍ കലിപ്പന്‍ ഇടട്ടെ ഷോള്‍, അതല്ലേ ഹീറോയിസം!

അസ്മിത കബീര്‍: ക്രമേണ ആര്‍ത്തവം വിലക്കപ്പെട്ട വാക്കായി, കൂടെ ആര്‍ത്തവമുള്ള സ്ത്രീയും...

രശ്മി: മാറിയ ജീവിതരീതി സ്ത്രീകളുടെ ആരോ​ഗ്യത്തെ ബാധിക്കുമ്പോള്‍...

ആര്‍ദ്ര എസ് കൃഷ്ണ: സോഷ്യല്‍ പോരാട്ടത്തിലെ പെണ്ണുങ്ങള്‍; സെലിബ്രേറ്റി വ്‌ളോഗേഴ്‌സും വരുമാന വഴിയും!

വര്‍ഷ പുരുഷോത്തമന്‍: സാമ്പത്തിക സ്വാശ്രയത്വത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍, തീരാത്ത വെല്ലുവിളികള്‍!

റിനി: മാറുന്ന ലോകവും നിരന്തരം അക്രമിക്കപ്പെടുന്ന സ്ത്രീയും

Follow Us:
Download App:
  • android
  • ios