Asianet News MalayalamAsianet News Malayalam

Women's Day 2023 : സിനിമയിലെ സ്ത്രീകള്‍: മാറ്റത്തിന്റെ കൊടുങ്കാറ്റായി ഡബ്ല്യു സി സി

2017-ൽ കൊച്ചിയിൽ ഒരു നടി ലൈംഗികാതിക്രമത്തിന് ഇരയാകുകയും ധീരതയോടെ നീതിക്കുവേണ്ടി ശബ്ദിക്കുകയും ചെയ്തു. ഈ അതിജീവനത്തിനൊപ്പം നിൽക്കാൻ മലയാള സിനിമാ മേഖലയിൽ നിന്നുള്ള പതിനെട്ട് സ്ത്രീകളുടെ കൂട്ടായ്മ ഒന്നിച്ചു കൂടി.

womans day wcc in malayalam film industry rse
Author
First Published Mar 8, 2023, 11:11 AM IST

പെണ്‍കാലം. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഒരുക്കിയ വിശേഷ ഉപഹാരം. മാറുന്ന പെണ്‍കാലത്തെക്കുറിച്ചുള്ള വ്യത്യസ്തമായ കുറിപ്പുകളും വീഡിയോകളും. 

womans day wcc in malayalam film industry rse

 

പുരുഷന്മാർ വാഴുന്ന മലയാള സിനിമാ രംഗത്ത് വിപ്ലവകരമായ ഒരു ചുവടുവയ്പ്പായിരുന്നു വിമൻ ഇൻ സിനിമ കലക്ടീവ് എന്ന സംഘടനയുടെ രൂപീകരണം.  എടുത്ത നിലപാടുകളിലൂടെയും നടത്തിയ ഇടപെടലുകളിലൂടെയും ഒരുപാട് ശ്രദ്ധനേടിയ തുടക്കം.  കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവമാണ് ഡബ്ല്യൂസിസിയുടെ രൂപീകരണത്തിന് പെട്ടെന്നുണ്ടായ കാരണമെന്ന് പറയാം.

സിനിമയിലെ മുൻനിര പ്രവർത്തകർക്ക് മുഖത്തടി കിട്ടിയതിന് തുല്യമായിരുന്നു ഇത്. അപ്പോഴും സംഘടനാം​ഗങ്ങൾ മുന്നോട്ട് വച്ച ആശയങ്ങളുടെയും ശ്രദ്ധ ക്ഷണിച്ച വിഷയങ്ങളുടെയും ഊർജം നഷ്ടപ്പെട്ടിരുന്നില്ല. ചെറുതല്ലാത്ത വിമർശനങ്ങൾ സംഘടനയുടെ തലപ്പത്തുള്ളവർ നേരിടേണ്ടി വന്നു. ഇത് അമ്മ എന്ന താര സംഘടനയ്ക്കെതിരാണെന്നും പരാതികൾ ഉയർന്നു. 

സൈബർ ഇടങ്ങളിൽ ഇന്നും ആവർത്തിച്ച് ആക്രമണങ്ങൾ നേരിടുന്നവർ തന്നെയാണ് സംഘടനയിലെ ഭൂരിഭാ​ഗം പേരും. അവർ എന്ത് പറഞ്ഞാലും എതിർക്കണം എന്നതാണ് പൊതു ബോധം എന്ന് നോന്നുന്ന അവസ്ഥ. എന്തിനും ഏതിനും അം​ഗങ്ങൾ നിലാപാട് പറയണം. ഇല്ലെങ്കിൽ പഴയതെല്ലാം പൊള്ളയാണെന്ന വാദങ്ങളും ചിലർ ഉയർത്തി പിടിച്ചു. എന്നാൽ ഇത്തരം വിർമശനങ്ങളെ സധൈര്യം നേരിട്ട് അവർ മുന്നോട്ട് കുതിച്ച് കൊണ്ടേയിരിക്കുന്നു. അവസരങ്ങൾ നഷ്ടമാകുമെന്ന് അറിഞ്ഞിട്ടും അവർ പടപൊരുതി. അപഹാസങ്ങൾ കൊണ്ട് മൂടേണ്ട ഒന്നല്ല ഡബ്യുസിസി എന്ന് ആവർത്തിച്ച് പറഞ്ഞു.  

