Asianet News MalayalamAsianet News Malayalam

Women's Day 2023 : 'പെണ്ണിനെന്താ കുഴപ്പം'; വിവാദങ്ങളോട് പൊരുതി വളര്‍ന്ന അഞ്ച് സ്ത്രീകള്‍!

വിവാദങ്ങളുടെയും രാഷ്ട്രീയ നിലപാടുകളുടെയും പേരില്‍ ആക്രമിക്കപ്പെടുമ്പോള്‍ പെണ്ണിന്‍റെ ശരീരം പോലും ആയുധമാവുന്നു. പെണ്ണിനെന്താ കുഴപ്പമെന്ന് ഉറക്കെ ചോദിച്ച് വിവാദങ്ങളെ നേരിട്ട സ്ത്രീകളിലൂടെ, അവരുടെ കാഴ്ച്ചപ്പാടുകളിലൂടെ ഒരു യാത്രയാണിത്.

womens talk to Asianet News about controversies they faced nbu
Author
First Published Mar 7, 2023, 10:37 PM IST

പെണ്‍കാലം. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഒരുക്കിയ വിശേഷ ഉപഹാരം. മാറുന്ന പെണ്‍കാലത്തെക്കുറിച്ചുള്ള വ്യത്യസ്തമായ കുറിപ്പുകളും വീഡിയോകളും. 

 

womens talk to Asianet News about controversies they faced nbu

 

വിവാദങ്ങളും ചെറുത്തുനില്‍പ്പുകളും പ്രബുദ്ധ കേരളത്തില്‍ സര്‍വ്വ സാധാരണമാണ്. എന്നാല്‍ ഒരു പുരുഷന് നേരെയുണ്ടായ ആക്രമണങ്ങളുടെയും ആക്രോശങ്ങളുടേയും എത്രയോ മടങ്ങാണ് സ്ത്രീ നേരിടേണ്ടി വരുന്നതെന്ന് പല തവണ കണ്ടറിഞ്ഞതാണ് നാം. വിവാദങ്ങളുടെയും രാഷ്ട്രീയ നിലപാടുകളുടെയും പേരില്‍ ആക്രമിക്കപ്പെടുമ്പോള്‍ പെണ്ണിന്‍റെ ശരീരം പോലും ആയുധമാവുന്നു. പെണ്ണിനെന്താ കുഴപ്പമെന്ന് ഉറക്കെ ചോദിച്ച് വിവാദങ്ങളെ നേരിട്ട സ്ത്രീകളിലൂടെ, അവരുടെ കാഴ്ച്ചപ്പാടുകളിലൂടെ ഒരു യാത്രയാണിത്.

നിയമസഭയെ മാത്രമല്ല സമൂഹത്തെ ഒന്നാകെ ഇളക്കിമറിച്ചതായിരുന്നു മുന്‍ ആരോഗ്യമന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജയുടെ 'പെണ്ണിനെന്താ കുഴപ്പം' എന്ന ചോദ്യം. വേട്ടയാടപ്പെടുന്നത് സ്ത്രീയായാല്‍ ഏതറ്റം വരെയും ആകാമെന്ന വ്യാമോഹങ്ങളെ തച്ചുടച്ച് വീറോടെ വന്മരങ്ങളായി വളര്‍ന്ന പുതിയ സ്ത്രീകളുടെ പ്രതീകമായിരുന്നു ആ ശബ്ദം. നിശബ്ദരാക്കാന്‍ വിമര്‍ശകര്‍ കിണഞ്ഞ് ശ്രമിക്കുമ്പോഴും ഉച്ചത്തില്‍ കേട്ട ചില പെണ്‍ശബ്ദങ്ങള്‍ തുറന്ന് സംസാരിക്കുകയാണ് ഇവിടെ.