ആരംഭം...

2017-ൽ കൊച്ചിയിൽ ഒരു നടി ലൈംഗികാതിക്രമത്തിന് ഇരയാകുകയും ധീരതയോടെ നീതിക്കുവേണ്ടി ശബ്ദിക്കുകയും ചെയ്തു. ഈ അതിജീവനത്തിനൊപ്പം നിൽക്കാൻ മലയാള സിനിമാ മേഖലയിൽ നിന്നുള്ള പതിനെട്ട് സ്ത്രീകളുടെ കൂട്ടായ്മ ഒന്നിച്ചു കൂടി.

ചലച്ചിത്രമേഖലയിൽ നിറഞ്ഞുനിൽക്കുന്ന ലിംഗ-വിവേചന മൂല്യങ്ങളെയും സുരക്ഷിതമല്ലാത്ത പ്രവർത്തനങ്ങളെയും കുറിച്ച് സർക്കാരിന്റെ ശ്രദ്ധ ആകർഷിക്കുന്നതിനായി കേരള മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അങ്ങനെ ആദ്യമായി വിമൻ ഇൻ സിനിമാ കളക്ടീവ് നിലവിൽ വന്നു. 

2017 നവംബർ 1-ന് വിമൻ ഇൻ സിനിമാ കളക്ടീവ് ഫൗണ്ടേഷൻ ഒരു സൊസൈറ്റിയായി രജിസ്റ്റർ ചെയ്തു. ആദ്യ രണ്ട് വർഷങ്ങളിൽ, വിമൻ ഇൻ സിനിമാ കളക്ടീവ് വ്യവസായത്തിനുള്ളിലെ ലൈംഗികാതിക്രമങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു. ഇപ്പോൾ സിനിമയിലെ സ്ത്രീകളുടെ പറയാത്ത അനുഭവങ്ങൾക്ക് ശബ്ദം കണ്ടെത്തുകയും കേൾക്കുകയും ചെയ്യുന്ന ശക്തമായ ഒരു വേദിയായി വളർന്നു.

സിനിമയിൽ സ്ത്രീകൾക്ക് തുല്യ ഇടങ്ങളും തുല്യ അവസരങ്ങളും ലഭിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഡബ്യുസിസി ആരംഭിക്കുന്നത്. വാദത്തിലൂടെയും നയമാറ്റത്തിലൂടെയും സിനിമയിൽ സ്ത്രീകൾക്ക് സുരക്ഷിതവും വിവേചനരഹിതവും പ്രൊഫഷണൽ വർക്ക്‌സ്‌പേസ് കെട്ടിപ്പടുക്കുക എന്നതാണ് ഡബ്ല്യുസിസിയുടെ ദൗത്യം. വ്യാവസായിക പിന്തുണ, അംഗങ്ങൾക്കുള്ള മാർഗനിർദേശ അവസരങ്ങൾ എന്നിവയിലൂടെ കൂടുതൽ സ്ത്രീകളെ വ്യവസായത്തിന്റെ ഭാഗമാകാൻ സംഘടന പ്രോത്സാഹിപ്പിക്കുന്നു. 

സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും സ്ത്രീകൾ നേരിടുന്ന ലിംഗ പക്ഷപാതത്തെയും ചൂഷണത്തെയും കുറിച്ച് അവബോധം സൃഷ്ടിക്കാൻ ശ്രമിക്കുന്നു. പുതുതായി സിനിമാ ലോകത്ത് എത്തുന്ന വനിതകളെ ഇന്റേൺഷിപ്പ‌്, ഷാഡോ ട്രെയിനിങ്‌, മെന്റർഷിപ്പ് എന്നിങ്ങനെ പലതരത്തിലാണ് ഡബ്ല്യുസിസി പിന്തുണയ്ക്കുന്നത്.

മൂന്ന് സിനിമകൾ ചെയ്ത വനിതകൾക്ക് ഡബ്ല്യുസിസിയുടെ അംഗത്വം ലഭിക്കും. രജിസ്റ്റർ ചെയ്ത 50 അംഗങ്ങളും അത്ര തന്നെ അപേക്ഷ നൽകിയവരും ഇപ്പോൾ ഡബ്ല്യുസിസിയ്ക്ക് ഒപ്പമുണ്ട്. എല്ലാതരത്തിലും പിന്തുണ നൽകി കൂടുതൽ സ്ത്രീകളെ ഈ രംഗത്ത് എത്തിക്കുന്നതിനൊപ്പം നാട്ടിലെ നിയമങ്ങൾ സിനിമാ ലോകത്തും ബാധകമാണെന്ന അവബോധം എല്ലാവരിലും ഉണർത്താനും ഡബ്ല്യുസിസി പരിശ്രമിക്കുന്നു.

കൂട്ടായ മനോഭാവം അനുസരിച്ച്, ഒരു സംഘടന എന്ന നിലയിൽ ഡബ്യുസിസി പ്രാഥമികമായി ഒരു ലാറ്ററൽ ഘടനയിലാണ് പ്രവർത്തിക്കുന്നത്. ഓരോ അംഗവും സന്നദ്ധതയോടെ അവരുടെ സമയവും കഴിവും സംഘടനയ്ക്ക് സംഭാവന ചെയ്യുന്നു. ഒരു ഗവേണൻസ് ബോഡി എന്ന നിലയിൽ, എല്ലാ സ്ഥാപകരും ഡബ്ല്യുസിസിയുടെ ദീർഘകാല വീക്ഷണത്തിനും ദൗത്യത്തിനും പ്രതിജ്ഞാബദ്ധമായ ഒരു മാനേജിംഗ് കമ്മിറ്റി രൂപീകരിക്കുന്നു.

അവരിൽ നിന്ന് സന്നദ്ധപ്രവർത്തകർ ഒത്തുചേർന്ന് മൊത്തത്തിലുള്ള ദൈനംദിന മാനേജ്മെന്റ്, നയരൂപീകരണം, കൺസൾട്ടേഷൻ, സംഘടനാ സംവിധാനങ്ങളുടെ നിർമ്മാണം എന്നിവ കൈകാര്യം ചെയ്യുന്ന ടീമുകൾ രൂപീകരിക്കുന്നു. വികസിച്ചുകൊണ്ടിരിക്കുന്ന ഒരു സംവിധാനത്തിൽ, ഈ വോളണ്ടിയർ ടീമുകൾ കുറഞ്ഞത് 6 മാസം വീതം പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധരാണ്. സുതാര്യതയുടെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങളും മുൻഗണനയും ആരോഗ്യകരമായ ചർച്ചകളും സംവാദങ്ങളും പ്രോത്സാഹിപ്പിക്കപ്പെടുന്നു. 