"പ്രഹരങ്ങളെ കരുത്താക്കി മുന്നോട്ട് പോകണം": കെ കെ രമ

സൈബറിടങ്ങളിലോ പൊതുസമൂഹത്തിലോ ആവട്ടെ സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്നത്. ഒരു ദയയും ഇല്ലാത്ത രീതിയിലാണ് സ്ത്രീകള്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടാകുന്നത്. സ്ത്രീകളുടെ ശരീരം ലക്ഷ്യം വെച്ച് കൊണ്ടാണ് ആക്രമണങ്ങള്‍ നടക്കുന്നത്. ഇത്തരം വിഷയങ്ങള്‍ തന്നെ ബാധിക്കുന്നതല്ല എന്ന് ചിന്തിച്ച് ഉറച്ച നിലപാടുകളോടെ മുന്നോട് പോകാന്‍ സ്ത്രീകള്‍ക്ക് കഴിയണം. ഒരുപാട് വെല്ലുവിളികളും പ്രഹരങ്ങളും ഉണ്ടാവും. എന്നാല്‍ ആ പ്രഹരങ്ങളെ കരുത്താക്കി മുന്നോട്ട് പോകാന്‍ സ്ത്രീകള്‍ക്ക് കഴിയണമെന്ന് വടകര എംഎല്‍എ കെ കെ രമ പറയുന്നു.

2016 -ല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തലേ ദിവസം എനിക്കെതിരെ വ്യാജ വീഡിയോ ഉണ്ടാക്കി സിപിഎമ്മിന്റെ സൈബര്‍ ഇടങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പറയാത്ത ഒരു വിഷയം പറഞ്ഞു എന്ന തരത്തില്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു അവര്‍. സത്യം എന്താണ് എന്ന് അറിയാതെ സ്ത്രീകളെ തളര്‍ത്താന്‍ വേണ്ടി നടത്തുന്ന വിദ്യകളുടെ ഒരു ഉദാഹരണം മാത്രമാണ് അത്. അതില്‍ പതറാതെ പിടിച്ച് നില്‍ക്കുകയും ശക്തമായി പോരാടുകളും ചെയ്യാന്‍ സ്ത്രീകള്‍ക്ക് സാധിക്കണം. ഇത്തരത്തില്‍ പോരാടി കുതിച്ച് വന്ന ഒരാളാണ് നടി ഭാവന. വീണ്ടും അഭിനയ രംഗത്തേക്ക് വന്ന ഭാവന ഒരു സന്ദേശമാണ്. ഇങ്ങനെ മുഴുവന്‍ സ്ത്രീകളും രംഗത്ത് വന്നാലേ ഈ വിഷയത്തില്‍ ഒരു പോരാട്ടം ഉണ്ടാക്കി എടുക്കാന്‍ കഴിയൂ എന്ന് കെ കെ രമ പറയുന്നു.

"സോഷ്യല്‍ മീഡിയ നോക്കാന്‍ പോലും പോയിട്ടില്ല": അനുപമ

സ്ത്രീകള്‍ പെട്ടെന്ന് കരയുകയും തളര്‍ന്ന് പോകുകയും ചെയ്യുമെന്ന കാഴ്ചപ്പാടാണ് ഭൂരിപക്ഷ സമൂഹത്തിനും ഇപ്പോഴുമുള്ളത്. അത് കൊണ്ടാണ് സ്ത്രീ എപ്പോഴും വേട്ടയാടപ്പെടുന്നത്. ന്യായം നമ്മുടെ ഭാഗത്താണെങ്കില്‍ വിമര്‍ശനങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കുക എന്നതാണ് ചെയ്യേണ്ടതെന്ന് അധികാരികള്‍ ദത്തു നല്‍കിയ സ്വന്തം കുഞ്ഞിനെ സമരത്തിലൂടെ വീണ്ടെടുത്ത അനുപമ പറയുന്നു.