വലിയ ആഘാത തീരുമാനങ്ങൾ എല്ലാ അംഗങ്ങൾക്കും ഇടയിൽ ഓപ്പൺ വോട്ടിന് വിധേയമാക്കുകയും നടപ്പിലാക്കുന്നതിനായി ഭൂരിപക്ഷാഭിപ്രായം തേടുകയും ചെയ്യുന്നു. ഓർഗനൈസേഷന്റെ പ്രവർത്തനത്തിലേക്കുള്ള ഓറിയന്റേഷൻ പ്രക്രിയയായി നിലവിലുള്ള ടീമുകൾക്കൊപ്പം പ്രവർത്തിക്കാൻ പുതിയ അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഈ കൂട്ടായ്‌മയുടെ തുടക്കം മലയാള സിനിമയുടെ ഭാവിയെക്കുറിച്ചുള്ള സംവാദത്തിന്റെ ക്യാൻവാസ് വിപുലീകരിച്ചു. സിനിമ തൊഴിലാളികളുടെ തുല്യ അവസരത്തിനും തുല്യ വേതനത്തിനുമുള്ള അവകാശം ഏറ്റവും പ്രധാനപ്പെട്ട വിഷയമായി അവതരിപ്പിച്ചു. ഡബ്ല്യുസിസി അംഗങ്ങൾ നയിക്കുന്ന സിനിമാസെറ്റുകളിൽ കോൺട്രക്ടും പരാതിപരിഹാര സെല്ലും രൂപീകരിക്കാൻ ശ്രമിച്ചു വരികയാണ്.

ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട്...

ഡബ്യുസിസിയെ കുറിച്ച് പറയുമ്പോൾ എടുത്തു പറയേണ്ടുന്ന കാര്യമാണ് ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്‌ ശേഷം ഡബ്യുസിസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, 2018 മെയ് മാസത്തിലാണ്,  സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാനായി സർക്കാർ മൂന്നംഗ സമിതിയെ നിയമിച്ചത്.  ജസ്റ്റിസ് ഹേമ, റിട്ട ഐഎഎസ് ഓഫീസർ കെ ബി വത്സല കുമാരി, നടി ശാരദ എന്നിവരടങ്ങിയതാണ് ജസ്റ്റിസ്‌ ഹേമ കമ്മിഷൻ. രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സർക്കാർ സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിക്കുന്നത്. മലയാള സിനിമ രംഗത്തെ പ്രവർത്തകരോട് സംസാരിച്ച് സ്ത്രീകളുടെ വേതനം, തൊഴിലിടങ്ങളിലെ അവസ്ഥ, അവർ നേരിടുന്ന ചൂഷണം എന്നീ പ്രശ്നങ്ങൾ പഠിച്ച് ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മിഷനെ സർക്കാർ ചുമതലപ്പെടുത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് ഡബ്യുസിസി ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.

ഒരു സുഹൃത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടപ്പോൾ അവൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു കൂട്ടായ്മ രൂപപ്പെട്ടത്. പിന്നീട് ഇരയ്ക്കും വേട്ടക്കാരനും രണ്ട് നീതി എന്ന നിലപാടെടുത്ത താരസംഘടനയായ എഎംഎംഎയെ ചോദ്യം ചെയ്യാൻ സംഘടനയ്ക്കായി. ഇപ്പോഴും ആ പോരാട്ടം തുടർന്ന് കൊണ്ടേ ഇരിക്കുന്നു.

'ചെമ്മീൻ ചാടിയാൽ ചട്ടിയോളം...' സിനിമയിലെ സ്ത്രീകൾ ഒത്തു ചേർന്നപ്പോൾ ചിലരെങ്കിലും പുറത്തും അതിലധികം പേർ മനസിലും പറഞ്ഞതാകാം ഈ വരികൾ. എന്നാൽ എല്ലാ പിന്തിരിപ്പൻ ശക്തികളെയും  മാറ്റി നിർത്തി സിനിമയിലെ സ‌്ത്രീ കൂട്ടായ്മ പട പൊരുതി. ആശിർവാദങ്ങൾക്കും അധിക്ഷേപങ്ങൾക്കുമിടയിലൂടെ തങ്ങൾ മുന്നോട്ട‌് തന്നെയെന്ന‌് ഉറക്കെ പറയുകയാണ് ഈ പെണ്ണുങ്ങൾ.

 


പെണ്‍കാലം: ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഒരുക്കിയ വിശേഷ ഉപഹാരം. 

റിനി രവീന്ദ്രന്‍: പുതുകാലത്തിലേക്ക് വണ്ടി കിട്ടാത്തവരോട്, നടക്കുകയെങ്കിലും വേണം, ഞങ്ങള്‍ പറന്ന് തുടങ്ങി

നിത്യ റോബിന്‍സണ്‍: സിനിമയിലെ സ്ത്രീകള്‍: മാറ്റത്തിന്റെ കൊടുങ്കാറ്റായി ഡബ്ല്യൂ സി സി

രമ്യ മഹേഷ്: സ്വര്‍ണ്ണത്തിന് വിട, ഓണ്‍ലൈനില്‍ വിരിയുന്ന പുത്തന്‍ ആഭരണഭ്രമങ്ങള്‍ !

ബിസ്മി ദാസ് ബി: തൊണ്ണൂറുകളില്‍ ചില പെണ്‍കുട്ടിക്കാലങ്ങള്‍

ഫസീല മൊയ്തു: ഏക സിവില്‍ കോഡ് അല്ല ഞങ്ങളുടെ ആവശ്യം, ഭരണഘടന അനുവദിക്കുന്ന തുല്യാവകാശമാണ്!

അനൂജ :'ഏലിയനെ പോലെ ജീവിക്കേണ്ട കാര്യമില്ല'; മാറിയ വസ്ത്ര ധാരണത്തെക്കുറിച്ച് വനിതാ നേതാക്കള്‍...

എല്‍സ ട്രീസ ജോസ്: ക്രിസ്തീയ സഭകളിലെ സ്ത്രീ പ്രാതിനിധ്യം; സഭകള്‍ എന്ന് കണ്ണുതുറക്കും

നിര്‍മലാ ബാബു: 'പെണ്ണിനെന്താ കുഴപ്പം'; വിവാദങ്ങളോട് പൊരുതി വളര്‍ന്ന അഞ്ച് സ്ത്രീകള്‍!

ആതിര നാരായണന്‍: വിവാഹം അത്യാവശ്യമോ? ലിവിംഗ് ടുഗെദര്‍, വിവാഹ മോചനങ്ങള്‍; അടിമുടി മാറി വിവാഹ സങ്കല്‍പ്പം!

ജിതിരാജ്: പൊട്ടിത്തെറികള്‍, തെറിവിളികള്‍, തുറന്നെഴുത്തുകള്‍; സോഷ്യല്‍ മീഡിയയിലെ സ്ത്രീ

പവിത്ര ജെ ദ്രൗപതി: അത്ര ഇഷ്ടമാണെങ്കില്‍ കലിപ്പന്‍ ഇടട്ടെ ഷോള്‍, അതല്ലേ ഹീറോയിസം!

അസ്മിത കബീര്‍: ക്രമേണ ആര്‍ത്തവം വിലക്കപ്പെട്ട വാക്കായി, കൂടെ ആര്‍ത്തവമുള്ള സ്ത്രീയും...

രശ്മി: മാറിയ ജീവിതരീതി സ്ത്രീകളുടെ ആരോ​ഗ്യത്തെ ബാധിക്കുമ്പോള്‍...

ആര്‍ദ്ര എസ് കൃഷ്ണ: സോഷ്യല്‍ പോരാട്ടത്തിലെ പെണ്ണുങ്ങള്‍; സെലിബ്രേറ്റി വ്‌ളോഗേഴ്‌സും വരുമാന വഴിയും!

വര്‍ഷ പുരുഷോത്തമന്‍: സാമ്പത്തിക സ്വാശ്രയത്വത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍, തീരാത്ത വെല്ലുവിളികള്‍!

റിനി: മാറുന്ന ലോകവും നിരന്തരം അക്രമിക്കപ്പെടുന്ന സ്ത്രീയും


 

 

Follow Us:
Download App:
  • android
  • ios