എനിക്കെതിരെ സൈബര്‍ ആക്രമങ്ങള്‍ ഉണ്ടായപ്പോള്‍, സോഷ്യല്‍ മീഡിയ നോക്കാന്‍ പോലും പോയിട്ടില്ല. നമ്മുടെ പ്രതികരണമാണ് അവര്‍ക്ക് വേണ്ടത്. അതിലൂടെ പുതിയ വിവാദം സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യം. അതിന് വഴിയൊരുക്കരുത്. ലക്ഷ്യത്തിലേക്കായിരിക്കണം 100 ശതമാനവും നമ്മുടെ ശ്രദ്ധ. നമ്മളെ മാനസികമായി തളര്‍ത്തുക, നമ്മളെ പിന്നോട്ട് നയിക്കുക എന്നതെല്ലാമാണ് വിമര്‍ശകരുടെ ആവശ്യം. അതിന് നിന്ന് കൊടുക്കരുത്. എന്റെ ആവശ്യം എന്റെ കുഞ്ഞായിരുന്നു. അത് ഞാന്‍ നേടി എടുത്തത് വിമര്‍ശനങ്ങളെ തള്ളി കളഞ്ഞുകൊണ്ടാണ്. അങ്ങനെ ചെയ്താല്‍ വിമര്‍ശകരുടെ ശക്തി തനിയേ കുറയുമെന്നും  അനുപമ കൂട്ടിച്ചേര്‍ക്കുന്നു.

"ഉറക്കെ അഭിപ്രായം പറയാന്‍ വീട്ടില്‍ നിന്ന് പഠിക്കണം": ഭാഗ്യലക്ഷ്മി

കാലാകാലങ്ങളായി സ്ത്രീകള്‍ സംസാരിക്കരുതെന്നും നിലപാട് ഉണ്ടാകരുതെന്നും എന്നാണ് സമൂഹം വിചാരിക്കുന്നത്. അങ്ങനെ സംസാരിച്ചാല്‍ അവര്‍ കുടുംബത്തില്‍ പിറന്നവരല്ല എന്ന ധാരണ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. വിമര്‍ശനങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ അസഭ്യം പറഞ്ഞ് നേരിടുക എന്ന പ്രവണത വര്‍ധിച്ച് വരുകയാണ്. സോഷ്യല്‍മീഡിയയില്‍ ഇത് വളരെ കൂടുതലാണ്. തെറിവിളിക്കാനൊരു ഇടമായിട്ടാണ് സമൂഹമാധ്യമങ്ങളെ പലരും കാണുന്നത്. എന്തിനാണ് അത്തരക്കാര്‍ ഒരു അവസരം ഉണ്ടാക്കി കൊടുക്കുന്നത് എന്നോര്‍ത്ത് പലരും നിശബ്ദരവാറുണ്ട്. അതിനര്‍ത്ഥം അവര്‍ക്ക് അഭിപ്രായം ഇല്ല എന്നല്ലെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും സാമൂഹിക പ്രവര്‍ത്തകയുമ അറിയപ്പെടുന്ന ഭാഗ്യലക്ഷ്മി പറയുന്നു.

സ്ത്രീകളെ കരുത്തുറ്റവരാക്കാന്‍ കുടുംബവും അവര്‍ക്കൊപ്പം നില്‍ക്കണം. അഭിപ്രായം ഉറക്കെ പറയണം. അത് സ്വാതന്ത്ര്യമാണെന്ന് വീട്ടില്‍ നിന്ന് പഠിപ്പിക്കണം. അപ്പോഴാണ് സ്ത്രീകള്‍ ശക്തരാകുന്നത്. നിരന്തരം ആക്രമിച്ചാല്‍ സ്ത്രീ നിശബ്ദരാകും എന്നാണ് പലരുടെയും വിചാരം. എത്ര ആക്രമിച്ചാലും സ്ത്രീകള്‍ നിശബ്ദരാവില്ല. ഉറക്കെ ശബ്ദിക്കുക തന്നെ ചെയ്യുമെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. നമ്മുടെ നിലപാടുകളെ ഇഷ്ടമല്ലെങ്കില്‍ തെറിവിളിക്കും എന്ന് ചിന്തിക്കുന്നവരും നമ്മുടെ വാക്കുകളെ ദുര്‍വാഖ്യാനം ചെയ്യുന്ന പല ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇക്കാലത്ത് ഒരു അപകടമാണെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ക്കുന്നു.

"ആക്രമണങ്ങളോട് പോവാന്‍ പറയണം": അരിത ബാബു

പ്രതിസന്ധി വരുമ്പോള്‍ നേരിടുന്ന മനോഭവത്തിലാണ് നമ്മള്‍ മാറ്റം കൊണ്ടുവരേണ്ടതെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കായംകുളം മണ്ഡലത്തില്‍ നിന്ന് മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബു പറയുന്നു. വെല്ലുവിളികള്‍ക്കിടയിലും എല്ലാ മേഖലകളില്‍ സ്ത്രീകള്‍ തിളങ്ങി നില്‍ക്കുന്നൊരു കാലഘട്ടമാണിത്.

വെല്ലുവിളികള്‍ക്കെതിരെ പൊരുതാനുള്ള മനോനിലയാണ് ആദ്യം ഉണ്ടാവേണ്ടത്. ഉയരുന്ന എല്ലാ വിമര്‍ശനങ്ങളോടും പ്രതികരിക്കാന്‍ നിന്നാല്‍ നമുക്ക് അതിന് സമയം ഉണ്ടാവുകയോള്ളൂ. വിമര്‍ശനങ്ങളെ തന്മയത്വത്തോടെ നേരിടണം. വിമര്‍ശനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും ആരോപണങ്ങള്‍ക്ക് ഇടയിലും എന്നെ വിശ്വസിച്ച് കൂടെ നിന്ന കുടുംബമായിരുന്നു എന്റെ ശക്തിയെന്നും അരിത ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

"സോഷ്യല്‍ മീഡിയയിലെ അതിക്രമികള്‍ ഭീരുക്കള്‍": ദിയ സന

ആത്മാഭിമാനം വിട്ടുകൊടുക്കാതെ പ്രതികരിക്കാനുള്ള ആര്‍ജ്ജവം സ്ത്രീ നേടിയെടുക്കണമെന്ന് സാമൂഹിക പ്രവര്‍ത്തകയും മുന്‍ ബിഗ് ബോസ് താരവുമായ ദിയ സന. ആക്രമങ്ങള്‍ വാക്ക് കൊണ്ടാണെങ്കിലും പ്രവൃത്തി കൊണ്ടാണെങ്കിലും പ്രതിരോധിക്കാന്‍ സ്ത്രീ എപ്പോഴും തയ്യാറായിരിക്കണം. ലിംഗ വിവേചനം നടത്തുന്ന രീതിയിലുള്ള ആക്രമങ്ങള്‍ വരെ എന്റെ നേരെ ഉണ്ടായിട്ടുണ്ട്. ഇന്ത്യക്ക് സ്വര്‍ണ മെഡല്‍ കിട്ടിയ സ്ത്രീയുടെ വാര്‍ത്ത വന്നാല്‍ അതിന് അടിയില്‍ പോലും അവരുടെ വസ്ത്രത്തിന്റെ പേരില്‍ വിമര്‍ശിക്കുന്ന ആളുകളെ കാണാം. അഭിപ്രായ സ്വാതന്ത്ര്യമുള്ള നാട്ടില്‍ പ്രതികരിക്കുന്ന സ്ത്രീകളെ കയ്യടികളോടെ വേണം സ്വീകരിക്കാന്‍. സമൂഹമാധ്യമങ്ങളില്‍ ആക്രമിക്കുന്നവര്‍ ഒരിക്കലും നേരിട്ട് വരാന്‍ ധൈര്യപ്പെടില്ല എന്നതാണ് വാസ്തവമെന്നും ദിയ സന പറയുന്നു.

 

 


പെണ്‍കാലം: ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഒരുക്കിയ വിശേഷ ഉപഹാരം. 

റിനി രവീന്ദ്രന്‍: പുതുകാലത്തിലേക്ക് വണ്ടി കിട്ടാത്തവരോട്, നടക്കുകയെങ്കിലും വേണം, ഞങ്ങള്‍ പറന്ന് തുടങ്ങി

നിത്യ റോബിന്‍സണ്‍: സിനിമയിലെ സ്ത്രീകള്‍: മാറ്റത്തിന്റെ കൊടുങ്കാറ്റായി ഡബ്ല്യൂ സി സി

രമ്യ മഹേഷ്: സ്വര്‍ണ്ണത്തിന് വിട, ഓണ്‍ലൈനില്‍ വിരിയുന്ന പുത്തന്‍ ആഭരണഭ്രമങ്ങള്‍ !

ബിസ്മി ദാസ് ബി: തൊണ്ണൂറുകളില്‍ ചില പെണ്‍കുട്ടിക്കാലങ്ങള്‍

ഫസീല മൊയ്തു: ഏക സിവില്‍ കോഡ് അല്ല ഞങ്ങളുടെ ആവശ്യം, ഭരണഘടന അനുവദിക്കുന്ന തുല്യാവകാശമാണ്!

അനൂജ :'ഏലിയനെ പോലെ ജീവിക്കേണ്ട കാര്യമില്ല'; മാറിയ വസ്ത്ര ധാരണത്തെക്കുറിച്ച് വനിതാ നേതാക്കള്‍...

എല്‍സ ട്രീസ ജോസ്: ക്രിസ്തീയ സഭകളിലെ സ്ത്രീ പ്രാതിനിധ്യം; സഭകള്‍ എന്ന് കണ്ണുതുറക്കും

നിര്‍മലാ ബാബു: 'പെണ്ണിനെന്താ കുഴപ്പം'; വിവാദങ്ങളോട് പൊരുതി വളര്‍ന്ന അഞ്ച് സ്ത്രീകള്‍!

ആതിര നാരായണന്‍: വിവാഹം അത്യാവശ്യമോ? ലിവിംഗ് ടുഗെദര്‍, വിവാഹ മോചനങ്ങള്‍; അടിമുടി മാറി വിവാഹ സങ്കല്‍പ്പം!

ജിതിരാജ്: പൊട്ടിത്തെറികള്‍, തെറിവിളികള്‍, തുറന്നെഴുത്തുകള്‍; സോഷ്യല്‍ മീഡിയയിലെ സ്ത്രീ

പവിത്ര ജെ ദ്രൗപതി: അത്ര ഇഷ്ടമാണെങ്കില്‍ കലിപ്പന്‍ ഇടട്ടെ ഷോള്‍, അതല്ലേ ഹീറോയിസം!

അസ്മിത കബീര്‍: ക്രമേണ ആര്‍ത്തവം വിലക്കപ്പെട്ട വാക്കായി, കൂടെ ആര്‍ത്തവമുള്ള സ്ത്രീയും...

രശ്മി: മാറിയ ജീവിതരീതി സ്ത്രീകളുടെ ആരോ​ഗ്യത്തെ ബാധിക്കുമ്പോള്‍...

ആര്‍ദ്ര എസ് കൃഷ്ണ: സോഷ്യല്‍ പോരാട്ടത്തിലെ പെണ്ണുങ്ങള്‍; സെലിബ്രേറ്റി വ്‌ളോഗേഴ്‌സും വരുമാന വഴിയും!

വര്‍ഷ പുരുഷോത്തമന്‍: സാമ്പത്തിക സ്വാശ്രയത്വത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍, തീരാത്ത വെല്ലുവിളികള്‍!

റിനി: മാറുന്ന ലോകവും നിരന്തരം അക്രമിക്കപ്പെടുന്ന സ്ത്രീയും

Follow Us:
Download App:
  • android
  • ios